ജീവിതത്തിൽ മറവിയുള്ളവരാണ് എല്ലാവരും. എന്നാൽ മറന്നുകളയാതെ എന്നും കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് ബന്ധങ്ങൾ. ജീവിതത്തിൽ സമയം, സാഹചര്യം, അവസ്ഥ എന്നിവയൊക്കെ മാറും. അതനുസരിച്ചു സ്ഥാനമാനങ്ങളും മാറി മറിഞ്ഞു വരും. ഒന്നിലും മതിമറന്നു പോകാതിരിക്കാൻ വന്ന വഴി മറക്കരുത്.
പക്ഷികൾ ഉറുമ്പിനെയും പുഴുക്കളെയും തിന്നും. പക്ഷി ചത്താൽ അതിനെ ഉറുമ്പ് തിന്നും. ആരെയും ചെറുതായി കാണരുത്. നാളെ ആരായിരിക്കും ഉപകാരിയെന്ന് എങ്ങനെ അറിയും? പുകഴ്തലിൽ ഒരു ഇകഴ്ത്തൽ ഒളിഞ്ഞിരിപ്പുണ്ടെന്നു ഓർക്കുക. അതുകൊണ്ട് പുകഴ്ച്ചയിലും പുകഴ്ത്തലിലും പരിധി സൂക്ഷിക്കുക.
കത്തിക്കൊണ്ടിരിക്കുന്ന ഒരു വിറക് കത്താതെ കിടക്കുന്ന വിറകിൻ കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞാൽ വൻ തീയായി പടർന്നു കത്തും. എറിഞ്ഞ കൊള്ളി ചാരമായി അമർന്നാലും പകർന്നു കൊടുത്ത തീ ദൂരങ്ങളിലേയ്ക്ക് കത്തിക്കൊണ്ടിരിക്കും. മറക്കരുത്, വെറുതെ എറിയുന്ന തീകൊള്ളി വൻ നാശം വിതക്കും.
മണ്ണ് നമ്മെ തിരിച്ചു വിളിക്കുമെന്ന് മറക്കരുത്. ഭൂമി നമ്മെ തീറ്റിപോറ്റിയിട്ട് ഒടുവിൽ നമ്മെ മണ്ണാക്കി മണ്ണിൽ തന്നെ ചേർക്കും. എന്നാൽ ഒരു വിശുദ്ധൻ അതിൽ നിന്നും തേജസ്ക്കരിക്കപ്പെട്ട് ഉയർത്തെഴുന്നേൽക്കുമെന്നുള്ളതും മറക്കരുത്.
പ്രിയരേ പരസ്പ്പരം സ്നേഹിക്കാൻ മറക്കരുത്. നല്ല ചിന്തകൾ കൊണ്ടും, വാക്കുകൾകൊണ്ടും, നല്ല പ്രവർത്തികൊണ്ടും സംശുദ്ധമാകട്ടെ നമ്മുടെ ജീവിതം.
അപ്പോഴാണ് ദൈവം നമ്മെയും മറക്കാതിരിക്കുന്നത്.
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.