സുല്‍ത്താന്‍ബത്തേരിയില്‍ സൗജന്യ ഭക്ഷണ വിതരണവുമായി ക്രൈസ്തവചിന്ത എഡിറ്റര്‍ അനീഷ് ഐപ്പും സഭാ വിശ്വാസികളും

സുല്‍ത്താന്‍ബത്തേരിയില്‍ സൗജന്യ ഭക്ഷണ വിതരണവുമായി ക്രൈസ്തവചിന്ത എഡിറ്റര്‍ അനീഷ് ഐപ്പും സഭാ വിശ്വാസികളും

ഉച്ചയ്ക്ക് 12.30-ന് തന്നെ ഭക്ഷണപ്പൊതികളുമായി രണ്ടു വാഹനങ്ങള്‍ പുറപ്പെടുകയായി. സൈലോയും മാരുതി 800-ഉം. സുല്‍ത്താന്‍ബത്തേരി ഏ.ജി. ചര്‍ച്ച് മുറ്റത്തു നിന്നും പുറപ്പെടുന്ന വാഹനത്തില്‍ ക്രൈസ്തവചിന്ത എഡിറ്ററും സഭാ പാസ്റ്ററുമായ അനീഷ് എം. ഐപ്പും സഭാ വിശ്വാസികളുമുണ്ടാകും.

ഡ്യൂട്ടിയിലുള്ള അറുപതോളം പോലീസുകാര്‍ക്കാണ് ഇത് ഏറെ പ്രയോജനകരമാകുന്നത്. ബൂട്ടും തൊപ്പിയുമണിഞ്ഞ്, വെയിലത്ത് വിയത്തുകുളിച്ച് മണിക്കൂറുകള്‍ നീണ്ട നില്‍പ്പ് കഠിനമാണ്. ഭക്ഷണം കഴിക്കാന്‍ സമയമില്ല, കൃത്യമായി കിട്ടാറുമില്ല. വെള്ളം പോലും ആവശ്യത്തിന് ലഭ്യമല്ല.

കൊവിഡ് പ്രതിരോധ പോരാളികളായ ആശുപത്രി ജീവനക്കാരെപ്പോലെ തന്നെ രോഗം പടരാതിരിക്കാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിപ്പാണ് പോലീസ് ഉദ്യോഗസ്ഥരും. ഇവര്‍ ഭക്ഷണക്കിറ്റുകള്‍ ഓരോ ദിവസവും നന്ദിപൂര്‍വ്വം ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

അവരോടൊപ്പം തന്നെ പ്രധാനപ്പെട്ടവരാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍. അവര്‍ക്കും ഭക്ഷണം നല്‍കുന്നുണ്ട്. ബത്തേരി ബസ് സ്റ്റാന്‍ഡില്‍ തമ്പടിച്ചിരിക്കുന്ന വീടില്ലാത്തവര്‍ക്കും അനീഷ് പാസ്റ്റര്‍ ടീമിന്റെ ഭക്ഷണം ഉണ്ട്.

അലഞ്ഞുതിരിഞ്ഞു നടക്കാനാവില്ലെങ്കിലും ബസ് സ്റ്റാന്‍ഡില്‍ കുത്തിയിരിക്കുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ള സകലര്‍ക്കും, അന്യസംസ്ഥാനത്തു നിന്നു വന്ന് ലോക്ഡൗണില്‍ പെട്ടുപോയ ‘അതിഥി’കള്‍ക്കും ഭക്ഷണം നല്‍കിയിട്ടേ ടീം തിരിച്ചുപോരൂ. എല്ലാ ദിവസവുമുള്ള മഴ കാരണം മരങ്ങള്‍ കടപുഴകി വീഴുന്നതു കൊണ്ട് ഇലക്ട്രിസിറ്റി ജീവനക്കാരും ഫീല്‍ഡിലാണ്. അവര്‍ക്കും ഭക്ഷണം കൊടുക്കുന്നുണ്ട്.

വിലകൂടിയ അടച്ചു ഭദ്രമാക്കാവുന്ന ഡിസ്‌പോസിബിള്‍ കണ്ടെയ്‌നറിലാണ് ഭക്ഷണം നല്‍കുന്നത്. ജയ അരിയുടെ ചോറും സാമ്പാറും തോരനും അച്ചാറും ഉണക്കമീന്‍ വറുത്തതും ഉണ്ടാകും. ഇന്നലെ ചിക്കന്‍ കറിയുടെ അകമ്പടിയോടെയായിരുന്നു ഊണ്. അര ലിറ്ററിന്റെ മിനറല്‍ വാട്ടറും ഉണ്ടാകും.

രാവിലെ ഏഴരയ്ക്കു തന്നെ കറികള്‍ക്കുള്ള പണി ആരംഭിക്കും. 12.30-ഓടെ പായ്ക്കറ്റുകളില്‍ ചോറും കറികളും വെവ്വേറെ കവറുകളിലാക്കി വാഹനം പുറപ്പെടുകയായി. സെക്രട്ടറി ജിജോയ്, റെന്‍ജു തോമസ്, ഒ.റ്റി. ബാലു, കമ്മറ്റിയംഗം ഇ.പി. ജോര്‍ജ്ജുകുട്ടി, മത്തായി വി.ജെ., കമ്മറ്റിയംഗം പി.കെ. യാക്കോബ് എന്നിവര്‍ ഭക്ഷണം ഉണ്ടാക്കാനും വിതരണം ചെയ്യാനും മുമ്പിലുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ വിശ്വാസികളുടെ പങ്കാളിത്തവും പാസ്റ്റര്‍ അനീഷ് പ്രതീക്ഷിക്കുന്നു.

ഇന്ന് മുസ്ലീം സഹോദരങ്ങളുടെ പെരുന്നാള്‍ ആയതിനാല്‍ ബത്തേരിയിലെ പെട്രോള്‍ പമ്പുടമകളായ കക്കോടന്‍ ഫാമിലി ബിരിയാണി നല്‍കിയതു കൊണ്ട് ഇന്ന് ഏ.ജി. ടീമിന്റെ ഭക്ഷണവിതരണം ഉണ്ടായിരുന്നില്ല. നാളെ മുതല്‍ (വെള്ളിയാഴ്ച) പുനരാരംഭിക്കും.

സഭാംഗങ്ങള്‍ സംഭാവനകള്‍ നല്‍കിതുടങ്ങിയതോടെ ഭക്ഷണ വിതരണം ഉഷാറായി.. ലോക്ഡൗണ്‍ (നീട്ടിയാലും) തീരുന്നതു വരെ ഭക്ഷണം കൊടുക്കാന്‍ കഴിയുമെന്നാണ് ക്രൈസ്തവചിന്ത പത്രാധിപര്‍ കൂടിയായ അനീഷിന്റെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!