പിണറായി വിജയന് പല സ്ഥലത്തുനിന്നും അടി കൊണ്ടിട്ടുണ്ടെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

പിണറായി വിജയന് പല സ്ഥലത്തുനിന്നും അടി കൊണ്ടിട്ടുണ്ടെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

◾മുഖ്യമന്ത്രി പിണറായി വിജയന് പല സ്ഥലത്തുനിന്നും അടി കൊണ്ടിട്ടുണ്ടെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പഴയ കാര്യങ്ങള്‍ താന്‍ പറയാന്‍ തുടങ്ങിയാല്‍ പിണറായി വിജയനു പുറത്തിറങ്ങി നടക്കാന്‍ കഴിയില്ല. മുഖ്യമന്ത്രി പരിപൂര്‍ണ ബോറനായി മാറിയതില്‍ ദുഖമുണ്ട്. ഇത്രയും തരം താഴാന്‍ പാടില്ലെന്നും പാര്‍ട്ടി തിരുത്തണമെന്നും കെ സുധാകരന്‍ പറഞ്ഞു.

◾സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെതിരെ സര്‍ക്കാര്‍ നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ തസ്തികയില്‍നിന്ന് സിസ തോമസിനെ മാറ്റി. പുതിയ നിയമനം നല്‍കിയിട്ടില്ല. സിസ തോമസിനു പകരം നിയമിച്ചത് കെടിയു വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് സുപ്രീംകോടതി അയോഗ്യയാക്കിയ ഡോ.എം.എസ്. രാജശ്രീയെയാണ്.

◾ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യന്ദ്ര ജെയിനും രാജിവച്ചു. രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അംഗീകരിച്ചു. അഴിമതിക്കേസില്‍ ഇരുവരും ജയിലാണ്. കഴിഞ്ഞ ജൂണിലാണ് സത്യേന്ദ്ര ജയിനെ തിഹാര്‍ ജയിലടച്ചത്. മദ്യനയക്കേസില്‍ കഴിഞ്ഞ ദിവസമാണ് മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്. അറസ്റ്റ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തത്കാലം ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

◾റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ഇന്നു മുതല്‍ രാവിലെ എട്ടു മുതല്‍ 12 വരെയും ഉച്ചയ്ക്കുശേഷം നാലു മുതല്‍ ഏഴു വരെയുമായിരിക്കും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. എല്ലാ ജില്ലകളിലും റേഷന്‍ വിതരണം പഴയസമയക്രമത്തിലേക്ക് മാറ്റണമെന്ന കേന്ദ്ര നിര്‍ദ്ദേശപ്രകാരമാണ് സമയമാറ്റം. ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് നാലു വരെ നീട്ടിയിട്ടുണ്ട്.

◾ബഫര്‍ സോണ്‍ വിഷയം പഠിക്കാന്‍ സംസ്ഥാനം നിയോഗിച്ച വിദഗ്ധ സമിതി നാളെ മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കും. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ സമിതിയുടെ റിപ്പോര്‍ട്ട് പഠിച്ചശേഷം സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.

◾മുഖ്യമന്ത്രി പിണറായി വിജയനു ചുറ്റും പവര്‍ ബ്രോക്കര്‍മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാവപ്പെട്ടവര്‍ക്ക് ഒരു നീതിയും പാര്‍ട്ടിക്കാര്‍ക്ക് മറ്റൊരു നീതിയും എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഓരോ ഫയലും ഓരോ ജീവിതമാണെന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കമുള്ള ഓഫീസുകളില്‍ എട്ടു ലക്ഷത്തോളം ഫയലുകളാണ് കെട്ടിക്കിടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾ചില ചെറ്റത്തരങ്ങള്‍ നമ്മളേയും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. അതു തടയാന്‍ സര്‍ക്കാര്‍ ജാഗരൂകരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് കാര്യങ്ങള്‍ നേടിയെടുക്കാന്‍ പവര്‍ ബ്രോക്കര്‍മാരുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പവര്‍ ബ്രോക്കര്‍ പരാമര്‍ശം പ്രതിപക്ഷ നേതാവ് പഴയ ഓര്‍മ്മയില്‍നിന്ന് പറഞ്ഞതാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

◾ലൈഫ് മിഷന്‍  കേസില്‍ റിമാന്‍ഡിലുള്ള  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍  വിചാരണ കോടതി വ്യാഴാഴ്ച വിധി പറയും. കൊച്ചിയിലെ പ്രത്യേക  സിബിഐ കോടതിയാണ് കള്ളപ്പണ കേസ് പരിഗണിക്കുന്നത്.

◾ഒന്നരമാസമായി കുടിവെള്ളം കിട്ടാത്ത നെട്ടൂരിലെ നാട്ടുകാര്‍ അനുഭവിക്കുന്നതു ഗുരുതരമായ വിഷയമെന്ന് ഹൈക്കോടതി. വാര്‍ട്ടര്‍ അതോറിറ്റി വിഷയം ഗൗരവത്തില്‍ എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

◾മലപ്പുറം കോട്ടക്കലില്‍ കിണറില്‍ പണിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒരു തൊഴിലാളി മരിച്ചു. എടരിക്കോട് സ്വദേശി അലി അക്ബറാണ് മരിച്ചത്. കൂടെ പണിയെടുത്തിരുന്ന രണ്ടു പേരെ രക്ഷപ്പെടുത്തി.

◾വരാപ്പുഴയില്‍ മുട്ടിനകത്ത് പടക്കവും വെടിമരുന്നുകളും സൂക്ഷിച്ച കെട്ടിടം സ്ഫോടനത്തില്‍ തകര്‍ന്നു. ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞട്ടില്ല. ഏഴു പേര്‍ക്ക് പരിക്ക്. ജെന്‍സണ്‍, ഫെഡ്രീന, കെ ജെ മത്തായി, എസ്തര്‍, എല്‍സ, ഇസബെല്‍, നീരജ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

◾ഓഹരി ഇടപാടുകളില്‍ രണ്ടു കോടി രൂപയുടെ ബാധ്യതയിലായ യുവാവ് തൂങ്ങിമരിച്ചു. അടൂരില്‍ ഏഴംകുളം തൊടുവക്കാട് സ്വദേശി ടെന്‍സന്‍ തോമസ് (32) ആണു മരിച്ചത്.

◾തൃശൂര്‍ ജില്ലയിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ മറ്റ് ആനകള്‍ക്കൊപ്പം എഴുന്നള്ളിക്കുന്നതു വിലക്കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി ജില്ലയില്‍ ഉത്സവാഘോഷങ്ങളില്‍ ഒറ്റയ്ക്ക് എഴുന്നള്ളിക്കാം. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എഴുന്നള്ളിപ്പില്‍ ആനയുടെ വീഡിയോ ചിത്രീകരിച്ച് വനം വകുപ്പിനു കൈമാറണമെന്നും നിര്‍ദേശം.

◾നര്‍ത്തകിയും അവതാരകയും ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡ്യൂസറുമായിരുന്ന ഷീബ ശ്യാമപ്രസാദ് അന്തരിച്ചു 59 വയസായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് തൈക്കാട് ശാന്തി കവാടത്തില്‍. സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥയായിരുന്നു. അര്‍ബുദം ബാധിച്ച് തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. ബിജെപി നേതാവ് ഒ. രാജഗോപാലിന്റെ മകന്റെ ഭാര്യയാണ്.

◾കോഴിക്കോട് ഗവണ്‍മെന്റ് ബീച്ച് ആശുപത്രിയില്‍ രോഗികള്‍ക്ക് ഇരിക്കാന്‍ കസേരയോ മരുന്നു കഴിക്കാന്‍ കുടിവെള്ളമോ ലഭ്യമാക്കാത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ചികിത്സയ്ക്കെത്തിയ രോഗി നല്‍കിയ പരാതിയിലാണ് നടപടി.

◾തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുഖ്യ ആസൂത്രക മുന്‍കാമുകി ഇന്‍ഷയാണെന്ന് പ്രവാസി മുഹിയുദീന്‍ അബ്ദുള്‍ ഖാദറിന്റെ മൊഴി. ഇന്‍ഷയും ദുബൈയിലുള്ള മറ്റൊരു സുഹൃത്തും ചേര്‍ന്നാണ് ആസൂത്രണം ചെയ്തതെന്നാണ് വെളിപ്പെടുത്തല്‍. മുന്‍കാമുകി ഇന്‍ഷയും സഹോദരനും അടക്കം ആറു പേരെയാണ് പൊലീസ് പിടികൂടിയത്.

◾വര്‍ക്കല നഗരസഭയിലെ ബിജെപി അംഗമായ ദളിത് വനിതയെ ജാതി വിളിച്ച് അധിക്ഷേപിച്ചതിനു ബിജെപി നേതാക്കള്‍ക്കെതിരേ കേസ്. പത്താം വാര്‍ഡ് ബിജെപി അംഗം ടി.എസ്. അശ്വതി നല്‍കിയ പരാതിയിലാണ് കേസ്. ബിജെപി വര്‍ക്കല മണ്ഡലം പ്രസിഡന്റും വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷയുമായ ആര്‍.വി. വിജി, നാലാം വാര്‍ഡ് അംഗം വി. സിന്ധു, പതിനെട്ടാം വാര്‍ഡ് അംഗം ഷീന ഗോവിന്ദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

◾അടിമാലിക്കു സമീപം വീട്ടില്‍ അതിക്രമിച്ചു കയറി ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിയ യുവാവ് പിടിയില്‍. തെള്ളിപ്പടവില്‍ ആശംസിനെയാണ് വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റു ചെയ്തത്.  കൊന്നത്തടി സ്വദേശി തേക്കനാംകുന്നേല്‍ സിബി, ഭാര്യ ജയ, അമ്മ ശോഭന എന്നിവരെയാണ് ആക്രമിച്ചത്.  ഇവരുടെ മകന്റെ സുഹൃത്താണ് പ്രതി ആശംസ്.

◾പാലക്കാട് കയറാടി മാങ്കുറിശ്ശിയില്‍ വീട്ടുവളപ്പിലെ പന മുറിച്ചുമാറ്റുന്നതിനിടെ കയറില്‍ കുടുങ്ങി തടിക്കച്ചവടക്കാരന്‍ മരിച്ചു. പാലക്കാട് അയിലൂര്‍ കരിമ്പാറ ചേവിണി സ്വദേശി യാക്കൂബാണ്(54) മരിച്ചത്. 

◾കൊയിലാണ്ടിയില്‍ ലാബ് ജീവനക്കാരിയെ സ്ഥാപനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ജീവനക്കാരിയായ വയനാട് വൈത്തിരി സ്വദേശി ജസീല തസ്നിയാണ് മരിച്ചത്.

◾ഭാര്യയെ സ്ഫോടക വസ്തു എറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍ . കോതമംഗലം മലയന്‍കീഴ് കൂടിയാട്ട് വീട്ടില്‍ അലക്സിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

◾പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസ അദ്ധ്യാപകന് 67 വര്‍ഷം കഠിന തടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചെര്‍പ്പുളശ്ശേരി സ്വദേശി റഷീദിനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി കോടതി ശിക്ഷിച്ചത്.

◾പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് പോക്സോ കേസ് പ്രതിയെ 24 വര്‍ഷം കഠിന തടവിനു ശിക്ഷിച്ച് കോടതി. തേങ്കുറിശ്ശി സ്വദേശി നിത്യനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും ചുമത്തി.

◾കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് എല്ലാ നേതാക്കളെയും പോലെ ശശി തരൂരും യോഗ്യനാണെന്ന് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ജാതി സമവാക്യങ്ങളടക്കം പരിഗണിക്കും. ശശി തരൂരിനെ പരിഗണിക്കണോയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ തീരുമാനിക്കും. താരിഖ് അന്‍വര്‍ പറഞ്ഞു.

◾ഹിന്ദു ദൈവങ്ങളെ പരിഹസിച്ചു വിവാദ പ്രസ്താവന നടത്തിയ യുവാവിനെ പൊലീസ് വാനിനുള്ളിലിട്ട് മര്‍ദ്ദിച്ചവര്‍ അറസ്റ്റില്‍. ഇത്തരം വിവാദ പ്രസ്താവനകള്‍ക്കു കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബൈരി നരേഷിനെ (42) അറസ്റ്റു ചെയ്തിരുന്നു. ഇപ്പോള്‍ ലോ കോളജില്‍ ഒരു പരിപാടിക്ക് എത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റത്.

◾ലിവിങ് ടുഗതര്‍ ബന്ധങ്ങള്‍ക്കു രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ഇത്തരം ബന്ധങ്ങളിലെ പങ്കാളികള്‍ കൊല്ലപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടി അഭിഭാഷക മമതാ റാണിയാണ് ഹര്‍ജി നല്‍കിയത്.

◾വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി. രാജ്യത്തിനകത്തും വിദേശത്തും സുരക്ഷ നല്‍കണം. സുരക്ഷയുടെ ചെലവ് അംബാനി കുടുംബം നല്‍കണമെന്നും വിധിയില്‍ പറയുന്നു.

◾ഇന്ത്യ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’ ഭരണാധികാരിയായ നിത്യാനന്ദയെ വേട്ടയാടുന്നുവെന്ന് ഐക്യരാഷ്ട്ര സഭാ യോഗത്തില്‍ പരാതിയുമായി കൈലാസ പ്രതിനിധി. മാ വിജയപ്രിയ എന്ന പ്രതിനിധിയാണ് ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക, സാംസ്‌കാരിക അവകാശങ്ങള്‍ക്കായുള്ള യോഗത്തില്‍ ഇന്ത്യക്കെതിരേ സംസാരിച്ചത്. ഇന്ത്യയില്‍ ഇയാള്‍ക്കെതിരേയുള്ള ലൈംഗീകാതിക്രമ കേസുകള്‍നിന്ന് രക്ഷപ്പെടാനാണ് നിത്യാനന്ദ രാജ്യം വിട്ടത്. പിന്നീട് സ്വന്തമായി ‘കൈലാസ’ എന്ന രാജ്യം വാങ്ങി ഭരണാധികാരിയായെന്നാണ് നിത്യാനന്ദയുടെ അവകാശവാദം. 

◾ഇസ്ലാമിക് സ്റ്റേറ്റിന്റെ കൊടുംഭീകരനെ അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം വധിച്ചു. കാബൂളിലെ ഐ എസിന്റെ ഇന്റലിജന്‍സ് ആന്‍ഡ് ഓപ്പറേഷന്‍സ് മേധാവി ഖാരി ഫത്തേയെയാണ് കൊന്നത്. കാബൂളില്‍ നയതന്ത്ര പ്രതിനിധികളെ അടക്കം ആക്രമിക്കാന്‍ ഇയാള്‍ പദ്ധതി തയ്യാറാക്കി വരികയായിരുന്നു. 

◾ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍ ഇഡോന്റില്‍. രാവിലെ 9.30-നാണ് മത്സരം തുടങ്ങുക. നാലു മത്സരങ്ങളുള്ള ടെസ്റ്റില്‍ ആദ്യരണ്ടു കളികളും ജയിച്ചപ്പോള്‍ തന്നെ ഇന്ത്യ പരമ്പര സ്വന്തമാക്കിയത് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ നിലവിലെ ജേതാക്കളായതുകൊണ്ടാണ്.

◾ഏറ്റവും കൂടുതല്‍ കാലം ലോക ഒന്നാം നമ്പറില്‍ തുടര്‍ന്ന ടെന്നീസ് താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ച്. കരിയറില്‍ ഇതുവരെ 378-ആഴ്ചകളാണ് സെര്‍ബിയന്‍ താരം ലോക ഒന്നാം റാങ്കില്‍ തുടര്‍ന്നത്. ജര്‍മന്‍ ഇതിഹാസതാരം സ്റ്റെഫി ഗ്രാഫിന്റെ 377 ആഴ്ചകളുടെ റെക്കോര്‍ഡാണ് ജോക്കോവിച്ച് മറികടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!