കരുനാഗപ്പള്ളി: വവ്വാക്കാവ് അസംബ്ലീസ് ഓഫ് ഗോഡ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും ഭാര്യ മോളമ്മയേയും മുഖം മൂടി ധരിച്ച് ആക്രമിച്ചവരെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു.
ആർ.എസ്.എസ് – ബി ജെ പി പ്രവർത്തകരാണ് ഇതിന്റെ പിന്നിലെന്നും വ്യക്തമായി.
കടത്തൂർ പുല്ലം പ്ലാവിൽ കിഴക്കതിൽ അക്ഷയനാഥ് (23), കടത്തൂർ ഹരിഭവനത്തിൽ ഹരി പ്രസാദ് (35),കടത്തൂർ ദേവി വിലാസത്തിൽ നന്ദു (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവർ മൂന്നു പേരും ആർ.എസ്.എസ് ന്റെ സജീവ പ്രവർത്തകരാണ്. അവരെ റിമാൻഡ് ചെയ്തു.
ജനുവരി 15 ന് ആരാധനയ്ക്ക് ശേഷം ആയിരുന്നു അറസ്റ്റിനു കാരണമായ ആക്രമണം നടന്നത്. അതിക്രൂരമായി അക്രമത്തിനിരയായ മൈനാഗപ്പള്ളി കടപ്പ ബഥേൽ വീട്ടിൽ പാസ്റ്റർ റെജിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. ഇപ്പോഴും നില മെച്ചപ്പെട്ടിട്ടില്ല.
വവ്വാക്കാവിന് സമീപമുള്ള പ്രവർത്തന രാഹിതമായ കശുവണ്ടി ഫാക്ടറിയുടെ ഒരു മുറിയിൽ ഉടമയുടെ അനുമതിയോടു കൂടിയായിരുന്നു താൽക്കാലിക ആരാധന നടന്നിരുന്നത്. കമ്പിനി ഉടമ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന കാരണത്താൽ ബന്ധുക്കൾക്കുണ്ടായ വിരോധം ആണ് അക്രമത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.
അക്രമത്തിനു ശേഷം മതിൽ ചാടി കടന്നുകളഞ്ഞ അക്രമികൾ മുഖം മൂടി ധരിച്ചിരുന്നതിനാൽ പിടികൂടുവാൻ തടസ്സം നേരിട്ടു. സി സി ടി വി ദൃശ്യങ്ങൾ വഴിയാണ് കുറ്റവാളികളെ തിരിച്ചറിഞ്ഞത്.
ഗൂഡാലോചനയിലും, അക്രമത്തിലും പങ്കെടുത്ത മറ്റുള്ളവരെയും തിരിച്ചറിഞ്ഞതായും ഉടൻതന്നെ മറ്റുള്ളവരെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. ഓച്ചിറ ഇൻസ്‌പെക്ടർ എ. നിസ്സാമുദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പെന്തക്കോസ്ത് സമൂഹം അക്രമ സംഭവത്തിനെതിരെ വവ്വാക്കാവിൽ പ്രാർത്ഥനാസംഘമം നടത്തി പ്രതിക്ഷേധം അറിയിച്ചിരുന്നു.
ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണത്തിൽ രാഷ്ട്രീയ, സാമൂഹിക, ക്രിസ്തീയ നേതാക്കൾ അപലപിച്ചിരുന്നു.
ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുകയും, ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിൾ കത്തിച്ച് മതവികാരം ഉണ്ടാക്കുവാൻ ശ്രമിക്കുന്ന തലത്തിലേക്ക് സാഹചര്യം പിന്നെയും മാറുന്നു എന്നുള്ളതിൽ ക്രൈസ്തവ സഭകൾ ആശങ്കപ്പെടുന്നു.
വാർത്ത: ഷാജി ആലുവിള
-ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.