മനുഷ്യനന്മ ബൈഡന്റെ ലക്ഷ്യം: 5 ലക്ഷം ഇന്ത്യക്കാര്‍ക്ക് വിസ കിട്ടാന്‍ സാദ്ധ്യത

മനുഷ്യനന്മ ബൈഡന്റെ ലക്ഷ്യം: 5 ലക്ഷം ഇന്ത്യക്കാര്‍ക്ക് വിസ കിട്ടാന്‍ സാദ്ധ്യത

വിഭജനത്തിന്റെ വിത്തുകള്‍ പാകി അമേരിക്കന്‍ ജനതയെ രണ്ടു തട്ടിലാക്കാന്‍ നോക്കിയ ട്രംപിന്റെ തുരുമ്പിച്ച മനസ്സിന് ലഭിച്ച ഇരുട്ടടിയായി ബൈഡന്റെ വിജയം. കറുത്തവരും വെളുത്തവരും എന്ന ചേരിതിരിവ് സൃഷ്ടിച്ച ട്രംപ് ഒന്നാംതരം വര്‍ഗ്ഗീയവാദിയാണെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍.

ഏഷ്യാക്കാരെ മറ്റൊരു കണ്ണിലൂടെ ട്രംപ് കണ്ടു. ചൈനയെ തൊട്ടുകൂടാത്ത രാജ്യമാക്കി മാറ്റി. മുസ്ലീങ്ങളെ ഒരു മനുഷ്യസമൂഹമായി കാണാന്‍ പോലും അദ്ദേഹത്തിനായില്ല. മുസ്ലീങ്ങളെല്ലാം തീവ്രവാദികളല്ലല്ലോ.

ട്രംപിന്റെ ഭരണം എങ്ങും വിലക്കുകളും അരുതുകളും മാത്രമായിരുന്നു. ഒരു ഡിപ്ലോമാറ്റിന്റെ യോഗ്യതയില്‍ ഒന്നുപോലുമില്ലായിരുന്നു. എങ്ങും വര്‍ണ്ണവിവേചനത്തിന്റെയും വിഭജനത്തിന്റെയും വിത്തുകള്‍ വാരിവിതറുകയായിരുന്നു. തന്റെ കൂടെയുള്ള ഉയര്‍ന്ന റിപ്പബ്ലിക്കന്‍ നേതാക്കള്‍ പോലും ട്രംപിന്റെ പക്വതയില്ലാത്ത സ്വഭാവം കണ്ടറിയുന്നത് ഈ ഇലക്ഷനോടനുബന്ധിച്ചായിരുന്നു.

ഏതായാലും ബൈഡന്‍ ഉദാരമനസ്‌കനായി എല്ലാ മനുഷ്യരെയും ഒന്നായി കാണുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ആദ്യം അമേരിക്കയെ ഒന്നാക്കി ഒരുമിച്ചു നിര്‍ത്തുകയാണ് തന്റെ ലക്ഷ്യം. ട്രംപ് കൊട്ടിയടച്ച വാതിലുകള്‍ ബൈഡന്‍ മെല്ലെ തുറക്കുമെന്നുറപ്പാണ്.
5 ലക്ഷം ഇന്ത്യക്കാര്‍ക്ക് വിസ ലഭ്യമാക്കുമെന്നും ട്രംപിന്റെ വികലമായ കുടിയേറ്റനിയമം പൊളിച്ചെഴുതുമെന്നും ഏതാണ്ട് ഉറപ്പായി. അദ്ദേഹത്തിന്റെ പ്രചരണവിഭാഗം മേധാവികളാണ് ഈ കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. ട്രംപും ഒരു കുടിയേറ്റക്കാരനാണെന്ന കാര്യം അദ്ദേഹം മറന്നുപോയി.

ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഇനി അമേരിക്കയിലേക്ക് ലീഗല്‍ ആയി കുടിയേറാന്‍ കാത്തിരിക്കുന്നത്. ഇതില്‍ ഹൈയ്‌ലി സ്‌കില്‍ഡുകാരും ഉള്‍പ്പെടുന്നു. ഉന്നത തൊഴില്‍ വിദഗ്ദ്ധരെ നിഷേധിച്ച ട്രംപിന് അധികനാള്‍ കഴിയും മുമ്പേ അവര്‍ക്ക് വിസ നല്‍കേണ്ടി വന്നു. അമേരിക്കയില്‍ പോയി ജീവിതം കരുപ്പിടിപ്പിച്ച മലയാളികള്‍ മറ്റുള്ളവര്‍ അമേരിക്കയില്‍ കാല്‍ കുത്തേണ്ട എന്നു പറഞ്ഞ ട്രംപിനെ പുകഴ്ത്തി പറഞ്ഞത് ശരിയായില്ല.

ട്രംപ് വൈറ്റ്ഹൗസില്‍ ഇടയ്ക്കിടെ നടത്തിയ ‘പ്രാര്‍ത്ഥനാ’ തട്ടിപ്പില്‍ അവര്‍ വീണുപോയി എന്നതാണ് സത്യം. കുടുംബാധിഷ്ഠിത കുടിയേറ്റത്തെ ബൈഡന്‍ എതിര്‍ക്കില്ല എന്നും പ്രഖ്യാപിച്ചു കഴിഞ്ഞു.
കുട്ടികളായിരിക്കെ അമേരിക്കയിലെത്തിയവരെ നാടുകടത്താനായിരുന്നു ട്രംപിന്റെ തീരുമാനം. അതിനുവേണ്ടി മിന്നല്‍പരിശോധനകള്‍ നടത്തിയിരുന്നു ട്രംപിന്റെ കാലത്ത്. അവസാനം സുപ്രീംകോടതിയാണ് അവരുടെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കുന്നത്. പുറത്താക്കല്‍ നടപടി രണ്ടു വര്‍ഷത്തേക്ക് സുപ്രീംകോടതി തടയുകയായിരുന്നു.

ലോകരാജ്യങ്ങളുമായുള്ള ബന്ധം അറുത്തുമുറിച്ചു കളഞ്ഞ ട്രംപിന്റെ വികലമായ നടപടികളൊക്കെ ബൈഡന്‍ തിരുത്തുമെന്ന് തീര്‍ച്ച. ലാറ്റിന്‍ അമേരിക്കയോടുളള ട്രംപിന്റെ സമീപനമായിരിക്കില്ല ബൈഡന്റേത്. ബൊളീവിയയില്‍ ഇവോ മെറാലിസിനെ അട്ടിമറിക്കാന്‍ കൂട്ടുനിന്ന ട്രംപിന് ഒടുവില്‍ മെറാലിസിന്റെ മുമ്പില്‍ നാണക്കേടു കൊണ്ട് തലകുനിക്കേണ്ടി വന്നു.

മെറാലിസിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടി തന്നെ വീണ്ടും അധികാരത്തില്‍ വന്നത് ട്രംപിന് കാണേണ്ടിവന്നു. ഒന്നും നടക്കില്ലെങ്കിലും ക്യൂബയോടും ഇതേ സമീപനം തന്നെയായിരുന്നു ട്രംപിന്റേത്. എങ്ങും അസ്വസ്ഥതയും വിഘടനവും വിഭജനവും ജാതിവെറിയും ഉണ്ടാക്കി ഒരുതരം ഉന്മാദലഹരിയിലായിപ്പോയി ട്രംപ്. തോല്‍ക്കാന്‍ മനസ്സില്ലാത്ത മനസ്സിനുടമ. അതുകൊണ്ടു തന്നെയാണ് ഇപ്പോഴും താന്‍ ജയിച്ചെന്നു പറഞ്ഞ് നാണംകെടുന്നത്.

-സി. സി. ന്യൂസ് സര്‍വ്വീസ്‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!