
അഡ്വ. ജോണ്സണ്
പള്ളിക്കുന്നേല്‍
ഇന്ത്യയിലെ പ്രമുഖ പെന്തെക്കോസ്തു സഭയായ ഐ.പി.സി. ഇന്ന് ഇന്ത്യന്‍ പീനല്‍ കോഡില്‍ (IPC) അകപ്പെട്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
ഇതിന്റെ കാരണം സഭയ്ക്കകത്തുണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും പരിഹരിക്കുവാന്‍ നേതൃത്വങ്ങള്‍ക്ക് കഴിയുന്നില്ല എന്നതാണ്. വര്‍ഷങ്ങളായി പരിഹരിക്കുവാന്‍ കഴിയാതെയിരുന്ന ആമല്ലൂര്‍ എബനേസ്സര്‍ സഭയുടെ മുന്‍ ദൈവദാസന് നീതി ലഭിച്ചുവെന്ന് വിശ്വാസ സമൂഹം വിശ്വസിച്ചിരുന്നു.
ഇത് സാധ്യമാക്കിയ ജനറല്‍ പ്രസ്ബിറ്ററിയെയും എക്സിക്യൂട്ടീവിനെയും എല്ലാവരും അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ പ്രസ്തുത സഭയിലെ മുന്‍ ദൈവദാസനെ ഈ സഭയില്‍ തന്നെ നിയമിക്കണമെന്ന ജനറല്‍ എക്സിക്യൂട്ടീവിന്റെ ഉത്തരവ് തങ്ങളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചതായി ഐ.പി.സി. കേരളാ സ്റ്റേറ്റും ആമല്ലൂര്‍ സഭയും വിശ്വസിക്കുന്നു.
തന്മൂലം ജനറലിനെതിരെ ഒരു വിശ്വാസി നല്കിയ കേസില്‍ തിരുവല്ലാ സബ്കോടതി താല്‍ക്കാലിക നിരോധന കല്പന പുറപ്പെടുവിക്കുകയും ചെയ്തു. ഇപ്പോള്‍ വിണ്ടും ഐ.പി.സി. ജനറല്‍ പ്രസിഡന്റ്, ട്രഷറാര്‍ എന്നിവര്‍ ഉള്‍പ്പെടെ നാല് പേരെ പ്രതികളാക്കി പത്തനാപുരം പോലീസ് ഒരു എഫ്.ഐ.ആര്. പത്തനാപുരം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നു.
പത്തനാപുരത്തുള്ള ഐ.പി.സി. ശുശ്രൂഷകനായ മത്തായി മകന് പെനിയേല്‍ മാത്തുക്കുട്ടിയാണ് ആവലാതിക്കാരന്.
ഐ.പി.സി.യുടെ ചാരിറ്റി പ്രവര്‍ത്തനത്തിന് വരുന്ന തുക വകമാറ്റി ചെലവ് ചെയ്യുന്നതിനെ ആവലാതിക്കാരനായ താന്‍ ചോദ്യം ചെയ്തതിലുള്ള വിരോധം നിമിത്തമാണ് പ്രതികള്‍ ഈ ക്രിമിനല്‍ കുറ്റം ചെയ്തതെന്ന് ആവലാതിക്കാരന് പറയുന്നു. IPC 294(b), 341, 324, 354, 452, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്. ഫയല്‍ ചെയ്തിരിക്കുന്നത്.
ഇതില്‍ 354 സ്തീത്വത്തെ അപമാനിക്കുന്ന വകുപ്പ് ആണ്. 452 ഭവനഭേദനം, 324 മാരകായുധമുപയോഗിച്ച് ദേഹോപദ്രവമേല്‍പ്പിക്കല്‍ എന്നിവ സാധാരണ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുവാന്‍ ബുദ്ധിമുട്ടുള്ള വകുപ്പുകളാണ്.
ആയതിനാല്‍ പ്രതികളായവര്‍ മുകള്‍ കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടേണ്ടതാണ്. ഈ എഫ്.ഐ.ആര്. റദ്ദാക്കണപ്പെടണമെന്നാവശ്യപ്പെട്ട് പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുവാന്‍ കഴിയുമെങ്കിലും ജാമ്യമെടുത്തതിനു ശേഷമേ ആയതിനുള്ള സാധ്യത കാണുന്നുള്ളൂ. പ്രസ്തുത കേസില്‍ പത്തനാപുരം പോലീസ് സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ ചാര്‍ജ്ജ് കൊടുക്കുകയോ, റഫര്‍ ചാര്‍ജ്ജ് നല്‍കുകയോ ചെയ്യുന്നതാണ്. റഫര്‍ ചാര്‍ജ്ജ് ആണ് കൊടുക്കുന്നതെങ്കില്‍ ആവലാതിക്കാരന് സ്വകാര്യ അന്യായം ഫയല്‍ ചെയ്യുന്നതിന് കോടതി അവസരം നല്‍കും.
വിദേശത്തുള്ള ഐ.പി.സി. ജനറല്‍ പ്രസിഡന്റിന് പ്രസ്തുത കേസ് സംബന്ധിച്ച് നേരിട്ട് ബന്ധമുള്ളതായി ആവലാതിക്കാരനും സാക്ഷികളും തെളിയിക്കേണ്ടതാണ്.
എന്നാല്‍ ജനറല്‍ പ്രസിഡന്റ് പറഞ്ഞുവിട്ടതിന്റെ അടിസ്ഥാനത്തിലാണ് പത്തനാപുരത്ത് വന്നത് എന്നുള്ള ഇതര പ്രതികളുടെ വീഡിയോ ക്ലിപ്പ് അവിശ്വസിക്കേണ്ട കാര്യമുണ്ടോയെന്നും പരിശോധിക്കണം.
കൂടാതെ തങ്ങളെ ചുമതലപ്പെടുത്തിയ ഉത്തരവാദിത്വം തന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയെന്ന് ജനറല്‍ ട്രഷറാര്‍ ലൈവ് വീഡിയോയിലൂടെ വെളിപ്പെടുത്തുന്നു. എന്നാല്‍ ആവലാതിക്കാരന് ആരോപിക്കുന്ന യാതൊരു ക്രിമിനല്‍ കുറ്റവും നടന്നിട്ടില്ലായെന്നും ട്രഷറാര്‍ പറയുന്നു.
ഇപ്രകാരം ഒരു കത്ത് പാസ്റ്റര്‍ മാത്തുക്കുട്ടിയുടെ വീട്ടില്‍ എത്തിക്കുവാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലായെന്ന് വിദേശത്തുള്ള ജനറല്‍ സെക്രട്ടറിയും പറയുന്നു. ഇതില്‍ ഏതാണ് ശരി?
ജനറല്‍ എക്സിക്യൂട്ടീവിന് തന്നെ ഈ കാര്യത്തില്‍ ഒരു അഭിപ്രായ ഐക്യമില്ലായെന്നുള്ളത് വളരെ ഗൗരവകരമാണ്. സമചിത്തതയോടും സൗമ്യതയോടും കൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ജനറലും സ്റ്റേറ്റും ആവലാതിക്കാരും വാദികളും പ്രതികളും ശ്രമിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. അതാണ് വിശ്വാസ സമൂഹം ആഗ്രഹിക്കുന്നത്.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.