ഇന്ത്യയിൽ കോവിഡ് വാക്സീൻ വിതരണത്തിന് അനുമതി തേടി ഫൈസർ

ഇന്ത്യയിൽ കോവിഡ് വാക്സീൻ വിതരണത്തിന് അനുമതി തേടി ഫൈസർ

ന്യൂഡൽഹി: യുകെയിൽ വിതരണത്തിന് അനുമതി ലഭിച്ച ഫൈസർ വാക്സീൻ ഇന്ത്യയിൽ ഇറക്കുമതിക്കും വിതരണത്തിനും അനുമതി ആവശ്യപ്പെട്ട് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകി. രാജ്യത്ത് കോവിഡ് വാക്സീൻ വിതരണത്തിന് അനുമതി തേടിക്കൊണ്ടുള്ള ആദ്യ അപേക്ഷയാണിത്.

യുഎസ് കമ്പനിയായ ഫൈസറും ജർമൻ കമ്പനിയായ ബയോൺടെക്കും ചേർന്നു വികസിപ്പിച്ചതാണു വാക്സീൻ (ബിഎൻടി162ബി2). യുകെയിൽ വിതരണത്തിനു ഫൈസറിന് കഴിഞ്ഞ ബുധനാഴ്ച അനുമതി നൽകിയിരുന്നു. വിദേശ ‌ട്രയൽ ഡേറ്റയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ട്രയൽ ഒഴിവാക്കി കിട്ടുമോയെന്ന സാധ്യതയാണ് ഫൈസർ ഇന്ത്യ തേടുന്നത്.

വിദേശ വാക്സീനുകൾ ഇന്ത്യയിൽ അനുവദിക്കും മുൻപു കുറച്ചു വൊളന്റിയർമാരിലെങ്കിലും ട്രയൽ നടത്തുമെന്നാണ് ഡിസിജിഐ ഡോ.വി.ജി. സോമാനി കഴിഞ്ഞദിവസം പറഞ്ഞത്. ഓക്സ്ഫഡ്, സ്പുട്നിക് വാക്സീനുകളടക്കം ഈ രീതിയിൽ പരീക്ഷണം തുടരവേ ഫൈസറിന് മാത്രമായി ഇളവു നൽകുമോയെന്ന ചോദ്യത്തോട് ആരോഗ്യമന്ത്രാലയം പ്രതികരിച്ചില്ല.

ഓരോ സ്ഥലത്തിന്റെയും ആളുകളുടെയും പ്രത്യേകതകൾക്കനുസരിച്ചു വാക്സീനുകളുടെയും മരുന്നിന്റെയും ഫലപ്രാപ്തിയും വിപരീതഫലവും മാറാം. ഇതുകൂടി പരിഗണിച്ചാണു മൂന്നാംഘട്ട ട്രയൽ കൂടുതൽ ആളുകളിലും വിവിധ ഇടങ്ങളിലുമായി (മൾട്ടി സെന്റർ ട്രയൽ) നടത്തുന്നത്.

ചൊവ്വാഴ്ച കോവിഡ് വാക്സീൻ വിതരണം ആരംഭിക്കുന്ന ബ്രിട്ടനിൽ ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളിൽ എട്ടുലക്ഷം പേർക്ക് വാക്സീന്റെ ഒന്നാം ഡോസ് നൽകും. 95 ശതമാനവും ഫലപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഫൈസർ വാക്സീൻ ലഭിക്കാൻ പോകുന്നതിന്റെ ആഹ്ലാദത്തിലാണ് യുകെയിലെ മഹാഭൂരിപക്ഷം ജനങ്ങളും. 

ബ്രിട്ടിഷ്– സ്വീഡിഷ് കമ്പനിയായ അസ്ട്രാസെനക്കയ്ക്കു വേണ്ടി ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഷീൽഡ് കോവിഡ് വാക്സീന്‍ അനുമതിക്കായി ഇന്ത്യയിൽ ഉൽപാദന– പരീക്ഷണ കരാറുള്ള പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എസ്ഐഐ) ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ സമര്‍പ്പിച്ച ആദ്യ ഇന്ത്യന്‍ കമ്പനിയാണിത്. നാലുകോടി ഡോസ് വാക്സീന്‍ തയാറാണെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. കോവിഷീൽഡ് പരീക്ഷണം മൂന്നാംഘട്ടത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!