‘ഹലാല്‍’ ഉത്പന്നങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്റര്‍ ചര്‍ച്ച് ലെയ്റ്റി കൗണ്‍സിലിന്റെ പേരില്‍ ഒരു കത്ത് സാമൂഹ്യമാധ്യമങ്ങള്‍ വഴി കറങ്ങുന്നു.
ഇങ്ങനെ ഒരു സംഘടന ഉണ്ടോ എന്നും അറിഞ്ഞുകൂടാ. ഉണ്ടെങ്കില്‍ തന്നെ ഈ കത്തിന്റെ ആധികാരികതയില്‍ സംശയമുണ്ട്. എന്നാല്‍ ലെറ്റര്‍പാഡും വിലാസവും മറ്റും വിശ്വസനീയത ജനിപ്പിക്കുന്നുമുണ്ട്.
”’ഇത്തവണത്തെ ക്രിസ്മസിന് ഹലാല്‍ മാംസം വില്‍ക്കുന്ന കടകള്‍ ബഹിഷ്‌കരിക്കണം. ക്രിസ്മസ് വെറും ആഘോഷമല്ല. വിശ്വാസജീവിതത്തിലെ പ്രത്യാശയുടെയും രക്ഷയുടെയും പ്രതീകമായ ക്രിസ്തു ജനിച്ച ദിവസമാണ്. അതുകൊണ്ട് നമ്മള്‍ വാങ്ങുന്ന എന്തും നന്മയുളളതും ശുദ്ധവുമായിരിക്കണം.
ഒന്നാം പ്രമാണത്തിന്റെ ലംഘനത്തിന് കാരണമാകുന്ന അന്യദേവന് അര്‍പ്പിച്ച ഹലാല്‍ മാംസം എന്തിന് നാം വില കൊടുത്ത് (ചുമ്മാതെ കിട്ടുമെങ്കില്‍ കഴിക്കാം) വാങ്ങി പാകം ചെയ്തു (പാകം ചെയ്യാതെയാണെങ്കില്‍ കഴിക്കാം) കഴിക്കണം? ഇത് വര്‍ജ്ജിക്കണം. നോണ്‍ ഹലാല്‍ ഉത്പന്നങ്ങള്‍ മാത്രം വാങ്ങി ഭക്ഷിക്കുക. ഇത് തീന്‍മേശയില്‍ എത്താന്‍ പാടില്ല.” ഇങ്ങനെ പോകുന്നു സെക്രട്ടറി ജോര്‍ജ്ജ് മാത്യു എന്ന ഒരാളിന്റെ പേരില്‍ ഇറങ്ങിയിരിക്കുന്ന കേരള ഇന്റര്‍ ചര്‍ച്ച് ലെയ്റ്റി കൗണ്‍സിലിന്റെ കത്ത്.

ഈ കത്തിന്റെ അടിയില്‍ പരസ്പരം അടിയും വെട്ടും കുത്തും നടത്തുന്ന ക്രൈസ്തവ ഗ്രൂപ്പുകളുടെ പേരുകള്‍ വച്ചിട്ടുണ്ട്. മുസ്ലീങ്ങള്‍ക്കെതിരെയുള്ള ഒരു കത്താണിത്.
ഹലാല്‍ എന്ന വാക്കിന് ‘നിഷിദ്ധമല്ലാത്തത്’ എന്ന അര്‍ത്ഥമാണ് ശബ്ദതാരാവലിയില്‍ കാണുന്നത്. ‘ഹറാം’ എന്നാല്‍ നിഷിദ്ധമായത് എന്നാണര്‍ത്ഥം. അനുവദനീയമായ എന്നര്‍ത്ഥം ഹലാലിന് കൊടുക്കാം. മുസ്ലീങ്ങള്‍ അവരുടെ വേദം ചൊല്ലി (അല്ലെങ്കില്‍ പ്രാര്‍ത്ഥിച്ച്) മാംസത്തെ ഭക്ഷിക്കാന്‍ പറ്റുന്ന രീതിയില്‍ ആക്കിയെടുക്കുന്നു എന്നാണിതിനര്‍ത്ഥം. ഹലാല്‍ ചൊല്ലി മൃഗത്തെ അറുത്താണവര്‍ (രക്തം കളഞ്ഞ്) ഭക്ഷിക്കുന്നത്.
ക്രിസ്ത്യാനികളുടെ കക്ഷത്തിലിരിക്കുന്ന ബൈബിളിലെ പഴയനിയമത്തില്‍ യഹൂദന്മാര്‍ മൃഗങ്ങളെ കൊല്ലുന്നതും ഭക്ഷിക്കുന്നതും പ്രാര്‍ത്ഥിച്ചതിനും രക്തം ഊറ്റിക്കളഞ്ഞതിനും ശേഷമാണ്.
ഈ മാസം ഭക്ഷിച്ചാല്‍ എന്തു കുഴപ്പമാണ് ക്രിസ്ത്യാനിക്കുണ്ടാവുക? അവര്‍ പ്രാര്‍ത്ഥിച്ചോട്ടെ. നന്നായി പ്രാര്‍ത്ഥിച്ചോട്ടെ. നല്ല മാംസം രക്തം ഇല്ലാതെ അറുത്ത് ക്രിസ്ത്യാനിക്കു കൊടുക്കുമ്പോള്‍ അത് നന്ദിപൂര്‍വ്വം വാങ്ങി ഭക്ഷിക്കുകയല്ലേ ചെയ്യേണ്ടത്.
യേശുവല്ലാതെ മറ്റൊരു ദൈവമില്ല എന്നു വിശ്വസിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് മറ്റൊരു ദേവന്റെ പേരില്‍ മറ്റുള്ളവര്‍ നടത്തുന്ന പ്രാര്‍ത്ഥനയില്‍ എങ്ങനെയാണ് വിശ്വസിക്കാനാവുക?
ക്രിസ്തു ജനിച്ചതിന്റെ (ഉള്ളില്‍ ജനിച്ചിട്ടില്ല) പേരില്‍ നടമാടുന്ന ആഘോഷങ്ങളില്‍ എന്താണ് നടക്കുന്നത്?
”മദ്യപാനികള്‍ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുകയില്ല” എന്ന് ബൈബിള്‍ പറയുമ്പോള്‍ ആഘോഷാവസരങ്ങളില്‍ ഏറ്റവുമധികം മദ്യപിക്കുന്നത് ക്രിസ്ത്യാനികളാണ്. അങ്ങനെ വരുമ്പോള്‍ പൗരോഹിത്യസഭകളിലെ 90% പേരും നരകത്തിലേക്കാണ് പോവുക. അപ്പോള്‍ അപകടം മദ്യമാണോ, ഹലാല്‍ ചൊല്ലി അറുത്തു തരുന്ന ഒന്നാംതരം ഇറച്ചിയാണോ?
ക്രിസ്ത്യാനിക്ക് ‘ഹലാല്‍’ മാംസം ഭക്ഷിക്കാനാവില്ലെങ്കില്‍ സിനിമ കാണാനാവുമോ? ഹൈന്ദവ പാരമ്പര്യമനുസരിച്ചുള്ള പുജാദികര്‍മ്മങ്ങള്‍ നടത്തിയാണ് ഷൂട്ടിംഗ് തുടങ്ങുന്നത്. മിക്ക നടീനടന്മാരും താമസിക്കുന്ന ഹോട്ടല്‍ മുറികള്‍ ഷൂട്ടിംഗ് തീരുന്നതു വരെ ‘ചെറുക്ഷേത്രങ്ങളായി’ രൂപപ്പെടുത്തിയാണ് താമസിക്കുന്നതെന്ന് കേട്ടിട്ടുണ്ട്.
ഹലാല്‍ മാംസം ഭക്ഷിക്കരുതെന്ന സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്ന ഇന്റര്‍ ചര്‍ച്ച് ലെയ്റ്റി അസ്സോസിയേഷന്‍ ഭാരവാഹികളുടെ പള്ളിയ്ക്കകം മുഴുവന്‍ അന്യദൈവ വിഗ്രഹങ്ങളാണ്. ഒക്കെ ഗ്രീക്ക്, റോമ മിത്തുകളിലെ ദേവീദേവന്മാര്‍. ക്രൈസ്തവ പേരിട്ട് കുടിയിരുത്തിയിരിക്കുന്നുവെന്ന് മാത്രം.
പത്ത് കല്പനകളിലെ ഒന്നാമത്തെ കല്പനയെ ചൂണ്ടിക്കാണിച്ചാണ് ‘ഹലാലി’നെ എതിര്‍ക്കുന്നത്. ആ കല്പന ഇങ്ങനെയാണ്: ”ഞാന്‍ നിന്റെ ദൈവം ആകുന്നു. അന്യദൈവങ്ങള്‍ നിനക്കുണ്ടാകരുത്.” എന്നാല്‍ അതിന്റെ രണ്ടാം ഭാഗം കൂടെ കേട്ടോളൂ. ”ഒരു വിഗ്രഹവും ഉണ്ടാക്കരുത്. മീതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു മീതെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമയും അരുത്. അവയെ നമസ്‌കരിക്കുകയോ സേവിക്കുകയോ അരുത്.” ഇത് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ലെയ്റ്റിക്കാര്‍ കാണാത്തതെന്താണ്?
ആവശ്യത്തിലധികം അന്യദൈവങ്ങളെ കളിമണ്ണിലും തടിയിലും തീര്‍ത്തു വച്ചിട്ടുണ്ട് ഇവരുടെ വീടുകളിലും പള്ളികളിലും.
ഇന്റര്‍ചര്‍ച്ച് ലെയ്റ്റിക്കാര്‍ അറിഞ്ഞിരിക്കണം. വാഹനങ്ങള്‍ ഉള്‍പ്പെടെ മൊട്ടുസൂചി വരെ ഉത്പാദിപ്പിക്കുന്നിടത്തും വില്പനയ്ക്കായി ഫാക്ടറിയില്‍ നിന്നും പുറത്തു കൊണ്ടുപോകുമ്പോഴും പൂജാദി കര്‍മ്മങ്ങള്‍ ഉണ്ട്. അതുകൊണ്ട് 21-ാം നൂറ്റാണ്ടിലെ ശാസ്ത്രയുഗത്തില്‍ ജീവിക്കുന്ന ക്രിസ്തുഭക്തരെ ‘പള്ളി’ഭക്തരാക്കാന്‍ നോക്കരുത്.
സഭാ നേതാക്കന്മാരും ബിഷപ്പുമാരും ജാതിമത രാഷ്ട്രീയം കളിക്കുന്നതില്‍ അവര്‍ക്ക് ഹിഡന്‍ അജണ്ടകളുണ്ട്. അത് ജനങ്ങളുടെയിടയില്‍ ഹലാലിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കരുത്. ‘ഹലാല്‍’ ചൊല്ലി മുസ്ലീം സഹോദരങ്ങള്‍ അറുത്ത് രക്തം ഊറ്റിക്കളഞ്ഞു തരുന്ന ശുദ്ധമായ ഇറച്ചി തന്നെ വാങ്ങി കഴിച്ചോളൂ.
സ്വന്തം കണ്ണിലെ കരട് കാണാത്ത ലെയ്റ്റിക്കാര്‍ക്ക് ‘ഊളമ്പാറ’ തന്നെയാണ് പറ്റിയ ഇടം. മതമൈത്രിയുള്ള നാടാണ് കേരളം. ജോസഫ്കുട്ടിയും മുഹമ്മദും ഗോപാലനും തോളില്‍ കയ്യിട്ടു നടക്കുന്ന നാടാണിത്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.