മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടിവാഹനത്തിന്റെ അമിത വേഗതയ്ക്കെതിരേ കോടതി.

മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടിവാഹനത്തിന്റെ അമിത വേഗതയ്ക്കെതിരേ കോടതി.

◾മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടിവാഹനത്തിന്റെ അമിത വേഗതയ്ക്കെതിരേ പാലാ ഫസ്റ്റ് ക്ലാസ്സ് ജൂഡിഷ്യല്‍ മജിസ്ട്രേട്ട് കോടതി.  പാലാ കോഴ ഭാഗത്ത് മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടി വാഹനം അപകടരമായ രീതിയില്‍ പോയതിനെകുറിച്ച് കോടതി കുറുവിലങ്ങാട് എസ് എച്ച് ഒ യോട് റിപ്പോര്‍ട്ടു തേടി. മജിസ്‌ട്രേട്ടിന്റെ വാഹനം ഉള്‍പ്പടെ അപകടത്തിലാക്കുന്ന വിധത്തിലായിരുന്നു പൊലീസ് അകമ്പടി വാഹനം ചീറിപ്പാഞ്ഞത്.

◾പരിസ്ഥിതിക്കൊപ്പം മനുഷ്യനും പ്രാധാന്യമുണ്ടെന്ന് സുപ്രീം കോടതി. പ്രകൃതി സംരക്ഷണത്തിന്റെ പേരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താനാവില്ല. ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും പ്രാധാന്യമുണ്ട്. പശ്ചിമ ബംഗാളില്‍ റെയില്‍വേ മേല്‍പാലങ്ങള്‍ നിര്‍മിക്കുന്നതിനു മരങ്ങള്‍ വെട്ടുന്നതു തടഞ്ഞുകൊണ്ട് അഞ്ചു വര്‍ഷമായി തുടരുന്ന ഉത്തരവു റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

◾സിഎജി അംഗീകരിച്ച കണക്കുകള്‍ 2017 മുതല്‍ ഹാജരാക്കാത്തതിനാലാണ് കേരളത്തിനുള്ള ജിഎസ്ടി കുടിശിക വിഹിതം തടഞ്ഞതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയില്‍. അയ്യായിരം കോടി രൂപവീതം തടഞ്ഞെന്ന് ആരോപിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഈ വെളിപ്പെടുത്തല്‍.

◾ജിഎസ്ടി കുടിശിക വിഷയത്തില്‍ കേരളവും കേന്ദ്രവും തമ്മില്‍ തര്‍ക്കമില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേരളത്തിനു കുടിശികയായി കേന്ദ്രം തരാനുള്ളത് 750 കോടി രൂപയാണ്. കണക്കുകള്‍ കൃത്യമായി സമര്‍പ്പിക്കുന്നുണ്ട്. കുടിശിക കാലാവധി നീട്ടണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. അര്‍ഹമായ കേന്ദ്ര വിഹിതം കേരളത്തിന് നിഷേധിക്കുന്നതിലാണ് എതിര്‍പ്പ്. എന്‍കെ പ്രേമചന്ദ്രന്‍ എംപി പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തേയും ബാലഗോപാല്‍ വിമര്‍ശിച്ചു.

◾പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധവും വഴിവിട്ട സഹായങ്ങളും സംബന്ധിച്ചു  പാര്‍ലമെന്റില്‍ ആരോപിച്ചതെല്ലാം സത്യമെന്ന് രാഹുല്‍ ഗാന്ധി. അദാനിക്കു വേണ്ടി ചട്ടങ്ങള്‍ മറികടന്നു. മോദിയുടെ വിദേശ യാത്രകളില്‍ അനുഗമിക്കുന്ന അദാനിക്ക് അനേകം വിദേശ കരാറുകള്‍ നേടിക്കൊടുത്തു. വയനാട്ടിലെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. വിമാനത്താവളങ്ങളും തുറമുഖങ്ങളും അദാനിക്കു നല്‍കി. പാര്‍ലമെന്റിലെ തന്റെ പ്രസംഗം നീക്കം ചെയ്തു. തനിക്കെതിരേ വ്യക്തിഹത്യ നടത്തിയും അധിക്ഷേപിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചത്. മോദിയുടെ അധിക്ഷേപ പ്രസംഗം നീക്കം ചെയ്തില്ല. വന്യ ജീവി ആക്രമണത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും ബഫര്‍ സോണ്‍ ആശങ്കകള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾നമ്മുടെ നാട്ടിലെ എല്ലാ വികസനത്തേയും എതിര്‍ക്കണമെന്നതാണ് ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും തീരുമാനമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനോടുള്ള മതിപ്പ് ഇല്ലാതാക്കാന്‍ വികസനം മുടക്കുകയാണ്. നാടിന്റെ ഭാവിക്കായി സകല എതിര്‍പ്പിനെയും മറികടക്കും. അതിനെ ധാര്‍ഷ്ട്യം എന്നൊക്കെ ചിലര്‍ പറയും. ജനപിന്തുണ ഉള്ളിടത്തോളം മുന്നോട്ടുതന്നെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾വിരമിച്ച കെഎസ്ആര്‍ടിസിയില്‍നിന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ വിരമിച്ച 174 പേരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഈ മാസം തന്നെ നല്‍കണമെന്നു ഹൈക്കോടതി. ജൂണ്‍ മുപ്പതിനു മുന്‍പ് വിരമിച്ചവരുടെ പകുതി പെന്‍ഷന്‍ ആനുകൂല്യങ്ങളും നല്‍കണം. കെ.എസ്.ആര്‍.ടിസിയോടു കോടതി നിലപാട് തേടി.

◾കമ്പി കയറ്റിയ ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് കഴുത്തിലും നെഞ്ചിലും കമ്പികള്‍ കുത്തി കയറി യുവാവ് മരിച്ചു. പാലക്കാട് പുതുക്കാട് മണപ്പാടം സ്വദേശി ശ്രധേഷ് ആണ് മരിച്ചത്. 21 വയസായിരുന്നു. തൃശൂര്‍ ചെമ്പൂത്രയിലാണു സംഭവം. ലോറിക്കു പുറത്ത് മൂടിയിരുന്ന ടാര്‍പോളിന്‍ ഷീറ്റ് പറന്നു പോയത് എടുക്കാന്‍ പെട്ടെന്നു ലോറി  നിര്‍ത്തിയപ്പോഴാണ് പിന്നില്‍ വരികയായിരുന്ന ബൈക്ക് ഇടിച്ചത്.

◾കൊച്ചി നഗരത്തില്‍ നിയമലംഘനം നടത്തിയ 32 ബസുകള്‍ പൊലീസ് പിടിച്ചെടുത്തു. മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവര്‍മാരാണു പിടിയിലായത്. ഇവരില്‍ നാലു പേര്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും രണ്ടു പേര്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരുമാണ്. മദ്യപിച്ചു വാഹനം ഓടിക്കില്ലെന്ന് ഇവരെ സ്റ്റേഷനിലിരുത്തി ആയിരം തവണ ഇംപോസിഷന്‍ എഴുതുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. 

◾മുഖ്യമന്ത്രിയ്ക്കു സുരക്ഷ ഒരുക്കിയ പോലീസ് നാലു വയസുകാരനു മരുന്നു വാങ്ങാന്‍പോയ അച്ഛനെ തടഞ്ഞ് ഭീഷണിപ്പെടുത്തി. കാലടി കാഞ്ഞൂരിലാണ് സംഭവം. പൊലീസ് അതിക്രമം ചോദ്യം ചെയ്ത മെഡിക്കല്‍ ഷോപ്പ് ഉടമയോട് കട പൂട്ടിക്കുമെന്നും എസ് ഐ ഭീഷണിപ്പെടുത്തി.

◾കരിങ്കൊടി പ്രതിഷേധത്തെ സഹിഷ്ണുതയോടെ നേരിടാതെ ജനത്തെ ബന്ദിയാക്കുന്ന ഭീരുവായ മുഖ്യമന്ത്രി കേരള ജനതയുടെ പൊതുശല്യമായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മൈക്കിനു മുന്നില്‍ ഊരിപ്പിടിച്ച വടിവാളും ഇന്ദ്രചന്ദ്രനുമെന്നൊക്കെ സ്വന്തം അണികളോടു വീരവാദം വിളമ്പുന്ന മുഖ്യമന്ത്രിക്ക് തെരുവിലിറങ്ങാന്‍ പോലീസ് അകമ്പടിയില്ലാതെ കഴിയാത്തത് നാണക്കേടാണ്. സുധാകരന്‍ പറഞ്ഞു.

◾പെണ്‍കുട്ടികളെ തൊട്ടാല്‍ ആങ്ങളമാര്‍ പെരുമാറുന്നത് പോലെ കോണ്‍ഗ്രസ് പെരുമാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആജീവനാന്ത മുഖ്യമന്ത്രിയാണെന്ന് പോലീസ് കരുതേണ്ട. ഇവിടെ കോണ്‍ഗ്രസും യുഡിഎഫും കാണും. ഏകാധിപതികള്‍ എന്നും ഭീരുക്കളാണെന്നും സതീശന്‍.

◾ടിപ്പര്‍ ലോറി ഉടമകളില്‍നിന്ന് മാസപ്പടിയും കൈക്കൂലിയും വാങ്ങിയ മൂന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കോട്ടയം മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ബി ഷാജന്‍, അജിത് എസ്, അനില്‍ എംആര്‍ എന്നിവരെയാണ് സസ്പെന്‍ഡു ചെയ്തത്. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തിന്റെ വാടക കൊടുത്തിരുന്നത് ടിപ്പര്‍ ലോറി ഉടമകളാണ്.

◾കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ വെള്ളമില്ല. ആശുപത്രിയിലേക്കുള്ള പ്രധാന പൈപ്പ് പൊട്ടിയതാണു കാരണം.  പ്രസവം കഴിഞ്ഞവരും ഡയാലിസിസ് രോഗികളും കൂട്ടിരിപ്പുകാരുമടക്കം നൂറുകണക്കിനു പേരാണ് കുടിക്കാന്‍ പോലും വെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്.

◾വയനാടിനു വേണ്ടി എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. കേന്ദ്ര ഫണ്ട് വിനിയോഗിക്കാനുള്ള ഒരു യോഗത്തിലും രാഹുല്‍ പങ്കെടുക്കുന്നില്ല. മരിച്ച ആളുകളുടെ വീട്ടില്‍ പോയി രാഹുല്‍ നാടകം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

◾കൊല്ലം കുപ്പണ മദ്യദുരന്തക്കേസിലെ പ്രതി തമ്പിയെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നു സുപ്രീംകോടതി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ മോചിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന തടവുകാരനാണു തമ്പി. എന്നാല്‍ വിചാരണക്കോടതി വിധിച്ച 10 ലക്ഷം രൂപ പിഴയടക്കാത്തതിനാല്‍ ജയിലില്‍തന്നെ കഴിയുകയായിരുന്നു. പിഴത്തുക ഒഴിവാക്കി മോചിപ്പിക്കണമെന്നാണു സുപ്രീം കോടതി ഉത്തരവ്. തമ്പിയുടെ മകള്‍ കാര്‍ത്തികയാണു സുപ്രീംകോടതിയെ സമീപിച്ചത്.

◾പത്തു മണിക്കൂറുകൊണ്ട് 956.2 മീറ്ററിലധികം നീളമുള്ള പേപ്പര്‍ ചങ്ങല നിര്‍മ്മിച്ച് യുവാവ് ഗിന്നസ് ലോക റിക്കാര്‍ഡിലേക്ക്.  ലഹരിക്കെതിരെ ബോധവത്കരണവുമായാണ് വെണ്ണിയൂര്‍ വവ്വാമൂല വട്ടവിള സങ്കീര്‍ത്തനത്തില്‍ വിന്‍സന്റിന്റെയും മിനി കുമാരിയുടെയും മകന്‍ വിമിന്‍. എം. വിന്‍സന്റ് ഇങ്ങെനെ റിക്കാര്‍ഡിട്ടത്. വെങ്ങാനൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഡ്രോയിംഗ് പേപ്പര്‍ ഉപയോഗിച്ചു ചങ്ങല നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 11 മണിക്കൂര്‍ കൊണ്ട് നിര്‍മ്മിച്ച 780 മീറ്റര്‍ നീളത്തിലുള്ള ചങ്ങല നിര്‍മിച്ച അമേരിക്കക്കാരന്റെ റിക്കാര്‍ഡാണ് തകര്‍ത്തത്. 18 ഇഞ്ച് നീളത്തിലും നാലര ഇഞ്ച് വീതിയിലും വെട്ടിയെടുത്ത പേപ്പറില്‍ സ്റ്റേപ്ലര്‍ പിന്‍ ഉപയോഗിച്ച് ഉറപ്പിച്ചാണ് ചങ്ങല നിര്‍മിച്ചത്. നീല, പിങ്ക്, മഞ്ഞ എന്നീ കളര്‍ പേപ്പറുകളാണ് ഇതിനായി ഉപയോഗിച്ചത്.

◾പാറമടമൂലം ജീവിക്കാനാകുന്നില്ലെന്ന് പരാതിപ്പെട്ട് കോട്ടയം കൂട്ടിക്കല്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കൈക്കുഞ്ഞുമായെത്തി യുവതിയുടെ ആത്മഹത്യ ശ്രമം. കൊടുങ്ങ സ്വദേശിനിയായ റോസമ്മ തോമസ് എന്ന സ്ത്രീയാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

◾ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് ഡ്രൈവര്‍ക്കെതിരേ കാറിലെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയവരെ ബസ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കാറിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് കാറിലുണ്ടായിരുന്ന രണ്ടു പേര്‍ എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തിയത്.

◾കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ അധ്യാപകന്‍ ട്രിച്ചി എന്‍ഐടി യിലെ സ്വിമ്മിംഗ് പൂളില്‍ മരിച്ച നിലയില്‍. കോതമംഗംലം സ്വദേശിയായ ബാബു തോമസ് (37) ആണ് മരിച്ചത്. എന്‍ഐടി ട്രിച്ചിയില്‍ ഉപരിപഠനം നടത്തുകയായിരുന്ന ബാബു തോമസ്.

◾തിരുവനന്തപുരം പുലയനാര്‍കോട്ട ശ്രീമഹാദേവക്ഷേത്രത്തിന് സമീപം താമസിക്കുന്ന വിജയകുമാരിയുടെ ആത്മഹത്യാ കുറിപ്പില്‍ ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ ആരോപണം. അതിര്‍ത്തി തര്‍ക്കവും കള്ളക്കേസും ഉണ്ടാക്കിയെന്ന് ആത്മഹത്യാകുറിപ്പിനു പുറമേ ശബ്ദസന്ദേശവുമുണ്ട്. വിജയകുമാരിയെ ആക്രമിച്ചെന്ന പരാതിയില്‍ ക്ഷേത്രം പ്രസിഡന്റിനെതിരെ പൊലീസ് കേസെടുത്തിരുന്നു. വിജയകുമാരിക്കെതിരെയും കേസുണ്ട്.

◾വര്‍ക്കല അഞ്ചുതെങ്ങില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചു. മരണ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയാണു മനോജിന്റെ മകന്‍ ഋതുല്‍ ജീവനൊടുക്കിയത്.

◾മലപ്പുറം കാളികാവില്‍ സ്ത്രീകളുടെ നഗ്നചിത്രം നിര്‍മിച്ച് പ്രചരിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. അകമ്പാടം ഇടിവെണ്ണ സ്വദേശി തയ്യില്‍ ദില്‍ഷാദ് (22)ആണ് പിടിയിലായത്.

◾എറണാകുളം കളമശേരി മെഡിക്കല്‍ കോളേജ് ഹോസ്റ്റലിനു പിറകില്‍ തലയോട്ടി കണ്ടെത്തി. ശരീരാവശിഷ്ടങ്ങളുടെ മറ്റു ഭാഗങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.

◾ഇലക്ട്രിക് കടയില്‍നിന്ന് അഞ്ചു ലക്ഷം രൂപയുടെ കേബിളുകളും ക്യാമറകളും മോഷ്ടിച്ച കേസില്‍ കൊല്‍ക്കത്ത സ്വദേശികളായ പ്രതികള്‍ പിടിയില്‍. കായംകുളത്തെ ജെ ആര്‍ കെ ഇലക്ട്രിക്കല്‍സിന്റെ ഗോഡൗണില്‍ നിന്നാണു കേബിളുകളും ക്യാമറകളും മോഷ്ടിച്ചത്.

◾ഭാര്യക്കു ജോലി നല്‍കിയതിനു ഹോംസ്റ്റേയില്‍ അക്രമം നടത്തിയ മണ്ണഞ്ചേരി കണ്ണന്തറ വെളിയില്‍ മനോജിനെ (44) അറസ്റ്റുചെയ്തു. വളവനാട് ഭാഗത്തുള്ള ഹോംസ്റ്റേ ഉടമയെ ഹെല്‍മറ്റുകൊണ്ട് അടിക്കുകയും കത്തി കൊണ്ട് കഴുത്തിനു മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു.

◾മൂന്നര വയസുകാരിയെ പീഡിപ്പിച്ച പൂജാരിക്ക് 45 വര്‍ഷം കഠിനതടവും എണ്‍പതിനായിരം രൂപ പിഴയും ശിക്ഷ. ഉദയംപേരൂര്‍ സ്വദേശി മണക്കുന്നം ചാക്കുളം കരയില്‍ വടക്കേ താന്നിക്കകത്ത് വീട്ടില്‍ പുരുഷോത്തമനെയാണ് (83) എറണാകുളം പ്രിന്‍സിപ്പല്‍ പോക്സോ കോടതി ശിക്ഷിച്ചത്.

◾ജനുവരിയില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം 6.52 ശതമാനമായി വര്‍ധിച്ചു. 2022 ജനുവരിയില്‍ റീട്ടെയില്‍ പണപ്പെരുപ്പം 6.01 ശതമാനമായിരുന്നു. ഡിസംബറില്‍ പണപ്പെരുപ്പം 6.10 ശതമാനവുമായിരുന്നു.

◾മധ്യപ്രദേശിലെ നര്‍മദപുരം ജല്ലയിലെ സുഖ്താവ ഗ്രാമത്തില്‍ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ പള്ളി അക്രമികള്‍ കത്തിച്ചു. പോലീസ് കേസെടുത്തിട്ടുണ്ട്.

◾കര്‍ണാടക കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റില്‍ രണ്ടുപേരെ കടുവ കൊന്നു. പതിനെട്ടുകാരനേയും ബന്ധുവായ വയോധികനേയുമാണു കടുവ കൊന്നത്. ഹുന്‍സൂര്‍ അന്‍ഗോട്ട സ്വദേശിയായ മധുവിന്റെയും വീണ കുമാരിയുടേയും മകന്‍ ചേതന്‍ (18), ബന്ധുവായ രാജു (72) എന്നിവരാണ് കൊല്ലപ്പെട്ടത്.

◾ശ്രീലങ്കയിലെ എല്‍ടിടിഇ നേതാവ് വേലുപിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടതിനു തെളിവുണ്ടെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍. പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന ഡോ. പഴ നെടുമാരന്റെ അവകാശവാദം പൊള്ളയാണ്. 2009 ല്‍ സൈന്യത്തിന്റെ വെടിയേറ്റാണ് പ്രഭാകരന്‍ കൊല്ലപ്പെട്ടതെന്നും ശ്രീലങ്ക.

◾ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 11 ഇന്നത്തോടെ പ്രവര്‍ത്തനരഹിതമാകും. വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്ന്  ബ്രൗസറിലേക്കുള്ള സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് വഴി ശാശ്വതമായി പ്രവര്‍ത്തനരഹിതമാക്കാനാണ് മൈക്രോസോഫ്റ്റിന്റെ പദ്ധതി. 

◾ശക്തമായി ചുഴലിക്കാറ്റില്‍ തകര്‍ന്ന് ന്യൂസിലന്‍ഡ്.  വടക്കന്‍ മേഖലയിലാണ് ഗബ്രിയേല ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കിയത്. ഓക്ക്‌ലാന്‍ഡ് ഉള്‍പ്പെടെ അഞ്ചു മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമ്പതിനായിരത്തോളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!