യു പി യിൽ 114 വർഷം പഴക്കമുള്ള  ക്രിസ്റ്റ്യൻ ആശുപത്രി  ഹിന്ദുത്വ വാദികളുടെ  ഭീഷണിയാൽ അടച്ചുപൂട്ടലിന്റെ വക്കിൽ

യു പി യിൽ 114 വർഷം പഴക്കമുള്ള  ക്രിസ്റ്റ്യൻ ആശുപത്രി  ഹിന്ദുത്വ വാദികളുടെ  ഭീഷണിയാൽ അടച്ചുപൂട്ടലിന്റെ വക്കിൽ

കാൺപൂർ: തീവ്രഹിന്ദുത്വവാദികളിൽ നിന്ന് തുടർച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങളെയും ഭീഷണിയെയും തുടർന്ന് ഉത്തർപ്രദേശിൽ പ്രവർത്തിക്കുന്ന ബ്രോഡ്‌വെൽ ക്രിസ്ത്യൻ ഹോസ്പിറ്റൽ അടച്ചുപൂട്ടലിന്റെ വക്കില്‍.

ഫത്തേപൂറിൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ആശുപത്രിയ്ക്കു 114 വര്‍ഷത്തെ പഴക്കമുണ്ട്. മതപരിവർത്തന ആരോപണം ഉന്നയിച്ചാണ് ഹിന്ദുത്വവാദികൾ ആശുപത്രിയെ ലക്ഷ്യം വെച്ചിരിക്കുന്നത്. സാമൂഹിക വികസനത്തിലും, ആരോഗ്യ മേഖലയിലും, സാധാരണക്കാരായ ജനങ്ങള്‍ക്ക് 114 വർഷമായി സേവനം ചെയ്യുന്ന ഒരു സുപ്രധാന ആതുരാലയമാണിത്.

ആശുപത്രിയിലെ ജീവനക്കാർക്കും, തലപ്പത്തുള്ളവർക്കും പ്രദേശവാസികളുമായി ഒരു സഹോദര തുല്യമായ ബന്ധമാണുള്ളതെന്നും എന്നാല്‍ തങ്ങള്‍ വേട്ടയാടപ്പെടുകയാണെന്നും ബ്രോഡ്‌വെൽ ക്രിസ്ത്യൻ ഹോസ്പിറ്റലിന്റെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ചുമതല വഹിക്കുന്ന സുജിത്ത് വർഗീസ് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

ന്യൂനപക്ഷ പ്രസ്ഥാനം ആയതുകൊണ്ട് ലജ്ജാകരമായ അധിക്ഷേപങ്ങൾ, ശാരീരികമായും, മാനസികമായും നേരിടേണ്ടി വന്നിട്ടുണ്ടെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മത തീവ്രവാദികളും, മുൻവിധിയോടെ ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുമാണ് ആശുപത്രിയുടെ ഇപ്പോഴത്തെ പ്രശ്നത്തിന് കാരണക്കാരെന്നും സുജിത്ത് വിശദീകരിച്ചു. കഴിഞ്ഞവർഷം ഏപ്രിൽ 14 തീയതി പെസഹാ വ്യാഴാഴ്ച ക്രൈസ്തവരും, ആശുപത്രിയിലെ ജീവനക്കാരും, കുടുംബാംഗങ്ങളും, പ്രാർത്ഥനയിൽ പങ്കെടുക്കുന്ന സമയത്ത് നൂറോളം വരുന്ന മത തീവ്രവാദികൾ ആയുധങ്ങളുമായി കടന്നു കയറുകയും, ജയ് ശ്രീറാം ഏറ്റു വിളിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സംഭവത്തോടെയാണ് വിവിധ പ്രശ്നങ്ങളുടെ തുടക്കം.

പിന്നാലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ മതതീവ്രവാദികൾ പൂട്ടിയിടുകയും, പോലീസിനെ അറിയിക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥർ ക്രൈസ്തവരെ കസ്റ്റഡിയിലെടുത്ത്, പ്രാർത്ഥനയുടെ ഇടയിൽ 90 പേരെ നിർബന്ധിത മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് 35 ക്രൈസ്തവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. നിർബന്ധിത മതപരിവർത്തനം വിലക്കുന്ന ഉത്തർപ്രദേശിൽ 2021ൽ പാസാക്കിയ മതസ്വാതന്ത്ര്യ നിയമം ലംഘിച്ചു എന്നതടക്കമുളള കുറ്റങ്ങളാണ് ക്രൈസ്തവർക്ക് മേൽ ചുമത്തപ്പെട്ടത്. എന്നാൽ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരായെന്ന് തീവ്രഹിന്ദുത്വവാദികൾ ആരോപിക്കുന്ന ആളുകളോട് അന്വേഷിക്കാൻ പോലും പോലീസ് തയ്യാറായില്ലായെന്ന് സുജിത്ത് വർഗീസ് പ്രസ്താവിച്ചു.

പ്രാർത്ഥനയിൽ പങ്കെടുത്ത എല്ലാവരുടെയും ആധാർ കാർഡുകൾ പരിശോധിച്ചപ്പോൾ ക്രിസ്ത്യാനികളല്ലാത്ത ആരെയും കണ്ടെത്താനായില്ല. എന്നാൽ ഇതിന് പിന്നാലെ എല്ലാ വശത്തെ ഗേറ്റുകളും പൂട്ടിയിട്ടും, മതപരിവർത്തനത്തിന് വിധേയരായ 90 പേർ പുറകിലെ ഗേറ്റിലൂടെ രക്ഷപ്പെട്ടുവെന്ന വാദമാണ് ഹിന്ദുത്വവാദികൾ ഉയർത്തിയത്. ഇതിന് പിന്നാലെ ഏപ്രിൽ 15നു പാസ്റ്ററിന്റെ ഭാര്യ പ്രീതി മാസിഹ് ഹിന്ദുത്വവാദികൾ അതിക്രമിച്ചു കയറി ക്രൈസ്തവരെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്ന ആരോപണം ഉന്നയിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും പോലീസ് അതിന് തയ്യാറായില്ല.
ഒക്ടോബർ 13നു പോലീസ് ആശുപത്രിയിൽ അതിക്രമിച്ചു കയറി പുറത്തുനിന്നുള്ളവർക്ക് പ്രവേശിക്കാൻ വിലക്കുള്ള ലേബർ റൂമിൽ അടക്കം പ്രവേശിച്ച് ജീവനക്കാരെ ചോദ്യം ചെയ്തു. പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടയിൽ നവംബർ മാസം ബജ്രംഗ്ദൾ പ്രവർത്തകർ പ്രീതി മാസിഹിന്റെ ഭവനത്തിൽ പ്രവേശിച്ച് പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിലും കേസ് എടുക്കാൻ പോലീസ് തയ്യാറായില്ല. എന്നാൽ സംഭവവുമായി ബന്ധമില്ലാത്ത ചില രേഖകൾ നൽകണമെന്ന് പോലീസ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. ആശുപത്രിക്കെതിരെ കേസ് രൂപപ്പെടുത്തിയെടുക്കാൻ പോലീസ് നടത്തിയ ശ്രമമാണെന്നാണ് സുജിത്ത് വർഗീസ് പറയുന്നത്.

ജനുവരി രണ്ടാം തീയതിയും, ജനുവരി പതിനെട്ടാം തീയതിയും പോലീസ് ആശുപത്രിയിലെ ഓഫീസുകളിൽ പ്രവേശിച്ച് ഏതാനും ഹാർഡ് ഡിസ്കുകളും, രജിസ്റ്ററുകളും പിടിച്ചെടുത്തു. മതപരിവർത്തനം നടത്താൻ പ്രേരണ നൽകിയെന്ന ആരോപണമുന്നയിക്കാൻ ചില രേഖകൾ പോലീസ് തന്നെ അവിടെ കൊണ്ടുവന്നിരിന്നുവെന്നും സുജിത്ത് വർഗീസ് വെളിപ്പെടുത്തി. ഈ വിഷയങ്ങൾ മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയിൽ വരുന്നതായതുകൊണ്ട് ഉടനെ ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ഭാരതത്തില്‍ ഏറ്റവും അധികം ക്രൈസ്തവ വിരുദ്ധ പീഡനം അരങ്ങേറുന്നത് ഉത്തര്‍പ്രദേശിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരിന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!