ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കരുത് എന്നതിന്റെ തെളിവാണ് പിണറായി

ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കരുത് എന്നതിന്റെ തെളിവാണ് പിണറായി

കെ. എൻ. റസ്സൽ

മ്മ്യൂണിസത്തിന്റെ അപചയം ചർച്ചാ വിഷയമാകുമ്പോൾ ഏറെ പരാമർശിക്കപ്പെടുന്ന രാജ്യം റഷ്യയാണ്. സർ ചക്രവർത്തിമാരുടെ സുഖലോലുപതയും അധികാര പ്രമത്തതയുമാണ് യു.എസ്.എസ്.ആറിനെ കമ്മ്യൂണിസം വാരിപുണരുവാൻ പ്രേരിപ്പിച്ചത്. സാധാരണ ജനങ്ങൾ ഭക്ഷിക്കാൻ റൊട്ടി കിട്ടാതെ മൺക്കട്ട ഭക്ഷിക്കേണ്ടി വന്നതായി ചരിത്രം സാക്ഷിക്കുന്നു.

പട്ടിണിയും പരിവട്ടവുമായി റഷ്യൻ ജനത കഴിയുമ്പോൾ പുരോഹിതവർഗ്ഗം സമൃദ്ധിയിൽ ആറാടിത്തിമിർക്കുകയായിരുന്നു. അതുകൊണ്ടാണ് 1917 ൽ നടന്ന ഒക്ടോബർ വിപ്ലവത്തിലൂടെ ലെനിന്റെ നേതൃത്വത്തിൽ തൊഴിലാളിവർഗ്ഗ സർക്കാർ അധികാരത്തിൽ വന്നത്. കമ്മ്യൂണിസം അന്ന് യു.എസ്.എസ്.ആറിൽ അനിവാര്യമായിരുന്നു.

പിന്നീടുണ്ടായ സ്റ്റാലിന്റെ ഭരണവും ആയിരക്കണക്കിന് സ്വന്തം സഖാക്കളെ അരിഞ്ഞുവീഴ്ത്തിയ ചരിത്രവും റഷ്യയിലെ കമ്മ്യൂണിസത്തിന്റെ അന്ത്യത്തിനു നാന്ദി കുറിക്കുകയായിരുന്നു. എഴുപതുകളിൽ ബ്രഷ്നേവിന്റെ ഭരണകാലമായതോടെ പാർട്ടിയെ അദ്ദേഹം തന്നെ ശവപ്പെട്ടിയിലാക്കി.

അധികാരവടംവലിയാണ് റഷ്യയിൽ കമ്മ്യൂണിസത്തിന്റെ അടിവേരറുത്തതെങ്കിൽ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ കമ്മ്യൂണിസത്തിന് കുളംതോണ്ടുന്നത് അവരുടെ പണത്തോടുള്ള ആർത്തിയാണ്. അഴിമതി നടത്തിയെങ്കിലേ ജീവിക്കാനാവൂ എന്ന മാനസികാവസ്ഥയിൽ കേരള നേതാക്കൾ എത്തി എന്നതാണ് സത്യം.

സ്റ്റേറ്റ് കാറും അകമ്പടി വാഹനങ്ങളും പരിവാരങ്ങളും കൊട്ടാരസമാന ജീവിതവും വിദേശ ചികിത്സയും വാസവും എന്നു വേണ്ട അമേരിക്കൻ പ്രസിഡന്റിനേക്കാൾ പ്രൗഢവും ആർഭാടജീവിതവും നയിച്ചിട്ടും പിന്നെയും കോടികൾ വെട്ടിപ്പിടിക്കാനുള്ള ആക്രാന്തമാണ്. പാവപ്പെട്ടവന്റെ തോളിൽ ചവുട്ടി ഉത്തുംഗത്തിൽ എത്തി. എന്നിട്ട് അവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരുക.

വല്ലപ്പോഴും ഒരു കിറ്റും നക്കാപിച്ചയും നൽകി പാവപ്പെട്ടവനെ സുഖിപ്പിക്കുക. ഇതൊക്കെയാണ് മുഖ്യമന്ത്രിയുടെ കലാപരിപാടികൾ. ഒരു കോടിയുടെ ബസിൽ നാടുചുറ്റൽ. കൂടെ സഹശിങ്കിടികളും.

ഇതെല്ലാം കാണുമ്പോൾ ഒരു സംശയം! ഈ മന്ത്രിമാർ കേരളത്തിലുള്ളവരല്ലെ? ഇവർക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്നറിഞ്ഞു കൂടെ? ഇവിടുത്തെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് പഠിച്ച് വളർന്നുവന്നവരല്ലെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഈ മന്ത്രിമാർ? എന്തു തേങ്ങാക്കുലയാണ് ഇവർക്ക് ഈ യാത്രയിൽ പുതുതായി ഇനി പഠിക്കാനുള്ളത്!

സുഖിക്കാനൊരു യാത്ര അത്ര തന്നെ. പിന്നെ വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള വഴിയൊരുക്കലും . ഇതോടെ പിണറായിസവും കേരളത്തിലെ ‘ഡൂപ്ലിക്കേറ്റ് കമ്മ്യൂണിസവും’ അറബിക്കടലിൽ അവസാനിക്കും. ഒരു മുഖ്യമന്ത്രി എങ്ങനെ ആകാൻ പാടില്ല എന്നതിന്റെ സാക്ഷിപത്രമായി ഈ സർക്കാർ ചരിത്രത്തിലിടം തേടും.

ഈ ചീഞ്ഞുനാറിയ ഭരണത്തെ ദു:ഖത്താൽ വികാരവായ്പ്പോടെ വിലയിരുത്തുമ്പോഴും വിയറ്റ്നാമിൽ ഒരു കമ്മ്യൂണിസ്റ്റ് നേതാവുണ്ടായിരുന്നു. പേരു ഹോചിമിൻ. 1890-ൽ ജനനം. അദ്ദേഹം ആ രാജ്യത്തെ പ്രധാനമന്ത്രി പദവിയും പ്രസിഡന്റ് പദവിയും വഹിച്ചു. ലളിതമായ ജീവിതശൈലിയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഭരണാധികാരിയായ ഹോചിമിൻ താമസിക്കേണ്ടത് ഹാനോയിലെ കൊട്ടാരത്തിലായിരുന്നു. എന്നാൽ കൊട്ടാരം ഓഫീസായി പ്രവർത്തിക്കാൻ രാജ്യത്തിന് വിട്ടുകൊടുത്തു. എന്നിട്ട് കൊട്ടാരവളപ്പിലെ ജോലിക്കാർക്കുള്ള വീട്ടിലെ ഒരു ചെറിയ മുറിയിലായിരുന്നു താമസിച്ചിരുന്നത്.

രാവിലെ സ്വന്തം കൃഷിഭൂമിയിൽ നാലു മണിക്കൂർ പണിയെടുത്തിട്ടായിരുന്നു അദ്ദേഹം ഓഫീസിൽ എത്തിയിരുന്നത് എന്ന് എവിടെയോ വായിച്ചതോർക്കുന്നു.

ജനങ്ങൾ അധികാരം നൽകിയപ്പോൾ സാധാരണ ജനങ്ങളെപ്പോലെ ജീവിച്ച മഹാൻ. കമ്മ്യൂണിസം പരാജയപ്പെട്ട ഒരു പ്രത്യയശാസ്ത്രമാണെങ്കിലും അതിനുള്ളിൽ ചില നുറുങ്ങ് വെട്ടം തൂകുന്നവർ ഉണ്ടായിരുന്നു എന്ന സത്യം നിഷേധിക്കുന്നില്ല.