◾ബൈബിള്‍ കത്തിച്ച് സാമുദായിക ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചതിന് കാസര്‍കോട്ട് യുവാവ് അറസ്റ്റില്‍. എരഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്. മുളിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച പുല്‍ക്കൂട് നശിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍.
◾രാജ്യത്ത് സാമ്പത്തിക, വ്യവസായിക വളര്‍ച്ചാ നിരക്കു കുറയുമെന്നു സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ജിഡിപി വളര്‍ച്ച ആറു മുതല്‍ 6.8 വരെ ശതമാനം വരെയാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നടപ്പു വര്‍ഷം എട്ടര വരെ ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിച്ചതെങ്കിലും ഏഴു ശതമാനം വളര്‍ച്ചയേ ഉണ്ടാകൂ. ധനകമ്മി 6.4 ശതമാനമാണ്. വ്യവസായ വളര്‍ച്ച 10.3 ശതമാനത്തില്‍നിന്നു 4.2 ശതമാനമായി കുറഞ്ഞു. കാര്‍ഷിക രംഗത്തു നേരിയ പുരോഗതി. സേവന മേഖലയില്‍ വളര്‍ച്ച 9.1 ശതമാനമായി ഉയര്‍ന്നു. നാണ്യപ്പെരുപ്പം 6.8 ശതമാനമാണ്. പലിശ നിരക്ക് ഇനിയും വര്‍ധിക്കും. വളര്‍ച്ചാ നിരക്കു കുറയുമെങ്കിലും ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്. രാവിലെ 11 ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ജനക്ഷേമ പദ്ധതികള്‍ ഉണ്ടാകുമെന്നാണു സൂചനകള്‍.
◾അഞ്ചു ദിവസം മഴയ്ക്കു സാധ്യത. കേരള തീരത്തുനിന്ന് മത്സ്യബന്ധനത്തിനു പോയവരെല്ലാം മടങ്ങിയെത്തണമെന്നു നിര്‍ദേശം. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട തീവ്ര ന്യുനമര്‍ദ്ദം നാളെ ശ്രീലങ്കന്‍ തീരത്തു കരയില്‍ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
◾സിപിഎം നേതാവും യുവജന കമ്മീഷന്‍ അധ്യക്ഷയുമായ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗൈഡിന്റെ വിശദീകരണം തേടാന്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കി. വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പോര്‍ട്ട് തേടിയതിനു പിറകേയാണ് നടപടി.
◾സംസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാര്‍ക്കു ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ 15 ദിവസംകൂടി സാവകാശം. ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
◾അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ മലപ്പുറത്ത് വിജിലന്‍സിന്റെ പിടിയിലായി. വഞ്ചനാ കേസിലെ പ്രതിയില്‍നിന്നു കൈക്കൂലി വാങ്ങുന്നതിനിടെയാണ് മലപ്പുറം ക്രൈം ബ്രാഞ്ച് എസ്ഐ സുഹൈല്‍ പിടിയിലായത്. കൈക്കൂലി ഏജന്റ് മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീറും പിടിയിലായി. നീല ഐ ഫോണും 3.5 ലക്ഷം രൂപയുമായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്.
◾ജുഡീഷ്യറിയെ കൈപ്പിടിയിലാക്കാനുള്ള ശ്രമങ്ങളാണ് ആര്‍എസ്എസ് നടത്തുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രധാന മാധ്യമങ്ങളെ വിലയ്ക്കെടുത്ത് ജനാധിപത്യത്തിലെ നാലു തൂണുകളും കൈപ്പിടിയിലാക്കുകയാണ്. ഗവര്‍ണറെ അടക്കം ഉപയോഗിച്ച് വിദ്യാഭ്യാസ മേഖലയില്‍ പിടി മുറുക്കാനുള്ള ആര്‍എസ്എസ് ശ്രമം കേരള സര്‍ക്കാര്‍ ചെറുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കോവളത്തു നടത്തിയ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾സെക്രട്ടറിയേറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കു ജാമ്യം. പൊതുമുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം കെട്ടിവച്ചതിനെ തുടര്‍ന്നാണ് ജാമ്യം. 14 ദിവസമായി ഇവര്‍ ജയിലിലായിരുന്നു. ഒന്നാം പ്രതിയും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.കെ ഫിറോസ് ജാമ്യാപേക്ഷ നല്‍കിയിട്ടില്ല.
◾ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ പണം വാങ്ങിയ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെിരെതിരേ കേസെടുക്കാമെന്ന് നിയമോപദേശം. അഡ്വക്കറ്റ് ജനറലിന്റെ നിര്‍ദേശപ്രകാരം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നല്‍കിയത്.
◾മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ കാര്‍ അനുവദിച്ചു. ടൂറിസം വകുപ്പ് പുതുതായി വാങ്ങിയ 10 കാറുകളാണ് പ്രതിപക്ഷ നേതാവിനും ഏഴു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും അനുവദിച്ചത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി ശിവന്‍കുട്ടി, കെ രാജന്‍, അബ്ദു റഹ്‌മാന്‍, കെ എന്‍ ബാലഗോപാല്‍, റോഷി അഗസ്റ്റിന്‍, സജി ചെറിയാന്‍ എന്നിവര്‍ക്കാണ് പുതിയ ഇന്നോവ അനുവദിച്ചത്. മന്ത്രിമാര്‍ക്കൊപ്പം ചീഫ് സെക്രട്ടറി വി പി ജോയിക്കും പുതിയ ഇന്നോവ അനുവദിച്ചിട്ടുണ്ട്.
◾പ്രണയപ്പകമൂലം മൂന്നാറില്‍ ടിടിസി വിദ്യാര്‍ത്ഥിനിയെ വെട്ടി. മൂന്നാറില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന പാലക്കാട് കോഴിപ്പാറ ഇട്ടിപുരത്ത് വീട്ടില്‍ ആല്‍ബര്‍ട്ട് സൗരിയര്‍ മകള്‍ പ്രിന്‍സിയെയാണ് വെട്ടിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയും അയല്‍വാസിയുമായ ആല്‍ബിനെ പോലീസ് തെരയുന്നു.
◾കസ്തൂരിമാനിന്റെ കസ്തൂരിയുമായി രണ്ടു പേരെ താമരശേരിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. താമരശേരി സ്വദേശി സി എം മുഹമ്മദ്, കോട്ടയം സ്വദേശി സി കെ പ്രസാദ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നു നാലു കോടിയോളം വിലവരുന്ന 200 ഗ്രാമോളം കസ്തൂരിയാണ് പിടിച്ചെടുത്തത്. ഇണയെ ആകര്‍ഷിക്കാന്‍ ആണ്‍ കസ്തൂരി മാനുകള്‍ പുറപ്പെടുവിക്കുന്ന സുഗന്ധവസ്തുവാണ് കസ്തൂരി.
◾കോഴിക്കോട് മേപ്പയ്യൂരില്‍നിന്നു കാണാതായ ദീപകിനെ ഗോവയിലെ പനാജിയില്‍ കണ്ടെത്തി. ഇയാള്‍ ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ്. ജൂലൈ 17 ന് കൊയിലാണ്ടി തീരത്ത് അടിഞ്ഞ ജീര്‍ണ്ണിച്ച മൃതദേഹം ദീപകിന്റേതാണെന്നു സംശയിച്ച് സംസ്‌കരിച്ചിരുന്നു. സ്വര്‍ണ്ണകടത്തു സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹമായിരുന്നു ഇങ്ങനെ സംസ്‌കരിച്ചത്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ദീപക്കിനെ 2022 ജൂണ്‍ ആറിനാണ് നാട്ടില്‍നിന്നു കാണാതായത്.
◾മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയുമായ എം ശിവശങ്കര്‍ വിരമിച്ചു. പകിട്ടുള്ള യാത്രയയപ്പ് ചടങ്ങൊന്നും ഇല്ലാതെയാണ് ശിവശങ്കറിന്റെ പടിയിറക്കം. പ്രണവ് ജ്യോതികുമാറിന് ശിവശങ്കര്‍ ചുമതലകള്‍ കൈമാറി.
◾കോട്ടയം കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതിഷേധിച്ചു രാജിവച്ചതാണെന്നു കരുതുന്നില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. അടൂരിന്റെ കൂടി സമ്മതത്തോടെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. വിദ്യാര്‍ത്ഥികളെ വിശ്വാസത്തിലെടുക്കേണ്ടതായിരുന്നു. അടൂരിന്റെ ആരോപണങ്ങളെക്കുറിച്ചും അന്വേഷിക്കും. മന്ത്രി പറഞ്ഞു.
◾നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റവാളിയാണെന്ന് ആരാണു തീരുമാനിച്ചതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കോടതി ദിലീപ് കുറ്റക്കാരനാണെന്നു വിധിച്ചിട്ടില്ല. കോടതി വിധിക്കുന്നതുവരെ ദിലീപ് നിരപരാധിയാണെന്നേ താന്‍ കരുതൂവെന്നും അടൂര്‍ വ്യക്തമാക്കി.
◾പത്തു ദിവസമായി ഇടുക്കിയില്‍ അസാധാരണമായ തോതില്‍ കാട്ടാനകളുടെ ആക്രമണമാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫോറസ്റ്റ് ഗാര്‍ഡ് ശക്തിവേലിന്റെ അവിവാഹിതയായ മകള്‍ക്ക് ജോലി നല്‍കുമെന്നും മന്ത്രി പറഞ്ഞു. കാട്ടാന റേഷന്‍ കട തകര്‍ത്തതിനാല്‍ റേഷന്‍ വീടുകളില്‍ എത്തിക്കുമെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
◾കാട്ടുപന്നി ഇടിച്ച് സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരനു പരിക്ക്. പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ സ്വദേശി വിഷ്ണുവിനാണ് പരിക്കേറ്റത്. കാട്ടുപന്നി അപകടസ്ഥലത്തുവച്ചു തന്നെ ചത്തു. അടൂര്‍ – പത്തനാപുരം പാതയില്‍ മരുതിമൂട് പള്ളിക്ക് സമീപത്തായിരുന്നു അപകടം.
◾സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് തേക്കുതടി വെട്ടിക്കടത്തിയ കേസില്‍ അറസ്റ്റിലായി സസ്പെന്‍ഷനിലായിരുന്ന വനംവകുപ്പിലെ രണ്ടു റേഞ്ച് ഓഫീസര്‍മാരെ തിരികെ നിയമിച്ചു. റേഞ്ച് ഓഫീസര്‍മാരായ ജോജി ജോണ്‍, അനുരേഷ് കെ വി എന്നിവര്‍ക്കാണ് നിയമനം നല്‍കിയത്.
◾വിമാനത്തിന്റെ ശുചി മുറിയിലിരുന്ന് സിഗരറ്റ് വലിച്ചയാള്‍ അറസ്റ്റില്‍. മാള സ്വദേശി സുകുമാരനെയാണ് (62) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ദുബൈയില്‍ നിന്ന് നെടുമ്പാശേരിയിലേക്കുളള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ സിഗരറ്റ് വലിച്ചത്.
◾തൊടുപുഴ മണക്കാട് ചിറ്റൂരില്‍ കൂട്ട ആത്മഹത്യാ ശ്രമം. മണക്കാട് ചിറ്റൂര്‍ പുല്ലറയ്ക്കല്‍ ആന്റണി, ഭാര്യ ജെസി, മകള്‍ സില്‍ന എന്നിവരാണ് ആത്മഹത്യക്കു ശ്രമിച്ചത്. വിഷം കഴിച്ച ഇവരില്‍ ജെസി മരിച്ചു. ആന്റണിയും സില്‍നയും വെന്റിലേറ്ററിലാണ്. 10 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നു പോലീസ്.
◾കൊല്ലം കുണ്ടറയില്‍ പൊലീസിനെ വടിവാള്‍ വീശി ആക്രമിച്ചു രക്ഷപ്പെട്ട പ്രതികള്‍ പിടിയില്‍. ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവരാണ് പിടിയിലായത്. ഗുണ്ടാ നേതാവ് ഷൈജുവിനേയും പൊലീസ് പിടികൂടി.
◾കോഴിക്കോട് നഗരത്തില്‍ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ നാലു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചാപ്പയില്‍ അര്‍ഫാന്‍(20), ചക്കുംകടവ് അജ്മല്‍ ബിലാല്‍ (21) അരക്കിണര്‍ സ്വദേശി പാളയം റയീസ് എന്ന റഹീഷ് (30), മാത്തോട്ടം സ്വദേശി മോട്ടി എന്ന റോഷന്‍ അലി (25) എന്നിവരാണ് പിടിയിലായത്.
◾ആലപ്പുഴ മണ്ണഞ്ചേരിയില്‍ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി മായിത്തറ മാപ്പിളക്കുളത്തിന് സമീപം വാടകയ്ക്ക് താമസ്സിക്കുന്ന അഭിഷേക് റോയിയെ (22 )ആണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
◾തൃശൂര്‍ കുണ്ടന്നൂര്‍ വെടിക്കെട്ടപകടമുണ്ടായ സ്ഥലത്ത് അളവില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചതായി ഡെപ്യൂട്ടി കളക്ടറുടെ റിപ്പോര്‍ട്ട്. ലൈസന്‍സുള്ള 15 കിലോയ്ക്കു പകരം ചാക്കുകണക്കിനു സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. പുഴയോരത്തും കുറ്റിക്കാട്ടിലും ചാക്കിലുപേക്ഷിച്ച നിലയിലും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി.
◾കൊരട്ടിയില്‍ അനധികൃത വെടിമരുന്നുശാലയില്‍നിന്ന് നാല്‍പതു കിലോ വെടിമരുന്ന് പൊലീസ് പിടികൂടി. വീട്ടുടമ ഉള്‍പ്പടെ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.
◾പൊലീസ് ചമഞ്ഞ് സ്വര്‍ണം കവരുന്ന കര്‍ണാടക സ്വദേശികളായ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം എറണാകുളത്ത് പിടിയില്‍. തൃശൂരില്‍ നിന്നും എത്തിയ സംഘത്തെ കിലോമീറ്ററുകളോളം ദൂരം പിന്തുടര്‍ന്നാണ് എറണാകുളം സിറ്റി പൊലീസ് സംഘം പിടികൂടിയത്.
◾രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം തെരഞ്ഞെടുപ്പ് പ്രസംഗം പോലെയെന്നു വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സര്‍ക്കാരിനെ പുകഴ്ത്തുന്ന പ്രസംഗമാണ്. തിരിച്ചടിയുണ്ടായ സംഭവങ്ങള്‍ ഒഴിവാക്കിയെന്നും തരൂര്‍ വിമര്‍ശിച്ചു. ബിജെപി അടുത്ത തെരഞ്ഞെടുപ്പു പ്രചരണത്തിനായി രാഷ്ട്രപതിയെ ദുരുപയോഗിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു.
◾കൊവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച പി.എം കെയേഴ്സ് ഫണ്ട് പൊതു പണമോ സര്‍ക്കാരിന്റെ പണമോ അല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അതിനാല്‍ ഫണ്ടിലേക്കു സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ വിവരാവകാശ പരിധിയില്‍ വരില്ല. പ്രധാനമന്ത്രിയുടെ ഓഫീസില്‍ പി.എം കെയേഴ്സ് ഫണ്ടിന്റെ ചുമതല വഹിക്കുന്ന അണ്ടര്‍ സെക്രട്ടറിയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഇങ്ങനെ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ട്രസ്റ്റിലെ കണക്കുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
◾വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമായിരുന്ന 497 ാം വകുപ്പ് റദ്ദാക്കിയ 2018 ലെ വിധി സൈനിക നിയമത്തിനു ബാധകമല്ലെന്നു സുപ്രീംകോടതി. വിവാഹേതര ലൈംഗിക ബന്ധത്തിന്റെ പേരില്‍ സൈനിക നിയമപ്രകാരം സൈനികര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
◾അദാനി എന്റെര്‍പ്രൈസസ് എഫ്പിഒ ലക്ഷ്യം കണ്ടു. 20,000 കോടി രൂപയാണ് തുടര്‍ ഓഹരി വില്‍പനയിലൂടെ അദാനി എന്റര്‍പ്രൈസസ് സമാഹരിച്ചത്. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ ഓഹരി വിപണിയിലെ തിരിച്ചടികളില്‍ നിന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ തിരിച്ച് കയറിത്തുടങ്ങി.
◾ബലാത്സംഗക്കേസില്‍ വിവാദ സന്യാസി അസാറാം ബാപ്പുവിന് വീണ്ടും ജീവപര്യന്തം തടവ് ശിക്ഷ. ഗുജറാത്ത് ഗാന്ധിനഗര്‍ കോടതിയാണ് ശിക്ഷിച്ചത്. അഹമ്മദാബാദിലെ ആശ്രമത്തില്‍ സൂറത്ത് സ്വദേശിനിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. മറ്റൊരു കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന അസാറാം ബാപ്പു ജോധ്പൂര്‍ ജയിലിലാണ്.
◾മുന്‍ കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ അന്തരിച്ചു. 97 വയസായിരുന്നു. 1977 മുതല്‍ 1979 വരെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്നു. 1975 ജൂണില്‍ അലഹബാദ് ഹൈക്കോടതി ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിയില്‍ എതിര്‍വിഭാഗമായ രാജ്നാരായണിനുവേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മകനാണ്.
◾അദാനി വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആം ആദ്മി പാര്‍ട്ടി. അദാനിയുടെ അടുത്ത സുഹൃത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അതുകൊണ്ട് തന്നെ അദാനി നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ക്ക് പ്രധാനമന്ത്രി കൂട്ടുനില്‍ക്കുന്നുണ്ടെന്നും എഎപി ആരോപിച്ചു.
◾ജാര്‍ക്കണ്ഡിലെ ധന്‍ബാദില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിച്ച് 14 പേര്‍ മരിച്ചു. ആശീര്‍വാദ ടവര്‍ എന്ന അപാര്‍ട്ടുമെന്റിനാണു വൈകുന്നേരം ആറരയോടെ തീപിടിച്ചത്. നിരവധി പേര്‍ക്കു പൊള്ളലേറ്റിട്ടുണ്ട്.
◾എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ ശരീരത്തിലേക്കു മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി ശങ്കര്‍ മിശ്രയ്ക്കു ജാമ്യം. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യതുകയായി കെട്ടിവയ്ക്കണം.
◾ഗൂഗിളില്‍ തന്റെ മേധാവിയായ ഉദ്യോഗസ്ഥയുടെ ലൈംഗിക താല്‍പര്യത്തിനു വഴങ്ങാത്തതിനു പ്രതികാരമായി ജോലിയില്‍നിന്നു പിരിച്ചുവിട്ടെന്ന് ഉദ്യോഗസ്ഥന്റെ പരാതി. റയാന്‍ ഓളോഹന്‍ എന്ന യുവാവാണ് തന്റെ മേധാവിയായിരുന്ന ടിഫനി മില്ലര്‍ക്കെതിരെ പരാതിയുമായി കോടതിയിലെത്തിയത്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.