സ്വപ്ന – സന്തോഷ് ഭവനം സമര്‍പ്പിച്ചു; സഹായിച്ചവരില്‍ പാക്കിസ്ഥാനി വനിതയും

സ്വപ്ന – സന്തോഷ് ഭവനം സമര്‍പ്പിച്ചു; സഹായിച്ചവരില്‍ പാക്കിസ്ഥാനി വനിതയും

വയനാട് പെരിക്കല്ലൂരില്‍ സ്വപ്ന – സന്തോഷ് ദമ്പതികള്‍ക്കായി പണിത വീടിന്റെ സമര്‍പ്പണം ഫെബ്രുവരി 20 ശനിയാഴ്ച വൈകിട്ട് നടന്നു.

ക്രൈസ്തവചിന്ത ഓവര്‍സീസ് എഡിറ്ററും ഐ.പി.സി. ജനറല്‍ കൗണ്‍സില്‍ അംഗവുമായ വര്‍ഗീസ് ചാക്കോ പ്രാര്‍ത്ഥിച്ചു ഗൃഹപ്രവേശനം നടത്തി. ഏ.ജി. മലബാര്‍ ഡി. സൂപ്രണ്ട് വി.റ്റി. ഏബ്രഹാം ഭവനം സമര്‍പ്പിച്ചു പ്രര്‍ത്ഥിച്ച ശേഷം പ്രസംഗിച്ചു.

വർഗീസ് ചാക്കോ വീട് തുറന്നു കൊടുക്കുന്നു

മദ്യപാനിയായി വീടുവിട്ട് നടന്ന ആളാണ് സന്തോഷ്. അതോടെ മൂന്നു കുഞ്ഞുങ്ങളുമായി സ്വപ്നയ്ക്ക് അലഞ്ഞുതിരിഞ്ഞു നടക്കേണ്ടി വന്നു. ക്രിസ്തുവിനെ കണ്ടെത്തി രുചിച്ചറിഞ്ഞ അവര്‍ ഒടുവില്‍ ഒരുമിച്ചു. കൂലിപ്പണിയെടുത്ത് 15 സെന്റ് സ്ഥലവും കരഗതമാക്കി. അതില്‍ അഞ്ചു സെന്റ് ഭൂരഹിതന് സൗജന്യമായി നല്‍കിയതോടെയാണ് ഈ കുടുംബം ശ്രദ്ധിക്കപ്പെട്ടത്.

ക്രൈസ്തവചിന്ത എഡിറ്റര്‍ അനീഷ് എം.ഐപ്പ് ഈ അപൂര്‍വ്വ കഥ ക്രൈസ്തവചിന്തയില്‍ എഴുതിയതോടെ സ്വപ്നയുടെ കുടുംബത്തിന് വീടുവച്ച് നല്‍കണമെന്ന ആവശ്യം ക്രൈസ്തവചിന്ത വായനക്കാരില്‍ നിന്നുയര്‍ന്നു.

സ്വപ്നയുടെ പഴയവീട്

ഭവന നിര്‍മ്മാണത്തിനുള്ള പ്രാരംഭതുക വര്‍ഗീസ് ചാക്കോ നല്‍കിയതോടെ ഫൗണ്ടേഷന്‍ ബേസ്‌മെന്റ് വര്‍ക്കുകള്‍ ആരംഭിച്ചു. ഭവനനിര്‍മ്മാണം തുടങ്ങിയതു മുതല്‍ വിവിധഘട്ടങ്ങളിലായ രണ്ടു ലക്ഷത്തി നാല്പതിനായിരം രൂപ അദ്ദേഹം നല്‍കി. ബാക്കി തുക ക്രൈസ്തവചിന്തയുടെ വിദേശത്തും സ്വദേശത്തുമുള്ള വായനക്കാര്‍ എത്തിച്ചുതന്നു.

പാസ്റ്റര്‍ അനീഷിന്റെ നേതൃത്വത്തില്‍ ബത്തേരി സഭാംഗങ്ങള്‍ അവര്‍ക്കാവുന്ന വിധം സഹായം സമാഹരിച്ചു. മാത്രമല്ല സഭാഫണ്ടില്‍ നിന്നും സഹായം നല്‍കി. കാര്യംപാടി ഏജി സഭാംഗവും കോണ്‍ട്രാക്ടറും ക്രൈസ്തവചിന്ത കോര്‍ഡിനേറ്ററുമായ ബൈജു കാര്യംപാടിയും തന്റെ സഹോദരന്‍ ബിജുവും സൗജന്യമായി വാര്‍ക്കജോലികള്‍ ചെയ്ത്‌കൊടുത്തു.

ബത്തേരി സഭാംഗമായ ഒക്കലഹോമയില്‍ താമസിക്കുന്ന താര തോമസിന്റെ സുഹൃത്തായ പാക്കിസ്ഥാനി വനിത സൂബിയ മിര്‍സയും സഹായം തന്നവരില്‍ ഉള്‍പ്പെടുന്നു. അതോടെ ഭവനനിര്‍മ്മാണം മുഴുവനായി പൂര്‍ത്തീകരിച്ചാണ് സമര്‍പ്പണ ശുശ്രൂഷ നടത്തിയത്.

657 സ്‌ക്വ.ഫീറ്റ് വലിപ്പമുള്ള വീടിന് 6,18,182 രൂപ ചെലവായി. 27,647 രൂപയുടെ കടബാദ്ധ്യതയുണ്ട്. വീട് പണിയാനുള്ള സാഹചര്യത്തെപ്പറ്റിയും ക്രൈസ്തവചിന്തയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെപ്പറ്റിയും ചീഫ് എഡിറ്റര്‍ കെ.എന്‍.റസ്സല്‍ വിശദീകരിച്ചു. വീടുപണിക്ക് നേതൃത്വം നല്‍കിയ പാസ്റ്റര്‍ അനീഷ് എം.ഐപ്പ് അദ്ധ്യക്ഷനായിരുന്നു. സഭാ ശുശ്രൂഷകന്‍ സുവിശേഷകന്‍ സുജേഷ് സങ്കീര്‍ത്തനം വായിച്ചു. പാസ്റ്റര്‍മാരായ ഹെന്‍സില്‍ ജോസഫ്, കെ.വി.മത്തായി, ജോയി മുളയ്ക്കല്‍, ജിജോ, മുന്‍ പഞ്ചായത്ത് മെമ്പര്‍ മുനീര്‍ എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു. സ്വപ്ന സന്തോഷ് നന്ദി പ്രകാശിപ്പിച്ചു.

ക്രൈസ്തവചിന്ത ഒരുക്കിയ സ്‌നേഹസദ്യയില്‍ 100-ലധികം പേര്‍ പങ്കാളികളായി.

പ്രസംഗം: റവ. വി. റ്റി ഏബ്രഹാം. സമീപം അനീഷ് ഐപ്പ്, വർഗ്ഗീസ് ചാക്കോ എന്നിവർ

കഴിഞ്ഞ ലക്കം ക്രൈസ്തവചിന്ത പ്രസിദ്ധീകരിച്ചതിനു ശേഷം വന്ന തുകകള്‍

  1. ജോസ് മാത്യു, റോക്ക്‌ലാന്റ്, ന്യൂയോര്‍ക്ക് – 10,000/-
  2. ഇ.പി.ജോര്‍ജ്ജുകുട്ടി, ബത്തേരി – 2,000/-
  3. എം.കെ. ബെന്നി, ബത്തേരി – 3,000/-
  4. സി.പി. പൗലോസ്, ബത്തേരി – 2,000/-
  5. ഏ.ജി. ചര്‍ച്ച്, ബത്തേരി – 10,000/-
  6. ഒരു സഹോദരന്‍, ബത്തേരി – 1,000/-
  7. താര തോമസ്, ഒക്കലഹോമ – 10,800/
  8. സൂബിയ മിര്‍സ, ഒക്കലഹോമ (പാക്കിസ്ഥാനി വനിത) – 7,200/-
  9. റവ. സാം വര്‍ഗീസ് ഒക്കലഹോമയും കുടുംബാംഗങ്ങളും – 40,000/-

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!