കൂടെ നിന്നവരെ തഴയാന്‍ മടിയില്ലാത്ത പാര്‍ട്ടി. സി.പി.എമ്മിനെ കൊന്നു കുഴിച്ചുമൂടാന്‍ നടക്കുന്നവരെ മടിയിലിരുത്തി ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന നെറികെട്ട ‘രാഷ്ട്രീയ സംസ്‌കാരം’ സി.പി.എമ്മിന് മാത്രം അവകാശപ്പെട്ടത്.
കെ.എം.മാണിയുടെ ‘നോട്ടെണ്ണല്‍ ‘ യന്ത്രത്തിലായിരുന്നു കഴിഞ്ഞ യു.ഡി.എഫ്. കാലത്തെ അവസാന നാളുകളില്‍ സി.പി.എം. പിടിമുറുക്കിയിരുന്നത്. തുടര്‍ന്ന് കുട്ടിസഖാക്കളുടെ സമരങ്ങളുടെ വേലിയേറ്റം കേരളജനത കണ്ടു. കേരളം മുഴുവന്‍ ‘കത്താതെ കത്തിച്ചു’ അവര്‍.
ഒടുവില്‍ പവിത്രമായ ജനാധിപത്യ കൊട്ടാരമായ നിയമസഭ അടിച്ചുപൊളിച്ചു. ഇവരുടെ ഉന്തും തള്ളും കണ്ടു, തെറിവിളിയും കേട്ടു പ്രബുദ്ധകേരളം. ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാര കസേരയെ അവര്‍ മറിച്ചിട്ടു. മറിച്ചിട്ട ആള്‍ തന്നെ അതില്‍ കയറി ഇരിക്കേണ്ടി വന്നത് കാലത്തിന്റെ ഗതികേട്.
മാണി സാര്‍ രാജിവച്ചു. അഥവാ രാജി വയ്പ്പിച്ചു. ഹൈക്കോടതിയുടെ ഇടപെടലും നാം കണ്ടു. പിന്നൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് അദ്ദേഹത്തിനുണ്ടായില്ല.
71 സീറ്റ് ഒപ്പിക്കാനായി എല്ലാം മറന്നവര്‍ മകനെ വാരിപ്പുണര്‍ന്നു.
ഇപ്പോഴത്തെ അധികാരം കിട്ടാനായി അന്ന് ഓടിനടന്ന് എഴുതിയ, പ്രവര്‍ത്തിച്ച, പ്രസംഗിച്ച, പിണറായിയുടെ കൂടെ നിന്നവരെ കണ്ട ഭാവം പോലും നടിക്കാതെ ഭരണം നടത്തുകയാണദ്ദേഹം. ഇനി ഒരു 71 പേര്‍ വേണം. അതിന് മാണിയുടെ മകനെ വേണം. എല്ലാം മറന്നതു പോലെ നടിക്കുന്നു ഈ മോന്‍. ഒരു മന്ത്രിസ്ഥാനത്തിനു വേണ്ടി അപ്പനെ ‘മഹാകള്ളനെന്ന്’ വിളിച്ചവരുടെ തിണ്ണ നിരങ്ങുന്നു ഈ കൊച്ചുസന്തതി. ഇയാളുമായി ആലിംഗനബദ്ധരായി ‘കിടക്ക’ പങ്കിടാന്‍ ഒരുങ്ങുകയാണ് സി.പി.എം. വാസവനും ജോസും കൂടി ഇനി കോട്ടയം ജില്ലയെ അപ്പാടെ ഇടതു പാളയത്തിലെത്തിക്കുമത്രേ.
അതാ വരുന്നു സീറ്റ് മോഹിയായ കെ.വി.തോമസ് ഇടതിലേക്ക്. പക്ഷേ സോണിയ തടഞ്ഞു. മാഷിന്റെ മനസ്സറിഞ്ഞ ഉടനെ സി.പി.എം. വാതില്‍ മലര്‍ക്കെ തുറന്നു. കാരണം, എറണാകുളം ജില്ല എന്നും സി.പി.എമ്മിന് കീറാമുട്ടിയാണല്ലോ. അത് തോമസ്മാഷിലൂടെ പിടിക്കണം. ഇത്രയും നാള്‍ സി.പി.എമ്മിനെ എറണാകുളത്ത് ക്ലച്ച് പിടിപ്പിക്കാത്ത കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായ കെ.വി.തോമസിനെ ഉള്‍ക്കൊള്ളാനുള്ള സി.പി.എമ്മിന്റെ വിശാല മനസ്സ് ഉദാത്തമാണ്, ഉന്നതമാണ്. ഇത്രയുംനാള്‍ എറണാകുളത്ത് പാര്‍ട്ടിയെ പിടിച്ചുനിര്‍ത്തിയിരുന്ന പഴയ സഖാക്കള്‍ക്കെന്തു പ്രസക്തി?
71 വേണം. അതല്ലാതെ മറ്റൊരു ചിന്തയും ഇപ്പോള്‍ ഇല്ല. ‘പാര്‍ലമെന്ററി വ്യാമോഹം’ എന്നൊന്നും ഇതിന് പേര് നല്‍കരുത്. ഇന്ത്യന്‍ പ്രധാനമന്ത്രിയാകേണ്ടിയിരുന്ന ജ്യോതിബസുവിന്റെ ആത്മാവിന് ‘നിത്യശാന്തി’ നേരുന്നു. ലീഗില്‍ നിന്നും ചിലരെ സി.പി.എം. പ്രതീക്ഷിക്കുന്നുണ്ട്.
കെ. സുരേന്ദ്രന്‍ ചെന്നാലും ഷാജി ചെന്നാലും സീറ്റ് കൊടുത്തു മത്സരിപ്പിക്കും. അങ്ങനെ സി.പി.എം. വളര്‍ന്നു വലുതാകും. പക്ഷേ ഇപ്പോഴത്തെ ഭരണം കിട്ടാന്‍ അദ്ധ്വാനിച്ചവരെ ആരറിയുന്നു? പരമ്പരാഗതമായി കോണ്‍ഗ്രസിന്റെ കൂടെ നിന്നവരെ പടിപടിയായി അടര്‍ത്തിമാറ്റിയ ‘അനുഭാവികള്‍’ ഇവിടെ ഉണ്ടല്ലോ! അവര്‍ എഴുതുക മാത്രമല്ല, ആരാധനാലയങ്ങളില്‍ പോലും പ്രസംഗിച്ചു. ആയിരങ്ങളെ ഇടതാക്കിയ ഈ പത്രങ്ങളെ പള്ളികള്‍ പോലും വിലക്കി.
ഇതെല്ലാം തിരിച്ചറിയാവുന്ന ജയശങ്കര്‍ വക്കീലിനും സണ്ണിക്കുട്ടി ഏബ്രഹാമിനും പി.സി. ജോര്‍ജ്ജിനും ആദരവ്. പിന്നെ ഇത്തിരി അറിയാവുന്നത് മിസോറാം ഗവര്‍ണ്ണര്‍ ശ്രീധരന്‍പിള്ളയ്ക്കും. മരവിച്ച മനസാക്ഷിയും നന്ദിയില്ലാത്ത ഹൃദയവുമായി നടക്കുന്ന ഇവറ്റകള്‍ക്ക് 2021 ഏപ്രിലില്‍ 71 സീറ്റ് കിട്ടുമെന്ന് ഈയുള്ളവന് ആഗ്രഹിക്കാന്‍ മനസ്സില്ല സഖാക്കളേ!!!























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.