കേരളത്തില്‍ അതിനിര്‍ണ്ണായകമായ സാഹചര്യം: മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തില്‍ അതിനിര്‍ണ്ണായകമായ സാഹചര്യം: മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളം അതിനിര്‍ണ്ണായകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് ആറു മണിക്ക് നടന്ന പത്രസമ്മേളനത്തിലാണ് കൊവിഡ്-19 ബാധ ഒഴിഞ്ഞുപോകാത്തതില്‍ തന്റെ ആശങ്ക പങ്കുവച്ചത്. 10 പേര്‍ മരിച്ചു.

ദക്ഷിണേന്ത്യയില്‍ കൊവിഡ്-19 വ്യാപനം കൂടുതലാണ്. എന്നാല്‍ കേരളത്തില്‍ ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണ വ്യാപനം വര്‍ദ്ധിക്കാതിരിക്കാന്‍ കാരണമായി.

ഇന്ന് 2406 പേര്‍ക്ക് രോഗം ബാധിച്ചുവെങ്കിലും 2067 പേര്‍ക്ക് രോഗമുക്തി ലഭിച്ചിട്ടുള്ളതായി മുഖ്യമന്ത്രി വെളിപ്പെടുത്തി. സര്‍ക്കാര്‍ സംവിധാനം കുറ്റമറ്റതായി പ്രവര്‍ത്തിക്കുകയാണ്. അതിനനുസരിച്ച് ജനങ്ങളുടെ ജാഗ്രതയില്‍ കുറവ് വരാന്‍ പാടില്ല.

കേരളത്തില്‍ 10 ലക്ഷത്തില്‍ 8 പേര്‍ക്ക് എന്നതാണ് രോഗവ്യാപന നിരക്ക്. കേരളത്തില്‍ രോഗം എട്ടു മടങ്ങ് വര്‍ദ്ധിച്ചാലും പേടിക്കേണ്ടതില്ല. രോഗികളെ ശുശ്രൂഷിക്കാനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സെക്രട്ടേറിയറ്റില്‍ ചൊവ്വാഴ്ച ഉണ്ടായ തീപിടുത്തത്തില്‍ സര്‍ക്കാര്‍ എടുത്തിട്ടുള്ള തീരുമാനങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. അന്വേഷണത്തിനായി വിദഗ്ദ്ധസമിതിയെ നിയമിച്ചതായി മുഖ്യമന്ത്രി വെളിപ്പെടുത്തി.

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. വിദേശരാജ്യവുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ല. റെഡ്ക്രസന്റ് എന്ന ചാരിറ്റി സംഘടനയുമായിട്ടാണ് കരാര്‍. ഈ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അറിയിച്ചിട്ടില്ലെങ്കില്‍ ഇനിയും അറിയിക്കാന്‍ അവസരമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന സമരങ്ങളെ മുഖ്യമന്ത്രി വിമര്‍ശിച്ചു. “കള്ളാ, കള്ളാ” എന്ന് എന്നെ വിളിച്ചപ്പോഴും തെറി വിളിച്ചപ്പോഴും നിങ്ങള്‍ (മാധ്യമങ്ങള്‍) എന്തെങ്കിലും മിണ്ടിയോ? നാം സംസ്‌കാരസമ്പന്നരാണല്ലോ.

സെക്രട്ടേറിയറ്റിനകത്ത് സുരക്ഷാ സംവിധാനങ്ങളുണ്ട്. അതിനകത്ത് ചാടിക്കയറാന്‍ ആര്‍ക്കും അവകാശമില്ല. ആദ്യം ബിജെപി നേതാവ് സുരേന്ദ്രന്‍ എത്തി. പിന്നെ കോണ്‍ഗ്രസുകാര്‍ എത്തി. പിന്നെ കേരളമെമ്പാടും ആക്രമണങ്ങളുണ്ടാക്കി. ഇത് ശരിയല്ല. തീപിടുത്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷണത്തിലാണ്. അന്വേഷണത്തില്‍ കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍.

ഒമ്പത് കൂട്ടം കാര്യങ്ങള്‍ക്ക് മറുപടി കിട്ടിയിട്ടില്ലെന്ന ഒരു വനിതാ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മുഴുവന്‍ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. സൗഹൃദപരമായിരുന്നു ഇന്നത്തെ പത്രസമ്മേളനം.

സിസി ന്യൂസ് സര്‍വീസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!