എങ്ങനെ തോന്നി പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരാൻ? ചോദിക്കുന്നത് രണ്ട് ലക്ഷം കൊടുത്ത ബീഡിത്തൊഴിലാളി ജനാർദനൻ

എങ്ങനെ തോന്നി പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരാൻ? ചോദിക്കുന്നത് രണ്ട് ലക്ഷം കൊടുത്ത ബീഡിത്തൊഴിലാളി ജനാർദനൻ

പറയുന്നത് ചാലാടൻ ജനാർദനൻ. അദ്ദേഹം തുടരുന്നു: “പിച്ചക്കാർ രാജാക്കന്മാരല്ലേ…അവർ ഇരക്കുന്നതല്ലേയുള്ളു… തട്ടിപ്പറിക്കുന്നില്ലല്ലോ. കുട്ടികൾ കുടുക്ക പൊട്ടിച്ചും, അധ്വാനിക്കുന്നവർ ആടിനെ വിറ്റുമെല്ലാം നൽകിയ തുകയല്ലേ. അതിൽ നിന്നും കയ്യിട്ടുവാരാൻ ഉദ്യോഗസ്ഥർക്ക് എങ്ങനെ തോന്നി.”

ചുവരിൽ തൂക്കിയിട്ട തന്റെ ഭാര്യയുടെ ഫോട്ടോയിൽ നോക്കി വിതുമ്പി കണ്ണുനീർ / /തുടച്ചുകൊണ്ട് ജനാർദനൻ വീണ്ടും പറയുന്നു: “ശ്ശെ…നാണംകെട്ട കാര്യം…പിച്ചക്കാർക്ക് പിന്നെയും വിലയുണ്ട്..അവർക്കൊപ്പം താരമ്യം ചെയ്യുവാൻ പോലും പറ്റില്ല ഇത് ചെയ്തവരെ.”

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹരായവർ പണം തട്ടിയെടുത്തതുമായി പുറത്തു വരുന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

2021 ലെ കോവിഡ്‌ കാലത്ത് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേയ്ക്ക് രണ്ടുലക്ഷം രൂപ സംഭാവനയായി നൽകിയിരുന്നു ബീഡിത്തൊഴിലാളിയായ അവേരപറമ്പിലെ ചാലാടൻ ജനാർദനൻ. ബാങ്കിൽ ആകെ ഉണ്ടായിരുന്ന 2,00,850 രൂപയിൽ രണ്ടു ലക്ഷം രൂപയും പേരുവെളിപ്പെടുത്താതെയാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയത്. അതും നിറഞ്ഞമസ്സോടെ.

ആ പണമാണ് ഗൾഫ്കാരും, സമ്പന്നന്മാരും തട്ടിയെടുത്തത്. ആദ്യം ഈ നാണംകെട്ട വാർത്ത കേട്ടപ്പോൾ അത്രവിശ്വസിച്ചില്ല. മനുഷ്യത്വമില്ലാത്ത ഈ പ്രവർത്തി സംബന്ധിച്ച് മുഖ്യമന്ത്രി അന്വേഷണം നടത്തുവാൻ തയ്യാറാകണമെന്നും അദ്ദേഹം പറയുന്നു.

കുട്ടികൾ യാത്രപോകാനും, സൈക്കിൾ വാങ്ങാ നുമൊക്കെ സ്വരുക്കൂട്ടിയ ചെറിയ ചെറിയ തുകവരെ ഇതിലുണ്ട്. അതെടുത്ത് തിരിമറി നടത്തിയത് നികൃഷ്ടപ്രവർത്തിയാണ്.

കോവിഡ്‌ വന്ന് അനേകർ മരിക്കുമ്പോൾ രാഷ്ട്രീയം നോക്കാതെ നൽകിയ തുക സന്മനസോടെയാണ് കൊടുത്തത്. അത് കൊടുക്കണ്ടായിരുന്നു എന്ന് ഇപ്പോഴും തോന്നുന്നിലില്ല എന്നും താൻ കൂട്ടിച്ചേർത്തു.

ഒരുമാസത്തെ ശമ്പളം പോലും കൊടുക്കാൻ മനസില്ലാതെ നിന്ന ഉദ്യോഗസ്ഥരെക്കാൾ കഷ്ടമാണ് ഇത്‌ ചെയ്തവർ. ആലോചിക്കുമ്പോൾ ചാവുന്നതാണ് നല്ലതെന്ന് തോന്നുന്നു വെന്നും ചങ്കുപൊട്ടി ആ ബീഡി തൊഴിലാളി പറയുന്നു.

ഹൃദയസംബന്ധമായ ചികിത്സയിൽ ആണ് ജനാർദനൻ. തന്റെ ചെറിയ മുറിനിറയെ പലവിധ മരുന്നുകൾ നിറഞ്ഞിരിക്കുകയാണ്. പലവിധശരീരിക പ്രയാസങ്ങൾ അദ്ദേഹത്തിനുണ്ട്. ദാരിദ്ര്യത്തിന്റെ ബുദ്ധിമുട്ടിൽ പതിമൂന്നാമത്തെ വയസിൽ ബീഡി തെറുക്കാൻ തുടങ്ങിയതാണ്. ഭാര്യ പി സി രജനി ക്യാൻസർ ബാധിച്ചാണ് മരിച്ചത്.

ജനാർദനനും, രജനിയും ദിനേശ് ബീഡി തൊഴിലാളികൾ ആയിരുന്നു. ഇരുവർക്കും കമ്പിനിയിൽ നിന്നും ലഭിച്ച ആനുകൂല്യമായി ലഭിച്ച തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ജനാർദനൻ നൽകിയത്. ഇരട്ട ചങ്കുള്ള മുഖ്യമന്ത്രി എന്ത് ചെയ്യുമെന്ന് കാത്തിരുന്ന് കാണാം.

-ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!