കുര്‍ബാന ജനാഭിമുഖമോ അള്‍ത്താരാഭിമുഖമോ? തര്‍ക്കം പരിഹരിക്കാന്‍ സഭാ സിനഡ് ഓഗസ്റ്റ് 16-ന്

കുര്‍ബാന ജനാഭിമുഖമോ അള്‍ത്താരാഭിമുഖമോ? തര്‍ക്കം പരിഹരിക്കാന്‍ സഭാ സിനഡ് ഓഗസ്റ്റ് 16-ന്

എറണാകുളം-അങ്കമാലി അതിരൂപതയില്‍ സീറോമലബാര്‍ സഭയുടെ കുര്‍ബാനയെച്ചൊല്ലി തര്‍ക്കങ്ങള്‍ രൂക്ഷമായതോടെ ആഗസ്റ്റ് 16-ന് സഭാ സിനഡ് നടക്കുന്നു. അല്‍മായ, വൈദിക പ്രതിനിധികളും മെത്രാന്മാരും ആര്‍ച്ചുബിഷപ്പും അടങ്ങുന്ന സിനഡാണ് കുര്‍ബാന എങ്ങോട്ട് തിരിഞ്ഞു നിന്ന് ചൊല്ലണമെന്ന് തീരുമാനമെടുക്കുക. ‘കുര്‍ബാന ജനാഭിമുഖമായി’ നടത്തണമെന്ന് വാദിക്കുന്നവരും ‘അള്‍ത്താരാഭിമുഖമായി’ നടത്തണമെന്ന് വാദിക്കുന്നവരും തമ്മിലുള്ള ‘വാക്പയറ്റ്’ തുടങ്ങിയിട്ട് നാളുകളേറെയായി.

കുര്‍ബാന ഏകീകരണം അടിച്ചേല്‍പ്പിച്ചാല്‍ സ്വയം വിരമിച്ച് പ്രീസ്റ്റ് ഹോമിലേക്ക് പോകുമെന്നു പറഞ്ഞ് പ്രതിഷേധിച്ചിരിക്കയാണ് കറുകുറ്റി പള്ളിയിലെ വൈദികന്‍ ഫാദര്‍ ടോം മുള്ളന്‍ചിറ. അദ്ദേഹം ഇടവകയില്‍ തന്നെ പ്രസംഗിച്ചുകൊണ്ട് തന്റെ നിലപാട് പ്രഖ്യാപിച്ച് ധൈര്യം കാട്ടിയിരിക്കയാണ്. ഇദ്ദേഹത്തോടൊപ്പം മറ്റൊരു വൈദികനും കുര്‍ബാന ഏകീകരണത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. സത്യദീപത്തില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ഫാ. ജോഫി തോട്ടങ്കര പ്രതിഷേധിച്ചിരിക്കുന്നത്. വെനീസില്‍ കാനന്‍ നിയമത്തില്‍ ഗവേഷണം നടത്തുകയാണ് ഇദ്ദേഹം. സിനഡില്‍ ഒരുമിച്ചിരുന്ന് തീരുമാനങ്ങള്‍ കൈക്കൊള്ളാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

എങ്ങോട്ട് തിരിഞ്ഞു നിന്നും ആരാധന നടത്താം. ഭൂമിയെ സൃഷ്ടിച്ച ശേഷം ദിശകള്‍ നിശ്ചയിച്ചതും ദൈവമാണ്. ”നിങ്ങള്‍ ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ” എന്നാണ് മനുഷ്യനെക്കുറിച്ചുള്ള ക്രിസ്തുവിന്റെ പ്രഖ്യാപനം. ദൈവം നമ്മുടെ ഹൃദയങ്ങളിലാണ് വസിക്കേണ്ടത്. കാലങ്ങളും ദിശകളും സമയങ്ങളും ഒന്നും ദൈവത്തെ ആരാധിക്കുന്നതിന് മാനദണ്ഡമാക്കേണ്ടതില്ല. അവരവര്‍ക്ക് പറ്റുന്നതു പോലെ ഇരുന്നും കിടന്നും നടന്നും നിന്നും എങ്ങനെ വേണമെങ്കിലും ദൈവസന്നിധിയില്‍ ഹൃദയം പങ്കുവയ്ക്കാം. അനുഗ്രഹത്തിന് കാരണം ഹൃദയശുദ്ധിയാണ്.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഏറെയുണ്ട് കത്തോലിക്കാ സഭയില്‍. ബൈബിളിന് വെളിയില്‍ നിന്നും സഭയിലേക്ക് കടന്നുകയറിയ പാഗണ്‍ മതത്തിന്റെ അവശിഷ്ടങ്ങള്‍ ഉന്മൂലനം ചെയ്യാനാണ് സഭ ഇനിയുള്ള കാലങ്ങള്‍ ചെയ്യേണ്ടത്. ദരിദ്രരേയും ആലംബഹീനരേയും അംഗവൈകല്യം വന്നവരേയും വൃദ്ധജനങ്ങളേയും അനാഥരെയും സൗജന്യമായി സംരക്ഷിക്കുന്ന പ്രസ്ഥാനം കത്തോലിക്കാസഭയാണ്. ഇക്കാര്യത്തില്‍ അവരോടൊപ്പം നില്‍ക്കാന്‍ പറ്റിയ മറ്റൊരു മതസ്ഥാപനവും ലോകത്തുണ്ടാവില്ല.

എന്നാല്‍ ആത്മീയകാര്യങ്ങളിലെ കൃത്രിമത്വം സഭയെ പല കാര്യങ്ങളിലും ബൈബിളില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. വിഗ്രഹാരാധനയാണ് ദൈവം വെറുക്കുന്ന ഏറ്റവും വലിയ പാപം. നമസ്‌കരിക്കാനല്ലെങ്കില്‍ പോലും ഉണ്ടാക്കാന്‍ പാടില്ല. ദൈവത്തെ നിര്‍ജ്ജീവ വസ്തുക്കളെക്കൊണ്ടുണ്ടാക്കാന്‍ കഴിഞ്ഞാല്‍ ആ ‘ശില്പി’യെ വേണം ദൈവമായി കാണാന്‍.

കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തോടെ വിഗ്രഹത്തിന്റെ മുമ്പില്‍ മുട്ടുകുത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയും തെറ്റാണെന്ന തിരിച്ചറിവ് ഒരു വിഭാഗം കത്തോലിക്കര്‍ക്കുണ്ടായിട്ടുണ്ട്. ‘മക്കളായ’ നമുക്ക്‌ ദൈവത്തോട് നേരിട്ട് കാര്യങ്ങള്‍ പറയാമെന്നിരിക്കെ മദ്ധ്യസ്ഥന്മാരെ ഇടയ്ക്ക് പിടിച്ചിടേണ്ട കാര്യവുമില്ല.

ഇതുപോലെയുള്ള ഒരു അന്ധവിശ്വാസമാണ് തിരുശേഷിപ്പ് വണക്കം. ക്രിസ്തു വിജയശ്രീലാളിതനായി ഉയിര്‍ത്തെഴുന്നേറ്റ് ജനത്തിനായി മദ്ധ്യസ്ഥത ചെയ്യുമ്പോള്‍ പിന്നെ അവരുടെ ഭൗതികവസ്തുക്കളില്‍ എന്ത് ശക്തിയാണുള്ളത്? മറ്റൊരു അബദ്ധമാണ് വിശ്വാസസ്‌നാനമെന്നതിനു പകരം നടത്തുന്ന ശിശുസ്‌നാനം. ഇതൊക്കെ മാറ്റാനുള്ള സിനഡാണ് അടിയന്തിരമായി നടത്തേണ്ടത്.

എങ്ങോട്ട് തിരിഞ്ഞുനിന്ന് ആരാധിച്ചാലും ദൈവം പ്രസാദിക്കും. അതിന് ഒരുക്കേണ്ടത് അവരവരുടെ ഹൃദയങ്ങളെയാണ്. സഭ കൊണ്ടുനടക്കുന്ന പല ആചാരങ്ങളും തെറ്റാണെന്ന് ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിലൊന്നാണ് സെന്റ് ജോര്‍ജ്ജും പാമ്പും അതുമായ കെട്ടുകഥകളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!