എൽ.ഡി.എഫ് പാർലമെന്ററി യോഗത്തിൽ ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രി

എൽ.ഡി.എഫ് പാർലമെന്ററി യോഗത്തിൽ ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രി

◾എല്‍ഡിഎഫ് പാര്‍ലമെന്ററി യോഗത്തില്‍ കെബി ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രി. വിമര്‍ശനങ്ങള്‍ വാര്‍ത്ത വരുത്താനാകരുത്. പത്തനാപുരത്തെ വികസനം സര്‍ക്കാര്‍ ഫണ്ട് കൊണ്ടല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഗണേഷ് കുമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

◾തുടര്‍ ഭൂകമ്പമുണ്ടായ തുര്‍ക്കിയില്‍ 2,300 മരണം. 12 മണിക്കൂറിനിടെ റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനമുണ്ടായി. തുര്‍ക്കി-സിറിയന്‍ അതിര്‍ത്തി മേഖലയിലാണ് അതിശക്തമായ ഭൂചലനം. ആദ്യ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനും മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനും ശ്രമിക്കുന്നതിനിടെയാണ് വീണ്ടും ഭൂചലനമുണ്ടായത്. നൂറുകണക്കിനു കെട്ടിടങ്ങള്‍ നിലംപൊത്തി. രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ ദുരന്ത നിവാരണ സേനയെ അയക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

◾ജഡ്ജി നിയമനം വിവാദത്തില്‍. മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി മുന്‍ ബിജെപി നേതാവ് ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ  നിയമിച്ചതിനെതിരേയുള്ള ഹര്‍ജികള്‍ ഇന്നു സുപ്രീം കോടതി പരിഗണിക്കും. മദ്രാസ് ഹൈക്കോടതിയുടെ മധുരാ ബെഞ്ചില്‍ അഭിഭാഷകയായിരുന്നു വിക്ടോറിയ ഗൗരി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ  ഗൗരി നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. ഇവര്‍ ഉള്‍പ്പെടെ അഞ്ചു പേരെയാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്.

◾ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. വിധി പുനപരിശോധിച്ചു വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അശ്വനികുമാര്‍ ചൗബെ ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. എംപിമാരായ ഡീന്‍ കുര്യാക്കോസ്, കൊടിക്കുന്നില്‍ സുരേഷ്, എം.കെ. രാഘവന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിനാണ് മറുപടി.

◾റോഡരികിലെ അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ക്കെതിരേ നടപടിയെടുക്കാത്തതിനു സര്‍ക്കാരിനു താക്കീതുമായി  ഹൈക്കോടതി. സത്യവാങ്മൂലം സമര്‍പ്പിക്കാത്ത വ്യവസായ സെക്രട്ടറിയെ കോടതി വിമര്‍ശിച്ചു. ക്ഷമ ദൗര്‍ബല്യമായി കാണരുതെന്നു താക്കീതു നല്‍കി. മാറ്റിയ പഴയ ബോര്‍ഡുകളുടെ സ്ഥാനത്ത് പുതിയവ എത്തിയെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറി കോടതിയെ അറിയിച്ചു.

◾മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധിച്ചിട്ടുണ്ടെന്നാണു സംശയം. ചികില്‍സ നല്‍കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ അനുജന്‍ അലക്സ് വി ചാണ്ടി  ആരോപിച്ചിരിക്കേ, കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണിയും എം.എം. ഹസനും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തി ഉമ്മന്‍ചാണ്ടിയെ കണ്ടു. ചികിത്സയ്ക്കു ബംഗളുരുവിലെക്കു കൊണ്ടുപോകുമെന്നാണ് എംഎം ഹസന്‍ ആദ്യം പറഞ്ഞത്.

◾മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയുടെ ബന്ധുക്കളെ ഫോണില്‍ വിളിച്ചു ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചു. ഇന്ന് ആശുപത്രിയിലേക്ക് ആരോഗ്യ മന്ത്രിയെ അയക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പിതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച മുഖ്യമന്ത്രി പിണറായി വിജയനു നന്ദി പറഞ്ഞ് മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. 

◾മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് ഉമ്മന്‍ചാണ്ടിയുടെ മകനും ഭാര്യയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. കോണ്‍ഗ്രസ് നടുവണ്ണൂര്‍ മുന്‍ ബ്ലോക്ക് സെക്രട്ടറി പി.ബി അജിത്താണ് ബാലുശ്ശരി പൊലീസില്‍ പരാതി നല്‍കിയത്.

◾സ്വവര്‍ഗാനുരാഗിയായ പങ്കാളിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശിനി നല്‍കിയ ഹര്‍ജിയില്‍ കൗണ്‍സിലിംഗിനു വിടണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു. പെണ്‍കുട്ടിയെ കൊല്ലം കുടുംബക്കോടതിയില്‍ ഹാജരാക്കണമെന്നും സുപ്രീം കോടതി അഡീഷണല്‍ രജിസ്ട്രാര്‍ പെണ്‍കുട്ടിയെ കണ്ട് സംസാരിച്ച് റിപ്പോര്‍ട്ട് രഹസ്യരേഖയായി കോടതിയില്‍ സമര്‍പ്പിക്കണമെന്നും  ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.

◾ക്വാറി ഉടമക്കു കരമടയ്ക്കാനും, ജിയോളജി വകുപ്പിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാനും വഴിവിട്ടു സഹായിച്ചെന്ന പരാതിയില്‍ തൃശൂര്‍ മുന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.പി.കിരണ്‍, തഹസില്‍ദാര്‍ ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ക്ക് സസ്പെന്‍ഷന്‍. തോംസണ്‍ ഗ്രാനൈറ്റ്സിനെ സഹായിച്ചെന്ന പരാതിയില്‍ ഇവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ ഡപ്യൂട്ടി കളക്ടറാണ് എ.പി കിരണ്‍. പെരുമ്പാവൂര്‍ തഹസില്‍ദാരാണ് ജോര്‍ജ്ജ് ജോസഫ്.

◾ഹൃദയം തുറക്കാതെ രക്തക്കുഴലുകളില്‍ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ ഹൃദയ വാല്‍വ് മാറ്റുന്ന നൂതന ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിജയകരമായി നടത്തി. പത്തനംതിട്ട സ്വദേശിയായ അറുപത്തിയൊന്നുകാരിയാണ് ശസ്‌ക്രിയയ്ക്കു വിധേയയായത്.

◾താഴ്ന്നു കിടന്ന കേബിളില്‍ കുരുങ്ങി സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരി മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തില്‍ തറയില്‍ വിജയന്റെ ഭാര്യ ഉഷ ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് വിജയനു പരിക്കുണ്ട്. കായംകുളത്ത് റോഡിന് കുറുകെ കിടന്ന കേബിള്‍ വയറില്‍ സ്‌കൂട്ടര്‍ കുരുങ്ങിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.

◾പ്രസവ ശസ്ത്രക്രിയക്കായി ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയില്‍നിന്ന് 2,500 രൂപ കൈക്കൂലി വാങ്ങിയ ഗൈനക്കോളജിസ്റ്റ് ഡോ. കെ. രാജനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. മതിലകത്തെ ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്തുവച്ചാണ് അറസ്റ്റു ചെയ്തത്.

◾ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന മലയാളി വീട്ടമ്മ വിമാനത്തില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ഒളവണ്ണ ഒടുമ്പ്ര സ്വദേശി പൂക്കാട്ട് സഫിയ (50 )ആണ് മരിച്ചത്. ചികിത്സയ്ക്കായി വിമാനം ഗോവയില്‍ എമര്‍ജന്‍സി ലാന്റിംഗ് നടത്തി.

◾വീട്ടില്‍ അതിക്രമിച്ചു കയറി എട്ടു വയസുകാരിയെ  ബലാത്സംഗം ചെയ്ത കേസില്‍ മധ്യവയസ്‌കന് 40 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. വലപ്പാട് സ്വദേശി സന്തോഷിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്.

◾കെ.എസ്.ആര്‍.ടി.സി ബസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗീകമായി ഉപദ്രവിച്ച തൃശൂര്‍ ആര്‍.ടി.ഒ. ഓഫീസിലെ ഡ്രൈവര്‍ അറസ്റ്റില്‍. വടമ സ്വദേശി ഐവീട്ടില്‍ രാജീവാ(50)ണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായത്.

◾പാറശാലയില്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ കാര്‍ പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തു. ചില്ലുകള്‍ തകര്‍ന്ന നിലയിലുള്ള കാറിനുള്ളില്‍ വെട്ടുകത്തി കണ്ടെത്തി. എന്നാല്‍ വാഹനത്തിന്റെ ആര്‍ടിഒ രേഖകളില്‍നിന്ന് ഉടമസ്ഥനെ കണ്ടെത്താനായില്ല

◾അദാനി ഗ്രൂപ്പ് ഓഹരി ഈടുവച്ചെടുത്ത വായ്പകള്‍ അടച്ചുതീര്‍ക്കുന്നു. അടച്ചുതീര്‍ക്കാന്‍ അടുത്ത വര്‍ഷം വരെ സാവകാശമുണ്ടെങ്കിലും 9,100 കോടി രൂപയുടെ വായ്പകള്‍ നേരത്തെ അടച്ചു തീര്‍ക്കുകയാണ്. അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നീ കമ്പനികള്‍ക്കായി എടുത്ത വായ്പകളാണ് തിരിച്ചയ്ക്കുന്നത്. സാമ്പത്തികനില ഭദ്രമെന്ന് ഓഹരി നിക്ഷേപകരെ വിശ്വസിപ്പിക്കാനാണ് ഈ നീക്കമെന്നാണു വിലയിരുത്തപ്പെടുന്നത്.

◾അദാനി ഗ്രൂപ്പിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാത്തത് ഭയം കൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അദാനി ഗ്രൂപ്പിനു പിന്നിലുള്ള ശക്തികള്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാം. രണ്ടുവര്‍ഷമായി താന്‍ ഈ വിഷയം ഉന്നയിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് സത്യം അറിയണം. ലക്ഷക്കണക്കിനു കോടികളുടെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. 

◾ഹിന്ദുസ്ഥാന്‍ ഏയ്റോനോട്ടിക്സ് ലിമിറ്റഡിനെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചെന്ന് നുണപ്രചാരണം നടത്തിയ പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ പ്രഹരമാണ് കര്‍ണാടക തുമകുരുവിലെ ഹെലികോപ്റ്റര്‍ നിര്‍മാണ ഫാക്ടറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ ഫാക്ടറിയാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

◾അന്തരിച്ച പാക്കിസ്ഥാന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫ് വെറുക്കപ്പെട്ടവനായിരുന്നെങ്കില്‍ 2003 ലെ ബിജെപി സര്‍ക്കാര്‍ അദ്ദേഹവുമായി എന്തിനാണു വെടിനിര്‍ത്തല്‍ കരാറിനു ചര്‍ച്ച നടത്തിയതെന്ന് ശശി തരൂര്‍ എംപി. അന്നത്തെ പ്രധാനമന്ത്രി വാജ് പേയിയും മുഷറഫും കരാറില്‍ ഒപ്പുവച്ചിരുന്നു. അന്നു ബിജെപിക്ക് വിശ്വസ്തനായ പങ്കാളിയായിരുന്നു മുഷറഫ് എന്നും ശശി തരൂര്‍.

◾ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്ട്‌സാപ് അക്കൗണ്ടിലൂടെ കബളിപ്പിച്ചതിന് ഇറ്റലിയില്‍ താമസക്കാരനായ ജമ്മു സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തു. ഗഗന്‍ദീപ് സിംഗ് എന്ന 22 കാരനാണ് അറസ്റ്റിലായത്. ഉന്നത ഉദ്യോഗസ്ഥരില്‍നിന്ന് സഹായം തേടാനും ഇയാള്‍ ഈ വ്യാജ വാട്സാപ് ഉപയോഗിച്ചിരുന്നു. ഇയാള്‍  കുടുംബത്തോടൊപ്പം 2007 മുതല്‍ ഇറ്റലിയിലെ ഒഫനെന്‍ഗോയിലാണ് താമസം.

◾ബെംഗളൂരുവില്‍ എംഎല്‍എ ബോര്‍ഡുള്ള എസ് യു വി ഇടിച്ച് രണ്ട് സ്‌കൂട്ടര്‍ യാത്രികര്‍ മരിച്ചു. ബംഗളുരു നൃപതുംഗ റോഡിലാണ് അപകടമുണ്ടായത്. ബിജെപി എംഎല്‍എ ഹാര്‍ത്തലു ഹാലപ്പയുടെ ബന്ധുവിന്റേതാണ് എസ് യു വി.

◾ബിഹാറിലെ സമസ്തിപൂരില്‍ റെയില്‍വേ ലൈന്‍ മോഷണം പോയി. രണ്ടു കിലോമീറ്റര്‍ നീളമുള്ള ട്രാക്കാണ് മോഷണം പോയത്. രണ്ട്  ആര്‍പിഎഫ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.

◾ഭൂചലനങ്ങളില്‍ തകര്‍ന്ന തുര്‍ക്കിക്കു ലോക രാജ്യങ്ങളുടെ സഹായം. ഇന്ത്യയും അമേരിക്കയും അടക്കം 45 രാജ്യങ്ങളുടെ സഹായ വാഗ്ദാനങ്ങള്‍ ലഭിച്ചെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനത്തിനാണു സഹായം. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളെ തുര്‍ക്കിയിലേക്ക് ഇന്ത്യ അയക്കും. 

◾തായ്ലന്‍ഡില്‍നിന്നു 321 പേരുമായി പറന്നുയരുന്നതിനിടെ റഷ്യയുടെ വിനോദ സഞ്ചാര വിമാനത്തിന്റെ എന്‍ജിനു തീ പിടിച്ച് ടയറുകള്‍ പൊട്ടിത്തെറിച്ചു. റഷ്യന്‍ ചാര്‍ട്ടര്‍ കമ്പനിയായ അസുര്‍ എയറിന്റെ 26 വര്‍ഷം പഴക്കമുള്ള ബോയിംഗ് 767 – 306 ഇആര്‍ എന്ന വിമാനത്തിനാണ് അപകടമുണ്ടായത്.

◾ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു, കളത്തിലും പുറത്തും ക്ലബ്ബിനെ പ്രതിനിധീകരിക്കുമെന്നും ക്ലബ് മാനേജ്മെന്റ് വ്യക്തമാക്കി.

◾ഏഷ്യാകപ്പ് പാക്കിസ്ഥാനിലാണ് നടത്തുന്നതെങ്കില്‍ കളിക്കാനില്ലെന്ന ബിസിസിഐയുടെ നിലപാടിനെതിരെ പാക്കിസ്ഥാന്റെ മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ്. പാക്കിസ്ഥാനിലേക്കു വരാന്‍ താല്‍പര്യമില്ലെങ്കില്‍ ഇന്ത്യന്‍ ടീം ഏതു നരകത്തിലേക്കെങ്കിലും പോകട്ടെയെന്നും ഇന്ത്യ ഏഷ്യാകപ്പിന് വരുന്നുണ്ടോ എന്നത് പാക്കിസ്ഥാനെ ബാധിക്കുന്ന കാര്യമല്ലെന്നും മിയാന്‍ദാദ് പ്രതികരിച്ചു. ടീമുകളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഐസിസിയുടെ ചുമതലയാണെന്നും മിയാന്‍ദാദ് കൂട്ടിച്ചേര്‍ത്തു.

◾ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് നടത്തി വോഡഫോണ്‍ ഐഡിയയുടെ ഓഹരികള്‍. ഓഹരി വിലയില്‍ 24 ശതമാനം വര്‍ധനവാണ് ഇന്നുണ്ടായത്.  കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശികയ്ക്ക് പകരം ഓഹരികള്‍ നല്‍കാമെന്ന വോഡഫോണ്‍ ഐഡിയയുടെ നീക്കം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതാണ് ഈ കുതിപ്പ് സാധ്യമാക്കിയത്. കഴിഞ്ഞ വര്‍ഷം തന്നെ ബാധ്യതയായ  16,133 കോടി രൂപയ്ക്ക് പകരം ഓഹരി നല്‍കാമെന്ന് വോഡഫോണ്‍ ഐഡിയ ബോര്‍ഡ് തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്രം അംഗീകാരം നല്‍കിയിരുന്നില്ല.  പ്രൊമോട്ടര്‍മാര്‍ പുതിയ നിക്ഷേപം നടത്തുമെന്ന് ഉറപ്പ് നല്‍കുന്നത് വരെ തീരുമാനം നടപ്പാക്കില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. വലിയ നിക്ഷേപം നടത്താമെന്ന് പ്രെമോട്ടര്‍മാരായ ആദിത്യ ബിര്‍ള ഗ്രൂപ്പ് ഉറപ്പ് നല്‍കിയതോടെയാണ് കേന്ദ്രം വഴങ്ങിയത്.

◾ഐസ് കട്ടയില്‍ 7.351 കിലോ മീറ്റര്‍ ദൂരം ഡ്രിഫ്റ്റ് ചെയ്തു കൊണ്ട് രണ്ട് ഗിന്നസ് ലോക റെക്കോഡുകള്‍ നേടി സ്‌കോഡയുടെ ഇലക്ട്രിക് എസ് യു വിയായ എന്‍യാക് ആര്‍ എസ് 4.  മഞ്ഞ് കട്ടയില്‍ ഏറ്റവും ദൂരം ഡ്രിഫ്റ്റ് ചെയ്ത കാറിനും ഏറ്റവും ദൂരം ഡ്രിഫ്റ്റ് ചെയ്ത ഇലക്ട്രിക് വാഹനത്തിനുമുള്ള ഗിന്നസ് റെക്കോഡുകളാണ് വാഹനത്തിന് ലഭിച്ചത്. മാധ്യമ പ്രവര്‍ത്തകനായ റിച്ചാര്‍ഡ് മ്യാഡനനാണ് സ്വീഡനിലെ ഓസ്റ്റര്‍സണ്‍ ഡിനടുത്തുളള മഞ്ഞു മൂടിയ തടാകത്തില്‍ കാര്‍ ഡ്രിഫ്റ്റ് ചെയ്തു കൊണ്ട് 15 മിനിറ്റില്‍ റെക്കോഡിട്ടത്. കഴിഞ്ഞ വര്‍ഷം ചൈനയില്‍ സൃഷ്ടിച്ച 6.231 കിലോമീറ്ററിന്റെ റെക്കോഡ് ഭേദിക്കുകയായിരുന്നു. ചെക്ക് വാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള ആദ്യത്തെ ഓള്‍-ഇലക്ട്രിക് ഓഫറാണ് എന്‍യാക്. ‘ജീവന്റെ ഉറവിടം’ എന്നര്‍ത്ഥം വരുന്ന ‘എന്യ’ എന്ന ഐറിഷ് നാമത്തില്‍ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. ഈ  ഓള്‍-ഇലക്ട്രിക് എസ്യുവിക്ക് സ്‌പോര്‍ട്ടി റോഡ് സാന്നിധ്യമുണ്ട്. സ്‌കോഡ എന്‍യാക് ഇതിനകം സമാരംഭിച്ച തിരഞ്ഞെടുത്ത ആഗോള വിപണികളില്‍ അഞ്ച് പതിപ്പുകളില്‍ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!