യൂറോപ്പിലെ പള്ളികളെപ്പറ്റി ചാണ്ടി ഉമ്മൻ പറഞ്ഞത് സത്യം: മെത്രാന്മാർക്കാണ് വർഗ്ഗീയത

യൂറോപ്പിലെ പള്ളികളെപ്പറ്റി ചാണ്ടി ഉമ്മൻ പറഞ്ഞത് സത്യം: മെത്രാന്മാർക്കാണ് വർഗ്ഗീയത

കെ.എന്‍. റസ്സല്‍

യു.കെ.യില്‍ താമസിക്കുന്ന കാലത്ത് ഒരു സുഹൃത്തിന്റെ കൂടെ ലണ്ടന്‍ പട്ടണത്തിലേക്ക് പോവുകയാണ്. ഒരു സ്ഥലത്തെത്തിയപ്പോള്‍ സുഹൃത്ത് കാര്‍ നിര്‍ത്തി. ഇടതുവശത്ത് ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു പള്ളി ചൂണ്ടിക്കാട്ടി പറഞ്ഞു: ”ഇതൊരു ആംഗ്ലിക്കന്‍ ദേവാലയമായിരുന്നു. ഇപ്പോള്‍ അത് മുസ്ലീംകള്‍ വാങ്ങിയിരിക്കയാണ്.”

‘ആയിരക്കണക്കിന്’ പള്ളികള്‍ ബാറുകളാക്കി എന്നത് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പ്രസംഗത്തിന്റെ ഒഴുക്കില്‍ അറിയാതെ പറഞ്ഞുപോയതാണ്. നൂറുകണക്കിന് പള്ളികള്‍ എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല.

ലണ്ടന്‍ പട്ടണത്തിന്റെ പല ഭാഗങ്ങളിലും ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ മോസ്‌കുകള്‍ ആയിട്ടുണ്ട്. പ്രൊട്ടസ്റ്റന്റ് ക്രൈസ്തവസമൂഹം കൂടുതലായുള്ള ഇംഗ്ലണ്ടില്‍ അടഞ്ഞുകിടക്കുന്ന പള്ളികളും ഉണ്ട്. പല ദേവാലയങ്ങളും ചാണ്ടി ഉമ്മന്‍ പറഞ്ഞതു പോലെ ബാറുകളോ നൈറ്റ് ഡാന്‍സ് ക്ലബ്ബുകളോ ഒക്കെ ആയി പരിണമിച്ചിട്ടുണ്ട്.

വെള്ളക്കാരായ യുവാക്കളില്‍ നല്ലൊരുപങ്കും പള്ളിയില്‍ പോകാറില്ല. വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ നടന്ന ഒരു ആരാധനയിലും തിരുവത്താഴ ശുശ്രൂഷയിലും പങ്കെടുക്കാന്‍ എത്തിയത് 28 പേര്‍ മാത്രം. പാസ്റ്റര്‍ ഫിലിപ്പ് പി. തോമസിനെയും എന്നെയും ആബി കാണിക്കാന്‍ കൊണ്ടുപോയത് പാസ്റ്റര്‍ സാം ജോണ്‍ ആയിരുന്നു.

സ്വകാര്യസ്ഥാപനങ്ങളായ ഈ ദേവാലയങ്ങള്‍ അധികം സാമ്പത്തികബാധ്യത ഉണ്ടാകാതിരിക്കാന്‍ വില്‍ക്കുന്നത് സ്വാഭാവികം മാത്രം. അത് ചിലര്‍ വാങ്ങി മറ്റു മതസ്ഥരുടെ പള്ളികളാക്കുന്നു. ചിലര്‍ ബാറുകളും നൃത്തശാലകളും ആക്കുന്നു.

അവിടത്തുകാര്‍ക്ക് ദൈവത്തേയും യേശുവിനേയും പള്ളിയും വേണ്ടെങ്കില്‍ കേരളത്തിലെ മെത്രാന്മാര്‍ക്ക് ഇത്ര വലിയ ‘സുഖക്കേട്’ എന്തിനാണ്? യൂറോപ്പിലെ ക്രിസ്ത്യാനികളെ മുഴുവന്‍ ‘സ്വര്‍ഗ്ഗ’ത്തില്‍ കൊണ്ടെത്തിക്കാന്‍ കേരള മെത്രാന്മാര്‍ അച്ചാരം വാങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു.

ഭാര്യ ഓമനയ്ക്ക് ‘സുസ്ഥിര വികസനം’ എന്ന വിഷയത്തെ ആസ്പദമാക്കി ഗ്രീസില്‍ ഒരു പ്രഭാഷണം നടത്താനായി കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കുകയുണ്ടായി. കാനഡയിലെ ലൊറേഷ്യന്‍ യൂണിവേഴ്‌സിറ്റിയാണ് ഈ സെമിനാര്‍ നടത്തിയത്. ആ യാത്രയില്‍ ഞാനും പങ്കാളിയായി. അപ്പോസ്തലനായ പൗലോസ് സുവിശേഷപ്രചാരണം നടത്തിയ സ്ഥലങ്ങളില്‍ ഏറിയപങ്കും ഗ്രീസിലാണ്.

ഗ്രീസില്‍ പൗലോസ് പ്രസംഗിച്ച പഴയ കൊരിന്തിലെ ‘പ്ലാറ്റ്‌ഫോം’ ഇപ്പോഴും അവര്‍ സൂക്ഷിച്ചിട്ടുണ്ട്. ഇവിടെ നിന്നുകൊണ്ടാണ് ബൈബിളിലെ പഴയനിയമങ്ങള്‍ മനുഷ്യന്റെ സ്വര്‍ഗ്ഗപ്രാപ്തിക്ക് പര്യാപ്തമല്ലെന്നും അതിന് ക്രിസ്തുവില്‍ വിശ്വസിക്കണമെന്നും പ്രസംഗിച്ചത്. അന്ന് റോമാ സാമ്രാജ്യം നിലനിന്നിരുന്ന കാലമായതുകൊണ്ട് റോമാക്കാര്‍ ധാരാളം ഉണ്ടായിരുന്നു കൊരിന്തില്‍. പിന്നെയുണ്ടായിരുന്നത് യഹൂദന്മാരും യവനന്മാരു(ഗ്രീക്കുകാര്‍) മായിരുന്നു.

യഹൂദന്മാരുടെ പഴയനിയമത്തിന് വിരുദ്ധമായി പൗലോസ് പ്രസംഗിച്ചു എന്നതായിരുന്നു പൗലോസിന്മേല്‍ ചുമത്തിയ കുറ്റം. പൗലോസിനെ അവര്‍ വിസ്തരിച്ചുവെങ്കിലും അന്നത്തെ ഭരണാധികാരി ഗേല്ലിയോന്‍ പൗലോസിനെ കുറ്റവിമുക്തനാക്കുകയാണ് ചെയ്തത്. വിസ്തരിച്ച സ്ഥലത്ത് പൗലോസ് കൊരിന്ത്യര്‍ക്കെഴുതിയ രണ്ടാംഭാഗത്തിന്റെ 4-ാം അദ്ധ്യായത്തിലെ 17-ാം വാക്യം മാര്‍ബിളില്‍ ആലേഖനം ചെയ്തിരിക്കുന്നത് വികാരവായ്‌പോടെയേ വായിക്കാനാവൂ.

”നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി. തേജസിന്റെ നിത്യഘനം ഞങ്ങള്‍ക്ക് കിട്ടുവാന്‍ ഹേതുവാകുന്നു.” ഈ വാക്യത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് അവിടെ കുറിച്ചിരിക്കുന്നത്.

യോഹന്നാനെ നാടുകടത്തിയ പത്മോസ് ദ്വീപില്‍ ഞങ്ങള്‍ പോയി. ഇതും ഗ്രീസിലാണ്. പൗലോസ് സുവിശേഷപ്രവര്‍ത്തനം നടത്തിയ അഖായയിലേക്ക് ബസ് പോകുന്നത് ഞങ്ങള്‍ കണ്ടു. പൗലോസ് പെരുവയറന്മാര്‍ എന്നു വിളിച്ച ക്രേത്തരുടെ ദ്വീപിലേക്ക് പിറായൂസ് തുറമുഖത്തു നിന്ന് ബ്ലൂഫെറി കപ്പല്‍ യാത്ര തിരിക്കുന്നതും കണ്ടു. തെസലോനിക്കയും ഗ്രീസിലാണ്. പൗലൂസ് ക്രിസ്തുവിനെ പ്രസംഗിച്ച അരയോപകകുന്നും ഗ്രീസിലെ അക്രോപോലീസിന്റെ താഴ്‌വാരത്താണ്.

പറഞ്ഞുവന്നത്, ബൈബിളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ചരിത്രഭൂമിയായ ഗ്രീസിലെ ക്രിസ്ത്യാനിത്വത്തിന്റെ ഇന്നത്തെ അവസ്ഥ പരമദയനീയമാണ്. ഞങ്ങള്‍ താമസിച്ചിരുന്ന സ്ട്രാറ്റോസ് വസിലിക്കോസ് ഹോട്ടലിലെ ജീവനക്കാരോട് ക്രിസ്ത്യന്‍ പള്ളിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ കൈമലര്‍ത്തി. യേശു, ബൈബിള്‍ എന്നൊക്കെ ചോദിച്ചിട്ടും അവര്‍ക്കറിയില്ല. ബൈബിളിലെ ചരിത്രസംഭവങ്ങള്‍ ഇന്നും തുടിച്ചു നില്‍ക്കുന്ന നാടാണ് ഗ്രീസെന്നോര്‍ക്കണം.

ഇതൊക്കെ കണ്ടറിഞ്ഞോ കേട്ടറിഞ്ഞോ ആയിരിക്കണം ചാണ്ടി ഉമ്മന്‍ പ്രസംഗിച്ചത്. അദ്ദേഹം പറഞ്ഞത് 100 ശതമാനവും ശരിയാണ്. കേരളത്തിലെ മെത്രാന്മാര്‍ ചരിത്രത്തിന്റെ നേരെ കണ്ണടയ്ക്കരുത്. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കാന്‍ നോക്കരുത്.
തുര്‍ക്കി, മുസ്ലീം മോസ്‌കാക്കി മാറ്റിയ ഹാഗിയ സോഫിയ ഒരു ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയായിരുന്നുവല്ലോ. അതാണല്ലോ മറ്റൊരു വിവാദം. ഗ്രീസ് പോലെ തന്നെ ബൈബിള്‍ ചരിത്രത്തെ ഊട്ടിയുറപ്പിക്കാന്‍ പര്യാപ്തമായ അവശിഷ്ടങ്ങള്‍ തുര്‍ക്കിയിലെ മുസ്ലീം സര്‍ക്കാര്‍ പൊന്നു പോലെ സൂക്ഷിച്ചിട്ടുണ്ട്.

ബൈബിളിലെ വെളിപ്പാട് പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏഴ് സഭകളുടെ ചരിത്രാവശിഷ്ടങ്ങള്‍ തുര്‍ക്കിയില്‍ സന്ദര്‍ശകര്‍ക്കായി വൃത്തിയോടെ പരിപാലിച്ചുവരുന്നു. അത് കാണാന്‍ ലക്ഷക്കണക്കിന് ക്രിസ്ത്യാനികളാണ് ദിവസവും തുര്‍ക്കി സന്ദര്‍ശിക്കുന്നത്. ആളും അര്‍ത്ഥവുമില്ലാതെ അനാഥമായിപ്പോയ ദേവാലയങ്ങളെ പൊക്കിപ്പിടിച്ച് മതവിദ്വേഷം പരത്തുന്നത് ശരിയല്ല.
ക്രിസ്ത്യാനിത്വത്തെ ഓര്‍ത്ത് മുതലക്കണ്ണീരൊഴുക്കുന്ന കേരളത്തിലെ കത്തോലിക്കാ മെത്രാന്മാര്‍ പന്ത്രണ്ടും പതിമൂന്നും നുറ്റാണ്ടുകളില്‍ നടത്തിയ കുരിശുയുദ്ധങ്ങളുടെ ഉത്തരവാദിത്വം കൂടെ ഏറ്റെടുക്കണം.

എത്ര മുസ്ലീംകളെ കൊന്നു എന്ന കണക്കു കൂടെ പറയാമോ?
പഴയ റോമന്‍ മതത്തിന്റ ‘അവശിഷ്ടങ്ങള്‍ക്ക്’ ക്രിസ്ത്യന്‍ പേരുകള്‍ നല്‍കി ക്രൈസ്തവസഭ എന്ന നാമവും പേറി നടക്കുന്ന ഈ പ്രസ്ഥാനത്തിന് ബൈബിളുമായി എന്തു ബന്ധമാണുള്ളത്. യൂറോപ്പിലെ ആളില്ലാത്ത പള്ളികള്‍ ബാറുകളോ നിശാക്ലബ്ബുകളോ ഒക്കെ ആക്കി മാറ്റിയെന്നു പറഞ്ഞ ചാണ്ടി ഉമ്മനെ ക്രൂശിക്കേണ്ട.

ക്രിസ്ത്യാനിത്വത്തെ ഭാരതവല്‍ക്കരിച്ച് യേശുവിനോടൊപ്പം ഗണപതിയെ കൂടെ ഇരുത്താന്‍ ശ്രമിക്കുന്ന നിങ്ങള്‍ പട്ടുവസ്ത്രങ്ങള്‍ അഴിച്ചുവച്ച് ബൈബിളുമായി വടക്കേയിന്ത്യന്‍ ഗ്രാമങ്ങളില്‍ അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ പോരാടുകയാണ് വേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!