ഉത്തര കൊറിയയിൽ ക്രൈസ്തവ  പീഡനം വര്‍ദ്ധിക്കുന്നു; ലേബര്‍ ക്യാമ്പിലേക്ക് അയച്ച് കൊലപ്പെടുത്തുന്നു

ഉത്തര കൊറിയയിൽ ക്രൈസ്തവ പീഡനം വര്‍ദ്ധിക്കുന്നു; ലേബര്‍ ക്യാമ്പിലേക്ക് അയച്ച് കൊലപ്പെടുത്തുന്നു

പ്യോംങ്യാംഗ്: ലോകത്ത് ക്രൈസ്തവരായി ജീവിക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടേറിയ രാജ്യങ്ങളിലൊന്നായ ഉത്തര കൊറിയയില്‍ ക്രൈസ്തവര്‍ക്കെതിരായ മതപീഡനം കൂടുതല്‍ ശക്തമായെന്നു വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. ഭവനകേന്ദ്രീകൃത കൂട്ടായ്മകളെ ഇല്ലാതാക്കുകയും, ക്രൈസ്തവരെ കണ്ടെത്തി കൊലപ്പെടുത്തുകയും, ക്രൈസ്തവ കുടുംബങ്ങളെ കൂട്ടത്തോടെ ലേബര്‍ ക്യാമ്പുകളിലേക്കു അയക്കുന്നതും രാജ്യത്തു പതിവായിരിക്കുകയാണെന്നു ഓപ്പണ്‍ഡോഴ്സിന്റെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ട് ദി ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്-ഉന്‍ തന്റേതായ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിച്ചുകൊണ്ട് അധികാരത്തില്‍ പിടിമുറുക്കുവാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി, ക്രൈസ്തവര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം നടത്തിയ അക്രമങ്ങളെക്കുറിച്ച് ഓപ്പണ്‍ഡോഴ്സിന്റെ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.

ക്രിസ്തുവിലുള്ള വിശ്വാസം രഹസ്യമായി സൂക്ഷിച്ചിരിന്ന വിവിധ അധോസഭകളില്‍പെട്ട നിരവധി ഉത്തരകൊറിയന്‍ വിശ്വാസികളെ കൊലപ്പെടുത്തിയെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഓപ്പണ്‍ഡോഴ്സ് പറയുന്നത്. 2021 ഒക്ടോബര്‍ 10-നും 2022 സെപ്റ്റംബര്‍ 30-നും ഇടയില്‍ ക്രൈസ്തവരെ കൊലപ്പെടുത്തുകയോ ലേബര്‍ ക്യാമ്പുകളിലേക്കു അയക്കുകയോ ചെയ്ത ഒന്‍പതോളം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് സംഘടനയുടെ ഏഷ്യന്‍ ഗവേഷണ വിഭാഗമായ തോമസ്‌ മുള്ളര്‍ പറയുന്നത്.

വിശ്വസനീയമായ ഉത്തര കൊറിയന്‍ ഉറവിടങ്ങളില്‍ നിന്നുമാണ് സംഘടനക്ക് ഈ വിവരം ലഭിച്ചത്. കുടുംബങ്ങളെ പലപ്പോഴും അര്‍ദ്ധരാത്രിയില്‍ മാറ്റുന്നതിനാല്‍ കൃത്യമായ എണ്ണം ലഭിക്കുക ബുദ്ധിമുട്ടാണെന്നും, ഉത്തര കൊറിയയില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുവാന്‍ വളരെ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും മുള്ളര്‍ പറയുന്നു.

രാജ്യത്തിന്റെ വടക്കുഭാഗത്ത് 2,00,000 മുതല്‍ 4,00,000- ത്തോളം വരുന്ന രഹസ്യമായി വിശ്വാസം പിന്തുടരുന്നവര്‍ ഉണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. 2020-ല്‍ അവതരിപ്പിച്ച കിം രാജവംശ പ്രത്യയശാസ്ത്രം വ്യാപകമാക്കുന്നതിന്റെ ഇരകളായി ക്രൈസ്തവര്‍ മാറിയെന്നും, ബൈബിള്‍ കൈവശം വെക്കുന്നത് പോലും കുറ്റകരമാണെന്നും മുള്ളര്‍ പറയുന്നു.

എന്നാല്‍ കിം ജോങ്ങിന്റെ മുത്തച്ഛനായ കിം  സുങ് ഉറച്ച ക്രൈസ്തവ വിശ്വാസിയായിരുന്നുവെന്നാണ് പറയുന്നത്. ഓപ്പണ്‍ഡോഴ്സിന്റെ ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് ഉത്തര കൊറിയയുടെ സ്ഥാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!