ട്രംപിനെ ഒഴിവാക്കി പുതിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി

ട്രംപിനെ ഒഴിവാക്കി പുതിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ഒഴിവാക്കിക്കൊണ്ട് പുതിയൊരു റിപ്പബ്ലിക്കന്‍ പാര്‍ട്ടി പിറവിയെടുക്കാന്‍ സാദ്ധ്യത കാണുന്നെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ നിലപാടുകള്‍ പാര്‍ട്ടിക്കും രാജ്യത്തിനും നാണക്കേടുണ്ടാക്കിയെന്നാണ് ഇവരുടെ വിലയിരുത്തല്‍. പുതിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് രണ്ട് പേരുകളാണ് പരിഗണനയിലുള്ളത്. ‘ഇന്റഗ്രിറ്റി പാര്‍ട്ടി’യെന്നോ, ‘സെന്റര്‍ റൈറ്റ് പാര്‍ട്ടി’ എന്നോ ആയിരിക്കും പുതിയ പാര്‍ട്ടിയുടെ പേര്.

ക്യാപ്പിറ്റോള്‍ കലാപത്തിന് ആഹ്വാനം ചെയ്തതടക്കമുള്ള കുറ്റങ്ങളില്‍ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ സെനറ്റില്‍ പുരോഗമിക്കുമ്പോഴാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളില്‍ ഒരു പ്രബല വിഭാഗം ഒരുമിച്ചു ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതിനായി യോഗം ചേര്‍ന്നത്.

അമേരിക്കന്‍ ജനാധിപത്യത്തെ തകര്‍ക്കുന്ന ട്രംപിന്റെ നിലപാടുകള്‍ക്കെതിരെ പാര്‍ട്ടിക്ക് നടപടി സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നീക്കം. മധ്യ-വലതുപക്ഷ നിലപാടായിരിക്കും പുതിയ പാര്‍ട്ടിയുടേത്.

റൊണാള്‍ഡ് റീഗന്‍, ജോര്‍ജ്ജ് എച്ച്.ഡബ്ല്യൂ.ബുഷ്, ജോര്‍ജ്ജ് ഡബ്യൂ.ഡബ്ല്യൂ. ബുഷ്, ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍, അംബാസിഡര്‍മാര്‍, റിപ്പബ്ലിക്കന്‍ നയതന്ത്രജ്ഞര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടിക്കായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. നൂറ്റിയിരുപതിലധികം പേര്‍ കഴിഞ്ഞ വെള്ളിയാഴ്ച യോഗം ചേര്‍ന്നു.

ഭരണഘടന, നിയമപാലനം തുടങ്ങി ട്രംപ് തകര്‍ത്ത മൂല്യങ്ങള്‍ പുനഃസ്ഥാപിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ചിലയിടത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. കൂടാതെ റിപ്പബ്ലിക്കന്‍, സ്വതന്ത്രര്‍, ഡെമോക്രാറ്റുകള്‍ എന്നിവരില്‍ മധ്യ-വലത് നിലപാടുള്ളവരെ അംഗീകരിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ നയ ഡയറക്ടര്‍ ഇവാന്‍ മക്മുലിന്‍ പറഞ്ഞു.

ട്രംപ് ഭരണത്തില്‍ ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോണ്‍ മിറ്റ്‌നിക്, ഡെപ്യൂട്ടി ചീഫ് എലിസബത്ത് ന്യൂമാന്‍, ഉദ്യോഗസ്ഥനായ മൈല്‍സ് ടെയ്‌ലര്‍, മുന്‍ കോണ്‍ഗ്രസ് അംഗം ചാര്‍ലി ഡെന്റ് തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു.
അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗമായി പ്രവര്‍ത്തിക്കാനും ആലോചനയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!