ഇസ്രായേലിൽ കൊല്ലപ്പെട്ട  സൗമ്യയുടെ  മൃതദേഹം നാളെ എത്തും ; ബന്ധുക്കൾ.

ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാളെ എത്തും ; ബന്ധുക്കൾ.

സാബു തൊട്ടിപ്പറമ്പിൽ

ഇടുക്കി : ഇസ്രായേലിൽ ഹമാസിൻെറ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട അടിമാലി കീരിത്തോട് കാഞ്ഞിരംന്താനം സന്തോഷിൻെറ ഭാര്യ സൗമ്യയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾക്ക് ഇസ്രായേലിലെ ഇന്ത്യൻ എംബസി യിൽ നിന്ന് വിവരം ലഭിച്ചു.ഇസ്രായേൽ എയർഫോഴ്സിൻെറ പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിക്കും.

ഡൽഹിയിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ മൃതദേഹം ഏറ്റ് വാങ്ങും. അവിടെ നിന്ന് നെടുംമ്പാശ്ശേരിയ്ക്കുള്ള ഫ്ളൈറ്റിൻെറ ക്രമീകരണങ്ങളും പൂർത്തികരിച്ചതായും കേന്ദ്ര മന്ത്രി വീട്ടുകാരെ അറിയിച്ചതായി സൗമ്യയുടെ ഭർത്താവ് സന്തോഷ്, സഹോദരി ബിന്ദു എന്നിവർ സി.സി.ന്യൂസിനോട് പറഞ്ഞു.

ബുധനാഴ്ച രാത്രി സൗമ്യയുടെ മൃതദേഹം ഇന്ത്യൻ എംബസി അധികൃതർ ഏറ്റ് വാങ്ങിയിരുന്നു. സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി കേന്ദ്രമന്ത്രി വി.മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് എന്നിവർ കേന്ദ്ര വിദേശകാര്യ വകുപ്പിലും ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടിരുന്നു.

സൗമ്യയുടെ വീട് ഇന്നലെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, ജില്ലാ കളക്ടർ എച്ച്. ദിനേശ് എന്നിവർ സന്ദർശിച്ചു. വീട്ടുകാർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ടിയുള്ള ശ്രമം നടത്തുമെന്ന് മന്ത്രി പറഞ്ഞു.

മന്ത്രി എം.എം.മണി സൗമ്യയുടെ വീട് സന്ദർശിക്കുന്നു.

അതേ സമയം ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാനിർദേശം നൽകി. മലയാളം ഉൾപ്പെടെ നാല് ഭാഷകളിൽ മുന്നറിയിപ്പ് നൽകിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഷെല്ലാക്രമണത്തിൻെറ രൂക്ഷത വർദ്ധിച്ചതോടെ സൗമ്യ നോക്കിക്കൊണ്ടിരുന്ന രോഗിയുടെ മകൾ ഇവരെ അഷ്കലോണിൽ നിന്ന് മാറ്റാൻ തീരുമാനിച്ചിരുന്നു. അവിടെ നിന്ന് പോകാനുള്ള തയ്യാറെടുപ്പുകൾ പൂർത്തികരിച്ചിരുന്നു. രോഗിയുടെ മകൾ ഇവരെ കൊണ്ട് പോകാൻ യാത്ര തിരിക്കുകയും ചെയ്തിരുന്നതായി ഇസ്രായേലിലെ അഷ്ദോദിൽ ജോലി ചെയ്യുന്ന സൗമ്യയുടെ ഭർതൃ സഹോദരി ഷെർളി ബെന്നി വാർത്താ ഏജൻസികളോട് പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരം ഭർത്താവ് സന്തോഷുമായി വീഡിയോക്കോൾ ചെയ്യുന്നതിനിടയിലാണ് ഹമാസിൻെറ ഷെല്ല് ഭീത്തികൾ തുളച്ച് അപകടം നടന്നത്. സൗമ്യ ജോലിചെയ്തിരുന്ന അഷ്കലോൺ തെരുവിൽ കുറെ ദിവസങ്ങളായി ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ട്. പലപ്പോഴും വീടുകളിലെ സുരക്ഷാകേന്ദ്രങ്ങളായ ബങ്കറുകളിൽ കയറിയാണ് ജീവൻ രക്ഷപെടുത്തുന്നത്.

രാവിലെ എട്ടരയ്ക്ക് നെടുംമ്പാശ്ശേരിയിൽ എത്തുന്ന മൃതദേഹം ഉച്ചതിരിഞ്ഞ് 2.30-ന് വീട്ടിലെത്തിക്കും. നാല് മണിയോടെ കീരിത്തോട് നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!