അമേരിക്കൻ കപ്പൽ അപകടം; കപ്പലിൻ്റെ ക്യാപ്റ്റൻ മലയാളി

അമേരിക്കൻ കപ്പൽ അപകടം; കപ്പലിൻ്റെ ക്യാപ്റ്റൻ മലയാളി

ബാള്‍ട്ടിമോര്‍: അമേരിക്കയില്‍ പാലം തകര്‍ത്ത ചരക്കുകപ്പലിന്റെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്നത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക്. പാലക്കാട് സ്വദേശിയായ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെ സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ കപ്പലാണ് കഴിഞ്ഞ ദിവസം ബാള്‍ട്ടിമോറിലെ പാലത്തില്‍ ഇടിച്ചത്. ലോകത്തെ മുന്‍നിര കപ്പല്‍ കമ്പനികളില്‍ ഒന്നാണ് സിനര്‍ജി മറൈന്‍ ഗ്രൂപ്പ്.

സിങ്കപ്പുര്‍ ആസ്ഥാനമായുള്ള കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒ.യും രാജേഷാണ്. സിനര്‍ജിയുടെ വെബ്‌സൈറ്റ് നല്‍കുന്ന വിവരപ്രകാരം, 14 രാജ്യങ്ങളിലായി 28 ഓഫീസുകള്‍ കമ്പനിക്കുണ്ട്. 24,000 നാവികര്‍ ജോലിചെയ്യുന്നു. 668-ല്‍പ്പരം ചരക്കുകപ്പലുകളുടെ നടത്തിപ്പുകാരാണ്.

2020-ല്‍ ലോയ്ഡ്സ് ലിസ്റ്റ് മാഗസിന്‍ പുറത്തിറക്കിയ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയില്‍ ഇടം നേടി. കഴക്കൂട്ടം സൈനിക സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. മുംബൈയിലെ എല്‍.ബി.എസ്. കോളേജ് ഓഫ് അഡ്വാന്‍സ്ഡ് മാരിടൈം സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ തുടര്‍പഠനം. പിന്നീട് മര്‍ച്ചന്റ്‌നേവിയില്‍ ചേര്‍ന്നു. 2006-ല്‍ സിനര്‍ജി ഗ്രൂപ്പ് സ്ഥാപിച്ചു.

യു.എസിലെ ബാള്‍ട്ടിമോര്‍ തുറമുഖത്തിനടുത്തുള്ള പ്രധാന പാലമായ ‘ഫ്രാന്‍സിസ് സ്‌കോട്ട് കീ’ ആണ് ചരക്കുകപ്പലിടിച്ച് തകര്‍ന്നത്. പാലത്തിലുണ്ടായിരുന്ന വാഹനങ്ങളും ആളുകളും നദിയില്‍ വീണു. കാണാതായ എട്ടുപേരില്‍ രണ്ടുപേരെ രക്ഷപ്പെടുത്തിരുന്നു. മറ്റുള്ളവര്‍ക്കായി തിരച്ചിലിനിടയിൽ
രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി, നദിയില്‍ വീണ ട്രക്കിനുള്ളില്‍ കുടുങ്ങിയ നിലയിലൽ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

അപകടം നടന്ന് 35 മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പടാപ്സ്‌കോ നദിയില്‍ മുങ്ങിയ ചുവന്ന ട്രക്കില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയത്.

ഇനി പാലത്തില്‍ നിന്ന് അപകടസമയത്ത് താഴേക്ക് വീണിട്ടുള്ള വാഹനങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ഈ വാഹനങ്ങള്‍ക്കുള്ളില്‍ ആളുകളുണ്ടാകാം എന്നാണ് നിഗമനം. വെള്ളത്തിനടിയിലുള്ള അവശിഷ്ടങ്ങള്‍ക്ക് സമീപം കൂടുതല്‍ വാഹനങ്ങളുണ്ടെന്ന് സോണാര്‍ സൂചിപ്പിച്ചതായി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഏഴു വാഹനങ്ങളെങ്കിലും നദിയില്‍ വീണിരിക്കാമെന്ന് ബാള്‍ട്ടിമോര്‍ അധികൃതര്‍ പറഞ്ഞു അപകടസമയത്ത് ട്രാക്ടര്‍-ട്രെയിലറുള്‍പ്പെടെ വിവിധ വാഹനങ്ങള്‍ പാലത്തിലുണ്ടായിരുന്നെന്നും അവ നദിയില്‍ വീണെന്നും ബാള്‍ട്ടിമോര്‍ സിറ്റി അഗ്‌നിരക്ഷാവിഭാഗം വക്താവ് കെവിന്‍ കാര്‍ട്ട്റൈറ്റ് പറഞ്ഞു. അപകടം ഭീകരാക്രമണമല്ലെന്ന് ബാള്‍ട്ടിമോര്‍ പോലീസ് കമ്മിഷണര്‍ റിച്ചാഡ് വോര്‍ലി പറഞ്ഞു.

ജനറല്‍ മോട്ടോഴ്സ്, നിസാന്‍, വോള്‍വോ, ജാഗ്വാര്‍, ഔഡി, ലംബോര്‍ഗിനി തുടങ്ങി പ്രധാന വാഹക്കമ്പനികളുടെയെല്ലാം കയറ്റിറക്കുമതി നടക്കുന്ന തുറമുഖമാണ് ബാള്‍ട്ടിമോര്‍. അപകടംകാരണം ഇതുവഴിയുള്ള വാഹന, കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടു.

രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനാല്‍ ഇതുവഴി വിമാനങ്ങള്‍ പറക്കുന്നത് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വിലക്കി. അപകടത്തെത്തുടര്‍ന്ന് ചരക്കുകപ്പലുള്‍പ്പെടെ നാല്പതിലേറെ യാനങ്ങള്‍ ബാള്‍ട്ടിമോര്‍ തുറമുഖത്ത് കുടുങ്ങി. തുറമുഖത്തേക്കു വരുകയായിരുന്ന 10 കപ്പലുകള്‍ സമീപ ജലാശയങ്ങളില്‍ നങ്കൂരമിട്ടിരിക്കുകയാണ്.