ശ്രീനിവാസു നായിക്കിന്റെ ബിരുദം ബി.എ, എൽ. എൽ. ബി. വക്കീലായി ജോലിയും തുടങ്ങി. പക്ഷെ ജീവിത സാഹചര്യം അയാളെ കൊച്ചിയിൽ ഒരു കൂലിപണിക്കാരന്റെ കുപ്പായം അണിയിച്ചു.
ആന്ധ്രായിലെ അനന്തപ്പൂർ ജില്ലയിൽ പഠനം കഴിഞ്ഞ് ജൂനിയർ വക്കീലായി പരിശീലനം ആരംഭിച്ച ആളാണ് അദ്ദേഹം. വലിയവക്കീലന്മാരുടെ ഇടയിൽ ഈ ജൂനിയർ വക്കീലിന് ഇടയ്ക്കെങ്ങാനും ഒരു കോൾ കിട്ടിയാലായി. അതിന് കാശ് വല്ലപ്പോഴും മാത്രം. ഇതിനിടയിൽ എം.എ. ഇംഗ്ലീഷ് വിദൂര കോഴ്സിനും ചേർന്നു. തുടർ പഠനവും വീട്ട് ചെലവിനും, അച്ഛന്റെ ചികിത്സയ്ക്കും പണം വേണം. അതിന് ഒരുമാർഗ്ഗവും എവിടെ നിന്നുമെത്തിയില്ല. ആ പണം കണ്ടെത്താനുള്ള യാത്ര വന്നെത്തിയത് കൊച്ചി കലൂരിലാണെന്ന് ആന്ധ്രാ സ്വദേശിയായ ശ്രീനിവാസുലു എന്ന മുപ്പത്തിനാലുകാരനായ സിനു പറഞ്ഞു.
ജീവിക്കാൻ മർഗ്ഗമില്ലാതെ വഴിയടഞ്ഞു നിൽക്കുന്ന സമയത്താണ് കേരളത്തിൽ അഞ്ചു വർഷമായി തൊഴിൽ ചെയ്യുന്ന ശ്രീറാം എന്ന കൂട്ടുകാരൻ സിനു വിനെ കേരളത്തിലേയ്ക്ക് കൂട്ടികൊണ്ടുവരുന്നത്.
പിതാവ് ചിന്ന കൃഷ്ണനായിക്കിന് പ്രമേഹ ചികിത്സക്കായി പണം തികയാതെ വന്നപ്പോഴാണ് സിനു വക്കീൽ കുപ്പായം അഴിച്ചുവെച്ചത്.
കൊച്ചിയിൽ എത്തിയ സിനുവിന് ഏത് തൊഴിലും നല്ല പരിചയം പോലെയാണ്. കാന കോരൽ, കാടുവെട്ടൽ, പറമ്പു കിളക്കൽ, മൈക്കാട് പണി എന്നുവേണ്ട എല്ലാ പണിക്കും നല്ല വശമുണ്ട്. ദിവസം 900 മോ 1000 മോ രൂപ കൂലിയായി കിട്ടും. അനാവശ്യമായി ഒരു ചെലവുമില്ല. അത്യാവശ്യ ചെലവ് കഴിഞ്ഞു ബാക്കി മുഴുവൻ വീട്ടിലേയ്ക്ക് അയക്കും. ഭാര്യ ഗായത്രി രണ്ടാമതും ഗർഭിണിയാണ്.
മൂത്ത മകൻ ചാണിക്യവർധന് ഇപ്പോൾ രണ്ടു വയസ്സായി. ചെലവുകൾ കൂടി, കാശില്ലാതെ വേദനിച്ചു നിൽക്കുമ്പോഴാണ് കേരളത്തിലേക്ക് കൂട്ടുകാരന്റെ വിളി അതിഥി തൊഴിലാളിയായി. കൊച്ചിയിലെ കതൃക്കടവിൽ അതിഥി തൊഴിലാളികളായ കൂട്ടുകാർക്കൊപ്പമാണ് ഈ മുൻ വക്കീലിന്റെ താമസം. എന്നും രാവിലെ മറ്റു കൂട്ടുകാർക്കൊപ്പം തൊഴിൽ അന്വേഷിച്ച് കവലകളിൽ പോയി നിൽക്കും. എന്തെങ്കിലും തൊഴിൽ എന്നും കിട്ടും. ഒരുദിവസം പോലും വെറുതെ ഇരുന്നിട്ടില്ലന്നും സിനു പറയുന്നു.
അനന്തപൂരിൽ രണ്ട് ഏക്കർ കൃഷി ഭൂമി സ്വന്തമായിട്ടുണ്ട്. പക്ഷെ കൃഷിയിറക്കാനുള്ള പണം ഇല്ലാത്തതിനാൽ ആ ശ്രമവും വിഫലമായി.
ആന്ധ്രാപ്രദേശ് പബ്ലിക്ക് സർവ്വീസ് കമ്മീഷന്റെ (എ. പി. പി എസ്.സി.) സെക്കൻഡ് ഗ്രേഡ് ഓഫീസർ തസ്ത്തികയിലേക്ക് പരീക്ഷ എഴുതി. പ്രിലിമിനറി കടന്നുവെങ്കിലും മെയിനിൽ തോറ്റുപോയി. “എനിക്ക് താഴെ ഗ്രേഡുള്ളവരെല്ലാം ജോലിയിൽ പ്രവേശിച്ചു. പണവും ശുപാർശയും ഉണ്ടെങ്കിൽ എല്ലാം നടക്കുമെന്ന്”
കലൂർ ആസാദ് റോഡിലെ ഒരു പറമ്പിൽ പണി ചെയ്യുന്നതിനിടെ ജീവിത ഭാരത്തിന്റെ വിയർപ്പു തുള്ളികൾ തുടച്ചുമാറ്റികൊണ്ട് ഭാവി വക്കീലായ ശ്രീനിവാസുലു നായിക്ക് പറഞ്ഞു.
–ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.