ജോസ് കെ. മാണി വിഭാഗം ഇടതുപാളയത്തില്‍; എം.പി സ്ഥാനം രാജിവയ്ക്കും

ജോസ് കെ. മാണി വിഭാഗം ഇടതുപാളയത്തില്‍; എം.പി സ്ഥാനം രാജിവയ്ക്കും

കോട്ടയം: കേരളാ കോണ്‍ഗ്രസ്(എം) ജോസ് കെ. മാണി വിഭാഗം എല്‍ഡിഎഫില്‍. കോട്ടയത്ത് നേതൃയോഗത്തിന് ശേഷം ജോസ് കെ.മാണി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നിര്‍ണായക രാഷ്ട്രീയ പ്രഖ്യാപനമുണ്ടായത്. കേരള കോണ്‍ഗ്രസിന്റെ നിലവിലുള്ള രാജ്യസഭ എം.പി സ്ഥാനം രാജിവയ്ക്കുമെന്ന് ജോസ്.കെ മാണി അറിയിച്ചു.‍

എംഎൽഎ ഉള്‍പ്പെടെ മാണിക്കൊപ്പം നിന്നവരെ കോണ്‍ഗ്രസ് അപമാനിച്ചു. ഒരു ചര്‍ച്ചയ്ക്ക് പോലും കോണ്‍ഗ്രസ് ഇതുവരെ തയ്യാറായില്ല. തിരിച്ചെടുക്കാന്‍ ഒരു ഫോര്‍മുല പോലും മുന്നോട്ട് വെച്ചില്ല. ആത്മാഭിമാനം അടിയറവ് വച്ച് ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. പക്ഷേ പല തീരുമാനങ്ങള്‍ എടുക്കേണ്ടതായി വന്നിരിക്കുകയാണ്. കേരള കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടോടുകൂടി പാര്‍ട്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും.


രാഷ്ട്രീയപരമായും വ്യക്തിപരമായും ധാര്‍മിക ഉയര്‍ത്തിപ്പിടിക്കേണ്ടതിനാല്‍ രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കുമെന്നും ജോസ് കെ. മാണി അറിയിച്ചു. യുഡിഎഫുമായുള്ള ദീര്‍ഘകാല ബന്ധമാണ് അവസാനിപ്പിക്കുന്നത്. 38 വര്‍ഷത്തിന് ശേഷമാണ് മാണി ഗ്രൂപ്പിന്റെ മുന്നണിമാറ്റം. 1982ന് ശേഷമാണ് മാണി ഗ്രൂപ്പ് ഇടതിനൊപ്പം ചേരുന്നത്.

കര്‍ഷകരക്ഷ, മതേതരത്വം, ജനാധിപത്യം എന്നിവയാണ് കേരള കോണ്‍ഗ്രസിന്റെ മുദ്രാവാക്യം. ഇന്ന് വര്‍ഗീയ ശക്തികള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിനെ ചെറുത്തു തോല്‍പ്പിക്കാനും മതേതരത്വം കാത്ത് സൂക്ഷിക്കാനും ഇടത് പക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്.

കര്‍ഷകര്‍ക്കു വേണ്ടി എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജോസ് കെ. മാണി പറഞ്ഞു. കോവിഡിലും പ്രളയത്തിലും കേരളം വലിയ പ്രയാസങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ഭൂരിപക്ഷത്തില്‍ ഇന്ന് പ്രതിസന്ധി നേരിടുന്നത് കര്‍ഷകരാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ അനുഭാവപൂര്‍വ്വമായ തീരുമാനമാണ് ഇടതുപക്ഷം സ്വീകരിച്ചത്. ജോസ്.കെ.മാണി പറഞ്ഞു. റബ്ബര്‍ കര്‍ഷകര്‍ക്ക് താങ്ങുവില 150 ആക്കിയത് മാണിസാറാണ്. അത് 200 രൂപയാക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പട്ടയ ഭൂമിയുമായി ബന്ധപ്പെട്ടും ചര്‍ച്ച നടക്കുന്നുണ്ട്.

അതേസമയം, കേരള കോണ്‍ഗ്രസ്-എം ഓഫിസിന്റെ ബോര്‍ഡ് മാറ്റി മാണിയുടെ ചിത്രം വച്ചുള്ള പുതിയ ബോര്‍ഡ് സ്ഥാപിച്ചു. രണ്ടില ചിഹ്നം ഒഴിവാക്കിയിട്ടുണ്ട്. നിര്‍ണായക പ്രഖ്യാപനത്തിന് മുൻപായി രാവിലെ ജോസ് കെ. മാണി കെ.എം.മാണിയുടെ കല്ലറയിലെത്തി പ്രാര്‍ഥിക്കുകയും ചെയ്തു.

അസംബ്ലി മണ്ഡലങ്ങളുടെ വീതംവെപ്പ് പിന്നീട് തീരുമാനിക്കും. പാലാ സീറ്റിനെക്കുറിച്ച് സിറ്റിങ് എംഎൽഎയും എൻസിപി നേതാവുമായ മാണി സി. കാപ്പൻ ഉയർത്തിയ അവകാശവാദത്തിന് എതിരേ പരസ്യമായി എതിർപ്പ് പ്രകടിപ്പിക്കേണ്ടതില്ലെന്നാണ് ജോസ് പക്ഷം മുന്നണി നേതൃത്വവുമായുണ്ടാക്കിയ ധാരണ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!