പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിവേദനങ്ങള്‍ ഫലം കണ്ടു

പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിവേദനങ്ങള്‍ ഫലം കണ്ടു

ഒടുവില്‍ പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിവേദനങ്ങള്‍ ഫലം കണ്ടു.

2003ല്‍ പി.സി.ഐ. രൂപീകരിച്ച ശേഷം അനവധി തവണ രാഷ്ട്രീയപാര്‍ട്ടികളുടെ സംസ്ഥാന കമ്മിറ്റി ഓഫീസുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പിസിഐ പ്രവര്‍ത്തകര്‍ കയറിയിറങ്ങി. പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദനെ കണ്ട് ഒരു പ്രാവശ്യം സഭ നേരിടുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ ഉന്നയിച്ച് നിവേദനം നല്‍കുകയുണ്ടായി.

ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എം. സ്റ്റേറ്റ് സെക്രട്ടറി ആയിരുന്നപ്പോള്‍ എ.കെ.ജി. സെന്ററില്‍ വച്ച് അദ്ദേഹത്തോടും വിശദമായി സംസാരിച്ചു. ”ആര്‍.എസ്.എസുകാരില്‍ നിന്നും നിങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന ആക്രമണങ്ങള്‍ക്ക് എന്നാണ് ഇനി അറുതി വരിക” എന്ന ഒരു ചോദ്യം അദ്ദേഹം ചോദിച്ചത് ഓര്‍മ്മയിലുണ്ട്.

പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങളാണ് അന്ന് പി.സി.ഐ.യുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ലേഖകന്‍ അടങ്ങിയ ടീം എഴുതിക്കൊടുത്തിരുന്നത്.

ഒന്ന്, ശ്മശാന ഭൂമികളിലെ ഉപരോധങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നതായിരുന്നു. കൊരട്ടി, കോന്നി, കടമ്പനാട് തുടങ്ങിയ പല സ്ഥലങ്ങളിലും പെന്തക്കോസ്തു വിശ്വാസികളുടെ ശരീരം മറവ് ചെയ്യാന്‍ പറ്റാത്ത സ്ഥിതിവിശേഷം ഉണ്ടായിരുന്നു. കൊരട്ടിയില്‍ അടക്കം ചെയ്ത ‘യഹോവ സാക്ഷികളുടെ’ സഭാംഗമായ ഒരാളുടെ ശരീരം തിരികെ കുഴിയില്‍ നിന്നും എടുപ്പിച്ച സാഹചര്യം വരെ ഉണ്ടായി.

കേരളമെമ്പാടുമുള്ള ശവക്കോട്ട പ്രശ്‌നം പരിഹരിക്കാനായി പിസിഐ. മാറി മാറി വന്ന എല്ലാ സര്‍ക്കാരുകളുടെയും ശ്രദ്ധയില്‍പെടുത്തിക്കൊണ്ടിരുന്നു. ലൈസന്‍സ് നല്‍കുന്നത് കളക്ടര്‍മാരായിരുന്നതു കൊണ്ട് ജില്ലാ ആസ്ഥാനങ്ങളില്‍ നിരന്തരം പോയി അദ്ധ്വാനിച്ച വിശ്വാസികളേയും പാസ്റ്റര്‍മാരെയും ഓര്‍ക്കേണ്ടതുണ്ട്.

ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രണ്ടു പ്രാവശ്യം നിവേദനം കൊടുത്തു. തിരുവനന്തപുരത്ത് വച്ചും പുതുപ്പള്ളിയില്‍ വച്ചും. റവന്യൂവകുപ്പ് മന്ത്രിയായിരുന്ന കെ.ഇ. ഇസ്മായിലിനെ എറണാകുളത്ത് വച്ചു കണ്ട് ഒരു തവണ അപേക്ഷ നല്‍കിയിരുന്നു.

സര്‍ക്കാരുകള്‍ക്ക് മുമ്പില്‍ വച്ച രണ്ടാമത്തെ വിഷയം ആരാധനാലയങ്ങള്‍ പണിയാനുള്ള അനുമതിക്കു വേണ്ടിയായിരുന്നു. ഏതായാലും ഈ രണ്ടു വിഷയങ്ങളിലും പിണറായി സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമാണ്. ഈ വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരത്തില്‍ നിന്നും കളക്ടര്‍മാരെ ഒഴിവാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കി എന്നത് വളരെ ആശ്വാസകരമാണ്.

നാം തെരഞ്ഞെടുത്ത് അയച്ച ജനപ്രതിനിധികളുമായി നമ്മുടെ സാമൂഹ്യപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നമുക്ക് അവസരമായല്ലോ. കളക്ടര്‍മാരെ കാണാന്‍ ജില്ലാ ആസ്ഥാനങ്ങള്‍ വഴിയുള്ള കറക്കവും കാത്തുനില്‍പ്പും വിവരണാതീതമാണ്.

ശവക്കോട്ട പ്രശ്‌നങ്ങള്‍ ഒട്ടുമിക്കതും പഞ്ചായത്തിലേക്ക് അധികാരം കൈമാറുന്നതിനു മുമ്പേ പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട്. ശേഷിക്കുന്നവ പഞ്ചായത്തുകള്‍ പരിഹരിച്ചു തരും എന്ന് വിശ്വസിക്കാം. പഞ്ചായത്തുകളില്‍ നമ്മുടെ വിശ്വാസികള്‍ (ഇടതായാലും വലതായാലും) കൂടി അധികാരത്തില്‍ വരേണ്ടതിന്റെ ആവശ്യകത ഇപ്പോഴെങ്കിലും നാം മനസ്സിലാക്കിയിട്ടുണ്ടാകും എന്നു കരുതുന്നു.

പള്ളി പണിയാനുള്ള അനുവാദം നല്‍കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരമുണ്ടെങ്കിലും അതിന്റെ നിയമങ്ങളില്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല എന്നാണറിയുന്നത്. ആ നിയമങ്ങളില്‍ അല്പം ഇളവ് കൂടി നല്‍കിയാല്‍ പെന്തക്കോസ്തു പള്ളികള്‍ പണിയാനുള്ള കടമ്പയും കടന്നു കിട്ടും.

‘വീടുകളിലെ ആരാധന ഹൈക്കോടതി തടഞ്ഞു’ എന്ന ഒരു വാര്‍ത്ത ആറേഴ് വര്‍ഷങ്ങള്‍ക്കു മുമ്പ് പത്രങ്ങളില്‍ വന്നത് വിശ്വാസികളെ ഏറെ കുഴക്കിയിരുന്നു. മാവേലിക്കരയിലെ ഒരു വീട്ടില്‍ നടന്ന പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ടുണ്ടായ കോടതിവിധിയായിരുന്നു അത്. ആ വിധി ആ വീട്ടുകാര്‍ക്ക് മാത്രമാണെന്ന് വിധി വ്യാഖ്യാനിച്ച് ലീഗല്‍ ഒപ്പീനിയന്‍ തന്നത് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.റ്റി.തോമസ് ആയിരുന്നു.

അന്ന് പി.സി.ഐ. പ്രസിഡന്റായിരുന്ന തോമസ് വടക്കേക്കൂറ്റും ജനറല്‍ സെക്രട്ടറിയായിരുന്ന ഈ ലേഖകനുമാണ് ജസ്റ്റിസ് കെ.റ്റി.തോമസിനെ കണ്ട് ലീഗല്‍ ഒപ്പീനിയന്‍ വാങ്ങി പത്രങ്ങളില്‍ കൊടുത്ത് വിശ്വാസികളുടെ ആശങ്ക മാറ്റിയത്.
സുവിശേഷവിരോധികള്‍ വിശ്വാസികള്‍ക്ക് നേരെ നടത്തിയ എണ്ണിയാല്‍ ഒടുങ്ങാത്ത ആക്രമണങ്ങളില്‍ പി.സി.ഐ. സമര്‍ത്ഥമായി ഇടപെട്ടിട്ടുണ്ട് എന്നുകൂടി സന്ദര്‍ഭവശാല്‍ ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ.

കെ.എന്‍. റസ്സല്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!