ഐപിസി ആസ്ഥാനത്ത് പ്ലക്കാര്‍ഡ് പിടിച്ച് നില്‍പ്പുസമരം നടത്താനാഹ്വാനം ചെയ്ത് വാട്‌സാപ് ശബ്ദസന്ദേശം

ഐപിസി ആസ്ഥാനത്ത് പ്ലക്കാര്‍ഡ് പിടിച്ച് നില്‍പ്പുസമരം നടത്താനാഹ്വാനം ചെയ്ത് വാട്‌സാപ് ശബ്ദസന്ദേശം

തിരുവല്ല: കുമ്പനാട് ഐപിസി ആസ്ഥാനത്ത് പ്ലക്കാർഡ് പിടിച്ച് പാസ്റ്റർമാരും വിശ്വാസികളും നിൽപ്പുസമരം പോലെ പ്രതിഷേധം നടത്തണമെന്ന് ആഹ്വാനം ചെയ്യുന്ന രീതിയിൽ വാട്സാപ് ശബ്ദസന്ദേശം പ്രചരിക്കുന്നു. ഐപിസി സഭയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നൊരു വാട്സാപ് ഗ്രൂപ്പിലാണ് ഈ ശബ്ദസന്ദേശം ആദ്യമെത്തിയത്.

തിരുവല്ലയിലെ പാസ്റ്റർമാരും വിശ്വാസികളുമാണ് പ്രതിഷേധത്തിൽ പങ്കെടുക്കേണ്ടതെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നു. ഏത് പ്രശ്നവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധിക്കേണ്ടതെന്ന് വ്യക്തമല്ല. സമാധാനപരമായിരിക്കണം പ്രതിഷേധമെന്ന് പറയുന്നുണ്ട്. മുദ്രാവാക്യം വിളിക്കരുതെന്നും ആരോടും തട്ടിക്കയറരുതെന്നും പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. വേദനയും ദുഃഖവുമാണറിയിക്കേണ്ടത്. മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റണമെന്നും നിർദേശിക്കുന്നു.

ഐപിസിയിൽ വിവാദവിഷയങ്ങളായി ചർച്ചകൾ നടക്കുന്ന കെ. പി. കുര്യൻ പ്രശ്നമാണോ, അതോ കേരളാ സ്റ്റേറ്റിൽ ശുശ്രൂഷകനായി തിരിച്ചറിയൽ കാർഡില്ലാതെ സെൻ്റർ പാസ്റ്റർ സ്ഥാനം വഹിക്കുന്ന ജനറൽ പ്രസിഡൻ്റ് വൽസൻ എബ്രഹാമിൻ്റെ നിയമരാഹിത്യ പ്രശ്നത്തിനെതിരെയാണോ ശബ്ദസന്ദേശമെന്ന് വ്യക്തമല്ല.

പെന്തെക്കോസ്ത് സഭകളിൽ കേട്ടുകേഴ്‌വി പോലുമില്ലാത്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചാൽ സഭയെ ഒന്നടങ്കം ടിവി ചാനലുകൾക്കും സമൂഹമാധ്യമങ്ങൾക്കും ‘ട്രോളിക്കൊല്ലാൻ’ സുവർണാവസരം നൽകുമെന്നത് തീർച്ചയാണ്.

കുമ്പനാട് ഹെബ്രോൻപുരത്തെ സഭ ആസ്ഥാനത്തിന് മുന്നിലെ പ്രതിഷേധത്തിലൂടെ ‘ഇവരുടെ ഇടപാട് തീർക്കുന്ന’ ആക്ഷൻസുണ്ടാകണമെന്നാണ് കക്ഷി ആഗ്രഹിക്കുന്നത്.

ആരുടെ ഇടപാടാണ് തീർക്കേണ്ടത് ? ഇങ്ങനെ പ്രതിഷേധിച്ചാൽ ‘അവരുടെ അടപ്പൂരും’ എന്നും പറയുന്നുണ്ട്. ആരുടെ ‘അടപ്പാണ് ഊരുന്ന’തെന്ന് വ്യക്തമല്ല. സ്റ്റേറ്റ് കൗൺസിലിൻ്റേതാണോ? അതോ ജനറൽ കൗൺസിലിൻ്റേതാണോ? പൊന്നു സാറേ… വ്യക്തമായി മനസ്സിലാകുന്ന രീതിയിലൊന്നു പറഞ്ഞ് ‘തുലയ്ക്കണ്ടേ’ ? ഒന്നും പിടികിട്ടുന്നില്ല.

ശബ്ദസന്ദേശം താഴെ കൊടുത്തിരിക്കുന്നു

വാട്സാപ് ശബ്ദസന്ദേശം

“ഇപ്പ തിരുവല്ലായില്‍ അഥവാ കുമ്പനാട്ട് ഈ കോവിഡിന്റെ നിരോധനമൊന്നുമില്ലാത്ത സമയം നോക്കി തിരുവല്ലായിലെ അമ്പത് സഭയുണ്ടേ അമ്പത് പാസ്റ്റേഴ്‌സും അവിടുത്തെ ഉത്തരവാദത്തപ്പെട്ട ഓരോ വിശ്വാസികളും; നൂറുപേരായി. ഈ നൂറുപേര് കുമ്പനാട് ഒരുമിച്ച് ചെല്ലരുത്. അവരവരുടെ വണ്ടിയില്‍ ചെന്നിട്ട്, അല്ലേ ആ രീതിയിൽ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചെന്നിട്ട് അവിട് ആ മൈതാനത്ത് നെരന്ന് നിക്കണം. ആ നെരന്ന് നിക്കുവായെന്നു പറഞ്ഞാ.. ഒന്നരരണ്ട് മീറ്റര്‍ അകലം വെച്ച് മാസ്‌ക് വെച്ച് നിക്കണം. രണ്ടോ മൂന്നോ പേരുടെ കൈയില്‍ ഒരു പ്ലാക്കാർഡ് വേണം. ശബ്ദിക്കരുത് ആരും. ഒന്നും മിണ്ടണ്ടാ. അവിടെ ചുമ്മാ ഒരു പതിനഞ്ച് മിനിറ്റ് നില്‍ക്കുക. അത് അധികാരികളെയും മീഡിയാസിനെയും(മീഡിയ) അറിയിക്കണം. അത് ലോകമറിയുമ്പോള്‍ ഇവരുടെ അടപ്പൂരും. അതൊരു സമരമല്ല, അതൊരു വഴക്കല്ല, ഒരു ദുഃഖം രേഖപ്പെടുത്തുകയാണ്. വേദന രേഖപ്പെടുത്തുകയാണ്. ഒരു നില്‍പ്പുസമരം പോലെ, കേട്ടോ? ആ രീതിയില്‍ എന്തെങ്കിലും ചെല ആക്ഷന്‍സ് ഒണ്ടാകണം. അവിടെ പോയി മുദ്രാവാക്യം വിളിക്കാനോ തട്ടിക്കേറാനോ വഴക്കുണ്ടാക്കാനോ സംസാരിക്കാനോ ഒന്നും അവസരം കൊടുക്കരുത്. അവിടെയുള്ള പാസ്റ്റേഴ്‌സ് വിശ്വാസികളോടൊപ്പം ഈ പറഞ്ഞതു പോലെ ലൈനായിട്ട് മൈതാനത്ത് നിരന്നു നില്‍ക്കുക. ഇങ്ങനെ നിരന്നു നില്‍ക്കുമ്പോള്‍ തന്നെ പതിനഞ്ച് മിനിറ്റ് എന്താ നിക്കുന്നതെന്ന് ആളുകള്‍ അന്വേഷിക്കും. ഞങ്ങളുടെ വേദനയ്ക്കു വേണ്ടിയാണെന്ന് പ്ലാക്കാർഡ് നോക്കി ടിവിക്കാരും എടുത്തിട്ടോളും പത്രക്കാരും എടുത്തിട്ടോളും. അത് ഇവനെ, ഇവരുടെ ഇടപാട് തീര്‍ക്കും. അങ്ങനെ വല്ല നടപടികളിലേക്ക് നീങ്ങാന്‍ അവിടെയുള്ള ഉത്തരവാദത്തപ്പെട്ടവരോട് പറഞ്ഞു കൊടുക്ക്”.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!