- കെ.എന്‍. റസ്സല്‍
പിണറായി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം വോട്ടിനിട്ട് തള്ളി. അനുകൂലിച്ച് 40 പേരും പ്രതികൂലിച്ച് 87 പേരും വോട്ട് ചെയ്തു. പ്രതിപക്ഷനിരകളില്‍ നിന്നുണ്ടായ ആക്രമണങ്ങള്‍ക്ക് മൂന്നേമുക്കാല്‍ മണിക്കൂര്‍ കൊണ്ട് അളന്നുമുറിച്ച് മുഖ്യമന്ത്രി മറുപടി നല്‍കി. സങ്കീര്‍ണ്ണമായ ചില വിഷയങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചതേയില്ല. കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശനാണ് പ്രമേയം അവതരിപ്പിച്ചത്.

നിരവധി വിഷയങ്ങള്‍ ആരോപണമായി പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. ആഴ്ചകളായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ആരോപണങ്ങള്‍ വിശദമായി പ്രതിപക്ഷനേതാവും മറ്റു പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികളും അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ അവതരിപ്പിച്ചു.
സ്പ്രിന്‍ക്ലര്‍ വിവാദവും, ബന്ധുനിയമന വിവാദവും, നിയമസഭയില്‍ ശക്തമായിത്തന്നെ പ്രതിപക്ഷം ഉന്നയിച്ചു. മണല്‍ കള്ളക്കടത്തില്‍ തുടങ്ങി സ്വര്‍ണ്ണകള്ളക്കടത്തു വരെ സഭാന്തരീക്ഷത്തെ മുഖരിതമാക്കി. പ്രസംഗങ്ങളും മറുപടിയും സ്പീക്കറുടെ ഇടപെടലുമൊക്കെയായി നിയമസഭ ഇടയ്ക്കിടെ കോലാഹലങ്ങളിലമര്‍ന്നു.

ലൈഫ്മിഷനെയും പ്രതിപക്ഷം വെറുതെ വിട്ടില്ല. വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണ കരാറുകാരനാണ് 5 കോടി കമ്മീഷന്‍ നല്‍കിയത്. അത് കൈപ്പറ്റിയത് യു.എ.ഇ. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും. പ്രതിപക്ഷം അതിനെ കോഴയായിട്ടാണ് വ്യാഖ്യാനിച്ചത്.
എല്ലാവരും തന്നെയും പിന്നെയും ഒരേ കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത്. അവിശ്വാസപ്രമേയം അവതരിപ്പിച്ച കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശനെതിരെയും ആരോപണം ഉയര്‍ന്നു.
എന്നാല്‍ കോവിഡ് പ്രതിരോധത്തില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണം അനാവശ്യമായി തോന്നി. അതിന് ശൈലജ ടീച്ചര്‍ ഉചിതമായ മറുപടി നല്‍കി.
മുഖ്യമന്ത്രിയുടെ അഴിമതിയുടെ കൂത്തരങ്ങായി മാറി എന്ന പ്രതിപക്ഷം ആരോപണത്തില്‍ അവര്‍ ഉറച്ചുനിന്നു. ഏത് വിഷയം ചര്‍ച്ച ചെയ്താലും പ്രതിപക്ഷ നേതാക്കള്‍ പ്രസംഗം ഉപസംഹരിക്കുന്നത് മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കിയാണ്.
സാമൂഹിക അകലം പാലിച്ചാണ് സീറ്റുകള്‍ ക്രമീകരിച്ചിരുന്നത്. എല്ലാവരും മാസ്‌കും ധരിച്ചിരുന്നു. ഏതാണ്ട് 12 മണിക്കൂറുകളോളം നീണ്ടുനിന്ന ചര്‍ച്ച പലരിലും അസ്വസ്ഥത ഉളവാക്കിയതായി തോന്നി.
ഇതിനിടയില്‍ രാജ്യസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ശ്രേയാംസ്‌കുമാര്‍ വിജയിക്കുകയും ചെയ്തു.
























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.