11000 കോടി രൂപ ആസ്തിയുള്ളു ഒരു അമേരിക്കൻ ബാങ്ക് കൂടി തകർന്നു

11000 കോടി രൂപ ആസ്തിയുള്ളു ഒരു അമേരിക്കൻ ബാങ്ക് കൂടി തകർന്നു

◾അമേരിക്കയില്‍ ഒരു ബാങ്കു കൂടി തകര്‍ന്നു. ന്യൂയോര്‍ക്കിലെ സിഗ്‌നേച്ചര്‍ ബാങ്കാണ് അടച്ചുപൂട്ടിയത്. 11,000 കോടി രൂപയുടെ ആസ്തിയുള്ള ബാങ്കാണിത്. സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ മറ്റൊരു ബാങ്ക് കൂടി തകര്‍ന്നത് ലോകമെങ്ങും ബാങ്കിംഗ് ഓഹരികളുടെ വിലയിടിയാന്‍ കാരണമായി. ഒരാഴ്ചക്കിടെ രണ്ട് അമേരിക്കന്‍ ബാങ്കുകള്‍ തകര്‍ന്നത് ആഗോള സാമ്പത്തിക രംഗത്തെ കൂടുതല്‍ മാന്ദ്യ ഭീതിയിലാക്കി.

◾സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള വനഭൂമി നിക്ഷിപ്തമാക്കല്‍ നിയമത്തില്‍ ഇളവ് വരുത്തും. 50 സെന്റ് വരെ കൈവശമുള്ള ഭൂമിക്ക് ഇളവ് നല്‍കാനാണ് വനം- റവന്യുമന്ത്രിമാരുടെ യോഗം തീരുമാനിച്ചത്. 26 സെന്റ് വരെയുള്ള ഭൂമിക്കു ഇളവു നല്‍കാനായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ. സ്വകാര്യവ്യക്തികളുടെ കൈവശമുള്ളതും പിന്നീട് വനഭൂമിയായി മാറിയതുമായ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള 1971 ലെ നിയമത്തിലാണു ഭേദഗതി വരുത്തുന്നത്.

◾സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹര്‍ജി സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് പരിഗണിക്കും. നിയമവിധേയമാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് ഇനി പരിഗണിക്കുക. ഹര്‍ജികള്‍ ഏപ്രില്‍ 18 ന് പരിഗണിക്കും. വാദം തത്സമയം ജനങ്ങളെ കാണിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചു.

◾ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീ പിടുത്തത്തില്‍ വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഏകോപനത്തോടെ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അണയ്ക്കുന്നതിനായി പ്രവര്‍ത്തിച്ച അഗ്‌നിശമന സേനാംഗങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

◾ബ്രഹ്‌മപുരം വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി മന്‍സുഖ് മാണ്ഡവ്യക്കു നിവേദനം നല്‍കി. ഹൈബി ഈഡന്‍, ബെന്നി ബെഹന്നാന്‍, കെ. മുരളീധരന്‍, കൊടിക്കുന്നില്‍  സുരേഷ്, എന്‍ കെ പ്രേമചന്ദ്രന്‍, എം കെ രാഘവന്‍, ടി എന്‍ പ്രതാപന്‍, ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ് എന്നിവരാണ് നിവേദനം നല്‍കിയത്.

◾ബ്രഹ്‌മപുരം വിഷയം പരിഗണിച്ചപ്പോള്‍ നേരിട്ട് എത്താത്തതിന് എറണാകുളം ജില്ലാ കളക്ടര്‍ക്കു ഹൈക്കോടതിയുടെ വിമര്‍ശനം. ഓണ്‍ലൈനിലാണ് കളക്ടര്‍ ഹാജരായത്. കുട്ടിക്കളിയല്ലെന്ന് ഹൈക്കോടതി കളക്ടറെ ഓര്‍മിപ്പിച്ചു. അതേസമയം, ബ്രഹ്‌മപുരം പ്ലാന്റിന്റെ പ്രവര്‍ത്തനശേഷി മോശമാണെന്നും കരാര്‍ കമ്പനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.

◾കൊച്ചി കോര്‍പറേഷനില്‍ ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ അടിയേറ്റ് കോര്‍പറേഷന്‍ കൗണ്‍സിലറുടെ തല പൊളിഞ്ഞു. നിരവധി പേര്‍ക്കു പരിക്ക്. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ മേയറുടെ ഓഫീസിനു മുന്നില്‍ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മേയറെ ഉപരോധിച്ചതോടെ കൈയാങ്കളിയില്‍ കലാശിച്ചു. ഇതിനിടെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.

◾എംപിമാരായ കെ. മുരളീധരനും എം.കെ. രാഘവനും എതിരേ അച്ചടക്ക നടപടിയുടെ ഭാഗമായി താക്കീതു കത്തു നല്‍കിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ കോണ്‍ഗ്രസ് എംപിമാര്‍. ഏഴ് എംപിമാര്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനു പരാതി നല്‍കി. രമേശ് ചെന്നിത്തലയും എം.എം. ഹസനും അടക്കമുള്ള നേതാക്കള്‍ കെപിസിസി നടപടിക്കെതിരേ നിശിതമായ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.

◾ബ്രഹ്‌മപുരം തീപിടുത്തത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന നിര്‍വാഹ സമിതി യോഗത്തില്‍ ചില നേതാക്കള്‍ ആവശ്യപ്പെട്ടു. ബ്രഹ്‌മപുരം ദുരന്തം കേരളത്തിന്റെ നന്ദിഗ്രാമെന്ന് മുതിര്‍ന്ന നേതാവ് മുല്ലക്കര രത്നാകരന്‍  വിമര്‍ശിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ചര്‍ച്ച വേണ്ടെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിലപാടെടുത്തതോടെ ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുത്തില്ല.

◾സംസ്ഥാനത്ത് പുതിയ ഡിജിപിയെ നിമയിക്കാനുള്ള പരിഗണനാ പട്ടികയില്‍ 30 വര്‍ഷത്തെ സേവനമുള്ള എട്ടു സീനിയര്‍ ഐപിഎസ് ഓഫീസര്‍മാര്‍. ജൂണ്‍ 30 ന്  പൊലിസ് മേധാവി അനില്‍കാന്ത് വിരമിക്കുന്നതിനാലാണ് പുതിയ പൊലിസ് മേധാവിയെ കണ്ടെത്തുന്നത്. നിധിന്‍ അഗര്‍വാള്‍, കെ.പത്മകുമാര്‍, ഷെയ്ക്ക് ദര്‍വേസ് സാഹിബ് എന്നിവരില്‍ ഒരാള്‍ അടുത്ത സംസ്ഥാന പൊലീസ് മേധാവിയാകാനാണ് സാധ്യത.

◾ചില ഡോക്ടര്‍മാര്‍ തല്ലുകൊള്ളേണ്ടവരാണെന്ന് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ നിയമസഭയില്‍. മണ്ഡലത്തിലെ രോഗിയുടെ അനുഭവം വിവരിച്ചാണ് എംഎല്‍എയുടെ സഭയിലെ പരാമര്‍ശം. സൂപ്രണ്ട് ആവശ്യപ്പെട്ടിട്ടും ശസ്ത്രക്രിയ ചെയ്യാന്‍ തയാറാകാത്ത ഡോക്ടറുണ്ട്. ശസ്ത്രക്രിയക്കു ശേഷം പഴുപ്പുണ്ടായ സംഭവവുമുണ്ട്. വയറില്‍ കത്രിക മറന്നുവച്ച ഡോക്ടര്‍മാരുമുണ്ട്. ഇത്തരം ഡോക്ടര്‍മാര്‍ു തല്ലു ചോദിച്ചു വാങ്ങുന്നതാണെന്നും എംഎല്‍എ പറഞ്ഞു. 

◾ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ നാട്ടിലെത്തി. കുടുംബാംഗങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിദ്ദിഖ് കാപ്പാനെ സ്വീകരിച്ചു. ജയില്‍ മോചിതനായെങ്കിലും ജാമ്യ വ്യവസ്ഥകള്‍ പ്രകാരം ആറു ആഴ്ചക്കാലം ഡല്‍ഹിയില്‍ തങ്ങുകയായിരുന്നു കാപ്പന്‍.

◾പീഡനക്കേസിലെ ഇരയോട് കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ ജാമ്യമില്ലാക്കേസ് എടുത്തു. ചാവക്കാട് കോടതിയിലെ അഡ്വ. കെ.ആര്‍. രജിത്കുമാറിനെതിരെയാണ് കേസ്.

◾കഞ്ചിക്കോട് വാഹനം തട്ടിക്കൊണ്ടുപോയ കേസില്‍ ഏഴു പ്രതികള്‍ പിടിയില്‍. ആലപ്പുഴ സ്വദേശി ഷിഫാസ്, അജീഷ്, ഗോകുല്‍ രാജ്, സനല്‍, വിജിത്, വരന്തരപ്പിള്ളി സ്വദേശി കണ്ണന്‍ എന്നിവരാണ് പിടിയിലായത്. എറണാകളും, ആലപ്പുഴ ജില്ലകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളില്‍ ചിലര്‍ക്ക് ആലപ്പുഴ കള്ളനോട്ട് കേസുമായുള്ള ബന്ധം പൊലീസ് പരിശോധിക്കുന്നുണ്ട്.

◾വനിതാ കൃഷി ഓഫീസര്‍ എം. ജിഷമോള്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസില്‍ നാലു പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി അജീഷും കസ്റ്റഡിയിലെന്നു സൂചന.

◾ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിരേ വന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. പരിക്കേറ്റ മൂന്നാമത്തെ ആളുടെ നില അതീവ ഗുരുതരമാണ്. കുന്നംകുളം പെരുമ്പിലാവിലുണ്ടായ അപകടത്തില്‍ കോതമംഗലം സ്വദേശികളാണ് മരിച്ചത്.

◾സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ചര്‍ച്ച് ബില്‍ പിന്‍വലിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ. സുപ്രീംകോടതി വിധി മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമം. ബില്ലിനെതിരെ തിരുവനന്തപുരം സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ ഓര്‍ത്തഡോക്സ് സഭ പ്രതിഷേധ ഉപവാസ പ്രാര്‍ത്ഥനാ യജ്ഞം നടത്തി.

◾തളിപ്പറമ്പില്‍ കോടതി ജീവനക്കാരി കൂവോട് സ്വദേശി സാഹിതക്കു നേരെ ആസിഡ് ആക്രമണം. പൊള്ളലേറ്റ സാഹിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസിഡ് ഒഴിച്ച യുവതിയുടെ രണ്ടാം ഭര്‍ത്താവ് അഷ്‌ക്കര്‍ മാട്ടൂലിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.

◾തൃശൂര്‍ ചേര്‍പ്പിലെ സദാചാര കൊലപാതകത്തില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ചിറയ്ക്കല്‍ കോട്ടം നിവാസികളായ കൊടക്കാട്ടില്‍ വിജിത്ത്, വിഷ്ണു, ഡിനോണ്‍, അമീര്‍, അരുണ്‍, രാഹുല്‍, അഭിലാഷ്, ഗിഞ്ചു എന്നിവര്‍ക്കെതിരേയാണ് ലുക്കൗട്ട് നോട്ടീസ്.

◾തമിഴ്നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രമായ മേക്കര അണക്കെട്ടിന് സമീപമുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പത്തനംതിട്ട അടൂര്‍ സ്വേദേശി അനന്ദു ഉണ്ണികൃഷ്ണനാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.  കഴിഞ്ഞ നവംബറിലാണ്അച്ചന്‍കോവില്‍ സ്വദേശികളായ ഏഴു പേര്‍ അനന്ദുവിനെ മര്‍ദിച്ചത്. 

◾കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. കോഴിക്കോട് നരിക്കുനി സ്വദേശിനിയായ കണ്ടന്‍ പ്ലാക്കില്‍ അസ്മാബീവി (32)യാണ് പിടിയിലായത്.

◾കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 18 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. ദുബായിലേക്ക് പോകാനെത്തിയ കണ്ണൂര്‍ സ്വദേശികളായ റനീസ്, റസനാസ് എന്നിവരില്‍ നിന്നാണു വിദേശ കറന്‍സി പിടികൂടിയത്.

◾സിപിഐ സംഘടനാ നേതാവിന്റെ റേഷന്‍ കടയില്‍ 21 ക്വിന്റല്‍ അരിയുടെ വെട്ടിപ്പ്. കടയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. കേരളാ റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി പ്രിയന്‍കുമാര്‍ ലൈസന്‍സിയായുള്ള കുന്നത്തൂര്‍ താലൂക്കിലെ കടയാണ് സസ്പെന്‍ഡ് ചെയ്തത്. 

◾അട്ടപ്പാടിയിലെ ആദിവസി ദമ്പതികളുടെ നവജാതശിശു മരിച്ചു. ഷോളയൂര്‍ വരംഗപാടി ഊരിലെ സുധ-നാരായണ സ്വാമി ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. 870 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം.  അമ്മ സുധ അരിവാള്‍ രോഗിയാണ്.

◾മുതുകുളം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കണ്ണു പരിശോധകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍. നൂറനാട് ആദിക്കാട്ടുകുളങ്ങര റാഹത്ത് വീട്ടില്‍ അബ്ദുല്‍ റഫീക്കിനെയാണ് (48) തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കണ്ണ് പരിശോധനക്കെത്തിയ 14 വയസുകാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് നടപടി.

◾മകളെ ശല്യപ്പെടുത്തിയതിന് പൊലീസില്‍ പരാതി നല്‍കിയ പ്രതികാരവുമായി വീട്ടില്‍ കയറി ആക്രമണം നടത്തിയ യുവാവ് പിടിയില്‍. കോട്ടുകാല്‍ പയറ്റുവിള കുഴിയംവിള അനുശ്രീ നിവാസില്‍ അരുണിനെയാണ് (24) വിഴിഞ്ഞം പൊലീസ് പിടികൂടിയത്.

◾പ്ലംബിംഗ് ജോലിക്കെത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിലായി. കോഴിക്കോട് വടകരയില്‍ വള്ളിക്കാട് ബാലവാടി പയ്യംവെള്ളി ശ്രീജിത്തിനെയാണ് വടകര പൊലീസ് അറസ്റ്റു ചെയ്തത്.

◾മൂന്നു വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ 58 കാരന്  35 വര്‍ഷം തടവും 80,000 രൂപ പിഴയും. ചാലക്കുടി പരിയാരം ഒരപ്പന സ്വദേശി പുളിക്കന്‍ വീട്ടില്‍ വില്‍സനെയാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

◾അലഹബാദ് ഹൈക്കോടതി വളപ്പിലെ മസ്ജിദ് പൊളിച്ചു നീക്കണമെന്ന ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. മൂന്നു മാസത്തിനകം മസ്ജിദ് നീക്കം ചെയ്തില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കാം. കോടതി വളപ്പിലെ മസ്ജിദ് പൊളിച്ച് നീക്കണമെന്ന് അലഹബാദ് ഹൈക്കോടതി 2017 ല്‍ ഉത്തരവിട്ടിരുന്നു.

◾ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായ മലയാളി അരുണ്‍ പിള്ളയെ മൂന്നു ദിവസത്തേക്കുകൂടി എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു. തന്റെ മൊഴിയില്‍ ഇഡി കൃത്രിമത്വം കാട്ടിയെന്ന അരുണിന്റെ ആരോപണം ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഇഡി നിഷേധിച്ചു. ആംആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് നൂറു കോടി രൂപ നല്‍കിയെന്നാണ് ഇഡി ഹാജരാക്കിയ മൊഴി. പണത്തിന്റെ ഉറവിടംതേടി ബിആര്‍എസ് നേതാവ് കെ കവിതയെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അരുണ്‍ കവിതയുടെ ബിനാമിയാണെന്നാണ് ഇഡിയുടെ വിലയിരുത്തല്‍.

◾ഡല്‍ഹിയില്‍നിന്ന് ദോഹയിലേക്കു പുറപ്പെട്ട ഇന്‍ഡിഗോ വിമാന യാത്രക്കാരനു ദേഹാസ്വാസ്ഥ്യംമൂലം പാകിസ്ഥാനിലെ കറാച്ചിയില്‍ അടിയന്തിരമായി ഇറക്കി. യാത്രക്കാരന് ജീവന്‍രക്ഷാ പരിചരണം നല്‍കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

◾പഞ്ചാബില്‍ വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് ബെയ്ന്‍സ് ഐപിഎസ് ഉദ്യോഗസ്ഥ ഡോ. ജ്യോതി യാദവിനെ വിവാഹം കഴിയ്ക്കുന്നു. വിവാഹ നിശ്ചയം കഴിഞ്ഞു. മാന്‍സയിലെ പൊലീസ് സൂപ്രണ്ട് ആണ് ഡോ. ജ്യോതി യാദവ്.

◾വാങ്കുവിളിക്കാന്‍  ഉച്ചഭാഷിണി ഉപയോഗിക്കുന്നത് എന്തിനെന്നും അല്ലാഹുവിന് ചെവി കേള്‍ക്കാന്‍ പാടില്ലേയെന്നും വിവാദ പ്രസംഗവുമായി കര്‍ണാടകയിലെ ബിജെപി നേതാവ് കെ.എസ്. ഈശ്വരപ്പ. ബിജെപി പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ വാങ്കു വിളിച്ചപ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്.

◾അഞ്ചു വര്‍ഷത്തോളമുള്ള പ്രണയബന്ധം പീഡനമായി കണക്കാക്കാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി. അഞ്ചുവര്‍ഷം ഒരുമിച്ച് ജീവിക്കുകയും പിന്നീട് വിവാഹവാഗ്ദാനത്തില്‍ നിന്നും യുവാവ് പിന്‍മാറുകയും ചെയ്തെന്ന് ആരോപിച്ചുള്ള കേസിലാണ് കോടതിയുടെ പരാമര്‍ശം. കേസില്‍ യുവാവിനെ കോടതി വെറുതെ വിട്ടു.

◾വിവാഹിതരായ സഹോദരിമാരുടെ സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ സര്‍വവും എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. തേജസ്വിയുടേയും കുടുംബാംഗങ്ങളുടേയും വീട്ടില്‍നിന്ന് 600 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തെന്നാണ് ഇഡി അവകാശപ്പെട്ടിരുന്നത്.

◾എയര്‍ ഹോസ്റ്റസായ യുവതി ബെംഗളുരുവിലെ കോറമംഗള മല്ലപ്പ റെഡ്ഡി ലേ ഔട്ടിലുള്ള ഫ്ളാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണു മരിച്ച കേസില്‍ കാസര്‍കോട് സ്വദേശിയായ ആണ്‍സുഹൃത്ത് ആദേശ് അറസ്റ്റില്‍. ഹിമാചല്‍ പ്രദേശിലെ ഭവന്‍ സ്വദേശിയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ ക്യാബിന്‍ ക്രൂ അംഗവുമായ അര്‍ച്ചന ധീമാനാണു മരിച്ചത്. ആദേശ് അര്‍ച്ചനയെ തള്ളിയിട്ട് കൊന്നതാണെന്ന് അര്‍ച്ചനയുടെ കുടുംബം പരാതിപ്പെട്ടിരുന്നു.

◾പൂനെ വിമാനത്താവളത്തില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ 24 കാരിയായ യാത്രക്കാരി ഗുഞ്ചന്‍ രാജേഷ്‌കുമാര്‍ അഗര്‍വാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഐടി എഞ്ചിനീയറായ ഗുഞ്ചന്‍ പശ്ചിമ ബംഗാള്‍ സ്വദേശിനിയാണ്. ഓട്ടോ ഡ്രൈവറുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ എത്തിയ സുരക്ഷാ ജീവനക്കാര്‍ ഓട്ടോ ഡ്രൈവറുടെ പക്ഷം പിടിച്ചെന്ന് ആരോപിച്ച് അടിക്കുകയും ഒരു ഉദ്യോഗസ്ഥനെ കടിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.

◾ചൈനയില്‍ ‘പുഴു മഴ?’ ചൈനീസ് പ്രവിശ്യയായ ലിയോണിംഗിലാണ് പുഴുക്കള്‍ മഴ പോലെ പെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. വഴിയോരത്ത് നിര്‍ത്തിയിട്ട നിരവധി വാഹനങ്ങളില്‍ പുഴുക്കള്‍ കിടക്കുന്നതിന്റെയും വീടിന്റെ മേല്‍ക്കൂരകള്‍ പുഴുക്കള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നതുമായ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്.

◾എ.ടി.കെ മോഹന്‍ ബഗാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍. രണ്ടാംപാദ സെമി ഫൈനലില്‍ ഹൈദരാബാദ് എഫ്.സിയെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കിയാണ് മോഹന്‍ബഗാന്‍ ഫൈനലിലെത്തിയത്. ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിനാണ് മോഹന്‍ ബഗാന്റെ വിജയം. മാര്‍ച്ച് 18 ന് നടക്കുന്ന ഫൈനലില്‍ മോഹന്‍ ബഗാന്‍ ബെംഗളൂരു എഫ്.സിയെ നേരിടും.

◾വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് അഞ്ചാം തോല്‍വി. ഡല്‍ഹി ക്യാപിറ്റല്‍സാണ്  റോയല്‍ ചലഞ്ചേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് നാല് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ട് ബോള്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!