ആറു വയസ്സുകാരിയെ കൊന്നു: മക്കള്‍ ഉണ്ടാകാനായി കരള്‍ തിന്നാന്‍

ആറു വയസ്സുകാരിയെ കൊന്നു: മക്കള്‍ ഉണ്ടാകാനായി കരള്‍ തിന്നാന്‍

കരള്‍ തിന്നാനായി ആറു വയസ്സുകാരിയെ കൊന്ന പരശുറാം ദമ്പതികളെയും മറ്റു നാലു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് ബാര്‍ബേറിയന്‍ കാലത്തെ പോലും അമ്പരപ്പിക്കുന്ന രീതിയിലുള്ള കൊല നടന്നത്.
കഴിഞ്ഞ ശനിയാഴ്ച ദീപാവലി ദിവസമാണ് കുട്ടിയെ കാണാതായത്.

അന്വേഷണത്തില്‍ ഞായറാഴ്ച രാവിലെ കുട്ടിയുടെ ജഡം വയല്‍പ്രദേശത്ത് കണ്ടെത്തുകയായിരുന്നു. ആരുടെയും കരളലിയിക്കുന്ന അതിദയനീയമായ കാഴ്ചയായിരുന്നു അത്. വയറ് നെടുകെ പിളര്‍ന്നിരുന്നു. കരള്‍ പറിച്ചുമാറ്റിയ നിലയിലായിരുന്നു.
പോലീസിന്റെയും നാട്ടുകാരുടെയും അന്വേഷണത്തിലാണ് കുട്ടിയുടെ ജഡം വയലില്‍ കണ്ടെത്തിയത്.

അന്ധവിശ്വാസത്തില്‍ നിന്നും ഉടലെടുത്ത മാനസിക വൈകല്യമാണ് കൊലയില്‍ കലാശിച്ചത്. ഈ ദമ്പതികള്‍ക്ക് കുട്ടികളില്ല. 1999-ലാണ് ഇവരുടെ വിവാഹം നടന്നത്. മക്കളുണ്ടാകാനായി വിവിധതരം പൂജകളും മാന്ത്രികവിദ്യകളും പ്രയോഗിച്ചു വരവേയാണ് ഒരു മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരം കൊല നടത്തിയത്.
ഒരു പെണ്‍കുട്ടിയുടെ കരള്‍ പറിച്ചെടുത്ത് പച്ചയ്ക്കു തിന്നാല്‍ മക്കളുണ്ടാകുമെന്നായിരുന്നു മന്ത്രവാദിയുടെ ഉപദേശം.

അതനുസരിച്ച് ദമ്പതികള്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തുകയായിരുന്നു. ഈ കൃത്യം നിര്‍വ്വഹിച്ചത് കുട്ടിയുടെ അയല്‍വാസികളാണ്. കൊലയ്ക്കു മുമ്പ് കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു. എന്നാല്‍ കരള്‍ പച്ചയ്ക്കു തിന്നോ എന്നതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണത്തിലാണ്. യു.പി. സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപാ പ്രഖ്യാപിച്ചിട്ടുണ്ട്.

മന്ത്രവാദിയെക്കുറിച്ചുള്ള പൂര്‍ണ്ണവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ഇദ്ദേഹം ഇതിനു മുമ്പും ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ എത്ര പേര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്? മന്ത്രവാദിയുടെ സ്ഥിരം പരിപാടിയായിരിക്കുമല്ലോ ഇത്. ഏതായാലും ഇന്നും നാളെയുമായി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

ഈ ശാസ്ത്രയുഗത്തിലാണ് പ്രാചീനകാലത്തെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള കൊല നടന്നത്. ഈശ്വരവിശ്വാസത്തിന്റെ വികലമായ കാഴ്ചപ്പാടുകള്‍ ഇതില്‍ കാണാം. ഇന്ത്യ തിളങ്ങുന്നുവത്രേ!

ബി.സി.യില്‍ ഇന്ത്യയില്‍ വിമാനം ഉണ്ടായിരുന്നുവെന്നും ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്നും പ്രചരിപ്പിക്കുന്നവരുടെ നാട്ടില്‍ ഇതില്‍ കൂടുതലൊന്നും ഉണ്ടാകാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!