എറണാകുളത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

എറണാകുളത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

◾എറണാകുളത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. ഉദ്യോഗസ്ഥര്‍ക്ക് അഹങ്കാരവും ധാര്‍ഷ്ട്യവുമാണെന്നും ഉത്തരവാദിത്വപ്പെട്ട പല തലകളും ഉരുളുമെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു. എറണാകുളം കങ്ങരപ്പടിയില്‍ വാട്ടര്‍ അതോറിറ്റിയ്ക്കായി കുഴിച്ച കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം. ജില്ലയിലെ റോഡുകളുടെ അവസ്ഥ സംബന്ധിച്ച് റിപ്പോര്‍ട് നല്‍കാതിരുന്ന ജില്ലാ കളക്ടറേയും കോടതി വിമര്‍ശിച്ചു.

◾വെള്ളക്കരം വര്‍ദ്ധന 50 രൂപ മുതല്‍ 550 രൂപ വരെ. മിനിമം നിരക്ക് 22.05 രൂപയില്‍നിന്ന് 72.05 രൂപയായി വര്‍ധിപ്പിച്ചു. വര്‍ധനയ്ക്കു ഈ മാസം മൂന്നു മുതല്‍ മുന്‍കാല പ്രാബല്യം ഏര്‍പ്പെടുത്തി ജല അതോരിറ്റി പുതുക്കിയ താരിഫ് പുറത്തിറക്കി.  ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 15,000 ലിറ്റര്‍ വരെ സൗജന്യം. വെള്ളക്കരം, ഇന്ധന സെസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് നിരക്കു വര്‍ധിപ്പിച്ച് ഉത്തരവിറക്കിയത്.

◾പാര്‍ലമെന്റില്‍ വിലക്കിയ അദാനി വിഷയം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. അദാനിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള ബന്ധത്തെയും രാജ്യത്തെ അദാനിക്കു തീറെഴുതിയതിനേയും വിമര്‍ശിച്ചാണു പ്രസംഗം. നന്ദിപ്രമേയ ചര്‍ച്ചയില്‍ ഈ വിഷയം എന്തിനാണെന്നു ചോദിച്ച് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും തടസപ്പെടുത്തിയെങ്കിലും രാഹുല്‍ ഗാന്ധി പിന്മാറിയില്ല. ഭാരത് ജോഡോ യാത്ര വിജയകരമെന്നു പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. ജനങ്ങള്‍ തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ സങ്കടങ്ങള്‍ പറഞ്ഞു. അദാനിക്ക് ഇന്ത്യയെ വിറ്റതിന്റെ വിശേഷങ്ങള്‍ ജനങ്ങള്‍ ചോദിച്ചു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുതലുള്ള ബന്ധമാണ്.  വിമാനത്താവളങ്ങളും തുറമുഖങ്ങളും പ്രതിരോധ മേഖലയും അദാനിക്കു നല്‍കി. മോദിയുടെ വിദേശ സന്ദര്‍ശനത്തിന്റെ നേട്ടവും അദാനിക്കാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

◾തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 5,230 കടന്നു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തുവരികയാണ്. അതിശൈത്യംമൂലം തെരച്ചില്‍ ദുഷ്‌കരമായിരിക്കുകയാണ്. യഥാര്‍ത്ഥ മരണം മൂന്നിരിട്ടിയെങ്കിലും ആകുമെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ ദ്രുതകര്‍മ സേനയും ഡോക്ടര്‍മാരുടെ സംഘവും തുര്‍ക്കിയില്‍ എത്തിയിട്ടുണ്ട്.

◾വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം നടപ്പാക്കാത്ത കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ അന്ത്യശാസനം. രണ്ടാഴ്ചയ്ക്കകം വര്‍ധിപ്പിച്ച തുക നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി പത്തു സംസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കി. ഉയര്‍ന്ന പെന്‍ഷനുള്ള തുക വകയിരുത്തിയെന്നും രണ്ടാഴ്ചക്കുള്ളില്‍ വിതരണം ചെയ്യുമെന്നും കേരളം കോടതിയെ അറിയിച്ചു.

◾ഇന്ധനവിലയില്‍ ഏര്‍പ്പെടുത്തിയ കനത്ത സെസ് പിന്‍വലിക്കില്ലെന്ന് എല്‍ഡിഎഫ് ഘടകകക്ഷി യോഗത്തില്‍ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ജനവികാരം മാനിക്കാത്ത ധിക്കാരിയായ ഒരു ഏകാധിപതിയുടെ ശബ്ദമാണത്. പിണറായി സര്‍ക്കാര്‍ മുട്ടുകുത്തുംവരെ തീപാറുന്ന സമരവുമായി നിയമസഭയിലും തെരുവുകളിലും കോണ്‍ഗ്രസ് ഉണ്ടാകുമെന്നും കെ പി സി സി പ്രസിഡന്റ് വ്യക്തമാക്കി.

◾ഇന്ധന വില വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനരാലോചിക്കണമെന്ന് ഘടകകക്ഷിയായ എന്‍സിപി. ഇടതു മുന്നണി യോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെടുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ പറഞ്ഞു. നികുതി വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് കഴിയാത്ത സാഹചര്യമുണ്ടെന്നും ചാക്കോ വിശദീകരിച്ചു.

◾സംസ്ഥാനത്തെ സര്‍ക്കാര്‍ – എയിഡഡ് ഹൈസ്‌കൂളുകളില്‍ അടുത്ത മാസത്തോടെ 36,366 ലാപ്ടോപ്പുകള്‍ പുതുതായി ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കൈറ്റ് ആണ് ലാപ് ടോപ്പുകള്‍ ലഭ്യമാക്കുന്നത്. ഹൈടെക് പദ്ധതികളുടെ ഭാഗമായി ഇതുവരെ 760 കോടി രൂപ ചെലവിട്ട് 4.4 ലക്ഷം ഉപകരണങ്ങള്‍ സ്‌കൂളുകളില്‍ വിന്യസിപ്പിച്ചെന്നും മന്ത്രി.

◾വെള്ളക്കരം വര്‍ധന സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ, ഒരു കുടുംബത്തിന് പ്രതിദിനം ശരാശരി 100 ലിറ്റര്‍ വെള്ളം മതിയെന്നു നിയമസഭയില്‍ പ്രസംഗിച്ച മന്ത്രി റോഷി അഗസ്റ്റിന്‍ ഫെയ്‌സ്ബുക്കിലൂടെ അതു തിരുത്തി. ഒരാള്‍ക്ക് 100 ലിറ്റര്‍ എന്ന നിലയില്‍ അഞ്ചംഗ കുടുംബത്തിന് 500 ലിറ്റര്‍ വെള്ളം മതിയാകില്ലേ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് മന്ത്രി വിശദീകരിച്ചു.

◾കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചത് അമ്മയുടെ ആയുര്‍വേദ ചികില്‍സയ്ക്കു വേണ്ടിയാണെന്നും പ്രതിമാസം 20,000 രൂപയാണു വാടക നല്‍കിയതെന്നും യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. അറ്റാച്ച്ഡ് ബാത്റൂമില്ലാത്ത  വീട് പുതുക്കി പണിയുന്ന സമയത്താണ് അവിടെ താമസിച്ചത്. തന്റെ ശമ്പളവും അമ്മയുടെ പെന്‍ഷന്‍ തുകയും ഉപയോഗിച്ചാണു വാടക നല്‍കിയെന്നും ചിന്ത വിശദീകരിച്ചു. 

◾മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ വിദഗ്ധ ചികില്‍സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ കണ്ടു. ചെലവുകള്‍ കെപിസിസി വഹിക്കുമെന്നു സതീശന്‍ പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ച് മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ചികില്‍സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

◾കേരള സ്‌പോട്‌സ് കൗണ്‍സിലിന്റെ അധ്യക്ഷനായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം യു ഷറഫ് അലി ചുമതലയേറ്റു. കായിക മന്ത്രിയുമായുള്ള ഭിന്നതയെത്തുടര്‍ന്ന് മേഴ്‌സിക്കുട്ടന്‍ രാജിവച്ച ഒഴിവിലാണു നിയമനം.

◾വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നതില്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പിടിഎയുടേയും നാട്ടുകാരുടേയും സഹകരണത്തോടെയാണ് പലയിടത്തും  വിജയകരമായി മുന്നോട്ടു പോകുന്നത്. ഇത്തവണ ബജറ്റില്‍ തുക വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

◾ചങ്ങനാശേരിയില്‍ അനധികൃതമായി താമസിച്ചിരുന്ന അഫ്ഗാന്‍ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. അഹ്‌മദ് നസീര്‍ ഒസ്മാനി എന്ന ഇരുപത്തിനാലുകാരനാണ് അറസ്റ്റിലായത്. മെഡിക്കല്‍ വിസയില്‍ ഇന്ത്യയിലെത്തിയതായിരുന്നു.

◾അഭയ കേസില്‍ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയ സിബിഐക്കെതിരേ 14 വര്‍ഷത്തിനുശേഷം ഡല്‍ഹി ഹൈക്കോടതിയുടെ വിധി. കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്.  സി.ബി.ഐക്കെതിരെ മാനനഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനും കേസ് നല്‍കാന്‍ സിസ്റ്റര്‍ സെഫിക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി വിധിച്ചു.

◾കുറവിലങ്ങാട്ട് മദ്യലഹരിയില്‍ മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. നസ്രത്ത് ഹില്‍ സ്വദേശിയായ ജോസഫ് (69) ആണ് കൊല്ലപ്പെട്ടത്. മകന്‍ ജോണ്‍ പോളിനെ (39) അറസ്റ്റു ചെയ്തു. മദ്യലഹരിയില്‍ തര്‍ക്കത്തിനിടെ റബര്‍ കമ്പുപയോഗിച്ച് അച്ഛന്‍ മകനെ അടിച്ചു. കമ്പിവടി കൊണ്ട് തിരിച്ചടിച്ചതോടെ ജോസഫ് മരിക്കുകയായിരുന്നു.

◾ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിനു പിറകേ പോയ സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു. പുളിയാര്‍മല കളപ്പുരയ്ക്കല്‍ സന്തോഷിന്റെ മകന്‍ എം.എസ് വിഷ്ണു (22) ആണ് മരിച്ചത്.

◾ഓണ്‍ലൈന്‍ റമ്മി കളിച്ച് 18 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായ യുവാവ് ജീവനൊടുക്കി. പാലക്കാട് കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ് ആത്മഹത്യ ചെയ്തത്. തൃശൂരിലെ കോളജില്‍ ലാബ് ടെക്നീഷ്യനായിരുന്നു.

◾ഇഞ്ചിവിറ്റ പണം ആവശ്യപ്പെട്ടതിന് പുല്‍പ്പള്ളി സ്വദേശിയായ കര്‍ഷകനെ മാനന്തവാടിയിലെ വ്യാപാരി ഗുണ്ടകളുമായി എത്തി മര്‍ദ്ദിച്ചെന്ന് പരാതി. കര്‍ണാടകയില്‍ ഇഞ്ചികൃഷി നടത്തുന്ന പുല്‍പ്പള്ളി സീതാമൗണ്ട് സ്വദേശി സിജു (48) ആണ് വ്യാപാരിയായ ജോയിക്കെതിരേ കര്‍ണാടകയിലെ ജയ്പുര പൊലീസില്‍ പരാതി നല്‍കിയത്. ജോയിയുടെ കര്‍ണാടകയിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് മലയാളി കര്‍ഷകര്‍ മാര്‍ച്ച് നടത്തി.

◾കോഴിക്കോട് കോട്ടൂളിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. ഒരു കാര്‍ പൂര്‍ണമായും കത്തി നശിച്ചു. മുന്‍ ഭാഗത്താണ് തീപടര്‍ന്നത്. കാറിലുണ്ടായിരുന്നുവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഫയര്‍ ഫോഴ്സ് എത്തിയ ശേഷമാണ് തീയണച്ചത്.

◾പ്രവാസിയുടെ കാര്‍ ഡ്രൈവറായി ജോലിക്കെത്തി 1,15,000 രൂപ കവര്‍ന്ന പ്രതിയെ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. തിരുവനന്തപുരം പേട്ട പാല്‍ക്കുളങ്ങരയില്‍ ശരവണം വീട്ടില്‍ കെ ഹരികൃഷ്ണന്‍ (49)നെയാണ് കരീലകുളങ്ങര പൊലീസ് അറസ്റ്റു ചെയ്തത്. എറണാകുളം ആലുവ ചൂര്‍ണിക്കര ഉജ്ജയിനി വീട്ടില്‍ ഉണ്ണികൃഷ്ണപിള്ളയുടെ കാര്‍ ഓടിക്കാനായി ഏജന്‍സി മുഖേന എറണാകുളത്തുനിന്ന് എത്തിയ ഡ്രൈവറാണു മോഷണത്തിനു പിടിയിലായത്.

◾കണ്ണൂര്‍ ആറളത്ത് മാവോയിസ്റ്റ് സംഘം. ആറളം വിയറ്റ്നാം കുറിച്ചി കോളനിയില്‍ ആയുധധാരികളായ ഒരു സ്ത്രീയും അഞ്ചു പുരുഷന്മാരും അടങ്ങിയ സംഘമാണ് എത്തിയത്. ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച് കൊട്ടിയൂര്‍ വനത്തിലേക്ക് മടങ്ങി.

◾കണ്ണൂരിലെ കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ബിജെപി. യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും സമൂഹത്തില്‍ വിഹരിക്കുകയാണെന്ന് ബിജെപി കണ്ണൂര്‍ ജില്ല പ്രസിഡന്റ് എന്‍ ഹരിദാസ് ആരോപിച്ചു. കൊലപാതകം നേരില്‍ കണ്ട 16 കുട്ടികളില്‍ ഒരാളായ പാനൂര്‍ സ്വദേശി ഷെസീന വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദംമൂലമാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയതെന്നും ഹരിദാസ് പറഞ്ഞു.

◾കോണ്‍ഗ്രസ് ഭരണകാലത്ത് ടാറ്റ, ബിര്‍ള, അംബാനി തുടങ്ങിയ വ്യവസായികളെയാണു സഹായിച്ചിരുന്നതെന്ന് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും അദാനിയെ വഴിവിട്ടു സഹായിച്ചെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവ് നിഷികാന്ത് ദുബെ. 2010 ല്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോഴാണ് അദാനിക്ക് ഓസ്ട്രേലിയയില്‍ ഖനനാനുമതി നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.

◾അദാനി ഗ്രൂപ്പിനെതിരായ മാധ്യമ വാര്‍ത്തകള്‍ നിരോധിക്കണെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി. അദാനിക്കെതിരേ റിപ്പോര്‍ട്ടു പുറത്തുവിട്ട ഹിന്‍ഡെന്‍ബര്‍ഗിനും സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്സനുമെതിരേ നടപടി ആവശ്യപ്പെട്ട് എം.എല്‍. ശര്‍മ നല്‍കിയ ഹര്‍ജിയുടെ അനുബന്ധമായാണ് പുതിയ ഹര്‍ജി.

◾കടുവാ സങ്കേതങ്ങളിലെ സഫാരികളും മൃഗശാലകളും അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി ചുമതലപ്പെടുത്തിയ ഉന്നതാധികാര സമിതി. കടുവാ സങ്കേതങ്ങളില്‍ വിനോദസഞ്ചാരം അരുതെന്നു സമിതി സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!