സാം ജോര്‍ജ്ജ്, വില്‍സണ്‍ ജോസഫ്, എം.പി. ജോര്‍ജ്ജുകുട്ടി എന്നിവര്‍ വിഷമവൃത്തത്തില്‍?

സാം ജോര്‍ജ്ജ്, വില്‍സണ്‍ ജോസഫ്, എം.പി. ജോര്‍ജ്ജുകുട്ടി എന്നിവര്‍ വിഷമവൃത്തത്തില്‍?

ഏതൊരു സംഘടനയായാലും അതിന്റെ പ്രസിഡന്റ് എല്ലാവരെയും കേള്‍ക്കുന്നവനാകണം. ജനാധിപത്യത്തെക്കുറിച്ചും, ഒരു സംഘടനയെ എങ്ങനെ നയിക്കണം എന്നതിനെക്കുറിച്ചും ബോദ്ധ്യമില്ലാത്ത ആള്‍ സ്വേച്ഛാധിപതിയാകും. ”ഞാന്‍ പറയുന്നത് കേട്ടാല്‍ മതി” എന്നതായിരിക്കും അയാളുടെ ഉത്തരം.

ഇങ്ങനെയുള്ളവര്‍ കാരണവര്‍ എന്ന നിലയില്‍ വീട്ടില്‍ ശോഭിച്ചേക്കും. ഒരു സഭ (സംഘടന) അങ്ങനെയല്ല. ജനങ്ങളാല്‍ തെരഞ്ഞെടുക്കുന്ന ജനങ്ങള്‍ക്കു വേണ്ടിയുള്ള ജനങ്ങളുടെ കൂട്ടായ്മയാണ്. ഇവിടെ എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. പ്രസിഡന്റിന്റെ അഭിപ്രായം അടിച്ചേല്‍പ്പിക്കാന്‍ ജനപ്രതിനിധികളുടെ കമ്മറ്റിയില്‍ അവകാശമില്ല.

കഴിഞ്ഞ ഐ.പി.സി. ജനറല്‍ പ്രസിബിറ്ററിയില്‍ സഭയില്‍ നിന്നും പുറത്താക്കിയ ആളിനെ തിരിച്ചെടുക്കാന്‍ പ്രസിഡന്റ് നടത്തിയ പരാക്രമങ്ങള്‍ ചില്ലറയല്ല.

സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍, പ്രത്യേകിച്ച് കോടതി ഇടപെട്ടിരിക്കുന്ന കേസുകളില്‍ ഭൂലോകത്തിന്റെ വിവിധ കോണുകളില്‍ ഇരുന്നുകൊണ്ട്, വ്യക്തമായി മിനിറ്റ്‌സ് പോലും എഴുതാനാവാതെ നടത്തപ്പെടുന്ന കമ്മറ്റി മീറ്റിംഗുകള്‍ക്ക് എന്ത് നിയമസംരക്ഷണമാണുള്ളത്?

എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് ദൈനംദിന കാര്യങ്ങളില്‍ ‘സൂം’ വഴി ചര്‍ച്ച ചെയ്ത് ഭരണനിര്‍വ്വഹണം നടത്താം. സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ ‘സൂം കമ്മറ്റിക്ക്’ കഴിയുമോ എന്നതില്‍ സംശയമുണ്ട്.

ഈ കാര്യത്തില്‍ ഐ.പി.സി. ജനറല്‍ സെക്രട്ടറി സാം ജോര്‍ജ്ജും വൈസ്പ്രസിഡന്റ് വില്‍സണ്‍ ജോസഫും, ജോ.സെക്രട്ടറി എം.പി. ജോര്‍ജ്ജുകുട്ടിയും നിയമക്കുരുക്കില്‍പെടാനുള്ള സാദ്ധ്യത കൂടുതലാണ്. വെളിയില്‍ നില്‍ക്കുന്ന ആള്‍ക്കെതിരെയുള്ള സഭയുടെ പുറത്താക്കല്‍ നടപടികള്‍ കോടതിയും അംഗീകരിച്ചിട്ടുള്ളതായി കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ തിരിച്ചെടുക്കാന്‍ ഇനി കോടതിയുടെ ഇടപെടല്‍ അനിവാര്യമല്ലേ?

മറ്റൊരു കാര്യവും പരമപ്രധാനമാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികളുടെ മീറ്റിംഗില്‍ പുറത്തുള്ളവരെ കയറ്റിയിരുത്തിയതില്‍ അപാകതയില്ലേ? കേരള അസംബ്ലിയില്‍ 141 എം.എല്‍.എ.മാരല്ലാതെ (മന്ത്രിമാരുള്‍പ്പെടെ) മറ്റുള്ളവരെ കയറ്റിയിരുത്തി ഭരണകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമോ?

തനിയെ അതിക്രമിച്ചുകയറിയിരുന്നാല്‍ ഒരുപക്ഷേ സ്പീക്കര്‍ തന്നെ ശിക്ഷവിധിച്ചേക്കാം. (ഈ കുറിപ്പ് എഴുതുന്ന ആളിന്റെ അറിവ് ശരിയാണെങ്കില്‍). ഇനി മറ്റു എം.എല്‍.എ.മാര്‍ തങ്ങളുടെ രണ്ടു സുഹൃത്തുക്കളെകൂടി കയറ്റിയിരുത്തിയേക്കാമെന്ന് വിചാരിച്ചാല്‍ കാര്യങ്ങള്‍ എവിടെചെന്നവസാനിക്കും?

ഇവര്‍ക്ക് മൂന്നു പേര്‍ക്കും പാര്‍ലമെന്ററി സംവിധാനങ്ങളില്‍ കാര്യമായ അറിവ് ഇല്ല എന്നതാണ് സത്യം. പ്രസിഡന്റിന് ‘ഓശാന’ പാടാനാണ് ഈ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ തയ്യാറായത്. ഏകാധിപതികളുടെ മുഖത്തു നോക്കി ”അവിടെ ഇരിക്കൂ. ഞങ്ങളെയും കൂടി കേള്‍ക്കൂ” എന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കണം.

‘തരികിട’ കാര്യങ്ങളില്‍ ഇടപെടാതെ പ്രസിഡന്റ് എപ്പോഴും മറ്റുള്ളവരെ ശ്രദ്ധിക്കുന്ന ആളാകണം. എല്ലാവരുടെയും മുകളില്‍ കയറി ഇരിക്കാന്‍ വെമ്പല്‍കൊള്ളുന്ന നേതാവ് താഴെവീഴും.

പ്രസിഡന്റ് പറയുന്നിടത്തെല്ലാം ഒപ്പിടുന്ന റബ്ബര്‍ സ്റ്റാമ്പാകരുത് സാം ജോര്‍ജ്ജ്. വില്‍സണ്‍ ജോസഫും എം.പി. ജോര്‍ജ്ജുകുട്ടിയും നീതിബോധവും സത്യസന്ധതയും ധാര്‍മ്മികതയും ഉയര്‍ത്തിപ്പിടിക്കണം.

കേരളത്തിലെ ഏറ്റവും വലിയ പ്രവാചകിയായിരുന്ന 95-കാരിയായ അമ്മച്ചിയെ വ്യഭിചാരി എന്നെഴുതിയവന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയാമോ?

– സിസിന്യൂസ് സര്‍വ്വീസ്‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!