പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ യശസ് കളങ്കപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ യശസ് കളങ്കപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

◾പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്ററി അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ യശസ് കളങ്കപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. രാജ്യ വിരുദ്ധ ശക്തികള്‍ ഇന്ത്യക്കകത്തും പുറത്തും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ജയശങ്കര്‍ ആരോപിച്ചു.

◾കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തര്‍ക്കം നിയമയുദ്ധത്തിലേക്ക്. വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്കു മൂന്നു പേരടങ്ങിയ പാനല്‍ സംസ്ഥാന സര്‍ക്കാര്‍ ചാന്‍സലറായ ഗവര്‍ണര്‍ക്കു നല്‍കി. ഗവര്‍ണര്‍ നിയമിച്ച താത്കാലിക വിസി ഡോ. സിസ തോമസിനെ മാറ്റി പുതിയ നിയമനത്തിനു പേരുകള്‍ നിേേര്‍ദശിക്കാമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധിക്കെതിരേ ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ നടപടികളാരംഭിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ വൃന്ദ വി നായര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ ബൈജു ഭായ്, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിന്‍സിപ്പല്‍ ഡോ സതീഷ് കുമാര്‍ എന്നിവരാണ് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ പട്ടികയിലുള്ളത്.

◾ക്രിമിനലുകളുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി തുടരണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. ഇക്കാര്യത്തില്‍ റാങ്ക് വ്യത്യാസമില്ലാതെ നടപടി ഉണ്ടാകണം. ഇന്നലെ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണു ഡിജിപിയുടെ നിര്‍ദേശം. കളങ്കിതര്‍ക്കെതിരെ ഡിഐജിമാരും എസ്.പിമാരും വീഴ്ച വരുത്താതെ നടപടി സ്വീകരിക്കണമെന്നും പൊലീസ് മേധാവി നിര്‍ദേശിച്ചു.

◾ഹൈക്കോടതി ഉത്തരവുകള്‍ ഇനി മലയാളത്തിലും. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ രണ്ട് ഉത്തരവുകള്‍  മലയാളത്തില്‍ പുറത്തിറക്കി. രാജ്യത്തെ ഹൈക്കോടതികളില്‍ ആദ്യമായാണ് പ്രാദേശിക ഭാഷയില്‍ ഉത്തരവു പുറത്തിറക്കിയത്. പ്രാദേശിക ഭാഷകളില്‍ ഉത്തരവുകള്‍ ലഭ്യമാക്കണമെന്ന് നേരത്തെ സുപ്രീം കോടതി ഹൈക്കോടതികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

◾ഡല്‍ഹി ജലബോര്‍ഡിലെ ഇ പേയ്മെന്റില്‍ തട്ടിപ്പു നടത്തി 20 കോടി രൂപ അപഹരിച്ചതിനു രണ്ടു മലയാളികള്‍ അടക്കം നാലു പേര്‍ പിടിയില്‍. കൊച്ചി സ്വദേശി രാജേന്ദ്രന്‍ നായര്‍, പന്തളം സ്വദേശി അഭിലാഷ് പിള്ള എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഡല്‍ഹി ജല്‍ ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ നരേഷ് സിംഗിനെ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു.

◾നിര്‍ബന്ധിച്ച് ഗര്‍ഭപാത്രം നീക്കുന്നതിനെതിരേയുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി. ബിഹാര്‍, ചത്തീസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പിന്നാക്കക്കാരായ വനിതകളുടെ ഗര്‍ഭപാത്രം നിര്‍ബന്ധിച്ചു നീക്കം ചെയ്യുന്നതിനെതിരേയാണ് ഹര്‍ജി. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിനോട് മറുപടി സത്യവാങ്മൂലം നല്‍കാന്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നില്ല. 

◾യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ കളമശേരിയില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ലാത്തിച്ചാര്‍ജു നടത്തുകയും പലതവണ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. എട്ടു പ്രവര്‍ത്തകര്‍ക്കും നാലു പൊലീസുകാര്‍ക്കും പരിക്കേറ്റു. അറസ്റ്റിലായവരെ സന്ദര്‍ശിക്കാനെത്തിയ ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുള്ളവരെ പൊലീസ് തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ കളമശേരി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പോലീസിന്റെ കൈയേറ്റത്തിനെതിരേ ഷാഫി പറമ്പില്‍ നിയമസഭാ സ്പീക്കര്‍ക്കു പരാതി നല്‍കി.

◾കൊല്ലം ചിന്നക്കടയില്‍ മന്ത്രി പി രാജീവിനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സനല്‍ പന്തളം അടക്കം രണ്ടുപേര്‍ക്കു പരിക്കേറ്റു. സമീപത്തെ കടകളില്‍ വില്‍ക്കാന്‍ വച്ചിരുന്ന ലോഹപാത്രങ്ങള്‍ അപഹരിച്ച് ആയുധമാക്കിയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചത്.

◾2017 ല്‍ നടത്തിയ ആര്‍എസ്എസ്- സിപിഎം ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഈ ചര്‍ച്ചയെ തുടര്‍ന്നാണ് ബിജെപി- സിപിഎം സംഘട്ടനം അവസാനിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ബിജെപി വോട്ടുമറിച്ചതും ലാവ്‌ലിന്‍ കേസ് 33 തവണ നീട്ടിവച്ചതും ചര്‍ച്ചയുടെ ഫലമാണെന്ന് സുധാകരന്‍ ആരോപിച്ചു.

◾അടുത്ത ഡിജിപിയാകാന്‍ അഞ്ചു പേരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ തയാറാക്കി. പട്ടിക യുപിഎസ് സിക്കു കൈമാറും. എഡിജിപിമാരായ പത്മകുമാര്‍, ഷേക്ക് ദര്‍വേഷ് സാഹിബ്, ടി.കെ. വിനോദ്കുമാര്‍, സഞ്ജീവ് പട്ജോഷി, യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിലുള്ളത്. ഡിജിപി അനില്‍കാന്ത് ജൂണ്‍ മുപ്പതിനു വിരമിക്കും.

◾സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ റീത്തു വാങ്ങിയയാളെ അറസ്റ്റു ചെയ്തു. കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാറിനെയാണ് പിടികൂടിയത്. നാലു വര്‍ഷത്തിനു ശേഷമാണ് ഈ കേസില്‍ ഒരാളെ അറസ്റ്റു ചെയ്യുന്നത്.  മറ്റൊരു പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശബരി ഒളിവിലാണെന്നു പൊലീസ്.

◾മരടില്‍ പൊളിച്ച ഫ്ളാറ്റുകളിലൊന്നായ ഹോളി ഫെയ്ത്തിന്റെ ഉടമകളുടെ വ്യക്തിഗത സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്. ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ട തുക ഇതുവരെ കെട്ടിവയ്ക്കാത്തതിനാലാണ് നടപടി. ഹോളി ഫെയ്ത്ത് കമ്പനിയുടെ സ്വത്തുക്കള്‍ നേരത്തെ ജപ്തി ചെയ്തിരുന്നു.

◾പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം കവി വി. മധുസൂദനന്‍ നായര്‍ക്കു നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റി തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. പുരസ്‌കാര നിര്‍ണയത്തിന് മാനദണ്ഡങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഉദയംപേരൂര്‍ സൗത്ത് പറവൂര്‍ സ്വദേശി രതീഷ് മാധവന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

◾ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് മാര്‍ച്ച് 28 നകം പൊളിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് സുപ്രീംകോടതി. നെടിയ തുരുത്ത് ദ്വീപില്‍ നിര്‍മിച്ച കാപികോ റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്ന് 2020 ജനുവരി പത്തിനാണ്  സുപ്രീംകോടതി ഉത്തരവിട്ടത്. തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിട്ടം പൊളിക്കണമെന്ന ഹൈക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു.

◾തിരൂരിലെ കൂട്ടായി എംഎംഎം എച്ച്എസ്എസിലെ കംപ്യൂട്ടര്‍ അധ്യാപകന്‍ രാജേഷ് കുമാറിനെതിരായ പോക്സോ കേസ് ഹൈക്കോടതി തള്ളി. 2017 ല്‍ കംപ്യൂട്ടര്‍ ക്ലാസിനിടെ ലാബില്‍ മൗസ് ഉപയോഗിക്കുമ്പോള്‍ കൈയില്‍ സ്പര്‍ശിച്ചെന്നായിരുന്നു പരാതി. തിരൂര്‍ പൊലീസ് അധ്യാപകനെ പിന്നീട് അറസ്റ്റു ചെയ്തിരുന്നു. സ്വകാര്യ ഭാഗത്ത് ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിക്കുകയോ ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യാത്തതിനാല്‍ പോക്സോ കേസായി പരിഗണിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി കേസ് തള്ളിയത്.

◾യുഡിഎഫ് ഭരിക്കുന്ന മലപ്പുറം നഗരസഭാ യോഗത്തിനിടെ കൈയാങ്കളി. അടിപിടിക്കേസില്‍ ഉള്‍പ്പെട്ട ഡ്രൈവറെ പുറത്താക്കാനുള്ള ഭരണപക്ഷ തീരുമാനം എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ എതിര്‍ത്തതിനെത്തുടര്‍ന്നാണ് ഉന്തും തള്ളുമുണ്ടായത്. ഭരണപക്ഷ കൗണ്‍സിലര്‍മാരെ മര്‍ദിച്ച ഡ്രൈവര്‍ മുകേഷിനെ പുറത്താക്കാനുള്ള അജണ്ട വായിക്കുന്നതിനിടെയാണ് എല്‍ഡിഎഫ് അംഗങ്ങള്‍ എതിര്‍പ്പുമായി എഴുന്നേറ്റത്.

◾കരിങ്കൊടി കാണിച്ചതിനിടെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഇടിച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. സംസ്ഥാന സമിതി അംഗം റിജിന്‍ രാജാണ് കൂത്തുപറമ്പ് പൊലീസിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കിയത്. അഞ്ചരക്കണ്ടിയില്‍  പ്രതിഷേധക്കാരെ ഇടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

◾നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പൊലീസ് സ്റ്റേഷനിലുണ്ടായ അപകടത്തില്‍ ഗുരുതര പരിക്ക്. ചുനക്കര കോമല്ലൂര്‍ വെട്ടത്തു പറമ്പില്‍ അനു സജിയുടെ മകന്‍ സിജിന്‍ (16) നാണ് പരിക്കേറ്റത്. സ്റ്റേഷന്റെ നിര്‍മാണ ജോലികള്‍ക്കിടെ കട്ടിംഗ് യന്ത്രത്തില്‍നിന്നും ബ്ലേഡ് തെറിച്ചുവീണാണ് അപകടം. സിജിന്റെ മുഖത്തും വായിലുമായി പതിനാറു സ്റ്റിച്ചുകളിട്ടു. പൊലീസിന്റെ അനാസ്ഥയ്ക്കെതിരേ മുഖ്യമന്ത്രിക്കു പരാതി നല്കി.

◾ജമാഅത്തെ ഇസ്ലാമി – ആര്‍എസ്എസ് ചര്‍ച്ചയെ മുഖ്യമന്ത്രി ഭയക്കുന്നത് എന്തിനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മുത്തലാക്ക് നിരോധനത്തിനെതിരെ മുഖ്യമന്ത്രി വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് വര്‍ഗീയ പ്രീണനത്തിനു ശ്രമിക്കുകയാണ്. എം വി ഗോവിന്ദന്റെ യാത്ര വര്‍ഗീയ കലാപമുണ്ടാക്കാനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

◾ആര്‍എസ്എസുമായി ജമാ അത്തെ ഇസ്ലാമി ചര്‍ച്ച നടത്തിയ സംഭവം ഗൗരവമുള്ള വിഷയമെന്ന് ഡിവൈഎഫ്ഐ  സംസ്ഥാന സെക്രട്ടറി വികെ സനോജും പ്രസിഡന്റ് വസീഫും. വിഷയത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇരുവരും ആരോപിച്ചു.

◾കൊടുങ്ങല്ലൂരിനടുത്ത് വെളയനാട് റോഡ് നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് മിക്സിംഗ് യന്ത്രത്തില്‍ കുടുങ്ങി പത്തൊമ്പതുകാരനായ ബിഹാര്‍ സ്വദേശിയായ തൊഴിലാളി മരിച്ചു. വെസ്റ്റ് ചംമ്പാരന്‍ സ്വദേശി വര്‍മ്മാനന്ദ് കുമാര്‍ (19) ആണ് മരിച്ചത്. വര്‍മ്മാനന്ദ് കുമാര്‍ കോണ്‍ക്രീറ്റ് മിക്‌സിംഗ് മെഷീനകത്ത് ജോലി ചെയ്യുന്നതിനിടെ പുറമെനിന്ന് മെഷീന്‍ ഓണ്‍ ചെയ്തതാണ് അപകട കാരണം.

◾20 വര്‍ഷം മുന്‍പ് നടന്ന മുത്തങ്ങ സമരത്തിന്റേയും വെടിവയ്പിന്റേയും ഓര്‍മ പുതുക്കി ഗോത്രജനത. സമരവാര്‍ഷിക പരിപാടിയായ ‘നങ്ക തെറെ’ (ഞങ്ങളുടെ ആഘോഷം) സാംസ്‌കാരിക ആഘോഷത്തില്‍ മുഖത്തു ചായം പൂശിയാണ് അന്നു കൊല്ലപ്പെട്ടവരുടെ ഉറ്റവരും നാടുവിടേണ്ടിവന്നവരും ബത്തേരിയില്‍ ഒത്തുകൂടിയത്. ആദിശക്തി സമ്മര്‍  സ്‌കൂളിന്റെ  ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ച് കവി സുകുമാരന്‍ ചാലിഗദ്ദ ഉദ്ഘാടനം ചെയ്തു.

◾ജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പരസ്യപ്രസ്താവനകള്‍ അരുതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസിലെ നേതാക്കള്‍ക്കിടയിലെ ഗ്രൂപ്പു പോരില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

◾പത്തനംതിട്ട ഏനാദിമംഗലത്ത് കൊല്ലപ്പെട്ട സുജാതയുടെ മക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. സുജാതയുടെ സംസ്‌കാരത്തിനു ശേഷമാണ് മക്കളായ സൂര്യലാല്‍, ചന്ദ്രലാല്‍ എന്നിവരെ കസ്റ്റഡിയിലെടുത്തത്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് മുളയങ്കോട് ഉണ്ടായ അക്രമത്തിലെ പ്രതികളാണ് ഇരുവരും.

◾ക്ലാസ് മുറിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 30 വര്‍ഷം കഠിന തടവിനും 85,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കൊയിലാണ്ടി പൊക്കിഞ്ഞാരി വീട്ടില്‍ രാധാകൃഷ്ണനെ (56) യാണ്  കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

◾ഇടുക്കിയില്‍ മാസങ്ങളായി നാടു വിറപ്പിക്കുകയും വീടുകളും കടകളും തകര്‍ക്കുകയും ചെയ്യുന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാന്‍ ഉത്തരവിറക്കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിട്ടത്. പിടികൂടി ജിഎസ്എം കോളര്‍ ഘടിപ്പിച്ച് ഉള്‍ക്കാട്ടിലേക്കു വിടാനാണ് പരിപാടി.

◾പാലക്കാട് മലമ്പുഴയില്‍ പുലി രണ്ടു പശുക്കളെ കൊന്നു. ജനവാസ മേഖലയായ കൊല്ലങ്കുന്നിലാണ് ശാന്ത, വീരന്‍ എന്നി ആദിവാസി ദമ്പതികളുടെ തൊഴുത്തിലെ പശുക്കളെ കൊന്നത്. രാത്രി ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് പുലിയെ കണ്ടത്. ബഹളം വയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതോടെ പുലി കാട്ടിലേക്കു മറഞ്ഞു.

◾കേബിള്‍ കഴുത്തില്‍ കുരുങ്ങി 11 വയസുകാരന് പരിക്കേറ്റു. കൊച്ചി മുണ്ടന്‍ വേലിയില്‍ ജോസഫ് ബൈജുവിന്റെ മകന്‍ സിയാന്‍ ആണ് പരിക്കേറ്റത്. സൈക്കിളില്‍ പാല്‍ വാങ്ങി വരുമ്പോഴായിരുന്നു അപകടം. താഴ്ന്നു കിടന്ന കേബിളില്‍ സിയാന്റെ കഴുത്ത് കുരുങ്ങി വീഴുകയായിരുന്നു.

◾കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ ട്രയിനില്‍ നിന്ന് 21 ലക്ഷം രൂപ പിടിച്ചു. കാരക്കല്‍ എക്സ്പ്രസിന്റെ എസി കോച്ചില്‍ നിന്നാണു കുഴല്‍പണം കണ്ടെടുത്തത്. പണം കടത്താന്‍ ശ്രമിച്ചയാളെ കണ്ടെത്തിയിട്ടില്ല.

◾ഒരു കോടിയോളം രൂപയുടെ ഒന്നേമുക്കാല്‍ കിലോ സ്വര്‍ണ്ണ മിശ്രിതം പാന്റിലും ബനിയനിലും ഉള്‍ഭാഗത്ത് തേച്ചുപിടിപ്പിച്ചു കൊണ്ടുവന്ന വടകര സ്വദേശി മുഹമ്മദ് സഫുവാന്‍ പോലീസിന്റെ പിടിയിലായി. കസ്റ്റംസ് പരിശോധന മറികടന്നു പുറത്തെത്തിയ ഇയാളെ പോലീസാണു പിടികൂടിയത്.

◾തൃശൂര്‍ മൃഗശാലയ്ക്കു മുമ്പില്‍ പാര്‍ക്കുചെയ്തിരുന്ന കാറില്‍നിന്ന് ആറു പവന്റെ ആഭരണം മോഷ്ടിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. കുന്നംകുളം പന്നിത്തടം സ്വദേശി റഷീദ് ആണ് പിടിയിലായത്.

◾കൊല്ലത്ത് പങ്കാളിയായ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ചിതറ സ്വദേശി സ്മിതയെ മദ്യലഹരിയില്‍ തീ കൊളുത്തിയ സുനില്‍കുമാറിനെ പൊലീസ് പിടികൂടി.

◾വര്‍ക്കലയില്‍ ബസില്‍ യുവതിയോടു മോശമായി പെരുമാറിയ ബസ് കണ്ടക്ടറെ അറസ്റ്റു ചെയ്തു. മേല്‍വെട്ടൂര്‍ സ്വദേശിയായ ശ്രീചിത്തിര വീട്ടില്‍ ആദര്‍ശിനെയാണ് വര്‍ക്കല പൊലീസ് പിടികൂടിയത്.

◾പിതൃത്വം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ ഡിഎന്‍എ പരിശോധന  നടത്താവുവെന്ന് സുപ്രീംകോടതി. ഡിഎന്‍എ പരിശോധന നടത്താനുള്ള മാര്‍ഗനിര്‍ദേശവും കോടതി പുറപ്പെടുവിച്ചു. പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഉത്തരവ്.

◾കര്‍ണാടകയില്‍ പരസ്യമായി സമൂഹമാധ്യമങ്ങളില്‍ പോരടിച്ച യുവ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഡി രൂപ ഐപിഎസിനെയും രോഹിണി സിന്ദൂരി ഐഎഎസിനെയുമാണു മാറ്റിയത്. ഇരുവര്‍ക്കും പദവികളൊന്നും നല്‍കിയിട്ടില്ല. പരസ്യപ്രതികരണം ചീഫ് സെക്രട്ടറി വിലക്കിയിരുന്നു. ഡി രൂപയുടെ ഭര്‍ത്താവ് മുനിഷ് മൗദ്ഗിലിനെയും സ്ഥലം മാറ്റി.

◾എയര്‍പോര്‍ട്ടിലെത്താന്‍ വൈകി വിമാനം കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച മുന്‍ സൈനികന്‍ അറസ്റ്റില്‍. ഹൈദരാബാദ്-ചെന്നൈ വിമാനത്തിലാണ് ബോംബുണ്ടെന്ന് വിളിച്ചു പറഞ്ഞ തെലങ്കാന വാറങ്കല്‍ സ്വദേശിയായ സൂപ്രണ്ടിംഗ് എന്‍ജിനീയറായിരുന്ന അജ്മീര്‍ ഭദ്രയ്യ (59) ആണ് പിടിയിലായത്.

◾ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയ മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. വിദേശത്ത് നിന്നു വരുന്ന യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ സിബിഐ ആണ് പിടികൂടിയത്. രണ്ടു കസ്റ്റംസ് സൂപ്രണ്ടുമാര്‍, ഒരു കസ്റ്റംസ് ഇന്‍സ്പെക്ടര്‍, ഹവില്‍ദാര്‍ എന്നീ നാലു പേരെയാണ് അറസ്റ്റു ചെയ്തത്.

◾മധ്യപ്രദേശില്‍ മാര്‍ക്ക് ലിസ്റ്റ് കിട്ടാന്‍ വൈകിയതിന് പൂര്‍വ വിദ്യാര്‍ത്ഥി വനിതാ പ്രിന്‍സിപ്പാളിനെ പെട്രോളൊഴിച്ച് തീകൊളുത്തി. ഇന്‍ഡോറിലെ ബി എം കോളജിലെ പ്രിന്‍സിപ്പല്‍ വിമുക്ത വര്‍മയെ (50) 90 ശതമാനം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂര്‍വ വിദ്യാര്‍ത്ഥി അശുതോഷ് ശ്രീവാസ്തവയെ പൊലീസ് അറസ്റ്റ് ചെയ്തു.

◾കുവൈറ്റില്‍ അപ്പാര്‍ട്ട്മെന്റിനു മുകളില്‍നിന്ന് ചാടി ജീവനൊടുക്കിയ ഇന്ത്യക്കാരി തമിഴ്നാട് ചിദംബരം കടലൂര്‍ സ്വദേശിനി അഖില കാര്‍ത്തികേയന്‍ (38) ആണെന്നു തിരിച്ചറിഞ്ഞു. ഇവരുടെ രണ്ട് കുട്ടികളെ അപ്പാര്‍ട്ട്മെന്റിനുള്ളിലെ മുറിയില്‍ കൊല്ലപ്പെട്ട നിലയിലും കണ്ടെത്തി.

◾ബഹറിനിലെ പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന് പാര്‍ലമെന്റ് അംഗങ്ങളുടെ ആവശ്യം. ഇതു സംബന്ധിച്ച നിയമനിര്‍മാണ ശുപാര്‍ശ എം.പിമാര്‍ സമര്‍പ്പിച്ചതായി ഗള്‍ഫ് ഡെയിലി ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.

◾യുക്രെയ്നിലെ പ്രാദേശിക പ്രശ്നം അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ആഗോള പ്രശ്നമാക്കി മാറ്റിയെന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍. യുക്രൈനു പിന്നില്‍ പാശ്ചാത്യ രാജ്യങ്ങളാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ യുക്രെയിന്‍ സന്ദര്‍ശനത്തിനു പിറകേയാണ് പുടിന്‍ റഷ്യന്‍ പാര്‍ലമെന്റില്‍ ഇങ്ങനെ പ്രതികരിച്ചത്.

◾റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനു കാന്‍സറും പാര്‍ക്കിന്‍സന്‍സ് അസുഖവും കലശലായെന്നു റിപ്പോര്‍ട്ട്. ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പുടിന്റെ കാലുകള്‍ വിറയ്ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് പുടിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ചര്‍ച്ചയായത്.

◾ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയ മിര്‍സയുടെ പ്രൊഫഷണല്‍ കരിയറിന് വിരാമം. 20 വര്‍ഷങ്ങള്‍ നീണ്ട ടെന്നീസ് കരിയറാണ് ഇതോടെ അവസാനിച്ചത്. നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന സാനിയ ദുബായ് ഡ്യൂട്ടി ഫ്രീ ചാമ്പ്യന്‍ഷിപ്പ് ഡബിള്‍സ് മത്സരത്തില്‍ ഒന്നാം റൗണ്ടില്‍ തന്നെ തോറ്റ് പുറത്താകുകയായിരുന്നു. 2003-ല്‍ കരിയര്‍ ആരംഭിച്ച സാനിയക്ക് ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുണ്ട്. കോടികണക്കിന് ഇന്ത്യന്‍ വനിതകളേയും പെണ്‍കുട്ടികളേയും പ്രചോദിപ്പിച്ച സാനിയ മിര്‍സ തന്റെ മുപ്പത്തിയാറാം വയസിലാണ് ടെന്നിസില്‍ നിന്ന് പടിയിറങ്ങുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!