
കെ.എന്‍. റസ്സല്‍ (എഡിറ്റര്‍)
ഏതുവിധേനയും കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ പോലും പണ്ടത്തെ പ്രസംഗങ്ങളുടെ കാതല്‍. അന്ന് ജനസംഘമല്ലാതെ ബി.ജെ.പി. ഇല്ലല്ലോ. അതുകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസായിരുന്നു. ഈ കോണ്‍ഗ്രസ് തന്നെയായിരുന്നു സി.പി.എം. ഉള്‍പ്പെടുന്ന ഇടതുപക്ഷ രാഷ്ട്രീയപാര്‍ട്ടികളുടെ മുഖ്യശത്രുവും.
ഒരുകാലത്ത് ആര്.എസ്.എസ്.-സി.പി.എം. ശത്രുതയേക്കാള്‍ ശക്തമായിരുന്നു കോണ്‍ഗ്രസ്-സി.പി.എം. ശത്രുത.
കാലം മാറിയിരിക്കുന്നു. ബി.ജെ.പി. ഇന്ത്യ ഭരിക്കുന്നു അടുപ്പിച്ച് രണ്ടാം തവണയും. കോണ്‍ഗ്രസ് ദുര്‍ബലമായി മാറിയോ?
ഇനിയും കോണ്‍ഗ്രസിന് ഒരു ഉയിര്ത്തെഴുന്നേല്പ്പില്ലേ? പ്രതിച്ഛായയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അഭാവമാണോ കോണ്‍ഗ്രസിനെ ക്ഷീണിപ്പിച്ചിരിക്കുന്നത്? അതോ കോണ്‍ഗ്രസ്, ബി.ജെ.പി. വര്‍ഗ്ഗീയതയ്ക്കെതിരെ ഉറച്ച തീരുമാനമെടുക്കാത്തതു കൊണ്ടാണോ മതേതര വീക്ഷണമുള്ള ജനങ്ങള്‍ കോണ്‍ഗ്രസിനെ കൈയൊഴിയുന്നത്? ബി.ജെ.പി.ക്ക് ജാതി-മത-വര്‍ഗ്ഗീയ ശക്തികളുടെ ഏകീകരണമെന്ന ലക്ഷ്യമുണ്ട്.
ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും ജാതിമത ചിന്താഗതികള്ക്കതീതമായൊരു ഭരണക്രമം അവരുടെ മനസ്സിലുണ്ട്. വര്‍ഗ്ഗസിദ്ധാന്തത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് തൊഴിലാളിവര്ഗ്ഗത്തോടാണ് ആഭിമുഖ്യം. കേരളത്തിലെ കൊച്ചുകക്ഷിയായ മാണി കോണ്‍ഗ്രസിനു പോലും ‘അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തം’ ഉണ്ട്.
എന്നാല്‍ കോണ്‍ഗ്രസ് ഏതു നയം നടപ്പിലാക്കാനാണ് അവര്‍ നിലകൊള്ളുന്നത് എന്ന കാര്യത്തില്‍ ഒരു എത്തുംപിടിയുമില്ല. ഒരു പോളിസിയില്ലാത്ത പ്രസ്ഥാനമായി അത് മാറിയോ? അജണ്ടയൊന്നുമില്ലേ? ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസിന്റെ നില ഇനിയും പരുങ്ങലിലാകും. ഇന്ത്യന്‍ ജനാധിപത്യം വര്‍ഗ്ഗീയതയില്‍ അമരും. ഭാവിയില്‍ അത് സ്വേച്ഛാധിപത്യത്തിന് വഴിമരുന്നാകും.
അതുകൊണ്ട് കോണ്‍ഗ്രസ് പൂര്‍വ്വാധികം ശക്തിയോടെ നിലനില്‍ക്കേണ്ടത് ദേശസ്നേഹമുള്ള ഓരോ ഇന്ത്യക്കാരന്റെയും ആഗ്രഹമാണ്, ആവശ്യമാണ്. അതിന് ‘പോളിസി മേക്കിംഗ്’ അനിവാര്യമാണ്.
തെരഞ്ഞെടുപ്പാകുമ്പോള്‍ ഇന്നത് ഇന്നത് ചെയ്യുമെന്നു പറഞ്ഞ് ഇറക്കുന്ന പ്രകടനപത്രികയല്ല വേണ്ടത് പകരം 21-ാം നൂറ്റാണ്ടിലെ ആധുനിക ഇന്ത്യയെ എങ്ങനെ രൂപപ്പെടുത്താമെന്ന ഭരണപരിഷ്കാര നയരേഖയാണ് പുറപ്പെടുവിക്കേണ്ടത്. പഴഞ്ചന്‍ ഭരണക്രമങ്ങള്‍ മാറേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിലൂടെ സോഷ്യലിസത്തിലേക്ക് എത്തിപ്പെടണമെന്ന നെഹ്രുവിന്റെ ആശയമാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ പോളിസി എങ്കില്‍ അത് പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം.
വികസിതരാജ്യങ്ങളുടെ ഒപ്പം ഇന്ത്യയെ എത്തിക്കാന്‍ കഴിയുന്ന വിധത്തിലുള്ള വികസന മാര്‍ഗ്ഗങ്ങള്‍, പുതുരീതികള്‍ കോണ്‍ഗ്രസ് കണ്ടെത്തണം. പഴയ വീഞ്ഞും പുതിയ തുരുത്തിയും കോണ്‍ഗ്രസിനെ ഇനി രക്ഷിക്കുമെന്ന് തോന്നുന്നില്ല.
കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് മറ്റൊരു കാരണം അഴിമതിയുടെ കറപുരളാത്ത സംശുദ്ധ രാഷ്ട്രീയത്തിന്റെ മാതൃകാ വ്യക്തികള്‍ കോണ്‍ഗ്രസില്‍ ഇല്ല എന്നതാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ അവരുടെ മക്കള്‍, ബന്ധുക്കള്‍ ഒക്കെ ഈ അഴിമതിക്കാരുടെ നിരയിലുണ്ട്. ആദര്ശപുത്രന്മാര് കോണ്ഗ്രസിലുണ്ടോ?
ഇല്ല. പഴയ നേതാക്കന്മാരെ വച്ച് കളിച്ചാല്‍ കോണ്‍ഗ്രസിന് ഇനി ഉയര്ത്തെഴുന്നേല്ക്കാനാവുമോ? സോണിയയേയും രാഹുലിനേയും മുമ്പില്‍ നിര്‍ത്തി എത്രനാള്‍ ഇനി കോണ്‍ഗ്രസിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിടിച്ചുനില്ക്കാനാവും?
ദുര്‍ബലമായ നേതൃത്വവും, പുത്തന്‍ ഭരണസംവിധാനങ്ങള്‍ രൂപപ്പെടാത്തതിന്റെ ആശയദാരിദ്ര്യവും കോണ്‍ഗ്രസിനെ മഥിച്ചുകൊണ്ടിരിക്കുകയാണ്.
ഇത് കണ്ടറിഞ്ഞ് തന്ത്രങ്ങള്‍ മെനഞ്ഞ് ബി.ജെ.പി. വിജയം വരിച്ച് മുന്നേറുകയാണ്. കൂടെ ഇന്ത്യ പ്രാകൃത കാലത്തേക്കും. അതുകൊണ്ട് കോണ്‍ഗ്രസ് തകരാന്‍ പാടില്ല. കരുത്താര്‍ജ്ജിക്കണം. ഇത് കണ്ടറിഞ്ഞ സി.പി.എം. തങ്ങള്‍ക്കു മേല്‍ക്കൈ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഹകരിച്ചു തുടങ്ങിയിരിക്കുന്നു.
കോണ്‍ഗ്രസിനെ ഇന്ത്യയില്‍ നിന്നും തൂത്തെറിയണമെന്ന് പ്രസംഗിച്ചും എഴുതിയും നടന്ന ആചാര്യന്റെ അനുയായികളുടെ ഗതികേടെന്നല്ലാതെ എന്തു പറയാന്‍?






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.