54 വര്‍ഷത്തെ പോര്‍ച്ചുഗീസുകാരുടെ മതകോളനിവത്കരണത്തിന്റെ ഫലമായുണ്ടായ കടുത്ത അസംതൃപ്തിയുടെ ബഹിര്‍സ്ഫുരണവും സ്വാതന്ത്ര്യപ്രഖ്യാപനവുമായിരുന്നു കൂനന്‍കുരിശ് സത്യം. ഉദയംപേരൂര്‍ സൂനഹദോസിനു ശേഷം റോമന്‍കത്തോലിക്കാ ബിഷപ്പുമാര്‍ മാര്‍ത്തോമ്മാ സഭയില്‍ നിയോഗിക്കപ്പെട്ടു.
ഈ ബിഷപ്പുമാരില്‍ പലരും ക്രൂരമായ ഭരണം നടത്തിയതിന്റെ ഫലമായി ഏതുവിധേനയെങ്കിലും പോര്‍ച്ചുഗീസ് നുകത്തില്‍ നിന്നും രക്ഷനേടാന്‍ തന്നെ മലങ്കര ക്രിസ്ത്യാനികള്‍ തീരുമാനിച്ചു. പൗരസ്ത്യദേശത്തു നിന്നും മെത്രാനെ ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ പുനരാരംഭിച്ചു. ഇതിന്റെ ഫലമായി ‘അഹത്തുള്ള’ എന്ന ബിഷപ്പ് കേരളത്തിലേക്ക് നിയോഗിക്കപ്പെട്ടെങ്കിലും മാര്‍ഗ്ഗമദ്ധ്യേ പോര്‍ച്ചുഗീസുകാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
ഗോവയിലേക്ക് കൊണ്ടുപോകും വഴി അഹത്തുള്ള കയറിയ കപ്പല്‍ കൊച്ചിയിലെത്തി. മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ കൊച്ചിയിലെത്തിയെങ്കിലും അഹത്തുള്ളയെ കാണാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കപ്പല്‍ ഗോവയിലേക്ക് പുറപ്പെട്ട ശേഷം അഹത്തുള്ളയെ കടലില്‍ മുക്കി കൊന്നു എന്ന ശ്രുതി പരന്നു. ഇതോടെ ക്ഷുഭിതരായ ജനക്കൂട്ടം മട്ടാഞ്ചേരി പള്ളിയുടെ മുമ്പില്‍ തടിച്ചുകൂടി കുരിശില്‍ വടം കെട്ടി അതില്‍ പിടിച്ച്, മേലാല്‍ പോര്‍ച്ചുഗീസ് മെത്രാന്മാരെ അനുസരിക്കുകയില്ലെന്ന് പ്രതിജ്ഞ ചെയ്തു.
300 കുടുംബങ്ങള്‍ റോമന്‍ അധീശത്വം വലിച്ചെറിഞ്ഞ് തങ്ങളുടെ ആദിമവിശ്വാസത്തിലേക്ക് മടങ്ങിപ്പോയെന്നാണ് കണക്ക്. ഇവരാണ് ഇന്നത്തെ ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ വിശ്വാസികളുടെ മുന്‍തലമുറ.
പോര്‍ച്ചുഗീസ് നുകത്തിന് കീഴില്‍ കഴിഞ്ഞിരുന്ന മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ റോമന്‍ മെത്രാപ്പോലീത്തയെ ഉപേക്ഷിക്കുകയും, അര്ക്കദോക്യന്റെ നേതൃത്വം അംഗീകരിക്കുകയും ചെയ്തു. മാര്‍ത്തോമ്മാ സഭയുടെ പ്രതിനിധികള്‍ 1653 മെയ് മാസം 22-ാം തീയതി ആലങ്ങാട്ട് സമ്മേളിച്ച് അര്ക്കദോക്യനെ മാര്‍ത്തോമ്മാ പ്രഥമന്‍ എന്ന നാമധേയം നല്കി മെത്രാപ്പോലീത്തയായി വാഴിച്ചു. മാര്‍ത്തോമ്മാ പ്രഥമനെ അംഗീകരിച്ചവര്‍ പുത്തന്‍കൂറ്റുകാര്‍ എന്നും, റോമാ വിശ്വാസത്തോട് ചേര്‍ന്നു നിന്നവര്‍ പഴയകൂറ്റുകാര്‍ എന്നും അറിയപ്പെട്ടു.
പോര്‍ച്ചുഗീസുകാരുടെ മതകൊളോണിയലിസത്തിനെതിരെയും ഒരു പാശ്ചാത്യ ശക്തിക്കെതിരെയും കേരളത്തിലുണ്ടായ ആദ്യത്തെ പ്രക്ഷോഭമായിരുന്നു കൂനന്‍കുരിശു സത്യമെന്ന പേരില്‍ മട്ടാഞ്ചേരി പള്ളിയുടെ മുന്നിലെ കുരിശിനു മുന്നില്‍ അരങ്ങേറിയ സമരം.

– ഡോ. ഓമന റസ്സല്‍
(സീനിയര്‍അക്കാഡമിക് ഫെല്ലോ, ICHR ഡല്‍ഹി)































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.