വോട്ടര്‍മാര്‍ ജോസ് കെ. മാണിയുടെ കൂടെ പോകില്ല. എം.പി. ജോസഫ്

വോട്ടര്‍മാര്‍ ജോസ് കെ. മാണിയുടെ കൂടെ പോകില്ല. എം.പി. ജോസഫ്

ജോസ് കെ. മാണി ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നെങ്കിലും അണികള്‍ പോകില്ലെന്ന് കെ.എം.മാണിയുടെ മകള്‍ സാലിയുടെ ഭര്‍ത്താവ് എം.പി. ജോസഫ്. മുന്‍ സംസ്ഥാന ലേബര്‍ കമ്മീഷണര്‍ കൂടിയാണ് അദ്ദേഹം.

കെ.എം.മാണിയെ വളഞ്ഞിട്ട് അക്രമം കാട്ടിയവരോടൊപ്പമാണ് ജോസിന്റെ ചങ്ങാത്തം. ഇന്നത്തെ ഇടതുപക്ഷം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മാണിയെ അസംബ്ലിയില്‍ എഴുന്നേറ്റു നില്‍ക്കാന്‍ പോലും സമ്മതിച്ചില്ല. അസംബ്ലി ‘യുദ്ധക്കളമായി’ മാറി.
മേശകള്‍ മറിച്ചിട്ടു. മൈക്കുകള്‍ തല്ലിപ്പൊട്ടിച്ചു. ‘മാതൃകാ’ സാമാജികന്മാര്‍ അന്നു കാട്ടിക്കൂട്ടിയ വികൃതികള്‍ കേരളജനത മുഴുവന്‍ കണ്ടതാണ്. മാണി ബാര്‍ ഉടമകളില്‍ നിന്നും കോഴ വാങ്ങി എന്നതായിരുന്നു പ്രധാന ആരോപണം.

വീട്ടില്‍ കറന്‍സി എണ്ണാന്‍ മെഷീന്‍ വാങ്ങിയിരുന്നതായും ആരോപിച്ചു. മാണി ഇന്ന് ഇടതുപക്ഷത്തിന് വിശുദ്ധനാണ്. മകന്‍ അതിവിശുദ്ധന്‍. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് യു.ഡി.എഫിനെ തള്ളാന്‍ ജോസ് കെ. മാണിയെ പ്രേരിപ്പിച്ചത്. ജോസ് കെ. മാണിയുടെ പക്ഷത്തുള്ള പ്രസിഡന്റ് രാജി വച്ച് ജോസഫ് പക്ഷക്കാരനെ പ്രസിഡന്റ് ആക്കണം എന്ന ധാരണ തെറ്റിച്ചത് ജോസ് കെ. മാണിയാണ്.

അപ്പന്റെ ‘അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തം’ ജോസഫിന്റെ ‘സിദ്ധാന്ത’വുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയാത്തതാണെങ്കില്‍ ഈ കാലുമാറ്റം സമ്മതിക്കാമായിരുന്നു. ആശയപരമായ ഒരു സാധൂകരണവും ഈ കാലുമാറ്റത്തില്‍ ഇല്ല. സ്ഥാനം മാത്രം ലക്ഷ്യം. ജോസഫിനെ തകര്‍ക്കുക മറ്റൊരു ലക്ഷ്യം. ഇവിടെ ധാര്‍മ്മികതയ്ക്ക് എന്തു വിലയാണ് എല്‍.ഡി.എഫ്. കല്പിച്ചിട്ടുള്ളത്. ജോസിന്റെ സഹോദരീ ഭര്‍ത്താവ് എം.പി. ജോസഫ് പറഞ്ഞത് തന്നെയാണ് ശരി.

സഭയുടെ പിന്തുണയില്‍ എം.എല്‍.എ.മാരായ ചിലരും അധികാരം കാത്തിരിക്കുന്ന മറ്റു ചില കുട്ടി നേതാക്കളും ഇടതുപാളയത്തിലേക്ക് പോകും. കെ.എം. മാണിയേയും സഭയെയും പാലായേയും സ്‌നേഹിക്കുന്ന ഒരു പൊടിക്കുഞ്ഞിനെ പോലും ഇടതിന് കിട്ടാന്‍ പോകുന്നില്ല.

ഇനി 2021-ലെ തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി-ഇടത് കൂട്ടുകെട്ട് വിജയിച്ച് ജോസ് മന്ത്രിയായെന്ന് വയ്ക്കുക. പരമാവധി ഒരു വര്‍ഷം വരെയേ ആ സര്‍ക്കാരിന് ആയുസ്സുണ്ടാകൂ. പണ്ട് പിതാവ് കെ.എം. മാണി ഇടതു സര്‍ക്കാരിനെ മറിച്ചിട്ടിട്ട് യു.ഡി.എഫിനോട് ചേര്‍ന്നതു പോലെ മകനും ചെയ്തിരിക്കും തീര്‍ച്ച.

കത്തോലിക്കാസഭാ വിശ്വാസികള്‍ അരിവാളില്‍ കുത്തത്തില്ല സഖാക്കളേ. കാത്തിരുന്ന് കാണാം. കേരളസമൂഹം ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. ഇടതുപക്ഷത്തിന്റെ ഈ ‘നാറിയ കളി’ക്ക് ജനം മറുപടി നല്‍കും.

(സി.സി. ന്യൂസ് സര്‍വ്വീസ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!