ഏറ്റവും വലിയ നയതന്ത്രജ്ഞര്‍ ശ്രീകൃഷ്ണനും ഹനുമാനുമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ഏറ്റവും വലിയ നയതന്ത്രജ്ഞര്‍ ശ്രീകൃഷ്ണനും ഹനുമാനുമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

◾ഏറ്റവും വലിയ നയതന്ത്രജ്ഞര്‍ ശ്രീകൃഷ്ണനും ഹനുമാനുമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഏല്‍പ്പിച്ചതിനേക്കാള്‍ ഒരുപാടു ദൗത്യങ്ങള്‍ നിറവേറ്റിയ നയതന്ത്രജ്ഞനായിരുന്നു ഹനുമാന്‍. നയതന്ത്രത്തിന്റെയും ക്ഷമയുടെയും മഹത്തായ ഉദാഹരണമായിരുന്നു ശ്രീകൃഷ്ണന്‍. നിയമങ്ങള്‍ ലംഘിക്കുന്നവരുടെ കഥയാണ് മഹാഭാരതമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇംഗ്ലീഷ് പുസ്തകമായ ‘ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോര്‍ ആന്‍ അണ്‍സെര്‍ട്ടെന്‍ വേള്‍ഡി’ന്റെ മറാത്തി പരിഭാഷയായ ‘ഭാരത് മാര്‍ഗി’ന്റെ പ്രകാശന ചടങ്ങിലായിരുന്നു മന്ത്രി ഇങ്ങനെ പറഞ്ഞത്.

◾രാജ്യതാല്‍പര്യം പരിഗണിക്കാതെ സ്വന്തം കാര്യം നോക്കി അടവ് നയം സ്വീകരിക്കുന്നതിനാലാണു സിപിഎം ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനല്ല, സംഘ പരിവാറിനെ സന്തോഷിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും സുധാകരന്‍.

◾ബിബിസിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. കാഷ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസി. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള വാര്‍ത്തകള്‍ പലതവണ ബിബിസി നല്‍കിയിട്ടുണ്ടെന്നും അനില്‍ കുറ്റപ്പെടുത്തി.

◾ആരോഗ്യം, ടൂറിസം വകുപ്പുകളെ വിമര്‍ശിച്ച് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി.സുധാകരന്‍. ആരോഗ്യമേഖലയില്‍ അശ്രദ്ധയും അവഗണനയുമാണ്. മെഡിക്കല്‍ കോളേജുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ വികസനം എവിടെയും എത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾മുസ്ലീങ്ങള്‍ രാജ്യത്ത് വെല്ലുവിളികള്‍ നേരിടാത്തതിനു കാരണം ഇന്ത്യയുടെ ഭരണഘടനയുടെ ശക്തിയാണെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. അതു നിലനിര്‍ത്താനാണ് ലീഗ് അടക്കമുള്ള ജനാധിപത്യ കക്ഷികളുടെ പോരാട്ടമെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ ജനാധിപത്യത്തിനും മതേതരത്വത്തിനും ചില ഭീഷണികള്‍ ഉണ്ടാകുന്നുണ്ടെന്നാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

◾പിണറായി സര്‍ക്കാര്‍ ശ്രീലങ്കയുടേയും പാക്കിസ്ഥാന്റേയും പാതയിലാണ് കേരളത്തെ കൊണ്ടുപോകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്കു ഭരണകക്ഷിയേപ്പോലെ പ്രതിപക്ഷവും ഉത്തരവാദികളാണെന്നും സുരേന്ദ്രന്‍.

◾ചില ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിംഗ് കേന്ദ്രങ്ങളാക്കി മാറ്റുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നടത്തത്തിനും ട്രക്കിംഗിനും സൗകര്യമൊരുക്കും. ബാലുശ്ശേരി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ബാലുശ്ശേരി മണ്ഡലം വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

◾ഷാര്‍ജയില്‍നിന്നുള്ള എയര്‍ ഇന്ത്യാ വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. 193 യാത്രക്കാരുമായുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്. രാത്രി എട്ടരയോടെയാണു സംഭവം.

◾തിരുവനന്തപുരം തിരുവല്ലം റേസിംഗ് ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊട്ടക്കുഴി സ്വദേശി അരവിന്ദാണ് മരിച്ചത്. ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ വീഡിയോ ഇടാനായി റേസിംഗ് ഷൂട്ട് ചെയ്യുകയായിരുന്നു അരവിന്ദ്. അപകടത്തില്‍ ബൈക്കിടിച്ച വീട്ടമ്മ മരിച്ചിരുന്നു. അപകടത്തില്‍ കഴുത്ത് ഒടിഞ്ഞ അരവിന്ദ് ശരീരമാസകലം പരിക്കുമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

◾ഫോര്‍ട്ടുകൊച്ചിയില്‍ ഇരുചക്ര വാഹനം ഇടിച്ചുവീഴ്ത്തിയ എസ്ഐയുടെ കൈയൊടിഞ്ഞു. ഇന്നലെ രാത്രി വാഹന പരിശോധനക്കിടെ അമിത വേഗതയില്‍ ഓടിച്ച ബൈക്ക് തടയാന്‍ ശ്രമിച്ചതിനിടെയാണ് അപകടമുണ്ടായത്. നിര്‍ത്താതെ പോയ ബൈക്കിനേയും യാത്രക്കാരേയും പോലീസ് തെരയുന്നു.

◾നേര്യമംഗലം വാളറയില്‍ ഉടുമ്പിനെ കൊന്നുതിന്ന കേസില്‍ നാലുപേരെ വനംവകുപ്പ് പിടികൂടി. അഞ്ചാം മൈല്‍ സെറ്റില്‍മെന്റിലെ ബാബു, മജേഷ്, മനോഹരന്‍ പൊന്നപ്പന്‍ എന്നിവരാണ് അറസ്റ്റിലായത്.

◾ഫോര്‍ട്ടുകൊച്ചി പരേഡ് മൈതാനിയില്‍ അഭ്യാസപ്രകടനത്തിനിടെ ജീപ്പ് തലകീഴായി മറിഞ്ഞു. ജീപ്പ് ഓടിച്ചിരുന്ന ഫോര്‍ട്ടുകൊച്ചി സ്വദേശി മൈക്കിള്‍ ബിനീഷിനെതിരെ പൊലീസ് കേസെടുത്തു.

◾ഒഡീഷയില്‍ പോലീസുകാരന്റെ വെടിയേറ്റു കൊല്ലപ്പെട്ട ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് ഖനി മേഖലയിലെ ഗതാഗത വ്യവസായിയാണ്. കല്‍ക്കരി നീക്കത്തിനുള്ള ട്രക്ക് സര്‍വീസ് നടത്തുന്ന കമ്പനിയുടെ ഉടമയും കോടീശ്വരനുമാണ്. സ്വന്തം പേരില്‍ 34 കോടി രൂപയുടെ ആസ്തിയും 70 വാഹനങ്ങളും ഉണ്ടെന്നാണു തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന നവ ബാബു 2019 ലാണ് ബിജെഡിയിലെത്തിയത്. മഹാരാഷ്ട്രയിലെ ശനി ശിഗ്നാപൂര്‍ ക്ഷേത്രത്തില്‍ ഒരു കോടി രൂപയുടെ കലശം നല്‍കി വാര്‍ത്തയില്‍ ഇടംനേടിയിരുന്നു. കഴിഞ്ഞ വര്‍ഷം പാചകക്കാരന്‍ ആത്മഹത്യ ചെയ്തത സംഭവത്തില്‍ നവ ബാബുവിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.

◾ലക്നോവില്‍നിന്ന് കൊല്‍ക്കത്തയിലേക്കു പുറപ്പെട്ട എയര്‍ ഏഷ്യ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കി. യാത്രക്കാരെ ലക്നോ വിമാനത്താവളത്തില്‍ത്തന്നെയാണ് ഇറക്കിയത്.

◾വിമാനയാത്രക്കിടെ എമര്‍ജന്‍സി വാതില്‍ തുറന്ന യാത്രക്കാരനെ മുംബൈ വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റു ചെയ്തു. നാഗ്പൂരില്‍നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് എമര്‍ജന്‍സി വാതില്‍ തുറന്നത്.

◾നഴ്സിംഗ് വിദ്യാര്‍ത്ഥി കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്കു കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് അതിര്‍ത്തിയില്‍ കളിയാക്കാവിളയിലെ ഗ്രേസ് നഴ്സിംഗ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സുമിത്രനെയാണ്(19) മരിച്ചത്. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശിയാണ് സുമിത്രന്‍.

◾തട്ടിപ്പു നടത്തിയെന്ന് ആരോപിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന് 413 പേജുകളില്‍ മറുപടിയുമായി അദാനി എന്റര്‍പ്രൈസസ്. ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ചിന്റെ 88 ചോദ്യങ്ങളില്‍ 68 നും അതത് കമ്പനികള്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉത്തരം പറഞ്ഞിട്ടുണ്ട്.  ശേഷിച്ച 20 ല്‍ 16 എണ്ണം ഓഹരിയുടമകളുടെ വരുമാനത്തെക്കുറിച്ചാണ്. നാലു ചോദ്യങ്ങള്‍ അസംബന്ധമാണെന്നുമാണ് മറുപടിയില്‍ വിശദീകരിക്കുന്നത്.

◾പാക്കിസ്ഥാനിലെ മദ്രസയില്‍ നിന്ന് വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച ബോട്ട് അപകടത്തില്‍ പെട്ട് പാകിസ്ഥാനില്‍ 10 കുട്ടികള്‍ മരിച്ചു. ഖൈബര്‍ പഖ്തൂണ്‍വ പ്രവിശ്യയിലെ ടാണ്ടാ ഡാം തടാകത്തിലാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. ദിമിത്രിയോസ് ഡയമന്റക്കോസിന്റെ ഇരട്ടഗോളുകളാണ് മഞ്ഞപ്പടക്ക് തുണയായത്. ഈ ജയത്തോടെ പോയന്റ് പട്ടികയില്‍ മൂന്നാമതെത്തിയ ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി.

◾ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20-യില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. സ്പിന്നര്‍മാരെ തുണച്ച പിച്ചില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. എന്നാല്‍ അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യക്കും കാര്യങ്ങള്‍ അത്ര എളുപ്പമായില്ല. 100 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് മാത്രം ശേഷിക്കെയാണ് ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കാനായത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഓരോ കളി വീതം ജയിച്ച് പരമ്പര സമനിലയിലായതോടെ ബുധനാഴ്ച നടക്കുന്ന മൂന്നാം ട്വന്റി20 മത്സരം പരമ്പരയുടെ ഫൈനലായി മാറി.

◾ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് കരിയറിലെ പത്താം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. ഇതോടെ 22 ഗ്രാന്‍ഡ്സ്ലാം നേടിയ ജോക്കോവിച്ചിന് ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ പുരുഷതാരമെന്ന റാഫേല്‍ നദാലിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും സാധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!