ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കണമെന്ന് ശഠിക്കരുത്

ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കണമെന്ന് ശഠിക്കരുത്

ആള്‍ക്കൂട്ടമാണ് കൊറോണ വ്യാപനത്തിന്റെ പ്രധാന കാരണമെന്ന് ‘ഇനി ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കു പോലും അറിയാം.’ അച്ചന്മാരേക്കാളും കൂടുതല്‍ മരിച്ചത് പാസ്റ്റര്‍മാരാണ്. ആന്ധ്രയിലാണ് ഏറ്റവും കൂടുതല്‍ പാസ്റ്റര്‍മാര്‍ മരിച്ചതെന്നാണ് പൊതുവെ പറയപ്പെടുന്നത്. ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മരിച്ചവരില്‍ വളരെ കൂടുതല്‍ ആളുകള്‍ പെന്തക്കോസ്തു വിശ്വാസികളും പാസ്റ്റര്‍മാരുമാണ്. മരിച്ചവരില്‍ മലയാളികളുടെ എണ്ണം കൃത്യമായി ലഭിച്ചിട്ടില്ല. മറ്റു ഭാഷ സംസാരിക്കുന്ന ക്രൈസ്തവ വിശ്വാസികളില്‍ പാസ്റ്റര്‍മാരും അച്ചന്മാരും എത്ര പേര്‍ മരിച്ചുവെന്നതിന് ഒരു തിട്ടവുമില്ല.

പൗരോഹിത്യ സഭാ ദേവാലയങ്ങള്‍ അതിവിശാലമാണ്. ആയിരക്കണക്കിന് വിശ്വാസികളെ കൊള്ളാന്‍ പറ്റുന്ന വിധത്തിലാണ് അവ പണിതിരിക്കുന്നത്. അവിടെ ആറടി സാമൂഹിക അകലം പാലിച്ച് ആരാധന നടത്താം. എന്നാലും ഭയപ്പെടണം. വായുവിലൂടെയും കൊറോണ വൈറസ് പകരാമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിവിശാലമായ ആരാധനാ സംവിധാനങ്ങള്‍ ഉള്ള പൗരോഹിത്യ സഭകള്‍ പോലും പള്ളി തുറക്കുന്ന കാര്യം മിണ്ടുന്നില്ല.

100 പേരുള്ള ഒരു കൂട്ടത്തില്‍ ഒരു രോഗി മതി കൊവിഡ്-19 പടര്‍ത്താന്‍. ആദ്യ ലോക്ഡൗണ്‍ കാലത്ത് എറണാകുളം ജില്ലയില്‍ നടന്ന ഒരു കുഞ്ഞിന്റെ മാമ്മോദീസായില്‍ പങ്കെടുത്ത സകലര്‍ക്കും കൊറോണ പിടിപെട്ട വിവരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് നാം ഓര്‍ക്കണം. മുസ്ലീം പള്ളികളില്‍ കൂട്ടംകൂടി ആരാധന നടത്തിയവരെ കൊറോണ കൂട്ടത്തോടെ പിടികൂടി.

‘വേകുവോളം കാത്തിരിക്കാമെങ്കില്‍ ആറുവോളം കാത്തിരിക്കാം.’ പെന്തക്കോസ്തുകാരുടെ ഭൂരിപക്ഷം ഹാളുകളും സാമൂഹിക അകലം പാലിച്ച് ആരാധിക്കാന്‍ പറ്റിയ തരത്തിലുള്ളതല്ല. ഈ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് പ്രമേയം പാസ്സാക്കുന്നവരെ ഓര്‍ത്ത് സഹതപിക്കാനേ കഴിയൂ.

ഇനിയും പാസ്റ്റര്‍മാരും വിശ്വാസികളും എന്നല്ല, ആരും പുതുതായി കൊവിഡ് ബാധിച്ച് മരിക്കാനിടയാകരുത്. അതിന് പള്ളിയായാലും പള്ളിക്കൂടമായാലും മോസ്‌കോ അമ്പലമോ ആയാലും ഉടനെ ജനങ്ങള്‍ക്ക് പ്രവേശനാനുമതി നല്‍കരുത്.

വ്യക്തികള്‍ക്കും കുടുംബത്തിനും സര്‍ക്കാരിനും സമൂഹത്തിനും വന്‍ബാദ്ധ്യത വരുത്തിവച്ച് ലക്ഷങ്ങളെ കൊന്നൊടുക്കിയ കൊറോണ ഒഴിഞ്ഞുപോകാന്‍ രണ്ടോ മൂന്നോ ആഴ്ചകള്‍ കൂടി കാത്തിരിക്കാന്‍ എന്താണിത്ര വൈമുഖ്യം? കേരളത്തില്‍ ആദ്യവ്യാപന കാലത്ത് ലോക്ഡൗണിലൂടെ 23000 രോഗികളായി ചുരുങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ രാഷ്ട്രീയക്കാരുടെ തള്ളിക്കയറ്റവും നേതാക്കന്മാരെ തോളില്‍ വച്ച് ചുമന്നതിന്റെയും ഫലമാണ് ഇപ്പോഴും ദിവസേന ശരാശരി 200 പേര്‍ വച്ച് മരിച്ചുവീണുകൊണ്ടിരിക്കുന്നത്. ഈ ലോക്ഡൗണ്‍ കാലത്ത് കേരളത്തില്‍ രോഗികളുടെ എണ്ണം നാലര ലക്ഷത്തില്‍ നിന്ന് ഒരു ലക്ഷമായി ചുരുങ്ങിയിരിക്കുന്നു.

രണ്ടോ മൂന്നോ ആഴ്ചകള്‍ കൂടി കഴിഞ്ഞാല്‍ കേരളത്തില്‍ കൊറോണ പരിപൂര്‍ണ്ണമായി മാറുമെന്ന് പ്രതീക്ഷിക്കാം. വാക്‌സിനേഷനും ത്വരിതഗതിയിലാണല്ലോ. ഇതിനിടയില്‍ ഇപ്പോള്‍ത്തന്നെ ആരാധനാലയങ്ങള്‍ (ആരാധനാലയം മനുഷ്യനാണെന്ന് ബൈബിള്‍ പറയുന്നു. പെന്തക്കോസ്തുകാരും അതു തന്നെ വിശ്വസിക്കുന്നു.) തുറക്കണമെന്നു പറഞ്ഞ് പ്രസ്താവന പുറപ്പെടുവിച്ചത് എന്തിനാണ്? ഇനിയും മനുഷ്യരെ കൊല്ലാനാണോ?

മൂന്നാറിലെ സി.എസ്.ഐ. അച്ചന്മാരുടെ സമ്മേളനവും ചിലരുടെ മരണവും എന്തേ പ്രമേയം പാസ്സാക്കുന്നവര്‍ ഓര്‍ക്കാത്തത്? ശാസ്താംകോട്ടയില്‍ ഒരു വീട്ടില്‍ നടന്ന പ്രാര്‍ത്ഥനയില്‍ കൊറോണ വ്യാപനം ഉണ്ടായതും നമ്മുടെ സ്മരണയില്‍ ഉണ്ടല്ലോ. ഇത്രയുമൊക്കെ വിശ്വാസികളും പാസ്റ്റര്‍മാരും മരിച്ചത് പോരെ? കൊറോണ പ്രശ്‌നത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാരിനോട് അനുഭാവം പുലര്‍ത്തുകയല്ലേ വേണ്ടത്? അവരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രസ്താവനയും നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടാകരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!