സി.പി.എമ്മിലെ പ്രശസ്തരെ വെട്ടിനിരത്തി പിണറായി സര്‍വ്വസൈന്യാധിപനാകുന്നു

സി.പി.എമ്മിലെ പ്രശസ്തരെ വെട്ടിനിരത്തി പിണറായി സര്‍വ്വസൈന്യാധിപനാകുന്നു

സി.പി.എം. തകര്‍ച്ചയുടെ വക്കിലേക്ക് നീങ്ങുകയാണോ? പ്രശസ്തരെയും പ്രഗത്ഭരെയും വെട്ടിനിരത്തി പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കുകയാണോ പിണറായി വിജയന്‍? സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആകപ്പാടെ പാകപ്പിഴകള്‍ മാത്രം.

ഡോ. തോമസ് ഐസക്കിനും ജി. സുധാകരനും സീറ്റില്ല. എ.കെ.ബാലനും പുറത്തായി. സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഇനി പൊന്നാനിയില്‍ പോകേണ്ട എന്ന് സി.പി.എം. പ്രഖ്യാപിച്ചു കഴിഞ്ഞു. ഇ.പി. ജയരാജനും സി. രവീന്ദ്രനാഥുമാണ് സീറ്റ് നിഷേധിക്കപ്പെട്ട മറ്റു മന്ത്രിമാര്‍. ഇവരില്‍ തോമസ് ഐസക്കിനും ജി. സുധാകരനും ചിലപ്പോള്‍ സീറ്റ് കിട്ടിയേക്കാം. അത്രമാത്രം.

പ്രതിഷേധം അണികളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. പട്ടാളചിട്ട പോലെ ഭരണയന്ത്രമുള്ള സി.പി.എം. ആടിയുലയുകയാണ്. പാര്‍ട്ടി തീരുമാനങ്ങള്‍ക്കെതിരെ പോസ്റ്ററുകളും പ്രസ്താവനകളും രാജിവയ്ക്കലുകളും പുറത്താക്കലുകളും തുടരുന്നു.

ഒരാളുടെ കൈയിലേക്ക് അധികാരം മുഴുവന്‍ കേന്ദ്രീകരിക്കുന്നതായി കേരളജനത സംശയിച്ചു തുടങ്ങിയിട്ടുണ്ട്. ഇവിടെ പോളിറ്റ്ബ്യൂറോയും സെന്‍ട്രല്‍ കമ്മിറ്റിയും വെറും നോക്കുകുത്തികള്‍ ആകുന്നു. സ്റ്റേറ്റ് സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയുമെല്ലാം പിണറായി വിജയന്‍ തന്നെ. പാര്‍ട്ടിയെ മുഴുവനായി അദ്ദേഹം വിഴുങ്ങിത്തുടങ്ങിയെന്നു വേണം കരുതാന്‍.

ജോസഫ് സ്റ്റാലിന്റെ ഭൂതം കയറിയാല്‍ പിന്നെ സഹപ്രവര്‍ത്തകരില്ല, സഖാക്കളില്ല, പാര്‍ട്ടിയില്ല. പാര്‍ട്ടി വിട്ട് പോകുന്നവര്‍ക്കും ‘പാര്‍ട്ടിയ്ക്കുള്ളിലെ ശത്രുക്കള്‍ക്കും’ ഇന്നും ‘ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ്’ അഥവാ പുറത്താക്കല്‍ ഉണ്ട്. ബംഗാളില്‍ പാര്‍ട്ടി തവിടുപൊടിയായി. ആജീവനാന്ത ശത്രുവായി കരുതിയിരുന്ന കോണ്‍ഗ്രസുമായി ആലിംഗനം ചെയ്തങ്ങനെ നില്‍പ്പാണ് ബംഗാളില്‍. പാര്‍ട്ടിയുടെ അകാലമരണത്തില്‍ നിന്ന് ഒരുപക്ഷേ ‘ശത്രുവിന്റെ’ സഹായത്തോടെ ഈ തെരഞ്ഞെടുപ്പില്‍ ശ്വാസം തിരിച്ചുകിട്ടിയേക്കും. ത്രിപുരയില്‍ നിന്ന് പാര്‍ട്ടി പരലോകത്ത് എത്തിയതോടെ ‘ചിതാഭസ്മം കടലിലൊഴുക്കി’ പണി തീര്‍ത്തു വീടുകളിലൊതുങ്ങി സഖാക്കള്‍.

പാര്‍ട്ടിക്ക് ആഴത്തില്‍ വേരോട്ടമുണ്ടായിരുന്ന ആന്ധ്രയിലെയും ബീഹാറിലെയും യുവലോകത്തിന് ഇന്നറിയാവുന്നത് കടലാസിലെ കമ്മ്യൂണിസമാണ്. കേരളം കഷ്ടിച്ച് പിടിച്ചുനില്‍ക്കുന്നത് നവോത്ഥാന കാലഘട്ടത്തെക്കുറിച്ചും സാമൂഹ്യസമത്വത്തിനു വേണ്ടി പാര്‍ട്ടി ചെയ്ത സംഭാവനകളെക്കുറിച്ചും ഓര്‍മ്മയുള്ളതുകൊണ്ടാണ്. പിണറായി വിജയന്‍ തന്റെ ‘സഹോദരന്മാരെ വെട്ടിനിരത്തി’ എല്ലാം കൈപ്പിടിയില്‍ ഒതുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെങ്കില്‍ ഇതോടെ സി.പി.എം. കേരളത്തില്‍ തീര്‍ന്നുകിട്ടും.

പാര്‍ട്ടിയില്‍ ആലോചനയില്ലാതെ ഭരണം നടത്തുന്നു എന്നായിരുന്നല്ലോ വി.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള ആരോപണം. ഇന്നത്തെ മുഖ്യമന്ത്രി പിണറായി അന്ന് പാര്‍ട്ടി തലവനായിരുന്നല്ലോ. അന്ന് വി.എസിനെ വരിഞ്ഞുമുറുക്കി ഒതുക്കി നിര്‍ത്തിയത് കേരളജനതയ്ക്കറിയാം. അതേ സെക്രട്ടറി ഇന്ന് മുഖ്യമന്ത്രിയായപ്പോള്‍ സ്റ്റാലിന്റെ സ്വഭാവം ആര്‍ജ്ജിക്കുകയാണോ എന്ന സംശയം ബാക്കി നില്‍ക്കുന്നു.

സ്വേച്ഛാധിപത്യ പ്രവണത അദ്ദേഹത്തിന്റെ സ്വഭാവത്തിലുണ്ട്. നല്ലൊരു നയതന്ത്രജ്ഞനല്ല പിണറായി. എവിടെ വച്ചും, എപ്പോഴും ആരുടെ മുമ്പിലും ദേഷ്യപ്പെടാന്‍ അദ്ദേഹത്തിനാകും. കുഞ്ഞുങ്ങളുമായുള്ള ചര്‍ച്ചയില്‍ പോലും നാമത് കണ്ടു. പ്രതിപക്ഷത്തിനെതിരെയുള്ള ഭാഷാപ്രയോഗങ്ങളിലെ വികലത ഭരണത്തില്‍ വന്നശേഷം ഉണ്ടായിട്ടില്ല എന്നത് ഏക ആശ്വാസം. പത്രക്കാരെയും വെറുതെ വിട്ടിട്ടില്ല.

ഭരണം കിട്ടിയാല്‍ ജയിച്ചു വരുന്നവരില്‍ തന്റെ ഇഷ്ടത്തിന് നില്‍ക്കുന്നവരെ കൂട്ടി മന്ത്രിസഭ ഉണ്ടാക്കും. ഭരണം ഒറ്റയ്ക്കു നടത്താന്‍ കാര്യങ്ങള്‍ സുഗമമാക്കുകയാണ് തോമസ് ഐസക്കിനേയും സുധാകരനേയും എ.കെ.ബാലനേയും ‘പുറത്താക്കുന്നതിലൂടെ’ പിണറായി ചെയ്യുന്നത്.

അങ്ങനെയൊരു ദുരന്തം സംഭവിക്കാതിരിക്കട്ടെ എന്ന് ‘സകല ദൈവങ്ങളെയും’ വിളിച്ച് നമുക്ക് പ്രാര്‍ത്ഥിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!