ഒരു ജനതയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നത് ചരിത്രമാണ്. ലോകത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ നിര്‍ണ്ണായകശക്തിയായ അമേരിക്കന്‍ ജനതയുടെ ചരിത്രം അറിയുന്നത് രസകരമായിരിക്കും.
അമേരിക്കന്‍ ഐക്യനാടിന്റെ ചരിത്രം ആരംഭിക്കുന്നത് കപ്പിത്താനായിരുന്ന ക്രിസ്റ്റഫര്‍ കൊളംബസ് 1492 ഒക്ടോബര്‍ മാസത്തില്‍ വടക്കേ അമേരിക്കയുടെ കിഴക്കേ തീരത്തുള്ള ബഹാമാസ് ദ്വീപില്‍ കപ്പലിറങ്ങിയതോടെയാണ്. കൊളംബസ് അമേരിക്കയിലെത്തിയപ്പോഴവിടെയുണ്ടായിരുന്ന തവിട്ടു നിറമുള്ള ജനവര്‍ഗ്ഗത്തെ അദ്ദേഹവും പിന്‍ഗാമികളും റെഡ് ഇന്ത്യന്‍സ് എന്നു വിളിച്ചു. ഇന്ത്യയിലാണ് എത്തിയതെന്ന് വിചാരിച്ചാണ് കൊളംബസ് ഈ ജനതയെ റെഡ് ഇന്ത്യന്‍സ് എന്നു വിളിച്ചത്.
പിന്നീടവര്‍ ചരിത്രത്തില്‍ അമേരിക്കനിന്ത്യന്സ് എന്നും അമരീന്ത്യന്സെന്നും അറിയപ്പെട്ടു. കൊളംബസായിരുന്നു അമേരിക്ക കണ്ടുപിടിച്ചതെങ്കിലും അമേരിഗോ വെസ്പൂച്ചി എന്ന ഇററാലിയന്‍ നാവികന് തെക്കേ അമേരിക്കയുടെ കിഴക്കേ തീരം കണ്ടുപിടിച്ചതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് 1507-ല്‍ ഈ ഭൂഖണ്ഡം അമേരിക്ക എന്ന് നാമകരണം ചെയ്യപ്പെട്ടത്.
യൂറോപ്യന്മാര് 16-ാം നൂററാണ്ടില്‍ അമേരിക്കയിലെത്തുന്നതിന് വളരെക്കാലം മുമ്പുതന്നെ അമേരിക്കയിലെ ആദിമ നിവാസികളുടെയിടയില്‍ വിശിഷ്ടമായ ഒരു നാഗരികത നിലനിന്നിരുന്നു. മായന്മാര്, ടോള്ടെക്കുകള്, ആസ്ടെക്കുകള്‍, ഇന്‍കന്മാര്‍ എന്നിവരായിരുന്നു പ്രധാനപ്പെട്ട അമേരിക്കനിന്ത്യന്‍ ജനവിഭാഗങ്ങള്‍.
ഈ തദ്ദേശീയ ജനതയുടെ പൂര്വ്വികന്മാര് ഉദ്ദേശം പതിനായിരം കൊല്ലങ്ങള്‍ക്കു മുമ്പ് ഏഷ്യയില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്തവരാണെന്ന് വിശ്വസിക്കപ്പെടുന്നു. നരവംശ ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ ഇവര്‍ ഏഷ്യയിലെ മംഗോളിയര്‍, ചൈനക്കാര്‍, മലയക്കാര്‍ എന്നിവരുടെ വര്‍ഗ്ഗത്തില്‍പ്പെട്ടവരാണ്.
അമേരിക്കന്‍ ഇന്ത്യക്കാരുടെ ആദിമ നാഗരികത ശിലായുഗ നാഗരികതയാണെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. കാലക്രമേണ മെക്സിക്കോ, പെറു, മദ്ധ്യ അമേരിക്ക, വടക്കേ അമേരിക്കയുടെ തെക്കുകിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കൃഷി വികാസം പ്രാപിക്കാന്‍ തുടങ്ങി. കൃഷിയും ജലസേചനവും അവരെ സ്ഥിരവാസത്തിന് നിര്‍ബന്ധിതരാക്കി. തല്‍ഫലമായി ഗ്രാമങ്ങളും പട്ടണങ്ങളും കാലാന്തരത്തില്‍ വളര്‍ന്നുവന്നു. കൃഷി, നെയ്ത്ത്, മണ്‍പാത്ര നിര്‍മ്മാണം, ചെമ്പ്, സ്വര്‍ണ്ണം, വെള്ളി, തകരം തുടങ്ങിയ ലോഹങ്ങളുടെ കണ്ടുപിടിത്തം മുതലായവ മെക്സിക്കോ, പെറു, മദ്ധ്യ അമേരിക്ക എന്നീ പ്രദേശങ്ങളില്‍ നാഗരികതയുടെ ഉദയം കുറിച്ചു. അമേരിക്കയിലെ ആദ്യത്തെ നാഗരികതയായിരുന്നു മായന്‍ സംസ്കാരം.
മായന്മാര് ബി.സി. ആയിരാമാണ്ടു മുതല്‍ ശക്തി പ്രാപിക്കുകയും, എ.ഡി. ആയിരാമാണ്ടോടു കൂടി സാമ്പത്തിക, സാംസ്കാരിക അഭിവൃദ്ധിയുടെ നെറുകയിലെത്തുകയും ചെയ്തു. മദ്ധ്യ അമേരിക്കയുടെ സമതല പ്രദേശങ്ങളിലെ കാട് വെട്ടിത്തെളിച്ച് സമ്പന്നരായ ഇവര്‍ പല നഗരങ്ങളും പടുത്തുയര്‍ത്തി. മായന്മാര് അവരുടെ രാജ്യത്തെ നഗര രാഷ്ട്രങ്ങളായി വിഭജിച്ചിരുന്നു. നഗര രാഷ്ട്രങ്ങള്‍ക്ക് ഭരണാധികാരികള്‍ ഉണ്ടായിരുന്നു. മായന്മാര് ബഹുദൈവ വിശ്വാസികളായിരുന്നു. ശില്പകലയില് വിദഗ്ദ്ധരായിരുന്നു ഇവര്‍. പിരമിഡിന്റെ ആകൃതിയില്‍ കരിങ്കല്‍ കൊട്ടാരങ്ങളും ദേവാലയങ്ങളും നിര്‍മ്മിച്ചിരുന്നു.
മണ്‍പാത്ര നിര്‍മ്മാണത്തിലും പ്രതിമ നിര്‍മ്മാണത്തിലും മാത്രമല്ല, രത്നം (ഖമറല), സ്വര്‍ണ്ണം, വെള്ളി എന്നിവ കൊണ്ടുള്ള ആഭരണനിര്‍മ്മാണത്തിലും നിപുണരായിരുന്നു മായന്മാര്. ഒരു പ്രത്യകതരം അക്ഷരമാല അവര്‍ കണ്ടുപിടിച്ചു. മരത്തൊലിയിലും മാന്തോലിലും ഒരു ചെളിയില്‍ നിന്നുണ്ടാക്കിയ കടലാസിലും ചിത്രലിപികളുപയോഗിച്ചായിരുന്നു അവര്‍ എഴുതിയിരുന്നത്.
ജ്യോതിശാസ്ത്രവും വശമുണ്ടായിരുന്ന അവര്‍ 20 ദിവസം വീതമുള്ള 18 മാസങ്ങളും, 3 ദിവസങ്ങളും ചേര്‍ത്ത് 363 ദിവസങ്ങളുള്ള പഞ്ചാംഗവും നിര്‍മ്മിച്ചു. എന്നാല്‍ പില്ക്കാലത്ത് അംഗരാഷ്ട്രങ്ങള്‍ തമ്മിലുണ്ടായ ആഭ്യന്തരകലഹം നിമിത്തം മായന്‍ രാഷ്ട്രീയശക്തിയും നാഗരികതയും ക്ഷയോന്മുഖമായി. 15-ാം നൂറ്റാണ്ടില്‍ വിദേശീയരായ സ്പെയിന്‍കാര്‍ അമേരിക്കയില്‍ കുടിയേറിയപ്പോള്‍ സാംസ്കാരികമായി അധഃപതിച്ചു കഴിഞ്ഞിരുന്ന മായന്മാരെ കീഴടക്കാന്‍ വലിയ പ്രയാസമുണ്ടായില്ല.
മെക്സിക്കന്‍ പീഠഭൂമിയുടെ തെക്കുഭാഗത്ത് താമസമുറപ്പിച്ച മറെറാരു ജനതയായിരുന്നു ടോള്ടെക്ക് വര്‍ഗ്ഗക്കാര്‍. ഇവരും മായന്മാരെപ്പോലെ കൂററന്‍ പിരമിഡുകളും കൊട്ടാരങ്ങളും നിര്‍മ്മിച്ചിരുന്നു. യുദ്ധപ്രിയരായിരുന്ന ടോള്ടെക്കുകള് ദൈവപ്രീതിക്കായി നരബലി നടത്തിയിരുന്നു. യുദ്ധത്തില്‍ തോല്‍ക്കുന്നവരെ തടവുകാരാക്കി നരബലിക്ക് ഉപയോഗിച്ചിരുന്നു.
ടോള്ടെക്ക് വര്‍ഗ്ഗത്തെ കീഴടക്കി മെക്സിക്കോയില്‍ തന്നെ സ്ഥിരതാമസമാക്കിയിരുന്ന മറ്റൊരു അമേരിക്കനിന്ത്യന്‍ ജനതയായിരുന്നു ആസ്ടെക്ക് വര്‍ഗ്ഗക്കാര്‍. ആസ്ടെക്കുകള്‍ മെക്സിക്കന്‍ ദ്വീപുകളില്‍ ഓലമേഞ്ഞ വീടുകളുണ്ടാക്കി. അവര്‍ പാര്‍ത്ത ഗ്രാമങ്ങള്‍ കാലക്രമേണ നഗരങ്ങളായി വികാസം പ്രാപിച്ചു.
ചുററുപാടുമുള്ള ദേശങ്ങളില്‍ ആധിപത്യം സ്ഥാപിച്ച ആസ്ടെക്കുകള്‍ ഏ.ഡി. 15-ാം നൂററാണ്ടായപ്പോഴേക്കും മെക്സിക്കോ നഗരത്തിന്റെ മദ്ധ്യഭാഗം മുഴുവനും അവരുടെ അധീനതയിലാക്കി. കൃഷിയും കച്ചവടവും കൈത്തൊഴിലും വശമായിരുന്ന ഇവര്‍ ഒരു പഞ്ചാംഗവും വികസിപ്പിച്ചെടുത്തു. ഗണിതശാസ്ത്രത്തിലും ശില്പവിദ്യയിലും എഞ്ചിനീയറിംഗിലും അവര്‍ വലിയ പുരോഗതി നേടിയിരുന്നു. കോണ്‍ക്രീററും കരിങ്കല്ലും ഉപയോഗിച്ച് മനോഹരമായി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു.
ചെമ്പ്, സ്വര്‍ണ്ണം, തകരം എന്നീ ലോഹങ്ങള്‍ കൊണ്ടുണ്ടാക്കിയ നാണയങ്ങള്‍ അവര്‍ ഉപയോഗിച്ചിരുന്നു. നരബലി നടത്തിയിരുന്ന ആസ്ടെക്കുകള്‍ ബഹുദൈവ വിശ്വാസികളും സര്പ്പാരാധകരുമായിരുന്നു. നരഭോജികളായിരുന്ന ഇവര്‍ വൃഷ്ടിദേവതകളെ പ്രീതിപ്പെടുത്തുന്നതിന് കൊച്ചുകുട്ടികളെ ബലിയര്‍പ്പിച്ചിരുന്നു. 15-ാം നൂററാണ്ടില്‍ സ്പെയിന്‍കാര്‍ ആസ്ടെക്കുകളെ പരാജയപ്പെടുത്തുകയും സ്പാനിഷ് കോളനി സ്ഥാപിക്കുകയും ചെയ്തു.
പെറുവില്‍ ഒരു സാമ്രാജ്യം സ്ഥാപിച്ച ഇന്‍കാ ജനതയായിരുന്നു അമേരിക്കനിന്ത്യന്‍ ജനവര്ഗ്ഗങ്ങളില് ഏററവും പരിഷ്കൃത വിഭാഗം. ഏ.ഡി. 16-ാം നൂററാണ്ടില്‍ പെറു ആക്രമിച്ച് കീഴടക്കിയ സ്പെയിനിലെ ആക്രമണകാരികള്‍ കണ്ടത് അനേക ശതാബ്ദങ്ങളായി നിലനിന്നിരുന്ന ഒരു പരിഷ്കൃത സാമ്രാജ്യത്തെയാണ്.
‘ഇന്‍കാ’ എന്ന വാക്കിന്റെ അര്‍ത്ഥം രാജ്യം ഭരിക്കുന്ന ചക്രവര്‍ത്തി എന്നാണ്. ഇന്‍കാ സാമ്രാജ്യം സൈനികശക്തിയില്‍ അധിഷ്ഠിതമായിരുന്നു. ഉദ്യോഗസ്ഥരും പട്ടാളമേധാവികളും ഭരണത്തില്‍ രാജാവിനെ സഹായിച്ചിരുന്നു. കരിങ്കല്ല് കൊണ്ടു പണിത അനേകായിരം മൈലുകള്‍ നീണ്ടുകിടന്നിരുന്ന ഉറപ്പുള്ള പൊതുനിരത്തുകള്‍ രാജ്യത്തുടനീളം അവര്‍ പണിതിരുന്നു. ‘കുസ്കോ’ നഗരമായിരുന്നു ഇന്കന്മാരുടെ തലസ്ഥാനം.
അവര്‍ ധാരാളം ദേവാലയങ്ങളും കൊട്ടാരങ്ങളും മനോഹര ഹര്‍മ്മ്യങ്ങളും നിര്‍മ്മിച്ചു. അവരുടെ ഇഷ്ടദേവനായിരുന്ന സൂര്യദേവന്റെ ദേവാലയം കല്പണിയുടെ മകുടോദാഹരണമായി നിലകൊണ്ടു. മണ്‍പാത്ര നിര്‍മ്മിതിയിലും ചെമ്പ്, സ്വര്‍ണ്ണം, വെള്ളി എന്നീ ലോഹങ്ങള്‍ കൊണ്ട് ആഭരണങ്ങള്‍ പണിയുന്നതിലും വിദഗ്ദ്ധരായിരുന്നു ഇന്‍കന്മാര്‍. പരുത്തിച്ചെടികള്‍ നട്ടുവളര്‍ത്തി അതിമനോഹരമായ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുകയും, ജന്തുക്കളുടെ രോമങ്ങള്‍ ഉപയോഗിച്ച് കമ്പിളി വസ്ത്രങ്ങള്‍ നെയ്യുകയും ചെയ്തു.
അധികാരം രാജാവില്‍ കേന്ദ്രീകരിച്ചിരുന്നെങ്കിലും അദ്ദേഹം ജനക്ഷേമ തല്പരനായിരുന്നു. കൃഷിക്കാരന് ആവശ്യമുള്ളത്ര ഭൂമി സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിനു പകരമായി വിളവിന്റെ മൂന്നിലൊരു ഭാഗം സര്‍ക്കാരിന് നല്‍കണമെന്നായിരുന്നു വ്യവസ്ഥ. മൂന്നിലൊന്ന് ദേവാലയങ്ങള്‍ക്കും ബാക്കി വിഹിതം കര്ഷകര്ക്കുമുള്ളതായിരുന്നു.
സംഗീതത്തിലും കവിതയിലും ഉന്നതനിലവാരം പുലര്‍ത്തിയിരുന്ന ഇന്‍കാ ജനത മായന്മാരെക്കാളും ടോള്ടെക്കുകളെക്കാളും ആസ്ടെക്കുകളെക്കാളും പരിഷ്കൃതരായിരുന്നു. നരബലി അവരുടെയിടയില്‍ ഉണ്ടായിരുന്നില്ല. പലയിനം കാട്ടുചെടികള്‍ മനുഷ്യന് ഉപയോഗമുള്ളവയാണെന്നു കണ്ടെത്തി കൃഷി ചെയ്ത് ലോകജനതയ്ക്കു നല്‍കിയത് ഇന്കന്മാരായിരുന്നു.
ചോളം, ഉരുളക്കിഴങ്ങ്, തക്കാളി, മത്തങ്ങ, കൈതച്ചക്ക, ഞാവല്പഴം, നിലക്കടല, പേരയ്ക്ക, പുകയില, കൊയ്ന, കൊക്കെയ്ന്‍ തുടങ്ങി അവരുടെ സംഭാവനയുടെ പട്ടിക വലുതാണ്. കാലാന്തരത്തില്‍ അന്തഃച്ഛിദ്രം മൂലം ദുര്‍ബലമായിത്തീര്‍ന്ന ഇന്‍കാ ജനതയെ സ്പെയിനില്‍ നിന്നെത്തിയ ആക്രമണകാരികള്‍ കീഴടക്കുകയാണുണ്ടായത്.
അമേരിക്കന്‍ അധിനിവേശ ചരിത്രം തദ്ദേശവാസികളായിരുന്ന റെഡ് ഇന്ത്യാക്കാരുടെ നാശത്തിന്റെയും കീഴടക്കലിന്റെയും പാര്‍ശ്വവല്‍ക്കരണത്തിന്റെയും ചരിത്രം കൂടിയാണ്.
– ഡോ. ഓമന റസ്സല്‍






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.