സോഷ്യല്‍മീഡിയാ വഴി രോഗികളുടെ പേരില്‍ പണം പിരിക്കുന്നതായി ആരോപണം

സോഷ്യല്‍മീഡിയാ വഴി രോഗികളുടെ പേരില്‍ പണം പിരിക്കുന്നതായി ആരോപണം

സാമൂഹ്യമാധ്യമങ്ങള്‍ വഴി രോഗികളുടെ വീഡിയോ കാണിച്ച് പണം പിടുങ്ങുന്നതായി ആരോപണം. നൂറുകണക്കിന് മൈലുകള്‍ വണ്ടിയോടിച്ചു ചെന്ന് രോഗികളായവരുടെയും വീടില്ലാത്തവരുടെയും വീഡിയോ എടുക്കുന്നു. വീഡിയോ ചിത്രീകരിക്കുന്ന ആളുടെ ദൃക്‌സാക്ഷി വിവരണവും കൂടി ചേര്‍ത്താണ് സാമൂഹ്യമാധ്യമങ്ങളില്‍ നല്‍കുന്നത്.

ഈ വീട്ടുകാര്‍ക്ക് പണം ആവശ്യമാണ്. സന്മനസ്സുള്ളവര്‍ പണം നല്‍കുന്നുമുണ്ട്. പക്ഷേ വീഡിയോ ഇട്ടയാള്‍ ഇതൊരു തൊഴിലാക്കി മാറ്റിയാലോ? പണം വീട്ടുകാരുടെ അക്കൗണ്ടില്‍ വരുന്നത് അന്നന്ന് വിളിച്ച് അന്വേഷിക്കുന്നു.

എന്നിട്ട് വീഡിയോക്കാരന്‍ അതിന്റെ ഒരു നിശ്ചിത തുക കമ്മീഷനായി അവരില്‍ നിന്നും വാങ്ങിയെടുക്കുന്നു. സ്ഥിരമായി ഇതുപോലെ ചെയ്യുന്ന ഒരു പാസ്റ്ററെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു കൊണ്ട് നിരവധി പേര്‍ ക്രൈസ്തവചിന്തയിലേക്ക് വിളിക്കുകയുണ്ടായി. ഞങ്ങള്‍ കണ്ട മിക്ക വീഡിയോകളിലും സഹായം അഭ്യര്‍ത്ഥിക്കുന്ന വീട്ടുകാര്‍ ഏതു സഭക്കാരാണെന്ന് പറയുന്നില്ല. അവിടുത്തെ പാസ്റ്റര്‍ ആരാണെന്നും വെളിപ്പെടുത്തുന്നില്ല.

സഭയും അവിടുത്തെ ശുശ്രൂഷകനും ഈ കുടുംബത്തെ കാര്യമായി സഹായിച്ചിട്ടുണ്ടാകണം. അതേക്കുറിച്ച് ഒരക്ഷരം പറയുന്നില്ല. പുതിയ രോഗിയെ കണ്ടെത്തി ആദ്യമായി നടത്തുന്ന ഒരു സഹായാഭ്യര്‍ത്ഥനയായിട്ടാണ് ഈ വീഡിയോ നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്.

വീഡിയോ പ്രചരിപ്പിച്ച് ആഴ്ചതോറും പണം പിടുങ്ങിക്കൊണ്ടിരിക്കുന്ന ഈ ‘വീഡിയോ സഹായപദ്ധതി’യില്‍ ജനങ്ങള്‍ അതൃപ്തരാണ്. കൊടുക്കാത്തവന്‍ ഒരിക്കലും കൊടുക്കാറില്ല. കൊടുക്കുന്നവന്‍ കൊടുത്തുകൊണ്ടേയിരിക്കും. അവര്‍ക്ക് ബുദ്ധിമുട്ടായി തുടങ്ങിയിരിക്കുന്നു. സഹായം കിട്ടിയവരുടെ തുകയില്‍ പകുതി പണം വരെ കമ്മീഷനായി പിടിച്ചുവാങ്ങുന്നുവെങ്കില്‍ അത് അത്യന്തം കുറ്റകരമാണ്.
നിത്യരോഗികളുടെയും വീടില്ലാത്തവരുടെയും വീഡിയോ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് കിട്ടുന്ന പണത്തിന്റെ വലിയ ഓഹരി അടിച്ചുമാറ്റുന്നവന്‍ ജീവകാരുണ്യ പ്രവര്‍ത്തകനല്ല.

വേറെ പണി വല്ലതും ചെയ്തു ജീവിക്കാന്‍ നോക്ക്. മുമ്പ് ആരോപണം കേട്ടപ്പോഴും ഞങ്ങള്‍ മിണ്ടാതിരുന്നത് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് എന്തെങ്കിലും കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടെ എന്നു വിചാരിച്ചാണ്.
പക്ഷേ ഇതൊരു നിത്യത്തൊഴിലാക്കി മാറ്റുകയാണ് ഈ പാസ്റ്റര്‍. 100 രൂപാ ചാരിറ്റിക്കു കിട്ടിയാല്‍ അത് 100 ആയി തന്നെ അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിക്കാന്‍ കഴിയണം. പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരരുത്. ഇത് ഒന്നാന്തരം തട്ടിപ്പാണ്.

ദാരിദ്ര്യദുഃഖം അനുഭവിക്കുന്നവരുടെയും രോഗികളുടെയും ഭവനരഹിതരുടെയും കദനകഥകള്‍ ആ സഭയിലെ പാസ്റ്ററും വിശ്വാസികളും ചേര്‍ന്ന് വീഡിയോ ചെയ്ത് സോഷ്യല്‍മീഡിയായില്‍ ഇടുക. അതിന് വിശ്വാസ്യത ഉണ്ടാകും. പണം മുഴുവന്‍ ആ വീട്ടുകാര്‍ക്കു തന്നെ കിട്ടുകയും ചെയ്യും.

കാസര്‍ഗോഡ് മുതല്‍ പാറശാല വരെ വണ്ടിയോടിച്ച് വീഡിയോ എടുത്ത് പാസ്റ്റര്‍ വിഷമിക്കേണ്ട. അത് ആ സഭ തന്നെ ചെയ്‌തോളും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!