ശശി തരൂരിന്റെ ട്വിറ്റര്‍ ഫോളോവേഴ്സ് കുറഞ്ഞു

ശശി തരൂരിന്റെ ട്വിറ്റര്‍ ഫോളോവേഴ്സ് കുറഞ്ഞു

◾ശശി തരൂരിന്റെ ട്വിറ്റര്‍ ഫോളോവേഴ്സ് കുറയുന്നു. അദ്ദേഹംതന്നെയാണ് ഇക്കാര്യം ട്വിറ്റു ചെയ്തത്. ഒരാഴ്ച മുന്‍പ് 84.96 ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്നു. ഇപ്പോള്‍ 84.91 ലക്ഷം പേരായി കുറഞ്ഞു. അയ്യായിരം പേര്‍ കുറഞ്ഞത് എന്തോ കാര്യത്തിന്റെ പ്രതിഫലനമാണ്. അത് എന്താണെന്ന് എനിക്ക് അറിയില്ല. തന്റെ കാഴ്ചപ്പാടുകള്‍ ഭാഗികമായി മനസിലാക്കുന്നവരാകാം വിട്ടുപോയത്. എന്റെ പുസ്തകങ്ങള്‍ വായിക്കണമെന്നാണ് അവരോട് എന്റെ അഭ്യര്‍ത്ഥന – ട്വിറ്ററില്‍ ശശി തരൂര്‍ കുറിച്ചു.

◾രാജ്യത്ത് അതികഠിനമായ ചൂട്. ജലക്ഷാമവും രൂക്ഷമാകുമെന്നു മുന്നറിയിപ്പ്. ചൂടും ജലക്ഷാമവും ആരോഗ്യപ്രശ്നങ്ങളും നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാന വകുപ്പുകളുടെ സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നു. വേനല്‍ച്ചൂടു നേരിടാന്‍ ബോധവത്കരണം വേണം, കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും ലഭ്യമാക്കണം, ആശുപത്രികള്‍ സജ്ജമാകണം, കാട്ടുതീ നിയന്ത്രിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നു യോഗം നിര്‍ദേശിച്ചു.

◾ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവും കൊച്ചിയിലെ മാലിന്യപ്പുകയും സംബന്ധിച്ച വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ ഇടപെടണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കത്തു നല്‍കിയിരുന്നു. ജനങ്ങളെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ എത്രയും വേഗം ഇടപെടണമെന്ന് ആവശ്യപ്പെട്ടാണു കത്തു നല്‍കിയത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു.

◾വിഷപ്പുക അടങ്ങിയില്ല, കൊച്ചിയില്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.

◾ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീയണച്ചെന്ന് എറണാകുളം ജില്ലാ കളക്ടര്‍. പുക ശമിപ്പിക്കാന്‍ വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ ഇന്നു വെള്ളമൊഴിക്കും. 30 ഫയര്‍ യൂണിറ്റുകളും, 125 അഗ്നി രക്ഷാ സേനാംഗങ്ങളും അഞ്ചു ദിവസം അധ്വാനിച്ചാണ് തീയണച്ചത്. മാലിന്യമലയുടെ അടിയില്‍ തീയെരിഞ്ഞ് പുക ഉയരുന്നതു തടയാനുള്ള ശ്രമം ഇന്നും തുടരും. നേവിയുടേയും എയര്‍ഫോഴ്സിന്റേയും സേവനവും തുടരും. ജില്ലാ കളക്ടര്‍ പറഞ്ഞു.

◾ഈ വര്‍ഷം നാല്‍പത്തി മൂവായിരത്തിലധികം വനിതകള്‍ പുതു സംരംഭങ്ങള്‍ ആരംഭിച്ചെന്ന അവകാശവാദവുമായി വ്യവസായ മന്ത്രി പി. രാജീവ്. വനിതാദിനമായ നാളെ വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വനിതാ സംരംഭകരുടെ സംഗമം നടത്തുമെന്നും മന്ത്രി അറിയിച്ചു. അഞ്ഞൂറിലേറെ പേര്‍ പങ്കെടുക്കുന്ന സംഗമം മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.

◾കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളാക്കുന്നതിനെതിരേ തത്കാലം സമരമില്ലെന്ന് സിഐടിയു. മന്ത്രിയുമായി നടത്തിയ ചര്‍ച്ച പ്രയോജനകരമെന്ന് സിഐടിയു നേതാക്കള്‍ പറഞ്ഞു. ഈ മാസം 18 ന് വിഷയത്തില്‍ വീണ്ടും ചര്‍ച്ച നടത്തും. ഈ മാസം 14, 15 തീയതികളില്‍ സിഐടിയു നേതാക്കള്‍ യോഗം ചേര്‍ന്നു നിലപാടെടുക്കും.

◾വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികം കേരളവും തമിഴ്നാടും ചേര്‍ന്ന് ആഘോഷിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനോടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. നാഗര്‍കോവിലില്‍ മാറു മറയ്ക്കല്‍ സമരത്തിന്റെ 200 ാം വാര്‍ഷിക സമ്മേളനത്തില്‍ പിണറായി വിജയനും എംകെ സ്റ്റാലിനും വേദി പങ്കിട്ടപ്പോഴാണ് ഈ ആവശ്യം ഉന്നയിച്ചത്.

◾മൈക്ക് ഓപ്പറേറ്ററെ ശകാരിച്ചതല്ല, മൈക്കിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു ക്ലാസെടുത്തതാണെന്ന് സിപി എം സംസ്ഥാന സെക്രട്ടറി  എം വി ഗോവിന്ദന്‍. മാളയില്‍ പ്രസംഗത്തിനിടെ മൈക്കിന് അരികിലേക്കു ചേര്‍ന്നു നിന്നു പ്രസംഗിക്കാന്‍ ഉപദേശിച്ച മൈക്ക് ഓപറേറ്ററോട ‘പോയേ, നല്ല മൈക്കു കൊണ്ടുവരാത്തതിനു ഞാനല്ല ഉത്തരവാദി’യെന്നു തുടങ്ങി സംസാരിച്ചത് ശകാരമല്ലെന്നാണു വിശദീകരണം.

◾മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധം തുടര്‍ന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വീട്ടിലിരിക്കേണ്ടിവരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. സതീശനെ പുറത്തിറങ്ങാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അനുവദിക്കില്ലെന്ന് ജയരാജന്‍ പറഞ്ഞു.

◾കഷായത്തില്‍ വിഷം ചേര്‍ത്ത് കാമുകന്‍ ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കഷായത്തില്‍ വിഷം കലര്‍ത്തി തന്നെന്നു ഷാരോണ്‍ ബന്ധുവിനോടു പറഞ്ഞെന്നും ഇരുവരും തമ്മില്‍ പലവതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

◾തിരുവല്ലയില്‍ പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു. കോച്ചാരിമുക്കം പാണാറയില്‍ അനീഷിന്റെയും ശാന്തികൃഷ്ണയുടെയും മകള്‍ അംജിത പി. അനീഷാണ് മരിച്ചത്. കുത്തേറ്റ് അധികം വൈകാതെ ദേഹം മുഴുവന്‍ ചൊറിഞ്ഞ് തടിച്ചു. തിരുവല്ല താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികില്‍സ തുടങ്ങിയപ്പോഴേക്കും അംജിത കുഴഞ്ഞു വീണിരുന്നു.

◾മുഖ്യമന്ത്രി പിണറായി വിജയന്റെ നാഗര്‍കോവില്‍ യാത്രക്കു മുന്നോടിയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. നെയ്യാറ്റിന്‍കരയിലും  പാറശാലയിലുമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണു പോലീസ് പിടികൂടിയത്. 

◾മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന്റെ ഐശ്വര്യമല്ല, മഹാദുരന്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പിണറായി വിജയനെ സ്തുതിച്ചു പാടിയാലും കേരളം വിശ്വസിക്കില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു.

◾അബുദാബിയില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഗോ ഫസ്റ്റ് വിമാനത്തിന്റെ ശുചിമുറിയില്‍നിന്ന് 1.42 കോടി രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. 2,536 ഗ്രാം സ്വര്‍ണമാണു പിടിച്ചത്. കടത്താന്‍ ശ്രമിച്ചയാളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ട്.

◾മാളയിലെ ബിലീവേഴ്സ് ആശുപത്രിയുടെ പിന്നിലുള്ള പാടത്ത് തീപിടിത്തം. 35 ഏക്കറോളം പാടം കത്തിനശിച്ചു

◾ത്രിപുരയില്‍ മുഖ്യമന്ത്രിയായി മണിക് സാഹ തുടരും. ബിജെപി നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനം. ബിപ്ലബ് ദേബ് കുമാറിന് പകരം കഴിഞ്ഞ വര്‍ഷമാണ് മണിക് സാഹ മുഖ്യമന്ത്രിയായത്. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ.

◾മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മാര്‍ച്ച് 20 വരെ തിഹാര്‍ ജയിലില്‍. ഡയറി, ഭഗവത് ഗീത, പേന, കണ്ണട എന്നിവ ജയില്‍ സെല്ലില്‍ കൈവശംവയ്ക്കാന്‍ കോടതി അനുമതി നല്‍കി.

◾കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. കല്‍ബൂര്‍ഗിയിലെ ഹെലിപാഡില്‍ ഇറക്കാന്‍ ശ്രമിച്ചപ്പോഴേക്കും ഹെലികോപ്റ്ററിന്റെ ശക്തമായ കാറ്റില്‍ കടലാസുകളും പ്ലാസ്റ്റിക് കവറുകളും പൊടിപടലങ്ങളും പറന്നുയര്‍ന്ന് പൈലറ്റിനു ഒന്നും കാണാനാവാത്ത അവസ്ഥയായി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് നിലത്തിറക്കാന്‍ കഴിഞ്ഞത്.

◾തെറ്റിദ്ധാരണാ ജനകമായ പരസ്യങ്ങള്‍ അവതരിപ്പിക്കരുതെന്ന് സെലിബ്രിറ്റികള്‍ക്കും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കും കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം. പരസ്യമാണോ സ്പോണ്‍സേഡ് പ്രോഗ്രാമാണോ പാര്‍ടണര്‍ഷിപ്പാണോയെന്നു വ്യക്തമാക്കണം. പരസ്യദാതാവിന്റെ നിലവാരം പരസ്യത്തിലെ അവകാശവാദങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധം ഉണ്ടായിരിക്കണമെന്നും നിര്‍ദേശം.

◾പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ സൈബി മേഖലയില്‍ ചാവേര്‍ സ്ഫോടനത്തില്‍ ഒമ്പതു പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ചാവേര്‍ ബോംബര്‍ ബൈക്ക് പൊലീസ് ട്രക്കിലേക്ക് ഓടിച്ചുകയറ്റിയാണ് സ്‌ഫോടനം നടത്തിയത്.

◾അനധികൃത മാര്‍ഗങ്ങളിലൂടെ എത്തുന്ന അഭയാര്‍ത്ഥികള്‍ക്കെതിരെ ഇംഗ്ലണ്ട്. ചെറുബോട്ടുകളില്‍ രാജ്യത്ത് എത്തിയ ശേഷം പൗരത്വം സ്വന്തമാക്കുന്ന രീതി അവസാനിപ്പിക്കാന്‍ പുതിയ നിയമം. ചെറുബോട്ടുകളില്‍ എത്തുന്നവര്‍ക്കു   നിരോധനം ഏര്‍പ്പെടുത്തും.

◾ജനസംഖ്യാ നിരക്കു വര്‍ധിപ്പിച്ചില്ലെങ്കില്‍ ജപ്പാന്‍ എന്ന രാജ്യം ഇല്ലാതാകുമെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിഡയുടെ ഉപദേശകനും മുന്‍ മന്ത്രിയുമായ മസാകോ മോറി. കഴിഞ്ഞ വര്‍ഷം എട്ടു ലക്ഷം കുഞ്ഞുങ്ങളാണു ജനിച്ചത്. 16 ലക്ഷത്തോളം പേര്‍ മരിച്ചു. ജനന നിരക്ക് അതിവേഗം കുറയുകയാണ്. 2008 ല്‍ ജനസംഖ്യ 12.8 കോടിയായിരുന്നു. ഇപ്പോള്‍ 12.46 കോടിയായി കുറഞ്ഞു. അദ്ദേഹം ചൂണ്ടിക്കാട്ടി.

◾വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ലീഗില്‍ മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം ജയവും ബാംഗ്ലൂരിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമാണിത്. ബാഗ്ലൂര്‍ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം വെറും 14.2 ഓവറില്‍ തന്നെ മുംബൈ മറികടന്നു. 3 വിക്കറ്റും പുറത്താകാതെ 77 റണ്‍സും നേടിയ ഹയ്‌ലി മാത്യൂസിന്റെ പ്രകടനമാണ് മുംബൈക്ക് ആധികാരിക ജയമൊരുക്കിയത്.

◾രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തലാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2018- 19 സാമ്പത്തിക വര്‍ഷത്തിലാണ് 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് റിസര്‍വ് ബാങ്ക് അവസാനിപ്പിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റിസര്‍വ് ബാങ്ക് ഇതുവരെ 37 ലക്ഷത്തിലധികം 2000 രൂപ നോട്ടുകള്‍ മാത്രമാണ് അച്ചടിച്ചിട്ടുള്ളത്. വിവരാവകാശ രേഖയിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. 2000 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 100 രൂപ, 200 രൂപ, 500 രൂപ നോട്ടുകള്‍ അച്ചടിക്കാനുളള ചെലവ് കുറവാണ്. 2021- 22 കാലയളവില്‍ ആയിരം 100 രൂപ നോട്ട് അച്ചടിക്കാന്‍ ആകെ ചെലവായ തുക 1,770 മാത്രമാണ്. ഇക്കാലയളവില്‍ ആയിരം 200 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ 2,370 രൂപയും, ആയിരം 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ 2,290 രൂപയും ചെലവായിട്ടുണ്ട്. 2000 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ ചെലവഴിച്ച തുക 3,530 രൂപയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!