◾നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരായ വിമര്‍ശനം മയപ്പെടുത്തിയത് ഗവര്‍ണര്‍ – സര്‍ക്കാര്‍ ഒത്തുകളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടത്തുന്നത് കൊടുക്കല്‍ വാങ്ങലുകളും ഒത്തുതീര്‍പ്പുമാണെന്നും സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുമ്പോഴെല്ലാം സര്‍ക്കാര്‍ – ഗവര്‍ണര്‍ സംഘര്‍ഷമുണ്ടാക്കും. ജനശ്രദ്ധ തിരിക്കാനാണ് ഇവരുടെ ശ്രമമെന്നും സതീശന്‍.
◾ജഡ്ജിമാരെ നിയമിക്കാന്‍ ജനങ്ങളുടെ പിന്തുണയുള്ള സര്‍ക്കാരിനാണ് അധികാരം വേണ്ടതെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു. ജനാധിപത്യത്തില്‍ ഭൂരിപക്ഷം നേടിയ സര്‍ക്കാരിന്റെ അധികാരമാണത്. ഭരണഘടനയെ സുപ്രീം കോടതി ജഡ്ജിമാര്‍ കൈയടക്കിവച്ചിരിക്കുകയാണെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍നിന്നു വിരമിച്ച ജഡ്ജി ആര്‍.എസ്. സോധിയുടെ അഭിമുഖം ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടാണ് കിരണ്‍ റിജ്ജു ഇങ്ങനെ പ്രതികരിച്ചത്.
◾സുപ്രീംകോടതി വിധി പ്രാദേശിക ഭാഷകളില്‍ കൂടി ലഭ്യമാക്കുമെന്ന ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ തീരുമാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യവാഹരങ്ങളിലെ വിധി എല്ലാവര്‍ക്കും മനസിലാക്കാന്‍ ഇതു സഹായിക്കും. രാജ്യത്തെ വിവിധ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതാണു കേന്ദ്രസര്‍ക്കാരിന്റെ നയമെന്നും മോദി ട്വിറ്ററില്‍ വ്യക്തമാക്കി. കൊളീജിയത്തിന്റെ അധികാര വിഷയത്തില്‍ സുപ്രീംകോടതിയും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രശംസ.
◾നിയമസഭാ സമ്മേളനം ഇന്നു മുതല്‍. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു സമ്മേളനം ആരംഭിക്കുക. ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് മൂര്‍ധന്യത്തിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി അനുരഞ്ജനത്തിലാണ്. ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരണം.
◾നാലു വര്‍ഷമായി പാലക്കാട് ധോണി പ്രദേശത്തെ ഉറക്കം കെടുത്തിയ ഒറ്റയാന്‍ പിടി സെവന് (പാലക്കാട് ടസ്‌കര്‍ ഏഴാമന്‍) വനം മന്ത്രി എ കെ ശശീന്ദ്രന്‍ ധോണി എന്നു പേരിട്ടു. ആനയെ കുങ്കിയാനയാക്കി പരിശീലിപ്പിക്കാനാണു പരിപാടി.
◾കോട്ടയം കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചന ആരോപണ വിഷയത്തില്‍ ഫേസ്ബുക്കില്‍ വിമര്‍ശിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ സിപിഒ യു.വി. ഉമേഷിനെ പത്തനംതിട്ടയിലേക്കാണ് മാറ്റിയത്.
◾വരും ദിവസങ്ങളില്‍ സംസ്ഥാനത്തു മഴ എത്തിയേക്കും. മഡഗാസ്‌കറിനു സമീപമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് ഈര്‍പ്പമുള്ള കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കും.
◾ലോട്ടറി ചൂതാട്ട സംഘത്തിന് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തയാറാക്കി നല്‍കിയ എന്‍ജിനീയറിംഗ് ബിരുദധാരിയായ യുവാവ് തിരൂര്‍ പൊലീസിന്റെ പിടിയില്‍. പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ ആലിശ്ശേരിപ്പുറായ് ഷഹലി(25) നെയാണ് പിടികൂടിയത്. മാസം തോറും പതിനായിരം രൂപയാണു പ്രതിഫലമായി വാങ്ങിയിരുന്നത്.
◾കാറില്‍ വന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥയുടെ വീട്ടില്‍ വന്‍ കവര്‍ച്ച നടത്തിയ കേസില്‍ ‘ജപ്പാന്‍ ജയന്‍’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ കള്ളനെ പൊലീസ് പിടികൂടി. തിരുവനന്തപുരം അരുവിക്കരയിലെ വീട്ടില്‍ നിന്നും എട്ടര ലക്ഷം രൂപയും 32 പവനുമാണ് മോഷ്ടിച്ചത്. മോഷ്ടാവ് കാറില്‍ കയറി പോകുന്നതു കണ്ട അയല്‍വാസി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാനായത്.
◾റോഡരികില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന ഫുട്ബോള്‍ വന്നിടിച്ച് ബൈക്ക് മറിഞ്ഞു റോഡിലേക്കുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി വീട്ടമ്മ മരിച്ചു. മലപ്പുറം തൃക്കലങ്ങോട് തട്ടാന്‍ കുന്ന് സ്വദേശി ഫാത്തിമ സുഹ്‌റ (38) ആണ് മരിച്ചത്. വിവാഹ വിരുന്നില്‍ പങ്കെടുത്തശേഷം കാരക്കുന്നുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്കു മടങ്ങുന്നതിനിടെ ഒതായി കിഴക്കേത്തല വെള്ളച്ചാലിലാണു സംഭവം.
◾ട്യൂഷനെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ബാബു കെ ഇട്ടീരക്കെതിരെ കേസ്. പുത്തന്‍ കുരിശ് പൊലീസാണു കേസെടുത്തത്. 2005 ല്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരം 2006 ലാണ് ഇദ്ദേഹത്തിന് ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചത്. സ്‌കൂള്‍ മാനേജ്മെന്റ് പരാതിപ്പെട്ടതോടെ അവാര്‍ഡ് നല്‍കിയല്ല. തുടര്‍ന്ന് 15 വര്‍ഷത്തിനു ശേഷം കോടതി ഉത്തരവനുസരിച്ച് 2021 ലാണ് അവാര്‍ഡ് വാങ്ങിയത്.
◾നിക്ഷേപ തട്ടിപ്പു കേസില്‍ ഓണ്‍ലൈന്‍ ലേല സ്ഥാപനമായ സേവ് ബോക്സ് ഉടമ തൃശൂര്‍ സ്വദേശി സ്വാതി റഹീം അറസ്റ്റിലായി. ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് പണം കൈക്കലാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.
◾ടയര്‍ ബിസിനസിനായി രാജസ്ഥാനിലെ ബിവാഡിയില്‍ പോയ മലയാളികളെ തോക്കിന്‍ മുനയില്‍ ബന്ദികളാക്കി കവര്‍ച്ച. ഇടുക്കി സ്വദേശികളെയാണ് ബന്ദികളാക്കി നാലു ലക്ഷം രൂപയും മൊബൈല്‍ ഫോണം കവര്‍ന്നത്.
◾പോക്സോ കേസില്‍ മലപ്പുറത്ത് കേരള ബാങ്ക് ജീവനക്കാരനും പെണ്‍സുഹൃത്തും അറസ്റ്റിലായി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലാര്‍ക്ക് അലി അക്ബര്‍ ഖാന്‍ (39) ആണ് പിടിയിലായത്. കാമുകിയുടെ മകളായ 11 വയസുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.
◾നാവിക സേനാ മുന്‍ ഉപമേധാവി വൈസ് അഡമിറല്‍ പി.ജെ. ജേക്കബ് എന്ന രാജന്‍ ബംഗളൂരുവില്‍ അന്തരിച്ചു. 82 വയസായിരുന്നു.
◾കാസര്‍കോട് കുണ്ടംകുഴിയില്‍ അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. നീര്‍ക്കയയില്‍ സ്വദേശി ചന്ദ്രന്റെ ഭാര്യ നാരായണി (46), മകള്‍ ശ്രീനന്ദ (12) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദ്രന്‍ ഊട്ടിയിലേക്കു വിനോദയാത്ര പോയപ്പോഴായിരുന്നു സംഭവം.
◾കാരാപ്പുഴ ഡാം റിസര്‍വോയറില്‍ കുട്ടത്തോണിമറിഞ്ഞ് ആദിവാസി ദമ്പതികളില്‍ വീട്ടമ്മയെ കാണാതായി. ചീപ്രം കോളനിയിലെ ബാലന്റെ ഭാര്യ മീനാക്ഷി (38) യെയാണ് കാണാതായത്.
◾പാറശാലയില്‍ മദ്യപാനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ വെട്ടിക്കൊന്നു. ഇഞ്ചിവിള സ്വദേശി രഞ്ജിത്താണ് (40) കൊല്ലപ്പെട്ടത്. സുഹൃത്ത് റിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ഏഴ് ടിന്‍ ബ്രൗണ്‍ഷുഗറുമായി ആസാം സ്വദേശി മോട്ടിബൂര്‍ റഹമാനെ അറസ്റ്റു ചെയ്തു. പെരുമ്പാവൂരിലെ ബിവറേജസ് മദ്യശാല പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ ഇയാള്‍ താമസിക്കുന്ന മുറിയില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
◾പളനിയില്‍ പോകാന്‍ നേര്‍ച്ച കാശ് ചോദിച്ചെത്തി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച വിരുതനെ പോലീസ് തെരയുന്നു. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് നടപടി.
◾സിഐടിയു ദേശീയ പ്രസിഡന്റായി കെ. ഹേമലതയേയും ജനറല്‍ സെക്രട്ടറിയായി തപന്‍ സെനിനെയും തെരഞ്ഞെടുത്തു. ബംഗളൂരുവില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ 425 അംഗ ജനറല്‍ കൗണ്‍സിലിനേയും തെരഞ്ഞെടുത്തു. കേരളത്തില്‍നിന്ന് 178 പേര്‍ ഈ സമിതിയിലുണ്ട്. എളമരം കരീം, ജി. സുകുമാരന്‍, പി. നന്ദകുമാര്‍, കെ.എന്‍. ഉമേഷ് എന്നിവര്‍ സെക്രട്ടറിമാരും എ.കെ. പത്മനാഭന്‍, ആനത്തലവട്ടം ആനന്ദന്‍, ജെ. മേഴ്സിക്കുട്ടിയമ്മ തുടങ്ങിയവര്‍ വൈസ് പ്രസിഡന്റുമാരുമാണ്.
◾’ഭാര്യ സീതയ്ക്കൊപ്പം മദ്യപിക്കുമായിരുന്ന രാമനെ എങ്ങനെ ഉത്തമനായി വാഴ്ത്തുമെന്ന് കന്നഡ എഴുത്തുകാരന്‍ കെ എസ് ഭഗവാന്‍. രാമന്‍ സീതയെ കാട്ടിലേക്കയച്ചു. തപസു ചെയ്യുകയായിരുന്ന ശംഭൂകനെന്ന ശൂദ്രനെ കൊന്നവനാണ് രാമന്‍. 11,000 വര്‍ഷമല്ല 11 വര്‍ഷം മാത്രമാണ് രാമന്‍ ഭരിച്ചത്. ഇതിനെല്ലാം തെളിവുകള്‍ രാമായണത്തിലെ ഉത്തരകാണ്ഡത്തിലുണ്ടെന്നും കെ എസ് ഭഗവാന്‍ പറഞ്ഞു.
◾അമേരിക്കയിലുണ്ടായ വെടിവയ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിനടുത്തുള്ള മൊണ്ടേറെ പാര്‍ക്കില്‍ ചൈനീസ് ആഘോഷത്തിനിടയിലാണ് സംഭവം.
◾ചന്ദ്രനില്‍ രണ്ടാമതായി കാലുകുത്തിയ ഡോ. എഡ്വിന്‍ യൂജിന്‍ ആല്‍ഡ്രിന്‍ 93 -ാം വയസില്‍ വിവാഹിതനായി. 63 വയസുള്ള അങ്ക ഫൗറിനെയാണ് വിവാഹം കഴിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹ ചിത്രം അദ്ദേഹം തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. 1969 -ലെ അപ്പോളോ 11 ദൗത്യത്തിലൂടെയാണ് ആല്‍ഡ്രിന്‍ ചന്ദ്രനിലിറങ്ങിയത്. നീല്‍ ആംസ്‌ട്രോംഗ് ചന്ദ്രനില്‍ ആദ്യമായി കാലുകുത്തി പത്തൊമ്പത് മിനിറ്റിനു ശേഷമായിരുന്നു ആല്‍ഡ്രിന്‍ ചന്ദ്രനിലിറങ്ങിയത്. നേരത്തെ മൂന്ന് തവണ വിവാഹിതനായിരുന്നു ആല്‍ഡ്രിന്‍.
◾ഹോക്കി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. ക്രോസ് ഓവറില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ സഡന്‍ ഡെത്തിലാണ് ഇന്ത്യ പുറത്താവുന്നത്. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി. 3-1ന് ലീഡ് നേടിയ ശേഷമാണ് ഇന്ത്യ രണ്ട് ഗോളുകള്‍ വഴങ്ങിയത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 4-5നായിരുന്നു ഇന്ത്യയുടെ തോല്‍വി.
◾ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഒന്നിനെതിരേ മൂന്ന് ഗോളിനാണ് എഫ്‌സി ഗോവ ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചത്. തോറ്റെങ്കിലും 14 കളികളില്‍ നിന്ന് 25 പോയന്റോടെ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
◾ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ന്യൂസിലന്‍ഡ്. ഒന്നാം സ്ഥാനത്ത് ഇപ്പോള്‍ ഇംഗ്ലണ്ടാണ്. രണ്ടാമതായ ന്യൂസിലാണ്ടിനു പിന്നാലെ ഇന്ത്യ മൂന്നാം സ്ഥാനത്തും ഓസ്ട്രേലിയ നാലാം സ്ഥാനത്തുമുണ്ട്.
◾നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദഫലങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ 15 ശതമാനത്തിന്റെ ഇടിവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കണക്കുകള്‍ പ്രകാരം, മൂന്നാം പാദത്തില്‍ 15,792 കോടി രൂപയുടെ അറ്റാദായം മാത്രമാണ് കൈവരിച്ചത്. മുന്‍ വര്‍ഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 15 ശതമാനത്തിന്റെ ഇടിവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 18,549 കോടി രൂപയായിരുന്നു അറ്റാദായം. അറ്റാദായം ഇടിഞ്ഞെങ്കിലും, വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത്തവണ 2.2 ലക്ഷം കോടി രൂപയായാണ് വരുമാനം ഉയര്‍ന്നത്. മൂന്നാം പാദത്തില്‍ റീട്ടെയില്‍, ടെലികോം ബിസിനസുകള്‍ എന്നിവ കമ്പനി വ്യാപിപ്പിച്ചിരുന്നു. ഇത് പലിശ, മറ്റു ചെലവുകള്‍ എന്നിവ കുത്തനെ ഉയരാന്‍ കാരണമായി. പലിശച്ചെലവുകള്‍ 36.4 ശതമാനം വര്‍ദ്ധനവോടെ, 5,201 കോടി രൂപയായാണ് ഉയര്‍ന്നത്. കൂടാതെ, 3,03,503 കോടിയുടെ കടബാധ്യതയും റിലയന്‍സിന് ഉണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിറം മങ്ങിയെങ്കിലും, റിലയന്‍സ് റീട്ടെയില്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. 2,400 കോടി രൂപയുടെ അറ്റാദായമാണ് റിലയന്‍സ് റീട്ടെയില്‍ നേടിയത്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.