കേരളം സുരക്ഷിതമല്ലെന്നു കര്‍ണാടകയിലെ ബിജെപി സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കേരളം സുരക്ഷിതമല്ലെന്നു കര്‍ണാടകയിലെ ബിജെപി സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

◾കേരളം സുരക്ഷിതമല്ലെന്നു കര്‍ണാടകയിലെ ബിജെപി സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടക സുരക്ഷിതമായിരിക്കാന്‍ ബിജെപി അധികാരത്തില്‍ തുടരണം. തൊട്ടരികിലുള്ള കേരളം സുരക്ഷിതമല്ലെന്നാണു അമിത് ഷാ പ്രസംഗിച്ചത്. കോണ്‍ഗ്രസ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

◾കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം കോടതി കയറി. കാസര്‍കോട് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലറായി ചുരുക്കപ്പട്ടികയില്‍ പേരില്ലാത്ത പ്രഫ. എച്ച് വെങ്കിടേശ്വരലുവിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കേരള ഹൈക്കോടതി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നത വദ്യാഭ്യാസ സെക്രട്ടറിയോടാണ് ഹൈക്കോടതി ഉത്തരവ്. ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന മൂന്നു പേരാണ് ഹൈക്കോടതിയെ സമീപിച്ചത്.

◾ബസ് സമരം വരുന്നു. ഇന്ധന സെസ് പിന്‍വലിക്കുക, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്‍ സമരത്തിനിറങ്ങുന്നത്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍നിന്ന് അഞ്ചു രൂപയാക്കി മാര്‍ച്ച് 31 ന് മുമ്പ് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ മുതല്‍ ബസ് സമരം നടത്തും. ഈ മാസം 28 ന് കളക്ടറേറ്റുകള്‍ക്കു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തും.

◾കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ടഅവധിയെടുത്ത് ഉല്ലാസയാത്ര പോയ സംഭവത്തില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ പോര്. സിപിഎം നേതാവായ എംഎല്‍എ കെ.യു. ജനീഷ്‌കുമാര്‍ വിഷയം പരസ്യമാക്കി വഷളാക്കരുതായിരുന്നു എന്നാണു റവന്യൂ വകുപ്പു ഭരിക്കുന്ന സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നിലപാട്. ക്വാറി മാഫിയയുടെ വാഹനത്തില്‍ ഉല്ലാസയാത്ര നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ടതില്ലെന്നും എംഎല്‍എയുടെ ഇടപെടല്‍ ന്യായമാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനു പറഞ്ഞു. ജീവനക്കാര്‍ക്ക് അവധിയെടുക്കാന്‍ അവകാശമുണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം.

◾മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച സമരത്തില്‍ പെണ്‍കുട്ടിയായ കെ.എസ്.യു ജില്ലാ സെക്രട്ടറി മിവ ജോളിയെ പുരുഷ പൊലീസ് മര്‍ദ്ദിച്ചെന്ന് കോണ്‍ഗ്രസിന്റെ പരാതി. കളമശ്ശേരി സിഐ പി.ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ പുരുഷ പൊലീസുകാര്‍ സ്വകാര്യ ഭാഗങ്ങളില്‍ കയറിപ്പിടിച്ച് മര്‍ദിച്ചെന്നാണു പരാതി.

◾കൊട്ടാരക്കരയില്‍ ലോറിക്കടിയില്‍പെട്ട് മരിച്ചയാളുടെ മൃതദേഹം പോലീസ് എത്താതെ റോഡില്‍ കിടന്നത് എട്ടു മണിക്കൂര്‍. വെട്ടിക്കവല സ്വദേശി രതീഷ് ആണ് മരിച്ചത്. തക്കല സ്വദേശിയായ ലോറി ഡ്രൈവര്‍ കൃഷ്ണകുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട്ടില്‍നിന്ന് വാഴവിത്തുമായി എത്തിയ ലോറിക്കടിയിലാണ് രതീഷ് കുടുങ്ങിയത്.

◾കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ ശശി തരൂര്‍. സീനിയര്‍ നേതാവ് ജയറാം രമേശ് അധ്യക്ഷനായുള്ള 21 അംഗ സമിതിയില്‍ തരൂരിനു പുറമേ രമേശ് ചെന്നിത്തലയും അംഗമാണ്.

◾ഹോട്ടലുകള്‍ അമ്മയേപ്പോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ ഊട്ടുന്നവരാണ് ഹോട്ടലുകളും റസ്റ്റോറന്റുകളും. അമ്മമാര്‍ വിളമ്പുന്ന സംതൃപ്തി നല്‍കണം. ഭക്ഷണത്തില്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോളാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. അദ്ദേഹം പറഞ്ഞു. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

◾സിപിഎം നേതാവ് പി.കെ. ശശി പാര്‍ട്ടി ഫണ്ടു തിരിമറി നടത്തിയെന്ന ആരോപണത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷണം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശന്‍ മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റിയില്‍ പോയി അന്വേഷണം നടത്തണമെന്ന് പാലക്കാട് ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തി.

◾ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 32 വയസുള്ള കാസര്‍കോടുകാരിയെ പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. രാമവര്‍മപുരം പൊലീസ് ക്യാംപിലെ കെ സി ശ്രീരാജാണ് അറസ്റ്റിലായത്. പരാതി ഒത്തുതീര്‍പ്പാക്കാന്‍ പാലക്കാട്ടേയും കാസര്‍കോട്ടേയും സിപിഎം നേതാക്കളെ രംഗത്തിറക്കി സമ്മര്‍ദം ചെലുത്തിയെന്നു യുവതി പരാതിയില്‍ പറയുന്നു.

◾ആലുവയില്‍ റോഡിലെ കുഴിയില്‍ വീണ് കാഞ്ഞൂര്‍ സ്വദേശിനിയായ ഇരുചക്രവാഹന യാത്രക്കാരിയുടെ കാലിലെ എല്ലൊടിഞ്ഞു. ആലുവ ശ്രീമൂല നഗരം എംഎല്‍എ റോഡില്‍ വാട്ടര്‍ അഥോറിറ്റി പൈപ്പിടാന്‍ കുഴിച്ച കുഴിയില്‍ വീണാണ് അപകടമുണ്ടായത്.

◾അപകടത്തിന്റെ പേരില്‍ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡ്രൈവര്‍ മദ്യപിച്ചു ബസ് ഓടിക്കുന്നതിനിടെ തൃക്കാക്കരയില്‍ പിടിയില്‍. നേര്യമംഗലം സ്വദേശി അനില്‍കുമാറാണ് പിടിയിലായത്. കഴിഞ്ഞ മാസം പാലാരിവട്ടത്ത് നടന്ന അപകടത്തെ തുടര്‍ന്ന് അനില്‍ കുമാറിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

◾മാനന്തവാടി തലപ്പുഴ നാല്‍പ്പത്തിനാലില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കണ്ണൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമില്ല.

◾പിറന്നാള്‍ ദിനത്തില്‍ ബേക്കറി യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി യുവതി മരിച്ചു. കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശി ജയശീല (24) ആണ് മരിച്ചത്.

◾പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുപ്പതുകാരന് ജീവപര്യന്ത തടവും 66 വര്‍ഷം കഠിന തടവും 1.8 ലക്ഷം രൂപ പിഴയും ശിക്ഷ. വള്ളികുന്നം അജ്മല്‍ ഹൗസില്‍ നിസാമുദ്ദീനാണ് ഹരിപ്പാട് അതിവേഗ കോടതി ശിക്ഷ വിധിച്ചത്. അമ്മ ഉപേക്ഷിച്ചു പോകുകയും പിതാവ് ജയിലിലാകുകയും ചെയ്തതിനാല്‍ അമ്മൂമ്മയോടൊപ്പം താമസിച്ചിന്ന പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്.

◾അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്തു വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. തമിഴ്നാട് പൊള്ളാച്ചി സ്വദേശിയായ രാമനെയാണ് (59) ആലുവ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

◾ഈ സാമ്പത്തിക വര്‍ഷം ഇതുവരെ മൊത്ത പ്രത്യക്ഷ നികുതി പിരിവ് 24 ശതമാനം വര്‍ധിച്ച് 15.67 ലക്ഷം കോടി രൂപയിലെത്തിയെന്ന് ധനമന്ത്രാലയം. കോര്‍പ്പറേറ്റ് ആദായ നികുതി വരുമാനം 19.33 ശതമാനവും വ്യക്തിഗത ആദായനികുതി വരുമാനം 29.63 ശതമാനവും വര്‍ധിച്ചു.

◾ത്രിപുരയിലെ സിപിഎം- കോണ്‍ഗ്രസ് സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില്‍ ഗുസ്തിയും ത്രിപുരയില്‍ ദോസ്തിയുമാണെന്നാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. രാധാകിഷോര്‍പൂരില്‍ നടന്ന പ്രചാരണറാലിയിലാണ് മോദിയുടെ പരാമര്‍ശം.

◾ത്രിപുരയില്‍ ഇടതു – കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനായിരിക്കുമെന്ന് കോണ്‍ഗ്രസ്. സിപിഎമ്മിലെ മുതിര്‍ന്ന ഗോത്രവര്‍ഗ നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അജയ്കുമാര്‍ പറഞ്ഞു.

◾ഉത്തര്‍പ്രദേശില്‍ വന്‍കിട നിക്ഷേപങ്ങള്‍ നടത്തുമെന്ന് പ്രമുഖ വ്യവസായ കമ്പനികള്‍. ഉത്തര്‍പ്രദേശ് ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് സമ്മിറ്റിലാണ് വാഗ്ദാനം. മുകേഷ് അംബാനി അടുത്ത നാലു വര്‍ഷത്തിനകം 75,000 കോടി രൂപയുടെ നിക്ഷേപത്തിലൂടെ ഒരു ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചു. സിമന്റ്, ലോഹം, ധനകാര്യ സേവനങ്ങള്‍, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ യുപിയില്‍ 25,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള പ്രഖ്യാപിച്ചു. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനും നിക്ഷേപ വാഗ്ദാനങ്ങള്‍ നല്‍കി. അയ്യായിരം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി മുന്നോട്ടുവച്ചത്.

◾രണ്ടു വര്‍ഷം മുമ്പ് ഇന്ത്യ നിരോധിച്ച ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്ക് ഇന്ത്യയിലെ ഓഫീസ് അടച്ചുപൂട്ടി. 40 ജീവനക്കാരെയും പിരിച്ചുവിട്ടു. 20 കോടിയിലധികം ഉപയോക്താക്കളുണ്ടായിരുന്ന ടിക് ടോക്കിനെ 2020 ലാണ് നിരോധിച്ചത്.

◾പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റേതുമെന്ന പോലെ ഇന്ത്യ തന്റെയും നാടാണെന്ന് ജംഇയ്യത്തുല്‍ ഉലമാ-ഇ-ഹിന്ദ് പ്രസിഡന്റ് മഹമൂദ് മദനി. ഡല്‍ഹിയില്‍ വാര്‍ഷിക പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചത്.

◾തുര്‍ക്കി ഭൂചലനത്തില്‍ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. ബഹുനില ഹോട്ടല്‍ കെട്ടിടം തകര്‍ന്നാണ് വിജയ് കുമാര്‍ മരിച്ചത്.

◾ചവറ്റുകുട്ടയില്‍നിന്നു ലഭിച്ച ഒന്നേമുക്കാല്‍ കോടി വീതിച്ചെടുത്ത് സ്വന്തമാക്കി നാട്ടിലേക്കയച്ച രണ്ടു പ്രവാസികള്‍ കുടുങ്ങി. ദുബൈയിലെ വീടിന്റെ അറ്റകുറ്റപ്പണിക്ക് എത്തിയ രണ്ടു തൊഴിലാളികളാണ് വീട്ടുടമ ചവറ്റു കുട്ടയില്‍ ഒളിപ്പിച്ച പണം അപഹരിച്ചു നാട്ടിലേക്കയച്ചത്.

◾ഐഎസ്എല്ലിലെ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ബാംഗ്ളൂരുവിനെതിരെ തോല്‍വി. വിജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളൂരു തോല്‍പിച്ചത്. 32-ാം മിനിറ്റില്‍ റോയ് കൃഷ്ണയാണു ബെംഗളൂരുവിന്റെ വിജയ ഗോള്‍ നേടിയത്. തോല്‍വി വഴങ്ങിയെങ്കിലും 31 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റു പട്ടികയില്‍ മൂന്നാമതുണ്ട്. ഈ ജയത്തോടെ ബെംഗളൂരു 28 പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കി.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവയെ മൂന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത മുംബൈ സിറ്റി എഫ്‌സി ഐഎസ്എല്‍ ഷീല്‍ഡ് സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് മുംബൈ ഐഎസ്എല്‍ ഷീല്‍ഡ് നേടുന്നത്. സീസണില്‍ ഇതുവരെ മുംബൈ തോല്‍വിയറിഞ്ഞിട്ടില്ല.

◾ബോര്‍ഡര്‍ – ഗവാസ്‌കര്‍ ടോഫ്രിയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഇന്നിംഗ്സ് വിജയം. ഒരിന്നിംഗ്സിനും 132 റണ്‍സിനുമാണ് കംഗാരുപ്പടയെ ഇന്ത്യ തകര്‍ത്തെറിഞ്ഞത്. ആദ്യ ഇന്നിംഗ്സില്‍ 177 റണ്‍സിന് പുറത്തായ ഓസീസ് രണ്ടാമിന്നിംഗ്സില്‍ വെറും 91 റണ്‍സിനാണ് പുറത്തായത്. ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 400 റണ്‍സെടുത്തിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 5 വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും രണ്ടാമിന്നിംഗ്സില്‍ 5 വിക്കറ്റെടുത്ത രവിചന്ദ്ര അശ്വിനുമാണ് ഓസ്ട്രലിയയെ തകര്‍ത്തു കളഞ്ഞത്. രണ്ടിന്നിംഗസിലുമായി ഏഴു വിക്കറ്റെടുക്കുകയും ആദ്യ ഇന്നിംഗസില്‍ നിര്‍ണായക 70 റണ്‍സെടുക്കുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.

◾പേടിഎമ്മിലെ ഓഹരികള്‍ പൂര്‍ണമായും വിറ്റ് ചൈനീസ് ഗ്രൂപ്പ് അലിബാബ. ബ്ലോക്ക് ഡീലിലൂടെ ആയിരുന്നു വില്‍പ്പന. എഎന്‍ഐ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു വലിയ നിക്ഷേപക സ്ഥാപനം 3.4 ശതമാനം ഓഹരികള്‍ വിറ്റെന്ന വാര്‍ത്തയെ തുടര്‍ന്ന് പേടിഎമ്മിന്റെ ഓഹരി വില ഇടിഞ്ഞു. ജനുവരി ആദ്യം പേടിഎമ്മിലെ 3.1 ശതമാനം ഓഹരികള്‍ 536.95 രൂപ നിരക്കില്‍ അലിബാബ വിറ്റിരുന്നു. സെപ്റ്റംബറിലെ കണക്കുകള്‍ അനുസരിച്ച് 6.26 ശതമാനം ഓഹരികളാണ് പേടിഎമ്മില്‍ അലിബാബയ്ക്ക് ഉണ്ടായിരുന്നത്. 2022-23ലെ മൂന്നാം പാദത്തില്‍ നഷ്ടം കുറച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി പേടിഎം ഓഹരി വില ഉയരുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അലിബാബ ഓഹരികള്‍ വിറ്റത്. നവംബറില്‍ സൊമാറ്റോയിലെ 3 ശതമാനം ഓഹരികളും അലിബാബ വിറ്റിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!