പന്തലില്ല, കസേരകളില്ല, ആള്‍ക്കൂട്ടവുമില്ല; കുമ്പനാട് കണ്‍വന്‍ഷന്‍ ഓണ്‍ലൈനില്‍ മാത്രം

പന്തലില്ല, കസേരകളില്ല, ആള്‍ക്കൂട്ടവുമില്ല; കുമ്പനാട് കണ്‍വന്‍ഷന്‍ ഓണ്‍ലൈനില്‍ മാത്രം

‘കുമ്പനാട് കണ്‍വന്‍ഷന്‍’ നാളെ മുതല്‍ 24 വരെ ഹെബ്രോന്‍പുരത്ത് നടക്കുമെന്ന’ മനോരമ വാര്‍ത്ത വായിച്ച് ആരും ഹെബ്രോന്‍പുരത്ത് എത്തരുത്. അവിടെ പന്തലില്ല, സ്റ്റേജില്ല, കസേരകളില്ല, ആള്‍ക്കൂട്ടവുമില്ല.

പക്ഷേ കണ്‍വന്‍ഷന്‍ ഓണ്‍ലൈനില്‍ നടക്കും. അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് പ്രക്ഷേപണം ചെയ്യുന്നത്. അത് തല്‍സമയ പ്രസംഗങ്ങളല്ല. പ്രസംഗങ്ങള്‍ റിക്കാര്‍ഡ് ചെയ്തു കഴിഞ്ഞ് ആ പ്രസംഗങ്ങള്‍ യൂട്യൂബ് ചാനല്‍ വഴി കേള്‍പ്പിക്കുക മാത്രമാണ് ചെയ്യുന്നത്. കുമ്പനാട് കണ്‍വന്‍ഷനു വേണ്ടി പ്രസംഗിച്ച പ്രസംഗകര്‍ക്ക് ഒരു ഗുണമുണ്ട്. അവരുടെ പ്രസംഗം കൃത്യസമയത്ത് സ്വയം കേട്ട് അവര്‍ക്കും അനുഗ്രഹം പ്രാപിക്കാം.

നേരിട്ട് സുവിശേഷകന്മാരുടെ പ്രസംഗം കേട്ട് കോള്‍മയിര്‍ കൊള്ളണമെന്നുണ്ടെങ്കില്‍ തിരുവല്ലയില്‍ റ്റി.പി.എം. കണ്‍വന്‍ഷന്‍ നടക്കുന്നുണ്ട്. അവിടെ പോയി കേള്‍ക്കാം. അകത്ത് 100 പേര്‍ക്കിരിക്കാം. പുറത്ത് 200-ഉം.

ഇനി മാരാമണില്‍ പോയാലും പ്രസംഗങ്ങള്‍ കാണാം, കേള്‍ക്കാം. അകത്തോ പുറത്തോ അകലെ നിന്നോ യോഗങ്ങള്‍ ആസ്വദിക്കാം.
ഇതുപോലെ തന്നെ കുമ്പനാട് 100 പേരെ സദസ്സില്‍ ഇരുത്തി കണ്‍വന്‍ഷന്‍ നടത്താമായിരുന്നു. പാസ്റ്റര്‍മാര്‍ നിറഞ്ഞു നില്‍ക്കുന്ന സ്റ്റേജ് പ്രൗഢ ഗംഭീരമായേനെ.

ഹെബ്രോന്‍പുരത്ത് 97-ാമത് കണ്‍വന്‍ഷന്റെ യാതൊരു ചടങ്ങുകളുമില്ല. ഹെബ്രോന്‍ ഹാളില്‍ നിന്നും എലീം ഹാളില്‍ നിന്നും പാട്ടുകളും പ്രസംഗങ്ങളും (നേരത്തേ ഷൂട്ട് ചെയ്തത്) സംപ്രേഷണം ചെയ്യുന്നതായി അറിയുന്നു. അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നും പ്രക്ഷേപണം ഉണ്ടാകും.

പ്രസംഗങ്ങള്‍ തയ്യാറാക്കി വച്ചേക്കുന്നത് യൂട്യൂബ് വഴി കേള്‍പ്പിക്കുന്നു, അത്രമാത്രം. തല്‍സമയം യാതൊരു പരിപാടിയുമില്ല. എട്ട് ദിവസവും തയ്യാറാക്കി വച്ചിരിക്കുന്ന ക്യാപ്‌സൂള്‍ പ്രസംഗങ്ങള്‍ സ്മാര്‍ട്ട്‌ഫോണോ കമ്പ്യൂട്ടര്‍ സംവിധാനങ്ങളോ ഉള്ളവര്‍ക്ക് കേള്‍ക്കാം, കാണാം.

എന്നാല്‍ പവ്വര്‍വിഷന്‍ ചാനലിലൂടെ തല്‍സമയം സംപ്രേഷണം ചെയ്തിരുന്നെങ്കില്‍ ടെലിവിഷന്‍ വഴി എല്ലാവര്‍ക്കും പ്രസംഗങ്ങളും ആരാധനകളും നേരിട്ട് കണ്ടും കേട്ടും സംതൃപ്തിയടയാമായിരുന്നു.

ദോഷം ചെയ്ത കൊറോണ മഹാമാരി കുമ്പനാട് കണ്‍വന്‍ഷന് ‘ഗുണകരമായി’എന്നൊരു ചിന്ത സാമാന്യ ജനങ്ങളില്‍ ചിലര്‍ക്കുണ്ട്. കണ്‍വന്‍ഷന്‍ എന്ന പേരില്‍ വര്‍ഷംതോറും നടക്കുന്ന മാമാങ്കം ഇക്കുറി ഇല്ലാത്തതു കൊണ്ട് ലാഭം ഒരു കോടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!