ആരാധനാലയങ്ങൾ തുറക്കുമ്പോൾ ജാഗ്രത പാലിക്കണം

ആരാധനാലയങ്ങൾ തുറക്കുമ്പോൾ ജാഗ്രത പാലിക്കണം

ഷാജി ആലുവിള

കോവിഡ് മരണവും രോഗബാധിതരുടെ കണക്കുകളും ഇപ്പോൾ പുതുമയുള്ള വാർത്തയല്ലാതായി. എല്ലാവരും അനുവർത്തിക്കേണ്ട പ്രാഥമിക ചുമതലകളെക്കുറിച്ചുള്ള ബോധവൽക്കരണം ഇപ്പോഴും കുറവില്ലാതെ നടക്കുന്നുണ്ട്. ജീവൻ വിലയേറിയതാണെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും കുറെ മാസങ്ങളായി നാം കേൾക്കുന്നു. പക്ഷെ, രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടികൊണ്ടിരുന്നു. 

ശാസ്ത്രമേഖലകളിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ട് കോവിഡിനെ പ്രതിരോധിക്കാൻ വാക്സീൻ കണ്ടുപിടിച്ചു. അത് ജനങ്ങളിൽ എത്തിതുടങ്ങിയതോടെ മഹാവ്യാധിക്ക് നിയന്ത്രണവും ജനങ്ങൾക്ക് ആത്മവിശ്വാസവും ലഭിച്ചു.                                         

നീണ്ടഇടവേളയ്ക്കു ശേഷമിപ്പോൾ ഉപാധികളോടെ വീണ്ടും ലോക്ഡൗൺ പിൻവലിച്ചു തുടങ്ങി. രോഗവ്യാപനത്തിന്റെ ആരംഭത്തിൽ തന്നെ എല്ലാവിധ മുന്നൊരുക്കങ്ങളും സ്വീകരിച്ചുകൊണ്ട് ഈ പ്രതിസന്ധിയെ നേരിടാൻ തയ്യാറായപ്പോഴും രോഗികളുടെ എണ്ണം പെരുകിയകാര്യം നാം ഇനിയും മറന്നുപോകരുത്. ആദ്യ ലോക്ക്ഡൗണിന് ശേഷമുണ്ടായ ശമനം, രണ്ടാംഘട്ടത്തിൽ രോഗം നിയന്ത്രണാധീതമായി മരണസംഖ്യ കുതിച്ചുയർന്നു. 

മനുഷ്യർ എല്ലാവരും സർവസ്വതന്ത്രനായി നടക്കണമെന്ന് ആഗ്രഹിക്കുന്ന സമൂഹജീവിയാണ്. വാക്കും പ്രവൃത്തിയും കൊണ്ട് അന്യർക്ക് ഉപദ്രവകാരി ആകാതിരിക്കാനാണ് നാം ആഗ്രഹിക്കുന്നത്.  അതിനാൽ ഇനിയും സാമൂഹിക അകലം പാലിക്കുക. ഒപ്പം മുഖാവാരണവും ശുചിത്വവും പൂർവാധികം ശ്രദ്ധയോടെ പാലിക്കുക. ഇതിൽ വരുത്തിയ വീഴ്ച നമ്മുടെ നിത്യജീവിതത്തിലെ സമസ്‌ത മേഖലകളെയും സ്തംഭിപ്പിച്ചു എന്നുള്ളതും ആരും മറന്നു പോകരുത്.

ആചാരാനുഷ്ഠാനങ്ങൾക്കും ആവിഷ്ക്കരങ്ങൾക്കും ആർഭാടങ്ങൾക്കും മറ്റുള്ള കൂടിച്ചേരലുകൾക്കും നിയന്ത്രണം വന്നപ്പോൾ അതിൽ ശരിയും തെറ്റും നമ്മൾ കണ്ടെത്തി. പല നിർദേശങ്ങൾക്കും ഗൗരവം കൊടുക്കാതെ ജനങ്ങളുടെ ഒത്തുചേരലുകൾ വിപത്തുകളെ വിളിച്ചുവരുത്തിയതും നമ്മൾ മറക്കരുത്.  ഇപ്പോൾ കിട്ടുന്ന സ്വാതന്ത്ര്യത്തിൽ അമിതാവേശത്തോടെ സാമൂഹിക നിയമം കാറ്റിൽ പറത്തിയാൽ, നാം നേരിടാൻ പോകുന്ന അപകടം നിയന്ത്രിക്കുവാൻ പറ്റാത്തതായിരിക്കും.

ചെറിയ ജാഗ്രതയിൽ പോലും വലിയ ഫലം കിട്ടും. മദ്യശാലകൾ തുറന്നപ്പോൾ ഉണ്ടായ ജനപ്പെരുപ്പം രോഗാവസ്ഥ വർധിപ്പിക്കുമോ എന്ന് ഏവരും ഭയന്നു. ഇനി ദേവാലയങ്ങൾ തുറക്കുന്നു. ചില നിയമ നിർദേശങ്ങളോട്കൂടി പള്ളികളിൽ പരമാവധി പതിനഞ്ച് പേർക്ക് ആരാധനക്കായി പങ്കെടുക്കുന്നതിനാണ് സർക്കാർ അനുമതി. ആ നിയമവും നമുക്ക് വേണ്ടിയാണ്. വ്യാപനമില്ലാതാക്കാൻ വേണ്ടിയാണെന്ന് ഓർക്കുക. അവിടെയും കരുതലോടെയും സൂക്ഷ്മതയോടും കൂടിവേണം പങ്കെടുക്കുവാൻ. പ്രായപരിധിയും  സാമൂഹിക അകലവും നാം ശ്രദ്ധിക്കുവാൻ മുമ്പ്തന്നെ അധികാരികൾ നിർദേശിച്ചിട്ടുണ്ട്.

വലിയ ആൾക്കൂട്ടത്തിൽ ദൈവത്തെ ആരാധിക്കുവാൻ സമചിത്തതയോടെ കുറെകൂടി കാത്തിരിക്കേണ്ടിയിരിക്കുന്നു. ഇത്രയും കഠിനമായ രോഗവ്യാപനത്തെ നേരിട്ട നമുക്ക് കുറച്ചുകൂടി ക്ഷമയോടെ കാത്തിരിക്കാം. ആരോഗ്യപരിപാലന നിർദേശങ്ങൾ പാലിച്ചുകൊണ്ടും പൊലീസ് നടപടിയെ അനുസരിച്ചുകൊണ്ടും ഇനിയും അതീവ ജാഗ്രതയോടെ  മുന്നേറുക. അതിനെ നിഷേധരൂപത്തിൽ കാണുകയാണെങ്കിൽ അത് നമ്മുടെ സ്വയംനാശത്തിനും നാടിന് പരിഹരിക്കാനാവത്ത കഷ്ടനഷ്ടങ്ങൾക്കും കാരണമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!