മാലാഖ വന്നു ചെരുപ്പ് കുത്തിയായി , എന്തിന് ?

മാലാഖ വന്നു ചെരുപ്പ് കുത്തിയായി , എന്തിന് ?

നല്ല തണുപ്പുകാലം. വീട്ടിലുള്ള സമ്പാദ്യം മുഴുവന്‍ എടുത്ത് ചെരുപ്പുകുത്തി കമ്പിളിവാങ്ങാന്‍ കടയിലെത്തി. പക്ഷേ, കാശ് തികയാത്തതിനാല്‍ അയാള്‍ക്ക് കമ്പിളി വാങ്ങാന്‍ സാധിച്ചില്ല. അയാള്‍ ആ കാശെടുത്ത് മദ്യം കഴിച്ചു.

തിരികെ വീട്ടിലേക്ക് വരുമ്പോള്‍ റോഡരുകില്‍ ഒരു ചെറുപ്പക്കാരന്‍ വിവസ്ത്രനായി കിടക്കുന്നത് കണ്ടു. വല്ല കള്ളനായിരിക്കും എന്ന ചിന്തയില്‍ അയാള്‍ നടന്നുവെങ്കിലും പിന്നീട് അയാളോട് ദയതോന്നി  തിരിച്ചുവന്ന് ആ ചെറുപ്പക്കാരനെയും കൂട്ടി തന്റെ വീട്ടിലേക്ക് വന്നു. 

കടുത്ത പട്ടിണിയില്‍ കമ്പിളി വാങ്ങാതെ മദ്യംകഴിച്ച് കൂടെ ഒരാളെയും കൂട്ടി വന്ന തന്റെ ഭര്‍ത്താവിനെ കണ്ട് അവര്‍ക്ക് ദേഷ്യം തോന്നി.  ഭാര്യ അയാളെ കുറെ വഴക്ക് പറഞ്ഞു. എങ്കിലും ആ ചെറുപ്പക്കാരന് കുറച്ച് സൂപ്പും ബാക്കി വന്ന ഒരു റൊട്ടിയും നല്‍കി. ചെറുപ്പക്കാന്‍ അവരെ നോക്കി പുഞ്ചിരിച്ചു. 

ചെറുപ്പക്കാരന്‍ വളരെ വേഗം തന്നെ ചെരുപ്പുനിര്‍മ്മിക്കാന്‍ പഠിച്ചു.  ആരോടും അയാള്‍ ഒന്നും സംസാരിക്കില്ല.  പുറത്തേക്ക് പോവുകയും ഇല്ല.  ഒരിക്കല്‍ ഒരു പ്രഭു വിലകൂടിയ തുകല്‍ കൊണ്ടുവന്ന് തനിക്കൊരു ബൂട്ട് വേണമെന്ന് ആവശ്യപ്പെട്ടു. കുറച്ച് ദിവസം കഴിഞ്ഞ് ചെരുപ്പുകുത്തി നോക്കുമ്പോള്‍ അയാള്‍ ബൂട്ടിന് പകരം മരിച്ചവര്‍ ധരിക്കുന്ന ചെരുപ്പാണ് നിര്‍മ്മിച്ചത്. 

ചെരുപ്പുകുത്തി ചോദിച്ചെങ്കിലും അയാള്‍ ഒന്നും മിണ്ടിയില്ല.  അപ്പോഴാണ് പ്രഭുവിന്റെ ഭൃത്യന്‍ വന്നത്.  പ്രഭു മരിച്ചുപോയെന്നും തനിക്ക് ബൂട്ട് വേണ്ട, മരിച്ചവര്‍ ഇടുന്ന ചെരുപ്പ് മതിയെന്നും ഭൃത്യന്‍ പറഞ്ഞു.  ഇത് കേട്ട് അയാള്‍ ചെറുപ്പക്കാരനെ നോക്കി. 

ചെറുപ്പക്കാരന്‍ പുഞ്ചിരിച്ചുകൊണ്ട് അയാള്‍ക്ക് ആ ചെരുപ്പ് കൊടുത്തു. ചെറുപ്പക്കാരന്‍ ചെരുപ്പുകുത്തിയോട് യാത്ര പറഞ്ഞ് പോകാന്‍ ഇറങ്ങി.  ചെരുപ്പുകുത്തി ചോദിച്ചു:  നിങ്ങള്‍ ആരാണ്?  നിങ്ങള്‍ ഇവിടെ വന്നിട്ട് രണ്ടു തവണ മാത്രമാണ് ചിരിച്ചത്. എന്തിനാണ് ചിരിച്ചത്?  ഇനി എവിടേക്കാണ് പോകുന്നത്? 

അയാള്‍ പറഞ്ഞു:  ഞാന്‍ ഒരു മാലാഖയാണ്.  ഈ ലോകത്തെകുറിച്ച് കൂടുതല്‍ പഠിക്കാനാണ് ഞാന്‍ വന്നത്.  മനുഷ്യര്‍ ജീവിക്കുന്നതിന്റെ ഒരു കാരണം ദയ ആണെന്ന് എനിക്ക് മനസ്സിലായി.  കൂടാതെ മനുഷ്യര്‍ക്ക്, അവര്‍ക്ക് യാഥാര്‍ത്ഥത്തില്‍ വേണ്ടത് എന്താണെന്ന് അറിയില്ലെന്നും, ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടിയാണ് പലപ്പോഴും അവര്‍ ബഹളം വെക്കുന്നത് എന്നും എനിക്ക് മനസ്സിലായി. 

ഈ ലോകത്ത് സ്‌നേഹമുള്ളിടത്തോളം കാലം മനുഷ്യന്‍ ജീവിക്കുമെന്നതും എനിക്കൊരു തിരിച്ചറിവായിരുന്നു എന്ന് പറഞ്ഞ് ചെറുപ്പക്കാരന്‍ മാലാഖയുടെ രൂപമെടുത്ത് അപ്രത്യക്ഷനായി.  കാരുണ്യവും സ്‌നേഹവും ഇനിയും ഇവിടെയുളളിടത്തോളം നമുക്ക് ജീവിക്കാന്‍ ആകും. 

നമുക്ക് ലഭിക്കുന്ന ഈ കരുതലിന്റെ കരങ്ങള്‍ മറ്റുള്ളവരിലേക്കും പകരാന്‍ നമുക്ക് സാധിക്കട്ടെ.

-ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!