സ്വവർഗ ബന്ധങ്ങൾ ആശീർവദിക്കാൻ ജർമ്മന്‍ സഭ എടുത്ത തീരുമാനം വത്തിക്കാൻ തള്ളി

സ്വവർഗ ബന്ധങ്ങൾ ആശീർവദിക്കാൻ ജർമ്മന്‍ സഭ എടുത്ത തീരുമാനം വത്തിക്കാൻ തള്ളി

വത്തിക്കാന്‍ സിറ്റി: അടുത്ത നാളില്‍ സ്വവർഗ്ഗ ബന്ധങ്ങൾ ആശീർവദിക്കാൻ ജർമ്മന്‍ സഭ എടുത്ത നീക്കത്തെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ തള്ളിപ്പറഞ്ഞു.

ലാ സിവിൽറ്റാ കത്തോലിക്ക എന്ന ജെസ്യൂട്ട് മാസികയുടെ എഡിറ്റര്‍ ഫാ. അന്റോണിയോ സ്പഡാരോ എഴുതിയ ‘ദ അറ്റ്ലസ് ഓഫ് ഫ്രാൻസിസ്: വത്തിക്കാൻ ആൻഡ് ഇന്റർനാഷണൽ പൊളിറ്റിക്സ്’ എന്ന പേരിലുള്ള പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് സഭാ പഠനങ്ങൾക്ക് വിരുദ്ധമായി ജർമ്മനിയിലെ സിനഡ് വോട്ടെടുപ്പിലൂടെ, സ്വവർഗാനുരാഗ ബന്ധങ്ങളുടെ ആശീർവാദം അടക്കമുള്ള വിഷയങ്ങളിൽ എടുത്ത നിലപാടുകളെ കര്‍ദ്ദിനാള്‍ തള്ളിപ്പറഞ്ഞത്. ഫ്രാൻസിസ് മാർപാപ്പയുടെ ഒന്‍പതംഗ ഉപദേശക സമിതിയിലെ ഒരാള്‍ കൂടിയാണ് കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച (മാർച്ച് 14) ‘ലാ സിവിൽറ്റാ’ ആസ്ഥാനത്തുവെച്ച് നടന്ന ചടങ്ങില്‍ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും പങ്കെടുത്തിരുന്നു. സ്വവര്‍ഗ്ഗബന്ധങ്ങളുടെ ആശീര്‍വാദം സംബന്ധിച്ച വിഷയത്തിൽ വത്തിക്കാൻ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നതാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ ആവര്‍ത്തിച്ചു.

ആഗോള സഭയുടെ സിനഡിൽ സംവാദങ്ങൾ തുടരുമെന്ന് പറഞ്ഞ അദ്ദേഹം, സഭയുടെ ഔദ്യോഗിക പ്രബോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു പ്രാദേശിക സഭയ്ക്ക് തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു. മാർച്ച് പത്താം തീയതിയാണ് ജർമ്മനിയിലെ സിനഡിൽ സ്വവർഗാനുരാഗ ബന്ധങ്ങൾ ആശിർവദിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെടുന്ന നിർദ്ദേശം പാസാക്കിയത്. 58 മെത്രാന്മാരിൽ 9 മെത്രാന്മാര്‍ ഇതിനെതിരെ വോട്ട് ചെയ്തിരിന്നു. 11 പേർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.

2021 മാർച്ച് മാസത്തില്‍ വത്തിക്കാൻ വിശ്വാസ തിരുസംഘം സ്വവര്‍ഗ്ഗ ബന്ധങ്ങൾ ആശിർവദിക്കാൻ സാധിക്കില്ലായെന്ന് വ്യക്തമാക്കിയിരുന്നു. സ്വവര്‍ഗ്ഗാനുരാഗികളുടെ ബന്ധത്തിന് കൗദാശികമായ ആശീര്‍വാദം നല്‍കുവാന്‍ കഴിയില്ലെന്നും ആരോടുമുള്ള വിവേചനമല്ലെന്നും, സ്വവര്‍ഗ്ഗാനുരാഗികളായ വ്യക്തികളോടുള്ള നിഷേധമല്ലെന്നും, മറിച്ച് കൗദാശിക സത്യങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണെന്നും വിശ്വാസ തിരുസംഘം അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലൂയിസ് ലഡാരിയയും, സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഗിയാക്കൊമോ മൊറാണ്ടിയും അന്ന് വ്യക്തമാക്കി. ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെയാണ് വിശ്വാസ തിരുസംഘം ഇതുസംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്.

2019 ലാണ് ജർമ്മനിയിലെ മെത്രാന്മാരും, അൽമായരും ഉൾപ്പെടുന്ന സിനഡല്‍ പാത്ത് പരിഷ്കരണ ചര്‍ച്ചകള്‍ക്ക് ആരംഭം കുറിക്കുന്നത്. ലൈംഗീകത, പൗരോഹിത്യം, സഭയിലെ സ്ത്രീ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങള്‍ പ്രമേയമായിരിന്നു.

സ്വവർഗാനുരാഗ ബന്ധങ്ങളുടെ ആശീർവാദം കൂടാതെ വനിതാ പൗരോഹിത്യം അനുവദിച്ച് നൽകണമെന്നും അടുത്തിടെ സമാപിച്ച ജര്‍മ്മന്‍ സിനഡില്‍ ആവശ്യമുയര്‍ന്നിരിന്നു. ഇതും സഭയുടെ പ്രബോധനങ്ങൾക്ക് വിരുദ്ധമാണ്. വനിതാ പൗരോഹിത്യവും വത്തിക്കാന്‍ നേരത്തെ തള്ളിക്കളഞ്ഞിരിന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!