ന്യൂയോര്‍ക്ക് പോലീസ് 10 ലക്ഷം ഡോളര്‍ ചെലവഴിച്ചിട്ടും കെവിന്‍ തോമസ് ജയിച്ചു

ന്യൂയോര്‍ക്ക് പോലീസ് 10 ലക്ഷം ഡോളര്‍ ചെലവഴിച്ചിട്ടും കെവിന്‍ തോമസ് ജയിച്ചു

ന്യൂയോര്‍ക്ക് സംസ്ഥാന സെനറ്റിലേക്ക് കെവിന്‍ തോമസ് ജയിച്ചു കയറിയത് വന്‍ കടമ്പ കടന്ന്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കെവിനെ തോല്‍പ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയതാകട്ടെ എന്‍.വൈ.പി.ഡി. അവര്‍ ചെലവാക്കിയതോ ഒരു മില്യന്‍ ഡോളറും. പക്ഷേ കെവിന്‍ തോമസ് പുഷ്പം പോലെ ജയിച്ചു കയറി.

2018-ല്‍ അട്ടിമറി വിജയത്തിലൂടെയാണ് കെവിന്‍ ആദ്യം ന്യൂയോര്‍ക്ക് സംസ്ഥാന സെനറ്ററാകുന്നത്. ഇന്ത്യക്കാരില്‍ നിന്നും ആദ്യം അമേരിക്കയില്‍ ഒരു സംസ്ഥാന സെനറ്ററാകുന്നത് ഈ റാന്നിക്കാരനാണ്.

ഡെമോക്രാറ്റായതു കൊണ്ട് എന്‍.വൈ.പി.ഡി.യുടെ സംഘടനയായ പോലീസ് ബെനവലന്റ് അസ്സോസിയേഷന്‍ നേരിട്ട് കളത്തിലിറങ്ങിയത്രേ കെവിനെ തോല്‍പ്പിക്കാന്‍. എതിരെ മത്സരിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്കായി 10 ലക്ഷം ഡോളറും ചെലവഴിച്ചു.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ കെവിന്‍ തോല്‍വിയോടടുത്തെങ്കിലും തപാല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ കെവിന്‍ തോമസ് വിജയകിരീടം അണിയുകയായിരുന്നു.

പോലീസുകാര്‍ക്കെതിരെയുള്ള അച്ചടക്ക നടപടികള്‍ നാട്ടുകാരെ അറിയിക്കാന്‍ പാടില്ല എന്ന ബില്ലിനെതിരെ കെവിന്‍ വോട്ട് ചെയ്യുകയായിരുന്നു. പോലീസിന്റെ അച്ചടക്കമില്ലായ്മ നാട്ടുകാര്‍ അറിയണമെന്നാണ് കെവിന്റെ പക്ഷം. ഇതറിഞ്ഞ പോലീസ് കെവിനെതിരെ തിരിയുകയായിരുന്നു.

നിലവില്‍ സംസ്ഥാന സെനറ്റിന്റെ ഉപഭോക്തൃ സംരക്ഷണ സമിതി അദ്ധ്യക്ഷനാണ്. റാന്നി കണമൂട്ടില്‍ തോമസ് റേച്ചല്‍ ദമ്പതികളുടെ മകനാണ് കെവിന്‍ തോമസ്. ജനനം ദുബായില്‍. 10-ാം വയസ്സില്‍ അമേരിക്കയിലെത്തി. ലോയറാണ്. ഭാര്യ റിന്‍സി. മകള്‍ ലെയ്‌ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!