പുരോഹിതന്മാരും കുമ്പസാരവും;സുപ്രീം കോടതിയിൽ കേസ്

പുരോഹിതന്മാരും കുമ്പസാരവും;സുപ്രീം കോടതിയിൽ കേസ്

ഒരു പാപി മറ്റൊരു പാപിയോട് പാപങ്ങള്‍ ഏറ്റുപറയണമെന്ന വ്യവസ്ഥ ബൈബിളിലുള്ളതല്ല.

പാപം ദൈവത്തോടാണ് ഏറ്റുപറയേണ്ടത്. ക്രിസ്തു ഒഴിച്ച് ഭൂമിയില്‍ ജനിച്ച സകല മനുഷ്യരും പാപികളാണെന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ഒരു പാപി മറ്റൊരു പാപിയോട് പാപങ്ങള്‍ ഏറ്റുപറയുന്നത് എന്തിനാണ്? ഉത്തരം എളുപ്പമാണ്.

‘വിശ്വാസിയുടെ പാപത്തെ മാര്‍ക്കറ്റ് ചെയ്ത്’ അവനെ അല്ലെങ്കില്‍ അവളെ ചൊല്‍പ്പടിക്കു നിര്‍ത്താം. അച്ചന്റെ ഇംഗിതത്തിന് പലപ്പോഴും അവളോ അവനോ വഴങ്ങേണ്ടി വരുന്നതും ഇതുകൊണ്ടാണ്. പ്രാകൃതവും വൃത്തികെട്ടതുമായ ഒരു ഇടപാടാണ് ഈ കുമ്പസാരം എന്ന തോന്ന്യാസം.

മതത്തിന്റെ കാല്‍ക്കല്‍ ജീവിതം അടിയറവ് വയ്ക്കുന്ന ഒരു പ്രാകൃതാചാരമാണിത്. അതുകൊണ്ടാണ് എറണാകുളം സ്വദേശിനിയായ യാക്കോബായക്കാരി ബീനാ ടിറ്റി ഉള്‍പ്പെടെയുള്ള വനിതകള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
തങ്ങള്‍ക്ക് ഇഷ്ടമുള്ള പുരോഹിതന്മാരെക്കൊണ്ട് കുമ്പസാരിപ്പിക്കാന്‍ അനുവാദം നല്‍കണമെന്നാണ് ഹര്‍ജിയുടെ ഉള്ളടക്കം.

വാസ്തവത്തില്‍ ഇതൊന്നും തന്നെ ബൈബിള്‍ ആധാരമല്ല.
ദാവീദ് പറയുന്ന ഒരു വേദഭാഗം ബൈബിളിലുണ്ട്: ”ഞാന്‍ എന്റെ പാപം നിന്നോട് (ദൈവത്തോട്) അറിയിച്ചു.” അപ്പോള്‍ നീ എന്റെ പാപം ക്ഷമിച്ചു തന്നു. ദൈവം പിതാവും നാം ദൈവത്തിന്റെ മക്കളുമാണ്. അതുകൊണ്ട് മക്കളും പിതാവുമായുള്ള ബന്ധം ഊഷ്മളമാണ്. എപ്പോഴും ഏതവസരത്തിലും ദൈവത്തോട് എന്തും പറയാം. കരയാം, പിറുപിറുക്കാം, പരിഭവപ്പെടാം, സന്തോഷിക്കാം. എന്തും ചോദിക്കാം. ഇതിനെല്ലാമുള്ള സ്വാതന്ത്ര്യം ദൈവം തന്റെ മക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവിടെ മദ്ധ്യസ്ഥന്റെ ആവശ്യം ഇല്ലേ ഇല്ല.

പൗരോഹിത്യ സഭകളിലെ വിശ്വാസികളോട് ഒരു ചോദ്യം. സത്യസന്ധമായി മറുപടി പറയണം. ”നിങ്ങളുടെ എല്ലാ പാപങ്ങളും നിങ്ങള്‍ മദ്ധ്യസ്ഥനോട് ഏറ്റുപറയുമോ?” മനുഷ്യരുടെ ആരാധന, ജീവിതശൈലി, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, സ്വര്‍ഗ്ഗം, നരകം, സാമൂഹ്യജീവിതക്രമം, കുടുംബബന്ധങ്ങള്‍, ഭാര്യാഭര്‍തൃ കടപ്പാടുകള്‍, മക്കളെ വളര്‍ത്തേണ്ട രീതി, രക്ഷ (പാപത്തില്‍ നിന്നുള്ള വിടുതല്‍), പാപമോചനം തുടങ്ങിയവയെല്ലാം എങ്ങനെയായിരിക്കണമെന്ന് ബൈബിള്‍ പറയുന്നുണ്ട്.

സത്യാന്വേഷികളാണെങ്കില്‍ ‘ഇല്ല’ എന്ന ഉത്തരം തന്നെ പറയേണ്ടി വരും. എന്നാല്‍ നമ്മുടെ പിതാവിനോട് ഉള്ളുരുകി പ്രര്‍ത്ഥിക്കാം, കരയാം, യാചിക്കാം. ”നീ വീട്ടില്‍ കയറി കതകടച്ച് രഹസ്യമായി” ദൈവത്തോട് സംസാരിക്കാനാണ് ബൈബിള്‍ പറയുന്നത്.
കുമ്പസാരം മാത്രമല്ല പൗരോഹിത്യസഭകളില്‍ ആരാധനയെന്ന പേരില്‍ കാട്ടിക്കൂട്ടുന്ന ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ബൈബിളുമായി പുലബന്ധം പോലുമില്ല.

വിഗ്രഹാരാധന ഏറ്റവുമധികം വെറുക്കുന്ന രണ്ടു മതങ്ങളാണ് ഇസ്ലാം മതവും ക്രിസ്തുമതവും. വിഗ്രഹാരാധകര്‍ക്ക് കടുത്ത ശിക്ഷയാണ് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന, മദ്ധ്യസ്ഥപ്രാര്‍ത്ഥന, ശിശുസ്‌നാനം, ചാത്തം, പെരുന്നാളുകള്‍, അസ്ഥിവണക്കം, പൗരോഹിത്യം തുടങ്ങിയ ചടങ്ങുകള്‍ ബൈബിളിലുള്ളതല്ല.

ഒക്കെ ബാബിലോന്യ മതത്തിന്റെ ആചാരങ്ങളെ ക്രൈസ്തവവല്‍ക്കരിച്ച് സഭയ്ക്കകത്ത് തിരുകിക്കയറ്റിയതാണ്. അങ്ങനെയാണ് പെണ്‍ദൈവങ്ങളും കുട്ടിദൈവങ്ങളും സെന്റ് ജോര്‍ജ്ജും പാമ്പും ഒക്കെ സഭയില്‍ കടന്നുകയറിയത്. സെന്റ് ജോര്‍ജ്ജിനെ ഇപ്പോഴത്തെ പാപ്പ തള്ളിക്കളഞ്ഞതിലൂടെ ചെറിയൊരു ശുദ്ധികലശം സഭകളില്‍ നടന്നത് മാത്രമാണ് ഏക ആശ്വാസം.

കുമ്പസാരത്തിലൂടെ തെറ്റുകള്‍ മനുഷ്യരോട് പറയേണ്ട, ദൈവത്തോട് പറയൂ. വിശ്വാസികളുടെ ആത്മീയജീവിതക്രമം ചിട്ടപ്പെടുത്തേണ്ടത് ബൈബിളിനെ ആധാരമാക്കിയാണ്. കൂടെ സര്‍ക്കാര്‍ നിയമങ്ങള്‍ക്കും നാം വിധേയപ്പെടണം. അതുകൊണ്ടാണല്ലോ സര്‍ക്കാരിന് കരം കൊടുക്കാന്‍ ക്രിസ്തു ശിഷ്യന്മാരെ ഉപദേശിച്ചത്.

എന്നാല്‍ മനുഷ്യന്റെ സ്വകാര്യജീവിതത്തിലേക്ക് കടന്നുകയറാന്‍ ഒരു മതനേതാവിനും അവകാശമില്ല. അവനും ദൈവവുമായി ആ കണക്കുകള്‍ തീര്‍ത്തുകൊള്ളും. ലൂക്കോസ് 5:22 വായനക്കാര്‍ക്കായി പങ്കുവയ്ക്കുന്നു. ദൈവത്തിന് മാത്രമല്ലാതെ പാപങ്ങളെ മോചിപ്പാന്‍ ഭൂമിയില്‍ ആര്‍ക്കും ആകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!